വയനാട് മേപ്പാടി പഞ്ചായത്തിലെ ചൂരൽമല, മുണ്ടക്കൈ,പൂഞ്ചിരിമറ്റം എന്നിവിടങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ ബാധിതരായവരുടെ അതിജീവനം ഉറപ്പാക്കുന്നതിനായി  നാശനഷ്ടങ്ങൾ നികത്തി അതിവേഗം മേഖലയെ പുനർജീവിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ അചഞ്ചലമായ പ്രവർത്തനങ്ങളും ദ്രുതഗതിയിലുള്ള നടപടികളും ശ്രദ്ധേയമായിരുന്നു. കേരളം അഭിമുഖീകരിച്ച ഏറ്റവും വലിയ ദുരന്തത്തിന് മറുപടിയായി, പരസ്പരം കൈകോർത്ത് പുനരധിവാസം, അടിയന്തര ദുരിതാശ്വാസം തുടങ്ങിയ  ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി സർക്കാരും പൊതുജനങ്ങളും വിവിധ സുരക്ഷാ സംഘങ്ങളും വകുപ്പുകളും ഒന്നിച്ച് പ്രവർത്തിച്ചു.

ദുരന്തബാധിതരുടെ പുനരധിവാസം റെക്കോർഡ് വേഗത്തിലാണ് നടപ്പാക്കിയത്. 795 കുടുംബങ്ങളെ (2,569 പേരെ) താൽക്കാലിക ദുരിതാശ്വാസക്യാമ്പുകളിൽ പുനരധിവസിപ്പിച്ചു. ഇവർക്ക് താമസസൗകര്യം ഉറപ്പാക്കാൻ വൈത്തിരി താലൂക്കിൽ താൽക്കാലിക വാടകവീടുകൾ ഉൾപ്പടെയുള്ള എല്ലാ സൗകര്യങ്ങളും ലഭ്യമാക്കി. ദുരന്തത്തിനിരയായ 821 കുടുംബങ്ങൾക്ക് അടിയന്തര ധനസഹായമായ 10,000 രൂപ ആദ്യഘട്ടത്തിൽ കൈമാറി. സംസ്ഥാന ദുരന്തനിവാരണ നിധിയിൽ നിന്നും 2 ലക്ഷം രൂപ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 2 ലക്ഷം രൂപ, പി.എം.എൻ.ആർ.എഫിൽ നിന്നുള്ള 2 ലക്ഷം രൂപയുമടക്കം 8 ലക്ഷം രൂപ വീതം 93 കുടുംബങ്ങൾക്ക് ഇതിനകം വിതരണം ചെയ്തു. 

മൃതദേഹങ്ങളുടെ സംസ്‌കാര ചടങ്ങുകൾക്കായി 173 കുടുബങ്ങൾക്ക് 10000 രൂപ വീതം അനുവദിച്ചു. ദുരിതബാധിതർക്ക് അടിയന്തര സഹായമായി ഒരു മാസത്തേക്ക് പ്രതിദിനം 300 രൂപ എന്ന കണക്കിൽ 1259 കുടുംബങ്ങൾക്ക് നൽകി. ഒരു കുടുംബത്തിൽ ഒരാൾക്ക് 300 രൂപ പ്രകാരം 752 കുടുംബങ്ങൾക്കും ഒരു കുടുംബത്തിലെ രണ്ടുപേർക്ക് 300 രൂപ വീതം 507 കുടുംബങ്ങൾക്കുമാണ് ധനസഹായം നൽകിയത്.
ബന്ധുവീടുകളിലേക്ക് മടങ്ങിയവർക്കും തുല്യപരിഗണനയിലുള്ള ധനസഹായമാണ് ലഭിക്കുന്നത്.  543 കുടുംബങ്ങൾക്കാണ് ഈ വിഭാഗത്തിൽ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ സഹായം നൽകുക. എല്ലാ മാസവും അഞ്ചിന് മുമ്പായി താൽക്കാലിക പുനരധിവാസത്തിനായുള്ള വാടക 6000 രൂപ അക്കൗണ്ട് വഴി കൈമാറുന്നു. കൂടാതെ  583 കുംടുംബങ്ങൾക്ക് ഫർണ്ണീച്ചർ, കിടക്ക, പാത്രങ്ങൾ എന്നിവയടങ്ങിയ ബാക്ക് ടു ഹോം കിറ്റുകൾ താമസസ്ഥലത്ത് എത്തിച്ച് നൽകാൻ ജീവനക്കാരെ ജില്ലാ ഭരണകൂടം വിന്യസിച്ചു. 

