സംസഥാനത്തിന്റെ  ക്ഷേമവും സാമൂഹിക പുരോഗതിയും സമഗ്രവും സുസ്ഥിരവുമായ വികസനവും ഉറപ്പു വരുത്തുന്ന പ്രവർത്തനങ്ങൾക്ക് ഊർജ്ജം  പകരുക എന്ന ലക്ഷ്യത്തോടെ നാലാം നൂറു ദിന കർമ്മ പരിപാടികൾക്ക് തുടക്കം കുറിച്ച് കേരളം.  2024  ഒക്ടോബർ 22 വരെ സർക്കാരിന്റെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ച് നടപ്പാക്കുന്ന ഈ നൂറു ദിന കർമ്മ പരിപാടിയിൽ 100 ദിവസംകൊണ്ട് 47 വകുപ്പുകളുടെ 13,013.40 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കും. ആകെ 1,070 പദ്ധതികൾ നൂറുദിന പരിപാടിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. 13,013.40 കോടി രൂപ അടങ്കലും 2,59,384 തൊഴിലവസരങ്ങൾ സൃഷ്ടിക്കലും പരിപാടി ലക്ഷ്യമിടുന്നു. 

706 പദ്ധതികൾ പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യുവാനും 364 പദ്ധതികളുടെ നിർമ്മാണ ഉദ്ഘാടനം/ പ്രഖ്യാപനം 100 ദിന കാലയളവിൽ നടത്തുവാനാണ് തീരുമാനിച്ചിട്ടുള്ളത്. ഉപജീവനത്തിനായുള്ള പദ്ധതികളും പശ്ചാത്തല വികസന പദ്ധതികളും നൂറുദിന പരിപാടിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. 761.93 കോടി ചെലവിൽ നിർമ്മിച്ച 63 റോഡുകൾ,  28.28 കോടിയുടെ 11 കെട്ടിടങ്ങൾ, 90.91 കോടി രൂപ ചെലവഴിച്ച് നിർമിച്ച 9 പാലങ്ങൾ ഉൾപ്പെടെ പൂർത്തീകരണം കഴിഞ്ഞ പദ്ധതികൾ പരിപാടിയുടെ ഭാഗമായി ഉദ്ഘാടനം ചെയ്യപ്പെടും. 437.21 രൂപ വകയിരുത്തിയ 24 റോഡുകൾ, 81.74 കോടി വരുന്ന 17 കെട്ടിടങ്ങൾ, 77.94 കോടി രൂപ ചെലവ് വരുന്ന 9 പാലങ്ങൾ എന്നിവയുടെ നിർമ്മാണ ഉദ്ഘാടനവും നൂറു ദിവസങ്ങൾക്കുള്ളിൽ  നടക്കും. 

സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 30000 പട്ടയങ്ങൾ കൂടി 100 ദിവസങ്ങൾക്കുള്ളിൽ വിതരണം ചെയ്യും. 37 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ പൂർത്തീകരണവും 29 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമ്മാണ ഉദ്ഘാടനവും ഈ ഘട്ടത്തിൽ നടക്കും. പുതുതായി 456 റേഷൻ കടകൾ കൂടി കെ-സ്റ്റോറുകളായി നവീകരിച്ചുകൊണ്ട് സംസ്ഥാനത്തു 1000 കെ - സ്റ്റോറുകൾ എന്ന നാഴികക്കല്ല് പൂർത്തീകരിക്കും. ക്യാൻസർ ചികിത്സയ്ക്കുള്ള മരുന്നുകൾ, അവയവം മാറ്റി വയ്ക്കൽ ശസ്ത്രക്രിയകൾക്ക് ശേഷം ഉപയോഗിക്കേണ്ട മരുന്നുകൾ മുതലായ വിലകൂടിയ മരുന്നുകൾ ലാഭം ഒട്ടുമില്ലാതെ സീറോ പ്രോഫിറ്റായി കാരുണ്യ കമ്മ്യൂണിറ്റി ഫാർമസി വഴി രോഗികൾക്ക് നൽകുന്ന പദ്ധതി ആരംഭിക്കും.

ലൈഫ് മിഷനിലൂടെ പുതിയ 10000 വ്യക്തിഗത ഭവനങ്ങൾ കൂടി കൈമാറും. അക്ഷരനഗരിയായ കോട്ടയത്തെ അക്ഷര ടൂറിസം ഹമ്പാക്കി മാറ്റുന്ന പദ്ധതി, തിരുവനന്തപുരം നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന സോളാർ സിറ്റി പദ്ധതി, പൂജപ്പുരയിൽ വനിതകൾക്ക് മാത്രമായി പുതിയ പോളിടെക്‌നിക് കോളേജ്, കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് - ധർമ്മടം ബീച്ചിന്റെ സമഗ്ര വികസനം, ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം ഡിജിറ്റൽ രൂപത്തിൽ അനാവരണം ചെയ്യുന്ന മ്യൂസിയം, ആധുനിക സജ്ജീകരണങ്ങളോട് കൂടിയ 250 എം.പി.ഐ ഫ്രാഞ്ചൈസി ഔട്ട്‌ലെറ്റുകൾ തുടങ്ങി നിരവധി പദ്ധതികൾ പൂർത്തീകരിക്കുകയോ തുടക്കം കുറിക്കുകയോ ചെയ്യും. പ്രവർത്തനങ്ങളുടെ  വകുപ്പുതലത്തിലുള്ള വിശദ വിവരങ്ങളും പുരോഗതിയും 100 ദിന പരിപാടിക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ വെബ്‌സൈറ്റിൽ (https://100days.kerala.gov.in) തത്സമയം ലഭ്യമാകും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-07-19 17:52:48

ലേഖനം നമ്പർ: 1454

sitelisthead