ശുചിത്വ കേരളം സുസ്ഥിര കേരളം ലക്ഷ്യമിട്ട് സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ രണ്ടാം ഘട്ടത്തിന് തുടക്കം. 2024 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിലാരംഭിച്ച് 2025 മാർച്ച് 30 അന്താരാഷ്ട്ര ശൂന്യമാലിന്യ ദിനത്തിൽ സമ്പൂർണ്ണ ശുചിത്വ കേരള പ്രഖ്യാപനം എന്ന ലക്ഷ്യത്തിലേക്കുള്ള വഴിയാണ് ക്യാമ്പയിൻ. ശുചിത്വ മാലിന്യ സംസ്‌കരണ മേഖലയിലെ വിവിധ ഘടകങ്ങൾ ഏകോപിപ്പിച്ച് സംസ്ഥാനതലം മുതൽ ജില്ലാ-തദ്ദേശ സ്വയംഭരണ സ്ഥാപന-വാർഡ് തലം വരെയുള്ള പ്രവർത്തനങ്ങളാണ് സർക്കാർ ആസൂത്രണം ചെയ്തിട്ടുള്ളത്. ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, മലിനീകരണ നിയന്ത്രണ ബോർഡ്, ക്ലീൻ കേരള കമ്പനി, കുടുംബശ്രീ മിഷൻ, കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട് തുടങ്ങിയവയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പ്രവർത്തന രൂപരേഖ അടിസ്ഥാനമാക്കിയാണ് ക്യാമ്പയിൻ പ്രവർത്തനം.

ഒക്ടോബർ 2ന് സംസ്ഥാന, ജില്ല, പ്രാദേശിക തലങ്ങളിൽ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളിൽ സൃഷ്ടിച്ച മാതൃകകൾ ഉദ്ഘാടനം ചെയ്തുകൊണ്ട് തുടക്കം കുറിയ്ക്കുന്ന ക്യാമ്പയിൻ 2025 മാർച്ച് 30 വരെ തുടരും. ക്യാമ്പയിൻ നടത്തിപ്പിനായി സംസ്ഥാനതലത്തിലുള്ളതിനു പുറമേ ജില്ലാതലത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലും നിർവഹണ സമിതി രൂപീകരിച്ച് പ്രവർത്തനങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ നടപ്പാക്കും. സമ്പൂർണ്ണ മാലിന്യമുക്ത കേരളം പ്രഖ്യാപനത്തിന് മുന്നോടിയായി സമ്പൂർണ ഹരിത അയൽകൂട്ടം, സമ്പൂർണ ഹരിത ടൂറിസം കേന്ദ്രം, സമ്പൂർണ ശുചിത്വ ഗ്രാമം/നഗരം, സമ്പൂർണ ഹരിത ഓഫീസ്, സമ്പൂർണ ഹരിത വിദ്യാലയം/കലാലയം തുടങ്ങി വിവിധ പ്രഖ്യാപനങ്ങളും നടത്തും.

പദ്ധതി നിർവഹണവും മുന്നൊരുക്കങ്ങളും

മാലിന്യമുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിൻ സംഘടിപ്പിക്കുന്നതിന് മുന്നോടിയായി ജൈവ, അജൈവ, ദ്രവ മാലിന്യങ്ങൾ സംസ്‌ക്കരിക്കുന്നതിലെ വിടവുകൾ കണ്ടെത്തും. ടൗണുകൾ, കച്ചവട സ്ഥാപനങ്ങൾ, വൻതോതിൽ മാലിന്യം രൂപപ്പെടുന്ന സ്ഥലങ്ങൾ (ബൾക്ക് വേസ്റ്റ് ജനറേറ്റേഴ്‌സ്), ടൂറിസം കേന്ദ്രങ്ങൾ, ഓഫീസുകൾ, സ്‌കൂളുകൾ, ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളും മാലിന്യ സംസ്‌കരണത്തിനൊരുക്കിയിട്ടുള്ള സംവിധാനങ്ങളിലെ വിടവുകളും കണ്ടെത്തി പരിഹാരം തേടും. 

