ഇന്ത്യയുടെ സമുദ്രവ്യാപാരരംഗത്തെ  നാഴികകല്ലായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത്  ആദ്യ മദർഷിപ്പ് തീരമണഞ്ഞു. വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ മുന്നോടിയായ ട്രയൽ റണ്ണിന്റെ ഭാഗമായി ആയിരത്തിലധികം കണ്ടെയ്നറുകൾ ഉള്ള  മദർഷിപ്പാണ് തുറമുഖത്തു നങ്കൂരമിട്ടത്. സമുദ്രാധിഷ്ഠിത ചരക്കു നീക്കത്തിൽ രാജ്യത്തിനു സുപ്രധാന സ്ഥാനം ലഭ്യമാക്കുന്ന വിഴിഞ്ഞം തുറമുഖം അത്യാധുനിക ഓട്ടോമേറ്റഡ് ക്രെയിനുകളും നൂതന ഓട്ടോമേഷൻ സംവിധാനങ്ങളോടും കൂടി ഷിപ്പിംഗ് കാര്യക്ഷമതയിൽ മുൻപന്തിയിലുള്ള എല്ലാ തുറമുഖങ്ങളോടും കിടപിടിക്കുന്ന തരത്തിൽ നൂതന സജ്ജീകരണങ്ങളോടെയാണ്  യാഥാർത്ഥ്യമാകുന്നത്.

ആഴത്തിലുള്ള ഡ്രാഫ്റ്റ് ബെർത്തുകളും നൂതന കണ്ടെയ്നർ കൈകാര്യം ചെയ്യാനുള്ള ഉപകരണങ്ങളും ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങൾ തുറമുഖത്തിന് ഉണ്ട്. ഇന്ത്യൻ തീരപ്രദേശത്തിന്റെ മധ്യഭാഗത്തായുള്ള ഭൂമിശാസ്ത്രപരമായ സ്ഥാനം, അന്താരാഷ്ട്ര ഷിപ്പിംഗ് റൂട്ടുകളുടെ സാമീപ്യം, ഇന്ധന ബങ്കറിങ്ങിനുള്ള അനുയോജ്യമായ സ്ഥാനം, സ്വാഭാവികമായ ആഴം, ലിറ്റോറൽ ഡ്രിഫ്റ്റ്  സൗകര്യങ്ങൾ തുടങ്ങിയ പ്രത്യേകതകൾ പ്രാദേശിക വികസനത്തിനും ആഗോള വ്യാപാര ശൃംഖലകളിലേക്കുള്ള ഇന്ത്യയുടെ സംയോജനത്തിനും ഗണ്യമായ സംഭാവന നൽകാൻ സജ്ജമായ, നിർണായകമായ ഒരു സമുദ്ര കവാടമായി വിഴിഞ്ഞത്തെ തിരഞ്ഞെടുക്കാൻ കാരണമായി. കൂടാതെ  ഇത് വിഴിഞ്ഞം തുറമുഖത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുകയും  അന്താരാഷ്ട്ര വ്യവസായ വാണിജ്യ രംഗത്ത് അനന്ത സാധ്യതകൾ തുറക്കുകയും ചെയ്യുന്നു.

നാൾവഴികൾ 

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിർമിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം 2015-ലാണ് നിർമാണം ആരംഭിച്ചത്. അദാനി ഗ്രൂപ്പ് പദ്ധതിയുടെ വികസനത്തിനായി അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് (എവിപിപിഎൽ) എന്ന പേരിൽ സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്പിവി) രൂപീകരിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര ഡീപ് വാട്ടർ മൾട്ടിപർപ്പസ് തുറമുഖത്തിന്റെ വികസനത്തിനും പ്രവർത്തനത്തിനുമായി 2015 ഓഗസ്റ്റ് 17 ന് കേരള സർക്കാർ എവിപിപിഎല്ലുമായി കൺസെഷൻ കരാറിൽ ഏർപ്പെട്ടു. നിർമാണപ്രവർത്തനങ്ങൾ ഡിസംബർ 5 നു ആരംഭിച്ചു. 