ദുരന്തമുഖത്ത് നിന്ന് തയ്യാറക്കിയ കരട് ലിസ്റ്റ് പ്രകാരം 119 പേരെ കാണാതായി. ഇവരെ കണ്ടെത്തുന്നതിന് മൃതദേഹങ്ങളുടെയും കണ്ടെത്തിയ ശരീരഭാഗങ്ങളുടെയും 427 സാംപിളുകളാണ് ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കി. 21 മൃതദേഹങ്ങളുടെയും 59 ശരീരഭാഗങ്ങളുടെയും ഡി.എൻ.എ ലിസ്റ്റിലുള്ള 42 പേരുടെതുമായി ചേരുന്നതായി കണ്ടെത്തിയതോടെ തിരിച്ചറിഞ്ഞവരെ ഒഴിവാക്കി കരട് ലിസ്റ്റ് പുതുക്കി. പുതുക്കിയ ലിസ്റ്റിൽ 78 പേര് ആണ് കാണാതായവരുടെ ലിസ്റ്റിൽ ഉള്ളത്. റേഷൻകാർഡ്, തിരിച്ചറിയൽ കാർഡുകൾ, വോട്ടേഴ്സ് ലിസ്റ്റ്, വിവിധ പാസ്സ് ബുക്കുകൾ, വിദ്യാഭ്യാസ രേഖകൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ആണ് പ്രദേശത്ത് നിന്ന് കാണാതായവരുടെ കരട് ലിസ്റ്റ് തയാറാക്കിയത്.

പുനരധിവാസവും പുനർനിർമാണവും

ദുരിതബാധിതരുടെ അന്തിമ പുനരധിവാസ പാക്കേജിന് പൊതുജനങ്ങളുടെ നിർദേശങ്ങൾ കൂടി പരിഗണിച്ചാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. പുനരധിവാസത്തിന്റെ ഭാഗമായി 1000 സ്‌ക്വയർഫീറ്റിൽ ഒറ്റനില വീടുകൾ നിർമ്മിക്കും. ഒരെ രീതിയിൽ നിർമാണം പൂർത്തിയാക്കുന്ന വീടുകളിൽ ഭാവിയിൽ രണ്ടാമത്തെ നിലകൂടിക്കെട്ടാൻ സൗകര്യമൊരുക്കി അടിത്തറ പണിയും. പുനരധിവാസ സ്ഥലത്ത് ആവശ്യമായ പൊതു ക്രമീകരണങ്ങൾ ഉണ്ടാകും. വീട് നഷ്ടപ്പെട്ടവർക്കാണ് പുനരധിവാസത്തിൽ മുൻഗണന നൽകുക. മാറി താമസിക്കേണ്ടി വന്നവരെ രണ്ടാം ഘട്ടത്തിൽ പരിഗണിക്കും. പുനരധിവാസ പാക്കേജിൽ ജീവനോപാധിയും ഉറപ്പാക്കുന്നു. തൊഴിലെടുക്കാൻ കഴിയുന്ന പരമാവധി പേർക്ക് തൊഴിൽ ഉറപ്പുവരുത്തും. എല്ലാ സ്ത്രീകൾക്കും അവർക്ക് താൽപര്യമുള്ള തൊഴിലിൽ ഏർപ്പെടുന്നതിന് ആവശ്യമായ പരിശീലനം നൽകുകയും വാടകക്കെട്ടിടങ്ങളിൽ കച്ചവടം നടത്തുന്നവരെ കൂടി പുനരധിവാസത്തിന്റെ ഭാഗമായി സംരക്ഷിക്കുകയും ചെയ്യും. കോഴിക്കോട് വിലങ്ങാടിലെ ദുരന്തബാധിതരുടെ പുനരധിവാസവും ഇതിനൊപ്പം തന്നെ നടപ്പാക്കും. 

ബാങ്കുകളിൽ നിന്നും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ദുരന്തബാധിതരെടുത്ത വായ്പകൾ  എഴുതിത്തള്ളുന്നത്തിൽ ബാങ്ക്  ഭരണ സമിതികൾ തങ്ങളുടെ തീരുമാനം വേഗത്തിൽ കൈക്കൊള്ളണമെന്ന ആവശ്യം സർക്കാർ മുന്നോട്ടു വെച്ചിട്ടുണ്ട്. റിസർവ് ബാങ്കിനെയും കേന്ദ്ര ധനമന്ത്രാലയത്തെയും ഇക്കാര്യത്തിൽ ബന്ധപ്പെടുത്തി നടപടികൾ വേഗത്തിലാക്കാനും സ്വകാര്യവ്യക്തികൾ കടം ഈടാക്കുന്നത് സംബന്ധിച്ച വിഷയങ്ങളിൽ ജില്ലാ ഭരണസംവിധാനം ഇടപെടാനുമുള്ള നിർദ്ദേശവും സർക്കാർ നൽകി. 

