പൊതുമരാമത്ത്, ടൂറിസം നിർമിതികളിൽ കാതലായ മാറ്റം ലക്ഷ്യമിടുന്ന ഡിസൈൻ പോളിസി ആവിഷ്‌കരിച്ച് കേരളം. ഇന്ത്യയിൽ ആദ്യമായാണ്  ഒരു സംസ്ഥാനം ടൂറിസം കേന്ദ്രങ്ങൾ, കെട്ടിടങ്ങൾ, പാലങ്ങൾ, റോഡുകൾ, സൈനേജുകൾ, തെരുവുകൾ മുതലായവയുടെ രൂപകൽപന സംബന്ധിച്ചുള്ള സമഗ്രനയം പാസാക്കുന്നത്. പൊതുമരാമത്ത് വകുപ്പും വിനോദസഞ്ചാര വകുപ്പും ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്ന വിവിധ പ്രവർത്തനങ്ങളിൽ ഡിസൈൻ കാഴ്ചപ്പാടിന് ഊന്നൽ നൽകിക്കൊണ്ടുള്ള ചട്ടക്കൂട് രൂപപ്പെടുത്തി കാലഘട്ടത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കുന്നതിന് കഴിയുന്നതരത്തിൽ  വിനോദസഞ്ചാര മേഖലയെ സജ്ജമാക്കുന്നതിനും അതുവഴി സുസ്ഥിര വിനോദസഞ്ചാര അന്തരീക്ഷം സൃഷ്ടിക്കുകയുമാണ് പോളിസിയുടെ പ്രാഥമിക ലക്‌ഷ്യം. ഒരു ഡിസൈൻ അധിഷ്ഠിത സമ്പദ് വ്യവസ്ഥയിലൂടെ പൊതുമരാമത്ത്, വിനോദസഞ്ചാര മേഖലകളിൽ വലിയ മാറ്റങ്ങൾ വരുത്തുവാൻ ഉതകുന്നതായിരിക്കും ഈ നയം. നൂതന ഉൽപ്പന്നങ്ങളും ബ്രാൻഡുകളും സൃഷ്ടിച്ച് ഡിസൈൻ മേഖലയുടെ വളർച്ചയാണ് നയം ലക്ഷ്യമിടുന്നത്. രൂപകൽപ്പനയിൽ നിക്ഷേപം നടത്തുക, ആഗോളരംഗത്ത് മത്സരാധിഷ്ഠിതമായി നിലനിൽക്കുക അതുവഴി ആഗോളതലത്തിൽ കേരള ബ്രാൻഡ് കെട്ടിപ്പടുക്കാൻ നയം ശിപാർശ ചെയ്യുന്നു.

നൂതനത്വവും   മത്സരശേഷിയും പ്രോത്സാഹിപ്പിച്ച്  ഡിസൈൻ സമന്വിത അന്തരീക്ഷം സൃഷ്ടിക്കുന്നതിനൊപ്പം സംസ്ഥാനത്തിന്റെ വികസന ദൗത്യങ്ങൾക്ക് പുതിയ ദിശാ ബോധം നൽകുന്ന ഒന്നാണ് ഡിസൈൻ നയം. വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ, ആഭ്യന്തര-ആഗോള വിപണി, മൂലധനസമാഹരണം തുടങ്ങിയവയും ഇതിലൂടെ ലക്ഷ്യമിടുന്നു. കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ള വെല്ലുവിളികളെ അഭിസംബോധന ചെയ്തു കൊണ്ട് ഡിസൈങ്ങിൽ പാലിക്കേണ്ട മികച്ച സമ്പ്രദായങ്ങൾ രൂപപ്പെടുത്താൻ നയം സഹായിക്കും. സംസ്ഥാനത്തെ കെട്ടിടങ്ങൾ, പാലങ്ങൾ, റോഡുകൾ, സൈനേജുകൾ മുതലായവയുടെ രൂപകൽപനയുമായി നയം ബന്ധപ്പെട്ടിരിക്കുന്നു. തൊഴിലവസരങ്ങൾക്കപ്പുറം  കേരളത്തെ ഒരു ആഗോള ഡിസൈൻ ഹബ്ബായി അടയാളപ്പെടുത്താൻ ഇത് സഹായിക്കും. പൊതു ഇടനിർമ്മിതികളെ പരിസ്ഥിതി സൗഹൃദമാക്കി കൊണ്ട് കേരളത്തിന്റെ സമ്പദ്ഘടനയിൽ ഗുണപരവും കാലോചിതവുമായ മാറ്റം വരുത്താൻ ഈ നയം സുപ്രധാന സംഭാവന നൽകും.

