കേരളത്തിന്റെ സാമൂഹ്യജീവിതത്തിൽ നിറസാന്നിധ്യമായ സപ്ലൈകോ അതിന്റെ രൂപീകരണത്തിന്റെ അമ്പതു വർഷങ്ങൾ പൂർത്തീകരിക്കുകയാണ് . 1974 മുതൽ,​ അഞ്ചു പതിറ്റാണ്ടുകളായി രാജ്യത്തിനു തന്നെ മാതൃകയായ ഒരു വിപണി ഇടപെടൽ സംവിധാനമാണ് സപ്ലൈകോ. വിലക്കയറ്റമുൾപ്പെടെയുള്ള വിപണി ചൂഷണങ്ങളിൽ നിന്നും പൊതുജനത്തെ സംരക്ഷിക്കുന്നതിനായുള്ള ബദൽ സംവിധാനമായി ആരംഭിച്ച മാവേലി സ്റ്റോറുകളാണ് സപ്ലൈകോയുടെ ശാക്തീകരണത്തിന്റെ പുതിയ മേഖലകൾ കണ്ടെത്തിയത്. നഗരങ്ങൾ മുതൽ ഗ്രാമഗ്രാമാന്തരങ്ങൾ വരെ നീളുന്ന വിപണനശൃംഖലയാണ് സപ്ലൈകോക്ക് ഇന്നുളളത്. മാവേലിസ്റ്റോറുകൾ, സൂപ്പർ മാർക്കറ്റുകൾ, എൽ.പി.ജി ഔട്ട് ലെറ്റുകൾ, പെട്രോൾ ബങ്കുകൾ, മെഡിക്കൽ സ്റ്റോറുകൾ എല്ലാം അടക്കം 1630 ഔട്ട്ലെറ്റുകളും 65 ലക്ഷത്തിലധികം ഉപഭോക്താക്കളുമാണ്  സ്ഥാപനത്തിനുള്ളത്. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇത്തരമൊരു ജനകീയ വിപണന ശൃംഖല നിലവിലില്ല.

റേഷൻ വിതരണം, നെല്ല് സംഭരണപദ്ധതി, സ്‌കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി, പ്രളയവും മഹാമാരിയും പോലുള്ള ദുരന്തഘട്ടങ്ങളിൽ എല്ലാ വിഭാഗം ജനങ്ങൾക്കും ഭക്ഷ്യഭദ്രത ഉറപ്പുവരുത്തൽ എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തികളാണ് സപ്ലൈകോ നടപ്പിലാക്കി വരുന്നത്. കോവിഡ് കാലത്തുമാത്രം 5500 കോടിയുടെ ഭക്ഷ്യക്കിറ്റുകളാണ് സപ്ലൈകോ വിതരണം ചെയ്തത്.  വിപണിയുടെ ഘടന വലിയ മാറ്റങ്ങൾക്കു വിധേയമാകുന്ന കാലമാണിത്. ഈ മാറ്റങ്ങളെ ഉൾക്കൊണ്ട് 11 പുതിയ പദ്ധതികളും അഞ്ച് പുതിയ സെയിൽസ് ഓഫറുകളും വിവിധ ജില്ലകളിലായി വിഷയാധിഷ്ഠിത സെമിനാറുകളും ഉൾപ്പെടെ ഒരു വർഷം നീളുന്ന ആഘോഷ പരിപാടികളാണ് സപ്ലൈകോ സുവർണ ജൂബിലിയുടെ ഭാ​ഗമായി ആവിഷ്ക്കരിച്ചിരിക്കുന്നത്. 

