ആഗോള പ്രവാസികളുടെ ഉത്സവ സംഗമം എന്നറിയപ്പെടുന്ന ലോക കേരളസഭയുടെ നാലാം സമ്മേളനത്തിന് ജൂൺ 13 മുതൽ 15 വരെ തലസ്ഥാനം സാക്ഷിയാകും. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളാണ് വേദി. പ്രവാസി ക്ഷേമത്തിലൂന്നി നടത്തുന്ന  ലോക കേരളസഭയുടെ കഴിഞ്ഞ മൂന്ന് സമ്മേളനങ്ങളും മേഖല സമ്മേളനങ്ങളും വഴി പ്രവാസികൾക്ക് ലഭ്യമായ ഉന്നമനവും ക്ഷേമ പ്രവർത്തനങ്ങളും നിരവധിയാണ്. പ്രവാസികൾക്ക് പ്രോത്സാഹനവും ആദരവും നൽകികൊണ്ട് കേരളത്തിൽ അവരുടെ നിക്ഷേപ സംരംഭങ്ങൾ ശക്തിപ്പെടുത്തുകയും അതുവഴി കേരളത്തെ കൂടുതൽ വികസനപാതയിലെത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിലേക്കുള്ള വഴിയാണ് ലോക കേരളസഭകൾ.

 നൂറിലേറെ  രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുൾപ്പടെ ലോക കേരള സഭയിൽ പങ്കെടുക്കും. എംഎൽഎമാർ, കേരള എംപിമാർ, ഇന്ത്യൻ പൗരത്വമുള്ള  പ്രവാസി കേരളീയർ, ഇന്ത്യക്ക് പുറത്തുള്ളവർ, ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഉള്ളവർ, തിരികെയെത്തിയ പ്രവാസികൾ, തങ്ങളുടെ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പ്രവാസികൾ, ഒ.സി.ഐ. കാർഡ് ഉടമകൾ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. സഭയിൽ അംഗത്വത്തിന് താൽപര്യമുളള പ്രവാസി കേരളീയർക്ക് ഏപ്രിൽ 15 വരെ അപേക്ഷിക്കാൻ അവസരം നൽകിയിരുന്നു.  

മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലും ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള പ്രവാസി കേരളീയരുടെ കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനും കേരളീയ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക വികസനത്തിനായി പ്രവാസികളെ സംസ്ഥാനവുമായി സമന്വയിപ്പിക്കുന്നതിനും ക്രിയാത്മകമായ നിർദേശങ്ങളും സംഭാവനകളും നൽകുന്നതിനും അവരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കേരളത്തിലെ ജനപ്രതിനിധികളോട് ഒപ്പമുള്ള ഒരു പൊതുവേദിയാണ് ലോക കേരള സഭ. വ്യത്യസ്ത മേഖലകളിലുള്ള പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനായി ലോക കേരള സഭയുടെ മേഖലാ സമ്മേളനങ്ങളും നടത്തിവരുന്നു. നാളിതുവരെയായി ലോക കേരളസഭയുടെ മൂന്ന് സമ്മേളനങ്ങളും മൂന്ന് മേഖലാ സമ്മേളനങ്ങളുമാണ് സംഘടിപ്പിച്ചിട്ടുള്ളത്. 2019 ഫെബ്രുവരി 15, 16ന് ദുബായിലും 2022 ഒക്ടോബർ 9ന് ലണ്ടനിലും 2023 ജൂൺ 9,10,11 തീയതികളിൽ ന്യൂയോർക്കിലും മേഖലാ സമ്മേളനങ്ങളും സംഘടിപ്പിച്ചിരുന്നു.

എന്തുകൊണ്ട് ലോക കേരള സഭ?

കേരളത്തിന് പുറത്തേക്ക് നാടിനുണ്ടായ വളർച്ചയിൽ പുറംമലയാളികൾ വഹിക്കുന്ന പങ്കിനെ വിലകുറച്ച് കാണാനാകില്ല. വിദേശത്ത് സ്ഥിരതാമസമാക്കിയ മലയാളി സമൂഹത്തിനും, ഭാവി തലമുറയ്ക്കും, കേരളവുമായുള്ള ബന്ധം നിലനിർത്താൻ ഒരിടം ആവശ്യമാണെന്ന തിരിച്ചറിവിലാണ് സർക്കാർ നേതൃത്വത്തിൽ പ്രവാസ ലോകത്തെ കൂട്ടിയിണക്കാൻ ലോകകേരള സഭ എന്ന ആശയം നടപ്പിലാക്കുന്നത്. പ്രവാസികൾക്ക് നാടിന്റെ വികസനത്തിനും ഉന്നമനത്തിനും എന്ത് സംഭാവനകൾ നൽകാൻ സാധിക്കും എന്ന് തിരിച്ചറിയാനുള്ള ഒരു വേദികൂടി ആകുകയാണ് ലോകകേരള സഭ. അതിനൊപ്പം പ്രവാസികളുടെ ആശയങ്ങളും ആശങ്കകളും പങ്കുവെയ്ക്കാനും ഈ വേദി സഹായിക്കുന്നു. വിവിധ രാജ്യങ്ങളിലും പ്രദേശങ്ങളിലും അധിവസിക്കുന്ന കേരളീയർ തമ്മിൽ ആശയവിനിമയം സാധ്യമാക്കുക, പരസ്പര സഹകരണം ഉറപ്പ് വരുത്തി കേരള സമൂഹത്തെ ഒരുമിപ്പിച്ച് നിർത്തുക എന്നീ ലക്ഷ്യങ്ങളാണ് ലോകകേരള സഭയ്ക്കുള്ളത്.

