സംസ്ഥാനത്തെ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കലാ പ്രതിഭകൾക്ക് പിന്തുണയും പ്രോത്സാഹനവും നൽകുന്നതിന്റെ ഭാഗമായി 'അനുയാത്ര റിഥം' എന്ന പേരിൽ സംസ്ഥാന തലത്തിൽ ആർട്ട് ട്രൂപ്പ് ' രൂപീകരിച്ച് സാമൂഹ്യനീതി വകുപ്പ്. സർക്കാരിന്റെ നാലാം നൂറുദിന പരിപാടിയോടനുബന്ധിച്ച് 'അനുയാത്ര' പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നൂതനമായ ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നത്. ഭിന്നശേഷി കലാകാരന്മാർക്ക് വേദികളൊരുക്കി സർഗ്ഗാവിഷ്‌കാരങ്ങൾക്ക് അവസരം നൽകുകയെന്നതാണ് ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ടാലന്റ് സെർച്ച് ഫോർ യൂത്ത് വിത്ത് ഡിസെബിലിറ്റീസ്' (Talent Search for Youth with Disabilities -TSYD ) പദ്ധതി വഴി സ്ക്രീനിംഗ് നടത്തിയാണ് കലാ സാഹിത്യ മേഖലകളിൽ കഴിവും പ്രാഗത്ഭ്യവും തെളിയിച്ച പ്രതിഭകളെ ആർട്ട് ട്രൂപ്പിലേയ്ക്ക് തെരഞ്ഞെടുത്തത്.സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള കേരള സാമൂഹ്യ സുരക്ഷാ മിഷനും (കെഎഎസ്എസ്എം) കേരള ഡെവലപ്പ്‌മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിലും (കെഡിസ്‌ക്) സംയുക്തമായാണ് കലാ പ്രതിഭകൾക്ക് സ്ക്രീനിംഗ് സംഘടിപ്പിച്ചത്.
രണ്ടു ഘട്ടങ്ങളായി തെരഞ്ഞെടുത്ത നാല്പതു ശതമാനമോ അതിലധികമോ ഭിന്നശേഷിയുള്ള പ്രതിഭകളെ ഉൾപ്പെടുത്തിയാണ് 28 അംഗങ്ങൾ അടങ്ങുന്ന ട്രൂപ്പ് രൂപീകരിച്ചിരിക്കുന്നത്. ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ വിഷയവിദഗ്ധർ സ്ക്രീനിംഗ് നടത്തിയാണ് സംഗീതം, നൃത്തം വിഡിയോഗ്രാഫി& ഫോട്ടോഗ്രാഫി, ഡ്രോയിംഗ്&പെയിന്റിംഗ്, മിമിക്രി തുടങ്ങിയ മേഖലകളിൽ പ്രാഗത്ഭ്യം ഉള്ളവരെ കണ്ടെത്തിയത്. ഈ അംഗങ്ങൾക്കായി അതാത് മേഖലകളിലെ വിദഗ്ദ്ധരെ പങ്കെടുപ്പിച്ച് ക്യാമ്പ് സംഘടിപ്പിച്ച് പരിശീലനം നൽകി. റിഥം ട്രൂപ്പിൽ അംഗങ്ങളായവർക്ക് സർക്കാരിന്റെ വിവിധ വേദികളിൽ പരിപാടികൾ അവതരിപ്പിക്കാൻ അവസരം നൽകും.
ഭിന്നശേഷി കലാകാരന്മാർക്ക് സമൂഹത്തിന്റെ വിവിധ തലങ്ങളിൽ തുല്യമായ പ്രാധാന്യം നൽകാനും അവരുടെ കഴിവുകളെ ലോകത്തിന് മുൻപിൽ അവതരിപ്പിക്കാനുമുള്ള മാധ്യമമായി മാറുന്ന തരത്തിലാണ് 'റിഥം' ആർട്ട് ട്രൂപ്പ് പ്രവർത്തനങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. കലയിലൂടെ സാമൂഹ്യമായ മാറ്റങ്ങൾ ഉണ്ടാക്കാനും, എല്ലാ താരതമ്യങ്ങളേയും മറികടന്നും, അംഗീകാരം നേടാനും സ്വീകാര്യത വർധിപ്പിക്കാനും ഈ പദ്ധതി സഹായിക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-10-28 15:32:37
ലേഖനം നമ്പർ: 1566