 ഫേസ് 1- സവിശേഷതകൾ 

സുരക്ഷിതമായ തുറമുഖ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ഡ്രെഡ്ജിംഗ്, റീക്ലമേഷൻ, ബ്രേക്ക്‌വാട്ടർ നിർമാണം, അടിസ്ഥാനസൗകര്യങ്ങൾ സ്ഥാപിക്കൽ, കപ്പലുകൾക്കും സ്റ്റോറേജ് ഏരിയകൾക്കുമുള്ള ബെർത്തുകൾ നിർമിക്കൽ, പ്രാരംഭ കണ്ടെയ്നർ ട്രാഫിക് കൈകാര്യം ചെയ്യാൻ രൂപകൽപ്പന ചെയ്ത ടെർമിനൽ സൗകര്യങ്ങളുടെ വികസനം, വലിയ കപ്പലുകളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ബർത്തുകളുടെ നിർമാണം, തുറമുഖത്തേക്കും പുറത്തേക്കും ചരക്കുകളുടെ കാര്യക്ഷമമായ ഗതാഗതത്തിനുള്ള റോഡ് നിർമാണം, റെയിൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്തൽ, പദ്ധതിയുടെ പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനും സുസ്ഥിര വികസനം ഉറപ്പാക്കുന്നതിനുമുള്ള പരിസ്ഥിതി ആഘാത വിലയിരുത്തൽ പഠനങ്ങൾ (EIA), ബ്രേക്ക് വാട്ടർ ഡിസൈൻ, മാലിന്യ സംസ്കരണം, കമ്മ്യൂണിറ്റി എൻഗേജ്‌മെൻ്റ് പ്രവർത്തനങ്ങൾ തുടങ്ങിയവ 2016 ന് ശേഷം ആദ്യ ഘട്ടത്തിലെ പ്രധാന പ്രവർത്തനങ്ങൾ ആയിരുന്നു. പരിസ്ഥിതി സംരക്ഷണവും അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമിട്ട് ഓട്ടോമേറ്റഡ് സംവിധാനങ്ങളിലൂടെയും ചരക്ക് കൈകാര്യം ചെയ്യാനുള്ള ആധുനിക ഉപകരണങ്ങളുടെ കാര്യക്ഷമമായ ഉപയോ​ഗത്തിലൂടെയും നൂതന സാങ്കേതികവിദ്യകളുടെ സംയോജനം സാധ്യമാക്കിയുള്ള തുറമുഖ വികസനത്തിനായിരുന്നു ആദ്യ ഘട്ടത്തിൽ ഊന്നൽ നൽകിയത്.       

മെയ്ഡൻ പ്രോജക്റ്റ് വെസ്സൽ, 8 സെമി ഓട്ടോമേറ്റഡ് ആർഎംക്യുസി (റെയിൽ മൗണ്ടഡ് ക്വേ ക്രെയിൻ), 23 ഓട്ടോമേറ്റഡ് CRMG (കണ്ടെയ്നർ റബ്ബർ ടയർഡ് ഗാന്റ്രി ക്രെയിൻ), മറൈൻ ക്രാഫ്റ്റ്സ്, തുറമുഖത്തിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിന് ആവശ്യമായ പോർട്ട് ഓപ്പറേഷൻ ബിൽഡിംഗ്,സുരക്ഷാ കെട്ടിടം,വർഷോപ്പ്,ഓട്ടോമേറ്റഡ് ഗേറ്റ് കോംപ്ലക്സ്,കണ്ടെയ്നർ സ്കാനർ, OCR പോർട്ടൽ തുടങ്ങിയ പ്രവർത്തനങ്ങൾ തുറമുഖത്തിന്റെ ആദ്യഘട്ടത്തിൽ പൂർത്തീകരിച്ചു. 