50 /50 പദ്ധതി

ജൂൺ 25 മുതൽ 50 ദിവസത്തേക്ക്  സപ്ലൈകോയുടെ സ്വന്തം ബ്രാൻഡ് ആയ ശബരി ഉൽപ്പന്നങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും ഉൾപ്പെടെ 50 ജനപ്രിയ ഉൽപ്പന്നങ്ങൾക്ക് വിലക്കുറവും പ്രത്യേകം ഓഫറുകളും നൽകുന്നതാണ് 50/ 50 പദ്ധതി. 300 രൂപ വിലയുള്ള ശബരി ഹോട്ടൽ ബ്ലെൻഡ് ടീ ഒരു കിലോ 270 രൂപയ്ക്ക് നൽകുന്നതോടൊപ്പം 250 ഗ്രാം ശബരി ലീഫ് ടീ സൗജന്യമായി നൽകും. 80 രൂപ വിലയുള്ള 250 ഗ്രാം ശബരി ഗോൾഡ് ടീ 64 രൂപയ്ക്ക് നൽകും. 60 രൂപ വിലയുള്ള ശബരി ചക്കി ഫ്രഷ് ആട്ട 20% വിലകുറച്ച് 48 രൂപയ്ക്കും, 79 രൂപ വിലയുള്ള ഒരു കിലോഗ്രാം ശബരി അപ്പം പൊടി, പുട്ടുപൊടി എന്നിവ 63. 20 രൂപയ്ക്കും 50 ദിവസത്തേക്ക് നൽകും. ശബരി മുളകുപൊടി, മല്ലിപ്പൊടി,  മഞ്ഞൾപ്പൊടി, ചിക്കൻ മസാല, സാമ്പാർ പൊടി, കടുക് എന്നിവയ്ക്കും 25 ശതമാനം വരെ വിലക്കുറവുണ്ട്.  500ഗ്രാം  റിപ്പിൾ പ്രീമിയം  ഡസ്റ്റ് ടിയോടൊപ്പം 500 ഗ്രാം പഞ്ചസാര നൽകും.  ഉജാല, ഹെൻകോ,  സൺ പ്ലസ്  തുടങ്ങി വിവിധയിനം ബ്രാൻഡുകളുടെ വാഷിംഗ് പൗഡറുകൾ,  ഡിറ്റർജെന്റുകൾ എന്നിവയ്ക്ക് വലിയ വിലക്കുറവുണ്ട്.  നമ്പീശൻസ് ബ്രാൻഡിന്റെ നെയ്യ്  തേൻ, എള്ളെണ്ണ, ചന്ദ്രിക, സന്തൂർ ബ്രാൻഡുകളുടെ സോപ്പ്,  നിറപറ,  ബ്രാഹ്മിൻസ് ബ്രാന്റുകളുടെ മസാല പൊടികൾ, ബ്രാഹ്മിൻസ് ബ്രാൻഡിന്റെ അപ്പം പൊടി, റവ,  പാലട മിക്സ്,  കെലോഗ്സ് ഓട്സ്, ഐടിസി ആശിർവാദ് ആട്ട, ഐടിസിയുടെ തന്നെ സൺ ഫീസ്റ്റ് ന്യൂഡിൽസ്,  മോംസ് മാജിക്, സൺ ഫീസ്റ്റ് ബിസ്‌ക്കറ്റുകൾ, ഡാബറിന്റെ തേൻ ഉൾപ്പെടെയുള്ള  വിവിധ ഉൽപ്പന്നങ്ങൾ, ബ്രിട്ടാനിയ ബ്രാൻഡിന്റെ ഡയറി വൈറ്റ്നർ, കോൾഗേറ്റ് തുടങ്ങി 50ലേറെ ഉൽപ്പന്നങ്ങൾക്കാണ് വിലക്കുറവും ഓഫറും നൽകുന്നത്.

ഹാപ്പി അവേഴ്സ് ഫ്ലാഷ് സെയിൽ

50 ദിവസത്തേക്ക്  ഉച്ചയ്ക്ക് രണ്ടു മുതൽ മൂന്നുമണിവരെ ഒരു മണിക്കൂർ  സമയത്തിനുള്ളിൽ സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ബിൽ തുകയിൽ നിന്നും 10% കുറവ് നൽകുന്ന പദ്ധതിയാണിത്. നിലവിലുള്ള  വിലക്കുറവിന് പുറമേയാണ് ഹാപ്പി അവേഴ്സിലെ 10% വിലക്കുറവ്.  സപ്ലൈകോ സൂപ്പർമാർക്കറ്റ്, ഹൈപ്പർമാർക്കറ്റ്, പീപ്പിൾസ് ബസാർ എന്നിവയിൽ ജൂൺ 25 മുതൽ 50 ദിവസത്തേക്ക് ഉച്ചയ്ക്ക് രണ്ടു മുതൽ മൂന്നു മണി വരെ ആയിരിക്കും ഈ വിലക്കുറവ്.

