കേരളത്തിലെ വിനോദ സഞ്ചാരമേഖലയെ അതിവേഗം മുന്നോട്ട് നയിക്കാനും ലോകോത്തര നിലവാരത്തിലെത്തിക്കാനും ലക്ഷ്യമിട്ട് സംസ്ഥാനത്തെ ആദ്യ സീപ്ലെയിൻ സർവീസ് പരീക്ഷണപ്പറക്കൽ പൂർത്തിയാക്കി. പരീക്ഷണപ്പറക്കലിൻറെ ഭാഗമായി കൊച്ചി കായലിൽ നിന്ന് പറന്നുയർന്ന സീപ്ലെയിൻ മാട്ടുപ്പെട്ടി ജലാശയത്തിൽ പറന്നിറങ്ങി. 

കൊച്ചിയിൽ നിന്നും മൂന്നാറിലേക്കുള്ള യാത്രയിൽ മൂന്നാറിൻറെയും പശ്ചിമഘട്ടത്തിൻറെയും കാഴ്ചകൾ യാത്രക്കാർക്ക് മികച്ച രീതിയിൽ ആസ്വദിക്കാൻ കഴിയുമെന്നതാണ് സീപ്ലെയിനിന്റെ ഏറ്റവും വലിയ പ്രത്യേകത. കൊച്ചിയിൽ നിന്നും റോഡ് മാർഗം മൂന്നാറിലെത്താൻ നാല് മണിക്കൂർ സമയമാണെടുക്കുന്നത്. എന്നാൽ ടൂറിസ്റ്റ് സീസണിൽ ഗതാഗത കുരുക്കിനെ തുടർന്ന് അഞ്ചു മണിക്കൂറും അതിലേറെയും സമയമെടുക്കാറുണ്ട്. സീപ്ലെയിനിലൂടെ കൊച്ചിയിൽ നിന്നും മൂന്നാറിലേക്കുള്ള യാത്രാ സമയം വെറും 30 മുപ്പത് മിനിറ്റായി ചുരുങ്ങി. തടസങ്ങളില്ലാത്ത ആകാശ യാത്ര വേറിട്ടൊരു കാഴ്ചാനുഭവം കൂടിയാണ് സമ്മാനിക്കുക. സീപ്ലെയിൻ പദ്ധതി കേരളത്തിലെ വിനോദ സഞ്ചാര മേഖലയിലും ഗതാഗത മേഖലയിലും വൻവിപ്ലവം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.


ടൂറിസത്തിനു പുറമേ മെഡിക്കൽ ആവശ്യങ്ങൾക്കും വിഐപികൾക്കും ഉദ്യോഗസ്ഥർക്കും അവശ്യഘട്ടങ്ങളിൽ സഞ്ചരിക്കാനും അടിയന്തര ഘട്ടങ്ങളിൽ ജനങ്ങളെ ഒഴിപ്പിക്കുന്നതിനും സീപ്ലെയിൻ പ്രയോജനപ്പെടുത്താം. ടൂറിസം ഓപ്പറേറ്റർമാരെയും ജനങ്ങളെയും സീപ്ലെയിൻ പദ്ധതിയുടെ സാധ്യത ബോധ്യപ്പെടുത്തുന്ന സർവീസ് മാത്രമാണ് ഇപ്പോൾ നടത്തുന്നത്. 

നാലു വിമാനത്താവളവും പ്രധാന ജലാശയങ്ങൾ കേന്ദ്രീകരിച്ച് വാട്ടർഡ്രോമുകളും ഒരുങ്ങുന്നതോടെ വിനോദസഞ്ചാര വികസനത്തിന്റെ വെളിച്ചം ഉൾനാടുകളിലേക്കും എത്തും. യാത്രാദൂരവും സമയവും കുറയുന്നത് സഞ്ചാരികളെ ആകർഷിക്കും. സംരംഭങ്ങളും തൊഴിലവസരങ്ങളും ഇതോടൊപ്പം വർധിക്കുമെന്നതും പ്രത്യേകതയാണ്. വ്യത്യസ്ത കേന്ദ്രങ്ങളെ ചേർത്തുള്ള പുതിയ ടൂറിസം പാക്കേജുകളും നിലവിൽവരും. കേന്ദ്ര സർക്കാരിന്റെ 'ഉഡാൻ റീജണൽ കണക്ടിവിറ്റി' സ്‌കീമിലുള്ള പദ്ധതിയിൽ താങ്ങാവുന്ന തരത്തിലാകും യാത്രാനിരക്കുകൾ.  

ആന്ധ്രപ്രദേശിലെ പ്രകാശം ബാരേജിൽ ഉദ്ഘാടനം ചെയ്യപ്പെട്ട ആംഫീബിയസ് എയർക്രാഫ്റ്റാണ് കൊച്ചിയിലെത്തിയത്. 9 പേരെ വഹിക്കാവുന്ന വിമാനമാണിത്. കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫീബിയൻ വിമാനങ്ങളാണ് സീപ്ലെയിനുകൾ. വലിയ ജനാലകൾ ഉള്ളതിനാൽ കാഴ്ചകൾ നന്നായി കാണാനാകും. എയർ സ്ട്രിപ്പുകൾ നിർമ്മിച്ച് പരിപാലിക്കുന്നതിനുള്ള വലിയ ചെലവ് ഒഴിവാകുന്നുവെന്നതും ജലവിമാനങ്ങളുടെ ആകർഷണീയതയാണ്.

കൊച്ചി കായൽ, ഇടുക്കിയിലെ മാട്ടുപ്പെട്ടി, പാലക്കാട്ടെ മലമ്പുഴ, ആലപ്പുഴയിലെ വേമ്പനാട്ട്, കായൽ കൊല്ലം അഷ്ടമുടിക്കായൽ, കാസർകോട്ടെ ചന്ദ്രഗിരിപ്പുഴ, തിരുവനന്തപുരത്ത് കോവളം തുടങ്ങി കേരളത്തിലെ പ്രമുഖ ജലാശയങ്ങളെയും, വിവിധ വിമാനത്താവളങ്ങളെയും ബന്ധപ്പെടുത്തി സീപ്ലെയിൻ ടൂറിസം സർക്യൂട്ട്  രൂപപ്പെടുത്താനും സർക്കാർ ആലോചിക്കുന്നുണ്ട്. മൂന്ന് വർഷത്തേക്ക് കേരളത്തിലെ എട്ടോളം ജലാശയങ്ങളെ ബന്ധിപ്പിച്ച് സീപ്ലെയിൻ സർവീസ് നടത്താൻ കേന്ദ്ര സർക്കാർ സമ്മതവുമുണ്ട്. ആറ് മുതൽ എട്ട് മാസത്തിനുള്ളിൽ സീപ്ലെയിൻ യാത്രാ സർവീസ് ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാലിദ്വീപിൽ നൂറ്റിമുപ്പതോളം സീ പ്ലെയിനുകൾ കടലിൽ നിന്നാണ് സർവിസ് നടത്തുന്നത്. മാലിദ്വീപിനെ കവച്ചുവെക്കുന്ന സാധ്യതകളാണ് രാജ്യത്തും സംസ്ഥാനത്തും ലഭിക്കുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-12-09 10:20:16

ലേഖനം നമ്പർ: 1577

sitelisthead