ദേശീയ-സംസ്ഥാന സമ്പദ് വ്യവസ്ഥയിൽ നിർണ്ണായക സ്ഥാനമുള്ള ലോജിസ്റ്റിക്സ് മേഖലയിലെ കുതിപ്പ് ലക്ഷ്യമിട്ട് കേരള ലോജിസ്റ്റിക്സ് പാർക്ക് നയം ആവിഷ്കരിച്ച് കേരളം. ലോജിസ്റ്റിക്സ് മേഖലയിൽ നിക്ഷേപം ഉയർത്തുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നയത്തിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു.
ലോജിസ്റ്റിക്ക് പാർക്ക് നയം പ്രകാരം കുറഞ്ഞത് 10 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന വലിയ തോതിലുള്ള ലോജിസ്റ്റിക് പാർക്കുകളും 5 ഏക്കറിലുള്ള മിനി ലോജിസ്റ്റിക് പാർക്കുകളും സ്ഥാപിക്കാം. ഈ പാർക്കുകളിൽ ചരക്ക് കൈകാര്യം ചെയ്യൽ, ഇൻ്റർ മോഡൽ ട്രാൻസ്ഫർ സൗകര്യങ്ങൾ, ഇൻ്റേണൽ റോഡ് നെറ്റ്‌വർക്കുകൾ പോലുള്ള അടിസ്ഥാന സൗകര്യങ്ങളും, ഡോർമിറ്ററികൾ, മെഡിക്കൽ സെൻ്ററുകൾ തുടങ്ങിയ നോൺ-കോർ ഘടകങ്ങളും ഉൾപ്പെടും.
ചീഫ് സെക്രട്ടറി നേതൃത്വം നൽകുന്ന ഒരു ലോജിസ്റ്റിക്സ് കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കാനും നയം നിർദേശിക്കുന്നു. ഈ മേഖലയിലെ തീരുമാനങ്ങൾ കൈക്കൊള്ളാനുള്ള അധികാരം ഈ കമ്മിറ്റിക്കായിരിക്കും. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന ലോജിസ്റ്റിക്സ് സെല്ലും നയം വിഭാവനം ചെയ്യുന്നു. ഈ സംവിധാനമായിരിക്കും ലോജിസ്റ്റിക്സ് ആക്ഷൻ പ്ലാൻ നടപ്പിലാക്കുക. ഇതിന് പുറമെ നഗരതലത്തിൽ പ്രത്യേകമായി സിറ്റി ലോജിസ്റ്റിക്സ് കോർഡിനേഷൻ കമ്മിറ്റികളും ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി രൂപീകരിക്കും. ലോജിസ്റ്റിക്സ് പാർക്കുകൾക്കും മിനി ലോജിസ്റ്റിക്സ് പാർക്കുകൾക്കുമായി ഏകജാലക ക്ലിയറൻസ് സംവിധാനം രൂപീകരിക്കാനും നയത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ഒരു ലോജിസ്റ്റിക്സ് പാർക്കിന് പരമാവധി 7 കോടി രൂപ വരെയും, മിനി ലോജിസ്റ്റിക്സ് പാർക്കിന് 3 കോടി രൂപ വരെയും മൂലധന സബ്സിഡി ലഭിക്കാനുള്ള അർഹതയുണ്ടായിരിക്കും. ലോജിസ്റ്റിക്സ്/മിനി ലോജിസ്റ്റിക്സ് പാർക്ക് ഒരുക്കുന്നതിനായി ഭൂമി ഏറ്റെടുക്കുമ്പോഴും ലീസിനെടുക്കുമ്പോഴും സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കി നൽകും. പൊതു സ്വകാര്യ പങ്കാളിത്തത്തിലും, പൂർണമായും സ്വകാര്യമേഖലയിലെ പാർക്കെന്ന നിലയിലും കേരളത്തിൽ ലോജിസ്റ്റിക്സ്/മിനി ലോജിസ്റ്റിക്സ് പാർക്കുകൾ ആരംഭിക്കാൻ നയത്തിലൂടെ സാധിക്കുന്നതാണ്.
സംസ്ഥാനത്തെ വിപുലമായ റോഡ് ശൃംഖലയും, റെയിൽ, പോർട്ട്, ജലഗതാഗതം എന്നിവയുടെ ആനുകൂല്യവും, വിഴിഞ്ഞം, കൊച്ചി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര തുറമുഖങ്ങളുടെ സാന്നിദ്ധ്യവും ലോജിസ്റ്റിക്സ് മേഖലയ്ക്ക് അനുകൂല ഘടകങ്ങളാണ്. സർക്കാർ പുറപ്പെടുവിച്ച വ്യവസായ പാർക്കുകളുമായി ബന്ധപ്പെട്ട ലാന്റ് പോളിസിയിലും കെ.എസ്.ഐ.ഡി.സി, കിൻഫ്ര ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങൾ സംരംഭകർക്ക് നൽകുന്ന അടിസ്ഥാന സൗകര്യങ്ങളിലും ലോജിസ്റ്റിക്സ് മേഖലയ്ക്ക് പ്രത്യേക പരിഗണനയും സവിശേഷ ആനുകൂല്യങ്ങളും നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് നിക്ഷേപം വളർത്തുന്നതിനും, സുസ്ഥിര വ്യാവസായിക സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി നടപ്പിൽ വരുത്തിയ 2023-ലെ കേരള വ്യവസായ നയത്തിൽ, 22 മുൻഗണനാ മേഖലകളിൽ ഒന്നായി ലോജിസ്റ്റിക്സ് ആന്റ് പാക്കേജിംഗ് മേഖലയെ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ലോജിസ്റ്റിക്സ് മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഡിജിറ്റലൈസേഷനും, സാങ്കേതിക വിദ്യകളും പ്രോൽസാഹിപ്പിക്കുന്നതിനും ആവശ്യമായ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി തുടങ്ങുന്ന മിനി മൾട്ടി മോഡൽ ലോജിസ്റ്റിക്സ് പാർക്കുകളുടെ തുടർച്ചയാണ് ലോജിസ്റ്റിക്സ് പാർക്ക് നയം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-09-06 12:04:01
ലേഖനം നമ്പർ: 1512