'ഫുഡ് ഫോർ തോട്ട്' സെമിനാർ പരമ്പര

ഓരോ ജില്ലയിലും ഓരോന്ന്  വീതം വിവിധ വിഷയങ്ങളിൽ  12 ജില്ലകളിൽ ഒരു വർഷത്തിനുള്ളിൽ നടത്തുന്ന സെമിനാർ പരമ്പരയാണ് ഫുഡ് ഫോർ തോട്ട്. കൊല്ലം ജില്ലയിൽ ക്ഷീരം- മാംസം- മുട്ട ഉത്പന്നങ്ങളെക്കുറിച്ചും, പത്തനംതിട്ട ജില്ലയിൽ റീട്ടെയിൽ മേഖലയിലെ ബാങ്കിംഗിനെക്കുറിച്ചുമാണ് സെമിനാർ. ഇടുക്കിയിൽ തേയില, കോട്ടയത്ത് പെട്രോളിയം, ആലപ്പുഴയിൽ നെല്ല് സംഭരണം, തൃശ്ശൂരിൽ സപ്ലൈ ചെയിനും ലോജിസ്റ്റിക്സും, പാലക്കാട് എം എസ് എം ഇ, മലപ്പുറത്ത് സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യവും പോഷകാഹാരവും,  കോഴിക്കോട് ഭക്ഷ്യ ഉപഭോഗത്തിൽ വരുന്ന മാറ്റങ്ങൾ, വയനാട് സുഗന്ധദ്രവ്യങ്ങൾ, കണ്ണൂരിൽ റിട്ടെയിൽ മേഖലയിലെ ഇൻഫർമേഷൻ ടെക്നോളജി, കാസർഗോഡ് ഫാർമസ്യൂട്ടിക്കൽ മേഖലയെക്കുറിച്ചും ആണ് സെമിനാറുകൾ നടത്തുക. 

സിഗ്നേച്ചർ മാർട്ട്

സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും സപ്ലൈകോയുടെ പുതിയ സിഗ്നേച്ചർ മാർട്ടുകൾ തുറക്കും. നിലവിലുള്ള ഒരു ഔട്ട്‌ലെറ്റ് അത്യാധുനിക നിലവാരത്തിൽ നവീകരിച്ചാകും സിഗ്നേച്ചർ മാർട്ടുകളാക്കുക. ക്ഷീര ഉത്പന്നങ്ങളും ശീതീകരിച്ച ഉത്പന്നങ്ങളും ഈ ആധുനിക വില്പനശാലകളിൽ ലഭ്യമാക്കും.

മറ്റു പദ്ധതികൾ

സപ്ലൈകോയുടെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട  ഫയലുകൾ തീർപ്പാക്കാനുള്ള ഫയൽ അദാലത്ത്, 2022-23 വരെയുള്ള ഓഡിറ്റ്/ അക്കൗണ്ട് ഫൈനലൈസേഷൻ  എന്നിവ ഈ വർഷം നടപ്പാക്കും. 2023 ആരംഭിച്ച ആർ പി (ERP) പരിഷ്‌കാരം ഈ വർഷം പൂർത്തീകരിക്കും.  സപ്ലൈകോ റേഷൻ വിതരണത്തിനായി ഉപയോഗിക്കുന്ന ഗോഡൗണുകളിൽ 60 ശതമാനവും ആധുനിക രീതിയിലുള്ള സയന്റിഫിക് ഗോഡൗണുകൾ ആക്കി മാറ്റുന്നതിനുള്ള പദ്ധതികളും ആവിഷ്‌കരിക്കുന്നുണ്ട്. അമ്പതാം വാർഷികം പ്രമാണിച്ച് ശബരി ബ്രാൻഡിൽ കൂടുതൽ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കും. ഇതിന്റെ ഭാഗമായി ഗുണനിലവാരമുള്ള സൺഫ്ലവർ ഓയിൽ, പാമോലിൻ ഓയിൽ, ഉപ്പ്, പഞ്ചസാര, ക്ലീനിങ് ഉത്പന്നങ്ങൾ എന്നിവ ന്യായവിലയ്ക്ക് വിപണിയിൽ എത്തിക്കും.

