ആഗോളതലത്തിൽ നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള അവബോധവും പ്രോത്സാഹനവും ഉറപ്പാക്കുന്നതിനാണ് എല്ലാ വർഷവും ജൂൺ 5, ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. ഈ വർഷത്തെ ലോക പരിസ്ഥിതി ദിന ഔദ്യോഗിക ആഘോഷങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നത് സൗദി അറേബ്യയാണ്. 'ഭൂമി പുനഃസ്ഥാപിക്കൽ, മരുഭൂകരണം, വരൾച്ച പ്രതിരോധം'  എന്നതാണ് ഈ വർഷത്തെ പ്രമേയം. ''നമ്മുടെ ഭൂമി, നമ്മുടെ ഭാവി (ഔർ ലാൻഡ്, ഔർ ഫ്യൂച്ചർ) നാമാണ് പുനഃസ്ഥാപനം നടത്തേണ്ട തലമുറ'' എന്നതാണ് മുദ്രാവാക്യം. 

ഭാവി തലമുറകൾക്കായി ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഉത്തരവാദിത്തവും അടിവരയിടുന്ന സന്ദേശമാണ് ഈ വർഷത്തെ പ്രമേയം നൽകുന്നത്. കൂടാതെ ഈ വർഷം, ഭൂമി പുനഃസ്ഥാപിക്കൽ, മരുഭൂവൽക്കരണം, വരൾച്ച പ്രതിരോധം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അനുദിനം തകരുന്ന ആവാസവ്യവസ്ഥ മരുഭൂവൽക്കരണത്തിനും വരൾച്ചയ്‌ക്കുമെതിരായ പ്രതിരോധം വളർത്തിയെടുക്കേണ്ടതിൻ്റെ അടിയന്തിര ആവശ്യകത ഉയർത്തിക്കാട്ടുന്നു.

മരുഭൂവൽക്കരണവും വരൾച്ചയും ആഗോള ഭീഷണിയായി മാറിക്കഴിഞ്ഞു. യുഎൻ കണക്കുകൾ അനുസരിച്ച് ഭൂമിയുടെ 40 ശതമാനം വരെ നശിച്ചു കഴിഞ്ഞു. ഇത് ലോക ജനസംഖ്യയുടെ പകുതിയെ നേരിട്ട് ബാധിക്കുകയും ചെയ്തു. 2000 മുതൽ ആവർത്തിക്കുന്ന വരൾച്ചകളും അത് നീണ്ടുനിൽക്കുന്ന കാലാവധിയും 29 ശതമാനം വർദ്ധിച്ചു. തൽസ്ഥിതി തുടർന്നാൽ 2050 ആകുമ്പോഴേക്കും ലോക ജനസംഖ്യയുടെ മുക്കാൽ ഭാഗത്തേയും  വരൾച്ച ബാധിച്ചേക്കാം. ലോകമെമ്പാടുമുള്ള ആവാസവ്യവസ്ഥകളുടെ സംരക്ഷണത്തിനും പുനരുജ്ജീവനത്തിനും വേണ്ടിയുള്ള യുഎന്നിന്റെ ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിനുള്ള (2021-2030) പദ്ധതിയും സുസ്ഥിര വികസന സാധ്യതകൾ വേഗത്തിലാക്കുന്ന ചർച്ചകളുമാകും സൗദി അറേബ്യയിൽ ഈ വർഷം നടക്കുക.