ലോക കേരളസഭ നേട്ടങ്ങൾ ?

*പ്രവാസികളുടെ റവന്യു-സർവേ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളും നിവേദനങ്ങളും സമർപ്പിക്കാൻ പ്രവാസി മിത്ര പോർട്ടൽ

റവന്യു-സർവേ വകുപ്പുകളുമായി ബന്ധപ്പെട്ട പ്രവാസികളുടെ അപേക്ഷകളും പരാതികളും നിവേദനങ്ങളും സ്വീകരിക്കുന്നതിനും അവയിൽ സ്വീകരിക്കുന്ന നടപടികൾ യഥാസമയം അറിയിക്കുന്നതിനുമായി ആരംഭിച്ച പോർട്ടലാണ് പ്രവാസി മിത്ര. pravasimithram.kerala.gov.in . ഉപഭോക്താക്കൾക്ക് തന്നെ അക്കൗണ്ട് രൂപീകരിച്ച് പരാതി നൽകാനും അതിനോട് അനുബന്ധമായ രേഖകൾ അപ്ലോഡ് ചെയ്യാനും സാധിക്കും. പരാതിയുടെ നിജസ്ഥിതി പോർട്ടൽ വഴി അറിയാവുന്നതാണ്. ഇതുവരെ നൂറോളം പരാതികളാണ് പോർട്ടൽ വഴി എത്തിയത്.

*സർക്കാർ സർവകലാശാലകളിലൂടെ വിദേശ ഹ്രസ്വകാല ഓൺലൈൻ കോഴ്സുകൾ പഠിക്കാം:  2024 അധ്യയന വർഷം മുതൽ കേരളത്തിൽ സർവകലാശാലകളിലൂടെ വിദേശ സർവകലാശാലകളുടെ ഹ്രസ്വകാല ഓൺലൈൻ കോഴ്സുകൾ വിദ്യാർത്ഥികൾക്ക് പഠിക്കുന്നതിന് വേണ്ട നടപടികൾ ആരംഭിച്ചു.

*ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് മരുന്നു കയറ്റുമതി പ്രൊഡക്ട് രജിസ്ട്രേഷൻ നടപടികൾ തുടങ്ങി : ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് മരുന്നുകളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് കെഎസ്ഡിപി സർവീസ് പ്രൊവൈഡറെ നിയമിച്ചു. പ്രൊഡക്ട് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട പ്രാരംഭ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

*ആഫ്രിക്കൻ മേഖലയിലെ പ്രധാനപ്പെട്ട മലയാളി അസോസിയേഷനുകൾക്ക് നോർക്ക രജിസ്‌ട്രേഷൻ നൽകുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികൾ നടക്കുന്നു.

*പ്രവാസി മലയാളികളുടെ ഡിജിറ്റൽ ഓൺലൈൻ സ്പെയ്സ് ലോക കേരളം ഓൺലൈൻ : ലോകമെമ്പാടുമുള്ള പ്രവാസികൾക്ക് ആശയവിനിമയത്തിനും തൊഴിൽ അവസരങ്ങളുൾപ്പെട്ട വിവരങ്ങൾ കൈമാറാനും സാംസ്‌കാരിക വിനിമയം സാധ്യമാക്കുന്നതുമായ വിപുലമായ സംവിധാനമാണ് ലോക കേരളം ഓൺലൈൻ എന്ന ഡിജിറ്റൽ സ്പെയ്സ്. പ്രവാസികൾക്ക് അവരുടെ പ്രാഥമിക വിവരങ്ങൾ നൽകിയോ സാമൂഹിക മാധ്യമ അക്കൗണ്ട് ഉപയോഗിച്ചോ ഈ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യാം.

*സോഫ്റ്റ് സ്‌കിൽ/കമ്യൂണിക്കേഷൻ സ്‌കിൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായുള്ള നടപടികളിലേക്ക് സർവകലാശാലകൾ കടന്നുകഴിഞ്ഞു. യൂറോപ്യൻ-അമേരിക്കൻ രാജ്യങ്ങളിൽ തൊഴിൽ അവസരങ്ങൾ വേഗം നേടിയെടുക്കാൻ ഇത് സഹായിക്കും.

*ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാം , ട്രിപ്പിൾ വിൻ ഹോസ്പിറ്റാലിറ്റി പദ്ധതിയും ജർമ്മനിയിൽ ആരംഭിക്കാൻ ധാരണയായി.

*സംരംഭത്തിലേക്ക് ആകർഷിക്കാൻ സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി പദ്ധതി

ദുബായ്, ബെൽജിയം പിന്നാലെ ഓസ്ട്രേലിയയിലും സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി സെന്റർ വിദേശ മലയാളികളെ സംരംഭകത്വത്തിലേക്ക് ആകർഷിക്കാനും ഉയർന്ന സാമ്പത്തിക ശേഷിയുള്ള വിദേശ ഇന്ത്യക്കാരിൽ നിന്നും കേരളാടിസ്ഥാനമായ സ്റ്റാർട്ടപ്പുകൾക്ക് നിക്ഷേപം ലഭ്യമാക്കാനും ബിസിനസ് ആവശ്യങ്ങൾക്കായി വിദേശ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ പ്രവർത്തന സ്ഥലവും ഉപഭോക്താക്കളെ ബന്ധപ്പെടുന്നതിനുള്ള സൗകര്യവും ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ആരംഭിച്ച പദ്ധതിയാണ് സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി. ഇതിന്റെ ആദ്യഘട്ടമെന്നോണം ദുബായിൽ ഒരു സെന്റർ പ്രവർത്തനം തുടങ്ങി. ബെൽജിയത്തിലും സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി സെന്റർ ആരംഭിച്ചു കഴിഞ്ഞു. ഓസ്ട്രേലിയയിൽ സെന്റർ ആരംഭിക്കുന്നതിനുള്ള ധാരണാപാത്രം ഒപ്പുവെച്ചുകഴിഞ്ഞു.

*എൻആർഐ സെല്ലിൽ വനിത ഉദ്യോഗസ്ഥരുടെ സേവനത്തിനായുള്ള നടപടികൾ ആരംഭിച്ചു.

*പ്രവാസികൾക്കിടയിലെ പ്രൊഫഷണലുകളെ കണ്ടെത്താൻ തൊഴിൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വെർച്വൽ പ്രവാസി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്.

*ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഹോൾഡിങ് ലിമിറ്റഡ് കമ്പനിയുടെ റസ്റ്റോസ്റ്റോപ്പ്. : പ്രവാസി മലയാളികളുടെ നിക്ഷേപങ്ങൾ സ്വീകരിക്കുക ലക്ഷ്യമിട്ട് രൂപീകരിച്ച കമ്പനിയാണ് ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഹോൾഡിങ് ലിമിറ്റഡ്. ആദ്യ ലോകകേരള സഭയുടെ നിർദ്ദേശ പ്രകാരം രൂപീകരിച്ച കമ്പനിയുടെ ആദ്യ പദ്ധതിയായ റസ്റ്റ്സ്റ്റോപ്പ് - പാതയോര വിശ്രമകേന്ദ്രം കാസർകോഡ് തലപ്പാടിയിൽ ആണ്.

*കേരള മൈഗ്രേഷൻ സർവേ 2023 സംഘടിപ്പിച്ചു.

ലോകത്തെല്ലായിടത്തും സാന്നിധ്യമറിയിച്ച കേരളീയരുടെ സംഗമവേദി എന്ന പ്രത്യേകതയാണ് ലോകകേരള സഭയ്ക്കുള്ളത്. പ്രവാസ ലോകത്തിനൊപ്പം സർക്കാരും ചേർന്ന് രാഷ്ട്രീയ-സാംസ്‌കാരിക- സാമ്പത്തിക മേഖലകളെ ഏകോപിപ്പിച്ചു കൊണ്ട് ഒരു ജനാധിപത്യ ഇടം എന്ന നിലയിൽ രൂപപ്പെടുത്തിയതാണ് ലോകകേരളസഭകൾ. പുറം കേരളീയരുടെ കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനും കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക, സാമ്പത്തിക, വ്യാവസായിക വികസനത്തിനായി പ്രവാസലോകത്തെ സമന്വയിപ്പിക്കുന്നതിനും ലോകകേരള സഭയിലൂടെ സാധ്യമാകുന്നു.

രണ്ട് വർഷത്തിലൊരിക്കലെങ്കിലും യോഗം ചേരണം എന്ന ഉദ്ദേശത്തിലാണ് ലോക കേരളസഭ വിഭാവനം ചെയ്തിരിക്കുന്നത്. ഈ കൂട്ടായ്മയുടെ ആദ്യ മൂന്ന് പതിപ്പുകൾ സൃഷ്ടിച്ച ആവേശവും ഉത്സാഹവും നിലനിർത്തികൊണ്ടുള്ള പ്രവർത്തനങ്ങളാണ് നാലാം ലോകകേരള സഭയിൽ പ്രതീക്ഷിക്കുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-06-07 11:22:27

ലേഖനം നമ്പർ: 1409

sitelisthead