രജിസ്റ്റർ ചെയ്ത നെൽ കർഷകരിൽ നിന്നും ബയോമെട്രിക് വിവരങ്ങൾ കൂടി ശേഖരിച്ച് ആധാർ ലിങ്ക്ഡ് ബയോമെട്രിക് നെല്ല് സംഭരണം നടപ്പാക്കും. സബ്സിഡി സാധനങ്ങളുടെ സപ്ലൈകോ വില്പനശാലകളിലൂടെയുള്ള വിതരണം കുറ്റമറ്റതാക്കുന്നതിന് വേണ്ടി ഉപഭോക്താക്കളുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ച്  റേഷൻ വിതരണത്തിന് അവലംബിച്ച ഇ- പോസ്  സംവിധാനം നടപ്പാക്കും. ഇതുമൂലം സബ്സിഡി ഉൽപ്പന്നങ്ങൾ യഥാർത്ഥ ഉപഭോക്താവിന് ലഭിക്കുന്നു എന്ന് ഉറപ്പുവരുത്താൻ കഴിയും. 

ആലപ്പുഴ ജില്ലാ കോടതിവളപ്പിൽ സപ്ലൈകോയുടെ കൈവശമുള്ള ഭൂമിയിൽ ആധുനിക സൗകര്യങ്ങളുള്ള സൂപ്പർമാർക്കറ്റ് നിർമ്മാണം, 50 വർഷത്തെ സപ്ലൈകോയുടെ ചരിത്രം സൂചിപ്പിക്കുന്ന സുവനീർ   പുറത്തിറക്കൽ എന്നിവയും ഒരു വർഷം നീളുന്ന  പരിപാടികളിൽ ഉൾപ്പെടുന്നു. മാനന്തവാടി, കൊല്ലം, വാഗമൺ എന്നിവിടങ്ങളിൽ പുതിയ പെട്രോൾ പമ്പുകൾ ആരംഭിക്കുന്നതിനൊപ്പം നിലവിലുള്ള പമ്പുകൾ നവീകരിക്കും.  തിരുവനന്തപുരം ആൽത്തറ പെട്രോൾ പമ്പിനോട് അനുബന്ധിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന അവശ്യ നിത്യോപയോഗ വസ്തുക്കൾ ലഭിക്കുന്ന സപ്ലൈകോ എക്സ്പ്രസ്മാർട്ട് ആരംഭിക്കും. 

സപ്ലൈകോ നിലവിൽ നടത്തിവരുന്ന മെഡിക്കൽ സ്റ്റോറുകൾക്ക് പുറമേ, വിവിധ ജില്ലകളിലായി പത്തോളം മെഡിക്കൽ സ്റ്റോറുകൾ സപ്ലൈകോ മെഡി മാർട്ട് എന്ന പേരിൽ ആരംഭിക്കും.  പൂർണമായും ശീതീകരിച്ച സൂപ്പർമാർക്കറ്റ് രീതിയിലുള്ള ഈ സ്റ്റോറുകളിൽ മരുന്നുകൾക്ക് പുറമെ സർജിക്കൽ മെഡിക്കൽ എക്യുപ്മെന്റ്, പ്രമുഖ ബ്രാൻഡുകളുടെ ഹെൽത്ത് കെയർ ഉൽപ്പന്നങ്ങൾ എന്നിവ ലഭിക്കും. ആയിരം രൂപയിൽ കൂടുതൽ വിലയുള്ള മരുന്നുകളുടെ ഓർഡർ ഉപഭോക്താക്കളുടെ വീടുകളിൽ നേരിട്ടെത്തിക്കുന്നതിനുള്ള സൗകര്യം ഒരുക്കാനും പദ്ധതിയുണ്ട്.

കേരളത്തിന്റെ ഭക്ഷ്യഭദ്രതയിൽ നിർണായക പങ്കുവഹിച്ച സപ്ലൈകോയ്ക്ക് കഴിഞ്ഞ അര നൂറ്റാണ്ടുകൊണ്ട് സാധാരണക്കാരുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറാൻ കഴിഞ്ഞിട്ടുണ്ട്. ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളും സബ്‌സിഡിയുള്ള വിലനിർണ്ണയവുമാണ് സപ്ലൈകോ ഉപഭോക്താവിന് നൽകുന്ന ഇരട്ട നേട്ടങ്ങൾ.  കാര്യക്ഷമവും ശാസ്ത്രീയവുമായ വിപണി ഇടപെടലിലൂടെ വിലക്കയറ്റം തടഞ്ഞു നിർത്തി  പ്രതീക്ഷയും ആശ്വാസവുമായി മാറുകയാണ് സപ്ലൈകോ.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-06-26 17:33:47

ലേഖനം നമ്പർ: 1432

sitelisthead