കക്ഷിയും വക്കീലും കോടതിയിൽ ഹാജരാകാതെ തന്നെ ഇനി കേസുകൾ തീർപ്പാക്കാം. രാജ്യത്തെ ആദ്യ 24x7 ഓൺ കോടതി (ഓപ്പൺ ആൻഡ് നെറ്റ് വർക്ക് കോടതി) കൊല്ലത്ത് പ്രവർത്തനം ആരംഭിച്ചു. ആഴ്ചയിൽ എല്ലാ ദിവസവും മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഈ കോടതിയിൽ കേസുകൾ പേപ്പറിൽ ഫയൽ ചെയ്യുന്നതിന് പകരം ഓൺലൈനായി വെബ്‌സൈറ്റിൽ നിശ്ചിത ഫോറം സമർപ്പിച്ചാണ് കേസ് ഫയൽ ചെയ്യേണ്ടത്. കേസിന്റെ എല്ലാ നടപടിക്രമങ്ങളും ഓൺലൈനായാണ് നടക്കുക. കേസിന്റെ നടപടികൾ ആർക്കുവേണമെങ്കിലും പരിശോധിക്കാനും സംവിധാനമുണ്ട്. ഈ ഹൈബ്രിഡ് കോടതി, പൂർണമായും കടലാസ് രഹിതമാണ്. സുപ്രീം കോടതിയുടെ ഇ– കോടതി നയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മുഴുവൻ സമയം കോടതി സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കിയിരിക്കുന്നത്.
കൊല്ലത്തെ മൂന്ന് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതികളിലും ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതികളിലും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് നിയമപ്രകാരം ഫയൽ ചെയ്യേണ്ട ചെക്ക് മുടങ്ങിയ കേസുകളാണ് പുതിയ ഓൺലൈൻ കോടതിയിൽ പരിഗണിക്കുന്നത്. കലക്ടറേറ്റ് കെട്ടിട സമുച്ചയത്തിലെ രണ്ടാം നിലയിൽ, നേരത്തെ കൺസ്യൂമർ കോടതി പ്രവർത്തിച്ചിരുന്ന ഇടത്താണ് പുതിയ കോടതി ആരംഭിച്ചിരിക്കുന്നത്. ഒരു മജിസ്‌ട്രേറ്റും മൂന്ന് ജീവനക്കാരും ആണ് കോടതിയിൽ ഉണ്ടാവുക. കക്ഷികൾക്കും അഭിഭാഷകർക്കും ഓൺലൈൻ വഴി കോടതി നടപടിക്രമങ്ങളിൽ പങ്കെടുക്കാം. ഇതിനായി വീഡിയോ കോണ്‍ഫറന്‍സിങ്ങിനുള്ള സംവിധാനം കോടതി മുറിയിലുണ്ട്.
24 മണിക്കൂറും എവിടെയിരുന്നും ഏതു സമയത്തും കേസ് ഫയൽ ചെയ്യാനും കോടതി സംവിധാനത്തിൽ ഓൺലൈനായി പ്രവേശിക്കാനും കഴിയും എന്നതാണ് ഇതിൻറെ പ്രധാന നേട്ടം. പൊലീസ് സ്റ്റേഷൻ, ട്രഷറി, തപാൽ തുടങ്ങിയവയുമായി കോടതിയെ ബന്ധിപ്പിച്ചിട്ടുണ്ട്. സമൻസ് ഉൾപ്പെടെ ഡിജിറ്റൽ ആണ്. സമൻസ് ജനറേറ്റ് ചെയ്താൽ ഉടൻ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ ലഭിക്കും. ജാമ്യ അപേക്ഷ ഓൺലൈനായി ഫയൽ ചെയ്ത് ജാമ്യം എടുക്കാനുമാകും. ഇതിനുള്ള രേഖകൾ അപ്ലോഡ് ചെയ്യണം. കോടതി ഫീസ് ഇ-പെയ്‌മെൻറ് വഴി അടയ്ക്കാം. കോടതി പ്രവര്‍ത്തനമാരംഭിക്കുന്നതിന് മുന്നോടിയായി അഭിഭാഷകര്‍ക്കായി പരിശീലന പരിപാടിയും നടത്തിയിരുന്നു.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-11-22 15:09:14
ലേഖനം നമ്പർ: 1572