ടൗണുകളും ടൂറിസം കേന്ദ്രങ്ങളും മാലിന്യമുക്തമാക്കി ഭംഗിയുള്ളതാക്കി മാറ്റാനുള്ള പ്രവർത്തനങ്ങളും ഈ പദ്ധതിയുടെ ഭാഗമാണ്. ജനകീയ ക്യാമ്പയിനിൽ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, സർവീസ് സംഘടനകൾ, യുവജന സംഘടനകൾ, സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾ, ഗ്രന്ഥശാലകൾ, ക്ലബ്ബുകൾ, പ്രാദേശിക കൂട്ടായ്മകൾ, റസിഡൻസ് അസോസിയേഷനുകൾ, വ്യാപാരി വ്യവസായി സംഘടനകൾ, ടൂർ ഓപ്പറേറ്റർമാർ, ഹോംസ്റ്റേ നടത്തിപ്പുകാർ, ഓട്ടോ - ടാക്സി ഡ്രൈവർമാരുടെ യൂണിയനുകൾ, സാമൂഹിക സന്നദ്ധ സംഘടനകൾ, സാമുദായിക- മത സഘടനകൾ, രാഷ്ട്രീയ പാർട്ടികൾ മുതലായവരുടെ പങ്കാളിത്തം ഉറപ്പാക്കും. ഇതിനായി സംസ്ഥാനതലം മുതൽ പ്രാദേശികതലം വരെ ബന്ധപ്പെട്ടവരുടെ യോഗങ്ങൾ നടത്തി ആവശ്യമായ മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തും. വിനോദ സഞ്ചാര കേന്ദ്രങ്ങളും കെ.എസ്.ആർടി.സി ബസ് സ്റ്റേഷനുകൾ പോലുള്ള പൊതുയിടങ്ങളും സമ്പൂർണ മാലിന്യമുക്ത കേന്ദ്രങ്ങളാക്കി മാറ്റും. മേഖലകളിൽ ശുചിത്വ മിഷൻ തയ്യാറാക്കിയ മാലിന്യ സംസ്‌കരണ പ്രോട്ടോകോൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കും. 

പ്ലാസ്റ്റിക്ക് നിരോധനം

മാലിന്യത്തിന്റെ അളവ് കുറയ്ക്കൽ, കൃത്യമായി തരംതിരിക്കൽ, ജൈവ മാലിന്യങ്ങളും ദ്രവമാലിന്യങ്ങളും ഉറവിടത്തിൽ സംസ്‌കരിക്കൽ, അജൈവ പാഴ്വസ്തുക്കൾ ഹരിതകർമസേനകൾ വഴി കൈമാറൽ മുതലായ പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം വർധിപ്പിക്കാൻ വേണ്ട ബോധവൽക്കരണ പ്രവർത്തനങ്ങളും ക്യാമ്പയിന്റെ ലക്ഷ്യങ്ങളാണ്. ഒപ്പം ജനകീയ വിജിലൻസ് സ്‌ക്വാഡുകൾ, പോലീസ് വകുപ്പിന്റെ സഹായത്തോടെയുള്ള എൻഫോഴ്സ്മെന്റ് നടപടികൾ, ശുചിത്വം-ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട വിവിധ ഏജൻസികളുടെ പരിശോധനകൾ എന്നിവ കാര്യക്ഷമമായി നടപ്പിലാക്കും. നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ സംസ്ഥാനത്തേക്ക് കടത്തുന്നില്ലെന്ന് ഉറപ്പാക്കാൻ അതിർത്തികളിലും ചെക്പോസ്റ്റുകളിലും പരിശോധന കർശനമാക്കി ചെക്പോസ്റ്റുകളെ ഹരിത ചെക്പോസ്റ്റുകളായി നാമകരണം ചെയ്യും. നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിർമ്മിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും കച്ചവടക്കാർക്കെതിരെയും മലിനീകരണ നിയന്ത്രണ ബോർഡ് കർശന നടപടി കൈക്കൊള്ളും.

പ്ലാസ്റ്റിക് പദാർത്ഥങ്ങളുടെ ഉപഭോഗം പരമാവധി കുറക്കുന്നതിനും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കുന്നതിനും മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ സഹായിക്കും. ക്യാമ്പയിനിന്റെ ഭാഗമായി ആവശ്യമായ ഇടങ്ങളിൽ നിർമ്മിത ബുദ്ധി അധിഷ്ഠിതമായ ക്യാമറകൾ സ്ഥാപിക്കും. റോഡ് നിർമ്മാണ പ്രവൃത്തികളിൽ ബിറ്റുമീൻ തിരസ്‌കൃത മാലിന്യവുമായി പ്രോസസ് ചെയ്ത് ഉപയോഗിക്കും. സർക്കാർ - പൊതുമേഖല സ്ഥാപനങ്ങളിൽ ദ്രവ മാലിന്യ പരിപാലനത്തിനുള്ള സ്വീവേജ് ട്രറ്റ്‌മെന്റ്റ് പ്ലാന്റ് / ഭൂഗർഭ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിർമ്മിക്കുന്നതിന് അനുമതിയും വകുപ്പുകളുടെ സഹകരണവും ഉറപ്പാക്കും. സർക്കാർ, അർധസർക്കാർ, പൊതുമേഖല ഫാമുകളിൽ ദ്രവ മാലിന്യ പരിപാലന സംവിധാനമൊരുക്കി വെള്ളവും കമ്പോസ്റ്റും കൃഷിക്കായി പ്രയോജനപ്പെടുത്തും.