സമ്പൂർണ അതിജീവനം

വാസസ്ഥലവും പാർപ്പിടവും കൃഷിയും ഉൾപ്പെടെ എല്ലാ ജീവനോപാധികളും നഷ്ടമായ കുടുംബങ്ങളുടെയും ദുരന്തത്തിന്റെ ആഘാതം അനുഭവിക്കുന്ന കുട്ടികളുടെയും അതിജീവനത്തിനായുള്ള സമ്പൂർണ്ണ പദ്ധതികളാണ് കേരളം ആവിഷ്‌കരിക്കുന്നത്. മാനസികമായ  ആഘാതത്തിൽ നിന്നും കുടുംബങ്ങളെ മോചിപ്പിക്കാൻ 350 ഓളം സാമൂഹിക മാനസികാരോഗ്യ കൗൺസിലർമാരുടേയും സൈക്യാട്രിസ്റ്റുമാരുടേയും സേവനം ദുരന്തമേഖലയിൽ ഉറപ്പാക്കി. 2000 വ്യക്തിഗത സോഷ്യൽ കൗൺസലിങ്ങും 21 സൈക്യാട്രിക് ഫാർമക്കോതെറാപ്പിയും 401 പേർക്ക് ഗ്രൂപ്പ് കൗൺസലിങ്ങ് സെഷനുകളും നടത്തി.

കരുത്തോടെ നവജീവനം

ഉരുൾപൊട്ടൽ ദുരന്തത്തിൽ നിന്ന് അതിജീവനത്തിന്റെ പുതിയ പാഠങ്ങളുമായി സെപ്റ്റംബർ രണ്ടിന് സ്‌കൂൾ പ്രവേശനോത്സവത്തോടെ എൽ.പി സ്‌കൂളും, വെളളാർമല ഹൈസ്‌കൂളും പ്രവർത്തനമാരംഭിച്ചു. മുണ്ടക്കൈ, ചൂരൽ മല ദുരന്തമേഖലകളിൽ നിന്നുമുള്ള 607 കുട്ടികൾക്കാണ് മേപ്പാടിയിൽ അതിവേഗം ക്ലാസ്സ് മുറികൾ ഒരുങ്ങിയത് മുണ്ട ജി.എൽ.പി സ്‌കൂളിലെ 61 കുട്ടികളും വെള്ളാർമല ജി.വി.എച്ച്.എസ്.എസ്സിലെ 546 കട്ടികളുമാണ് മേപ്പാടിയിലെ പുതിയ ക്ലാസ്സ് മുറികളിൽ പഠനം തുടരുക. സ്‌കൂൾ പുനർനിർമ്മിക്കാനുള്ള സാധ്യത വിദഗ്ധ നേതൃത്വത്തിൽ പരിശോധിക്കും. ദുരന്തമേഖലയിലെ കർഷകർക്ക് തുടർന്നും കൃഷി ചെയ്യുന്നതിനുള്ള സൗകര്യം പുനർനിർമാണത്തിന്റെ ഭാഗമായി സർക്കാർ ഒരുക്കും. സംസ്ഥാനത്ത് പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുന്നതിന് കാലാവസ്ഥാ മുന്നറിയിപ്പുകൾ കൂടുതൽ കാര്യക്ഷമമാക്കാൻ നടപടികൾ ആവിഷ്‌കരിക്കുകയും കാലാവസ്ഥവ്യതിയാന പഠന സ്ഥാപനം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യും. സർവമേഖലകളെയും ഉൾപ്പെടുത്തി സമഗ്രമായ അന്തിമ പുനരധിവാസ പ്രവർത്തനങ്ങളാണ് സർക്കാർ വിഭാവനം ചെയ്തിട്ടുള്ളത്. സ്‌പോൺസർഷിപ്പിലൂടെയും ദുരിതാശ്വാസ നിധിയിലൂടെയും ലഭിച്ച സംഭവനകളുടെ ഫലപ്രദമായ വിനിയോഗത്തിലൂടെ ദ്രുതവേഗത്തിലുള്ള വയനാടിന്റെ പുനസ്ഥാപനമാണ് സർക്കാർ ലക്ഷ്യമിടുന്നതും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-09-25 12:47:33

ലേഖനം നമ്പർ: 1530

sitelisthead