ക്രെയിനുമായി ആദ്യ  കപ്പൽ  വിഴിഞ്ഞത്ത് 

വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണാവശ്യങ്ങൾക്കുള്ള 100 മീറ്റർ ഉയരമുള്ള 3 അത്യാധുനിക ക്രെയിനുകൾ വഹിച്ചുള്ള ആദ്യ കപ്പൽ "ഷെൻ ഹുവ 15 ' 2023 ഒക്ടോബർ 15 നു വിഴിഞ്ഞം തുറമുഖത്തെത്തിയത് വിഴിഞ്ഞം പ്രോജക്ടിന്റെ നാഴികക്കല്ലായിരുന്നു. അന്താരാഷ്‌ട്ര കപ്പലുകളെ ഉൾക്കൊള്ളുന്നതിനും തുറമുഖം വഴിയുള്ള വ്യാപാരം സുഗമമാക്കുന്നതിനും അത്യാവശ്യമായ ബെർത്തുകൾ, ഡോക്കിംഗ് സൗകര്യങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കുന്നതിൽ കൈവരിച്ച പുരോഗതിയെ അടയാളപ്പെടുത്തുന്നതാണ് ഈ നേട്ടം. രാജ്യത്തെ തുറമുഖങ്ങളിൽ ഉപയോഗിക്കുന്നതിൽ ഏറ്റവും വലിയ ഷിപ്പ് ടു ഫോർ ക്രെയിനുമായാണ് കപ്പൽ എത്തിയത്.

തുറമുഖത്തിന് കസ്റ്റംസ് അംഗീകാരം

രാജ്യത്തെ ആദ്യ ആഴക്കടൽ കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് തുറമുഖമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് കസ്റ്റംസ് അംഗീകാരം ലഭിച്ചത്  വികസന വഴിയിലെ മറ്റൊരു നേട്ടമാണ്. കേന്ദ്ര പരോക്ഷ നികുതി ബോർഡിന്റെ സെക്ഷൻ 7 എ അംഗീകാരം ലഭിച്ചതോടെ കയറ്റുമതിയും ഇറക്കുമതിയും സാധ്യമാകുന്ന അംഗീകൃത തുറമുഖമായി വിഴിഞ്ഞം മാറി. ബോർഡിന്റെ പന്ത്രണ്ട് മാർഗനിർദേശങ്ങൾ പൂർത്തീകരിച്ചതോടെയാണ് അംഗീകാരം ലഭിച്ചത്. ഓഫീസ് സൗകര്യങ്ങൾ, കെട്ടിടങ്ങൾ, കംമ്പ്യൂട്ടർ സംവിധാനം, മികച്ച സെർവർ റൂം ഫെസിലറ്റി, തുടങ്ങിയ നിർദ്ദേശങ്ങളെല്ലാം പറഞ്ഞ സമയത്തിനുള്ളിൽ പൂർത്തീകരിച്ചതോടെയാണ് വിഴിഞ്ഞത്തിന് അംഗീകാരം ലഭിച്ചത്. ഇതോടെ ഇന്ത്യയിൽ നിന്ന് വിദേശത്തേക്കും തിരിച്ചുമുള്ള ചരക്കുനീക്കത്തിന്റെ മുഖ്യ ഹബ്ബായി മാറാൻ വിഴിഞ്ഞം ഒരുങ്ങിക്കഴിഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന് ഇന്ത്യയുടെ ആദ്യ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമായി പ്രവർത്തിക്കാനുള്ള അനുമതി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിൽ നിന്ന്  നേരത്തെ ലഭിച്ചിരുന്നു. (ഒരു കപ്പലിൽ നിന്ന് മറ്റൊന്നിലേക്ക് ചരക്കുകൾ മാറ്റിയശേഷം ചരക്കുനീക്കം നടത്തുന്ന തുറമുഖമാണ് ട്രാൻസ്ഷിപ്പ്മെന്റ് പോർട്ട്.) 

ഇന്റർനാഷണൽ ഷിപ്പിങ് ആൻഡ് പോർട്ട്‌ സെക്യൂരിറ്റി കോഡ് (ISPS)

ഇന്റർനാഷണൽ ഷിപ്പിങ് ആൻഡ് പോർട്ട്‌ സെക്യൂരിറ്റി കോഡ് (ISPS) അംഗീകാരം വിഴിഞ്ഞം തുറമുഖത്തിന് (വിസിൽ)  ഈ വർഷം തന്നെ  ലഭിച്ചിരുന്നു. ഐക്യരാഷ്ട്ര സഭക്ക് കീഴിലെ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷനാണ് ഐ എസ് പി എസ് അനുമതി നൽകുന്നത്. രാജ്യാന്തര കപ്പലുകൾക്ക് സർവീസ് നടത്താൻ ഈ അനുമതി ആവശ്യമാണ്. ഹൈ സ്പീഡ് കാർഗോ, ബൾക്ക് ക്യാരിയർ, മറ്റ് കാർഗോ ഷിപ്പുകൾ എന്നിവക്കാണ് അനുമതി. 