സൈനേജുകളുടെ നവീകരണം, സൈനേജുകൾക്കും ലൈറ്റിങ്ങിനുമുള്ള ഡിസൈൻ മാന്വൽ തയ്യാറാക്കുക, പരമ്പരാഗത കലാരൂപങ്ങളുടെ അവതരണത്തിനായി പ്രത്യേക ഇടങ്ങൾ സൃഷ്ടിക്കുക, ക്രാഫ്റ്റ് ഡിസൈൻ സെൻററുകൾ സ്ഥാപിക്കുക, കേരളീയ കരകൗശല വസ്തുക്കളുടെയും കലകളുടെയും ബ്രാൻഡ് സൃഷ്ടിക്കുക, കരകൗശല നിർമ്മാണ സമൂഹത്തിന് പ്രത്യേക പരിഗണന നൽകുക, പൊതുമരാമത്ത്-ടൂറിസം സംയോജിത പ്രവർത്തനത്തിനായി കേന്ദ്രീകൃത ഡാറ്റ മാനേജ്മെൻറ് സംവിധാനം ഒരുക്കുക തുടങ്ങിയവയാണ് ഡിസൈൻ നയത്തിലൂടെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. മൂന്ന് ഘട്ട പ്രക്രിയകളിലൂടെയാണ് ഡിസൈൻ നയം തയ്യാറാക്കിയത്. ഇതിന്റെ ഭാഗമായി 2023 ജനുവരിയിൽ ദ്വിദിന ശില്പശാല സംഘടിപ്പിച്ചിരുന്നു. അക്കാദമിക് വിദഗ്ധർ ,ഡിസൈൻ പ്രൊഫഷണലുകൾ, ആർക്കിടെക്റ്റുകൾ, വിവിധ മേഖലകളിലെ ഡിസൈനർമാർ, കലാകാരന്മാർ, നയരൂപകർത്താക്കൾ, വിവിധ സർക്കാർ വകുപ്പുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ പങ്കാളിത്തം ഡിസൈൻ നയത്തിനു പിന്നിലുണ്ട്. ഇവരിൽ നിന്ന് ലഭിച്ച മാർഗനിർദേശങ്ങൾ ആറംഗ വിദഗ്ധ സമിതി പരിശോധിച്ചാണ് കരട് നയം രൂപീകരിച്ചത്.

പ്രധാന ലക്ഷ്യങ്ങൾ ഒറ്റനോട്ടത്തിൽ 

  • 'കേരളം - ഗ്ലോബൽ ഡിസൈൻ ഹബ്' എന്ന കാഴ്ചപ്പാടോടെ കേരള ഡിസൈൻ നയം രൂപീകരിച്ച് നടപ്പാക്കുക 
  • രൂപകൽപ്പന അടിസ്ഥാനമാക്കിയുള്ള സമ്പദ് വ്യവസ്ഥയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഒരു ആവാസവ്യവസ്ഥ വികസിപ്പിച്ച് സംസ്ഥാനത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും കൂടുതൽ ഉപജീവന മേഖലകൾ തുറക്കുകയും ചെയ്യുക 
  • കാലാവസ്ഥാ പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിന് സുസ്ഥിരത, പുനരുജ്ജീവനം, ദുരന്ത നിവാരണം, മാനേജ്മെന്റ് എന്നിവ പരിപോഷിപ്പിക്കുന്ന ഒരു ഡിസൈൻ പദാവലി വികസിപ്പിക്കുക
  • പൊതു സേവന വിതരണത്തിനായി ജീവിതക്ഷമതയുടെയും തുല്യതയുടെയും നിർണായക വശങ്ങളെ അഭിസംബോധന ചെയ്യുന്ന ഒരു റെഗുലേറ്ററി ചട്ടക്കൂട് സൃഷ്ടിക്കുക
  • ലോകോത്തര ഡിസൈൻ ടെക്നിക്കുകൾ പഠിക്കാനും അവലംബിക്കാനും നേതൃത്വം നൽകുക ഡിസൈനിം​ഗിൽ നിക്ഷേപം നടത്താൻ കേരള സർക്കാരിനെ സഹായിക്കുകയും ചെയ്യുക
  • പൊതുജന പങ്കാളിത്തത്തോടെ ഒരു ഡിസൈൻ നയം സൃഷ്ടിക്കുക
     

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-03-15 19:36:53

ലേഖനം നമ്പർ: 1346

sitelisthead