കേരളത്തിന്റെ ഖനന മേഖലയിൽ ചരിത്രപ്രധാന ചുവടുവെയ്പ്പുമായി മൈനിങ് ആൻഡ് ജിയോളജി വകുപ്പ്. സംസ്ഥാനത്ത് ചട്ടങ്ങൾക്ക് വിധേയമായി ഖനന പ്രവർത്തനങ്ങൾ നടത്തുന്നതിനും അനധികൃത ഖനനം നടക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനും മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ മേൽനോട്ടത്തിൽ കേരള മിനറൽ ഡ്രോൺ ലിഡാർ സർവേ പദ്ധതിയ്ക്ക് തുടക്കമായി. പദ്ധതിയുടെ ഡ്രോൺ ലിഡാർ സർവേ പോർട്ടലും നിലവിൽ വന്നു. രാജ്യത്ത് ആദ്യമായാണ് ധാതു ഖനനത്തിന്റെ അളവ് കണ്ടെത്തുന്നതിന് സർവേയും സർവേ പോർട്ടലും നടപ്പാക്കുന്നത്.
സാങ്കേതിക വിദ്യ വികസിക്കുന്നതിലൂടെ മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ പ്രവർത്തനങ്ങൾ ചിട്ടയുള്ളതാകുകയും ഖനന മേഖലയിലെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാകുകയും ചെയ്യും. കെൽട്രോണിന്റെ സഹായത്തോടെയാണ് ഡ്രോൺ ലിഡാർ സർവേ പ്രൊജക്ട് നടപ്പാക്കുന്നത്. ഖനനാനുമതിയ്ക്ക് അപേക്ഷിക്കുന്ന സ്ഥലങ്ങളിൽ നിയമാനുസൃതമായി ഖനനം ചെയ്യാവുന്ന ധാതുവിന്റെ അളവ് കൃത്യതയോടെ കണക്കാക്കുന്നതിനും അനധികൃതമായി ഖനനം ചെയ്യുന്ന ധാതുവിന്റെ അളവ് കണക്കാക്കുന്നതിനും ഡ്രോൺ സർവേയിലൂടെ സാധിക്കും. മൈനിങ് ആൻഡ് ജിയോളജി വകുപ്പിലെ ആധുനീകരണത്തിന്റെ ഭാഗമായാണ് ഡ്രോൺ സർവേ നടത്തുന്നത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-11-22 10:30:53
ലേഖനം നമ്പർ: 1567