ലൊക്കേഷൻ കോഡ്

പ്രധാന ട്രാൻസ്ഷിപ്പ്‌മെന്റ് ഹബ്ബായി പ്രവർത്തിക്കുന്നതിനുള്ള ലൊക്കേഷൻ കോഡും വിഴിഞ്ഞം തുറമുഖത്തിന് ലഭിച്ചു. IN NYY 1 എന്നതാണ് കോഡ്. ഇതിൽ ഐ എൻ എന്നത് ഇന്ത്യ എന്നാണ് സൂചിപ്പിക്കുന്നത്. എൻ വൈ വൈ നെയ്യാറ്റിൻകരയുടെ ചുരുക്കമാണ്. ഒന്ന് സീപോർട്ട് എന്നതിനെ സൂചിപ്പിക്കും. IN VZJ 1 എന്നത് നിലവിലുള്ള തുറമുഖത്തിന്റെ ലൊക്കേഷൻ കോഡ് ആയതിനാൽ പിന്നീട് പരിഗണിക്കുക താലൂക്കിന്റെ ചുരുക്കപ്പേരാണ്. അതിനാലാണ് ഐ എൻ എൻ വൈ വൈ 1 എന്ന് ലഭിച്ചത്.

മദർഷിപ്പിനെ സ്വീകരിക്കാൻ വിഴിഞ്ഞം സജ്ജം

അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കണ്ടെയിനർ മദർഷിപ്പ് ജൂലൈ 12  നു  നങ്കൂരമിടും. മദർഷിപ്പുകൾക്കടുക്കാനും ചരക്ക് കൈമാറ്റം നടത്താനും ശേഷിയുള്ള അന്താരാഷ്ട്ര തുറമുഖമാണ് വിഴിഞ്ഞത്ത് യാഥാർത്ഥ്യമായിരിക്കുന്നത്. രാജ്യത്തെ ആദ്യ  ട്രാൻസ്ഷിപ്പ്‌മെന്റ് സീ പോർട്ട് കൂടിയാണ് വിഴിഞ്ഞം. കമ്മീഷനിംഗിന് വേണ്ട അടിസ്ഥാന സൗകര്യങ്ങളെല്ലാം പൂർത്തിയായിക്കഴിഞ്ഞു . മുന്ദ്ര തുറമുഖത്ത് നിന്നുള്ള ചരക്ക് കപ്പലാകും ആദ്യം വിഴിഞ്ഞത്തേക്ക് എത്തുക. അത് വിജയകരമായാൽ പിന്നെ തുറമുഖം കമ്മീഷനിംഗ് നടപടികളിലേക്ക് കടക്കും.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വഴി കയറ്റുമതി- ഇറക്കുമതി വർദ്ധിക്കുന്നതിലൂടെ കേരളത്തിലെ വ്യവസായ മേഖലകളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുന്നതാണ്. വിഴിഞ്ഞം തുറമുഖത്തിൽ ആദ്യ ഘട്ടത്തിൽ 10 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുവാൻ വിഭാവനം ചെയ്യുന്നു. ഇതിൻ്റെ തുടർ ഘട്ടങ്ങൾ പൂർത്തിയാകുന്നതോടു കൂടി ഇത് 50 ലക്ഷം വരെ ഉയർത്താനും സാധിക്കുന്നതാണ്. കണ്ടെയ്നർ ഒന്നിന് ശരാശരി 6 പ്രവ്യത്തി ദിനങ്ങൾ തുറമുഖത്തിനകത്തും പുറത്തും സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വഴി രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള ചരക്കു നീക്കം നടക്കുന്നതിലൂടെ കേരളത്തിന് മികച്ച രീതിയിലുള്ള തൊഴിൽ സാദ്ധ്യതകളും വരുമാന വർദ്ധനവും ലഭ്യമാകും. തുറമുഖ നിർമാണം പൂർത്തിയാകുന്നതോടെ 10000 കോടി രൂപയുടെ നിക്ഷേപം കേരള തീരത്തുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിന്റെ തന്നെ മുഖച്ഛായ മാറ്റുന്ന ചാലകശക്തിയായി വിഴിഞ്ഞം തുറമുഖം മാറും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-07-11 12:18:57

ലേഖനം നമ്പർ: 1449

sitelisthead