സംസ്ഥാനത്തെ സമ്പന്നമായ ജൈവവൈവിധ്യവും പ്രകൃതിവിഭവങ്ങളും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള വിവിധ പരിപാടികളും സംരംഭങ്ങളും സംസ്ഥാന സർക്കാർ നടപ്പാക്കുന്നുണ്ട്. ഹരിതകേരളം മിഷൻ പദ്ധതി പച്ചത്തുരുത്ത്, ഇലക്ട്രിക്ക് ബസുകളുടെ സേവനം, ലോക്കൽ ആക്ഷൻ പ്ലാൻ ഓൺ ക്ലൈമറ്റ് ചേഞ്ച്, പരിശീലന പരിപാടികൾ, ജലസമൃദ്ധി, നെറ്റ്‌സീറോ കാർബൺ ക്യാമ്പയിൻ, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ സ്റ്റേറ്റ് ആക്ഷൻ പ്ലാൻ ഓൺ ക്ലൈമറ്റ് ചേഞ്ച്, ജലസ്രോതസ്സുകളുടെ സംരക്ഷണ പദ്ധതികൾ തുടങ്ങിയ കേരളത്തിന്റെ വിവിധ പദ്ധതികൾ രാജ്യത്തിന് തന്നെ അഭിമാനിക്കാവുന്നവയാണ്. കേരളത്തിലെ തിരഞ്ഞെടുത്ത നഗരങ്ങളിൽ സുസ്ഥിര നഗരവികസന രീതികൾ പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഇതുവഴി പരിസ്ഥിതി സൗഹൃദ നഗരങ്ങൾ സൃഷ്ടിക്കുകയും അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കുകയും ചെയ്യാം.  

കാലാവസ്ഥാ വ്യതിയാനത്തെ ലഘൂകരിക്കുന്നതിൽ പരിസ്ഥിതി സംരക്ഷണം പ്രധാന പങ്ക് വഹിക്കുന്നു. വനങ്ങളും തണ്ണീർത്തടങ്ങളും സംരക്ഷിച്ചാൽ, അവ കാർബൺ ഡൈഓക്സൈഡ് ആഗിരണം ചെയ്ത് ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുറയ്ക്കുന്നു. പ്രകൃതിദത്ത ആവാസ വ്യവസ്ഥകൾ സംരക്ഷിച്ചതിലൂടെ വിവിധ ജീവജാലങ്ങളുടെ നിലനിൽപ്പ് ഉറപ്പാക്കാം. ശുദ്ധജലം, മണ്ണിൻ്റെ ഫലഭൂയിഷ്ഠത, പരാഗണം എന്നിവ മനുഷ്യന്റെ ക്ഷേമത്തിന് അനിവാര്യമാണ്. മണ്ണ് നശീകരണം, കാർഷിക ഉൽപ്പാദനക്ഷമത, ഭക്ഷ്യസുരക്ഷ എന്നിവയ്ക്കുള്ള ഭീഷണി തടയുന്നതിന് ഭൂമിയുടെ പുനരുദ്ധാരണ നടപടികൾ നിർണായകമാണ്. 

ആരോഗ്യമുള്ള മണ്ണ് സുസ്ഥിര കൃഷിയുടെ അടിസ്ഥാനമാണ്. ഫലഭൂയിഷ്ഠമായ മണ്ണിൽ വിളകൾ നന്നായി വളരും. അതിനാൽ മണ്ണിന്റെ ആരോഗ്യം നിലനിർത്താൻ നമുക്ക് പല കാര്യങ്ങളും ചെയ്യാൻ കഴിയും. ജൈവവളങ്ങൾ ഉപയോഗിക്കുക, മണ്ണൊലിപ്പ് തടയുക, വിള പരിപാലനം നടത്തുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. പരിസ്ഥിതി  സംരക്ഷണം ഉറപ്പാക്കിയാൽ, ദീർഘകാല സമ്പദ്‌വ്യവസ്ഥയും ഉപജീവനമാർഗ്ഗവും ഉറപ്പാക്കാൻ കഴിയും. പരിസ്ഥിതി സംരക്ഷണത്തിന് ജനങ്ങളും, സർക്കാരുകളും, ബിസിനസുകളും, കമ്മ്യൂണിറ്റികളും, വ്യക്തികളും ഉൾപ്പെടുന്ന കൂട്ടായ്മയിൽ നിന്നുള്ള പ്രവർത്തനം ആവശ്യമാണ്. സുസ്ഥിര സമ്പ്രദായങ്ങൾ സ്വീകരിച്ച്, സംരക്ഷണശ്രമങ്ങളെ പ്രോത്സാഹിപ്പിച്ച്, ഭാവി തലമുറകൾക്കായി ആരോഗ്യകരമായ ഒരു ഭൂമിയെ ഉറപ്പാക്കാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-06-05 11:17:28

ലേഖനം നമ്പർ: 1408

sitelisthead