ഗ്രീൻ സൗഹൃദം

പരിസ്ഥിതി സൗഹൃദ പാക്കിംഗ് പ്രോത്സാഹിപ്പിക്കൽ, സ്വകാര്യ സംരംഭകരുടെ സഹായത്തോടെ എല്ലാ ബ്ലോക്കിലും ഗ്രീൻ സ്റ്റോർ സ്ഥാപിക്കൽ, പ്ലാസ്റ്റിക് ഉൽപാദകർക്കും റീസൈക്ലേഴ്സിനും എക്സ്റ്റന്റഡ് പ്രൊഡ്യൂസർ റെസ്പോൺസിബിലിറ്റി നിർബന്ധമാക്കൽ, ഓരോ വകുപ്പും അവരവരുടെ പ്രവർത്തന മേഖലയിൽ ഉറപ്പുവരുത്തേണ്ട ഘടകങ്ങൾ നിർണയിച്ച് ഉറപ്പാക്കൽ എന്നിവ ക്യാമ്പയിൻ പ്രവർത്തനത്തിന്റെ ഭാഗമാക്കും. പുനരുപയോഗം സാധ്യമല്ലാത്ത പാഴ്‌വസ്തുക്കളുടെ അളവ് ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരും.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി നടത്തുന്ന നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) റാങ്കിങ്ങിൽ മാലിന്യ സംസ്‌കരണം പ്രധാന ഘടകമാണ്. എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഹരിത ക്യാമ്പസുകളായി മാറ്റണം. ഒപ്പം തന്നെ മാലിന്യ സംസ്‌കരണമേഖലയിൽ പ്രൊഫഷണലുകളെ സൃഷ്ടിക്കുന്നതിന് മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട എല്ലാ ഏജൻസികളിലും ഇന്റേൺഷിപ്പ് സംവിധാനം ഒരുക്കാനും വേണ്ട പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ച് നടപ്പിലാക്കും. ശാസ്ത്രീയ മാലിന്യ സംസ്‌കരണത്തിന് നൂതനാശയ പ്രവർത്തനങ്ങൾ സംഭാവന ചെയ്യാൻ സഹായകമാകുന്ന ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കും. ക്യാമ്പസുകളിലെ ഇൻക്യൂബേറ്ററുകൾ ഇതിനായി പ്രയോജനപ്പെടുത്തും.

മാലിന്യ സംസ്‌കരണ രംഗത്ത് നടപ്പിലാക്കിയ വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി 2024 ഡിസംബറിൽ മെഗാ ഇവന്റ് നടത്താനുള്ള തയാറെടുപ്പിലാണ് സർക്കാർ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സംഘടിപ്പിക്കുന്ന പ്രത്യേക ഗ്രാമസഭയിലെ അവതരണങ്ങൾ കൂട്ടിച്ചേർത്ത് തയ്യാറാക്കുന്ന പ്രബന്ധങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനതല സെമിനാറിലും പ്രബന്ധങ്ങൾ ക്രോഡീകരിച്ച് ബ്ലോക്ക് തലത്തിലും ബ്ലോക്ക് തല സെമിനാറിൽ അവതരിപ്പിക്കുന്നവ ക്രോഡീകരിച്ച് ജില്ലാ തലത്തിലും ജില്ലാതല അവതരണങ്ങൾ ക്രോഡീകരിച്ച് ഈ സംസ്ഥാനതല മെഗാ ഇവന്റിൽ അവതരിപ്പിക്കും. 


ശുചിത്വ-മാലിന്യ സംസ്‌കരണം മികച്ച രീതിയിൽ ഭാവി തലമുറയിലേക്കെത്തിക്കാൻ മാലിന്യമുക്തം നവകേരളം ആദ്യഘട്ട ക്യാമ്പെയിനിലൂടെ സാധിച്ചിരുന്നു. ഔപചാരിക വിദ്യാഭ്യാസത്തിലും അനൗപചാരിക വിദ്യാഭ്യാസ പരിപാടികളിലും രാഷ്ട്രീയ, സാംസ്‌കാരിക, ശാസ്ത്ര സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രചാരണ വിദ്യാഭ്യാസ പരിപാടികളിലുമെല്ലാം മാലിന്യ സംസ്‌കരണ രീതികൾ വിഷയമായി അവതരിപ്പിക്കാനും ജനകീയ ബോധവത്കരണം നടത്താനും സർക്കാർ പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞു.ഇതിനൊപ്പം തെറ്റായ മാലിന്യ സംസ്‌കരണ രീതികൾ പിന്തുടരുന്നവർക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കാനും സാധിച്ചു. ശാസ്ത്രീയമായി മാലിന്യം കൈകാര്യം ചെയ്യുന്ന രീതി സമൂഹത്തിന്റെ പൊതുബോധമാക്കി മാറ്റി സമ്പൂർണ ശുചിത്വ കേരളത്തിനായുള്ള പ്രവർത്തനങ്ങളാണ് രണ്ടാംഘട്ടത്തിൽ നടപ്പാക്കുക. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-10-09 12:46:14

ലേഖനം നമ്പർ: 1538

sitelisthead