വ്യവസായ വാണിജ്യ വകുപ്പിനു കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങളിലെ പബ്ലിക് സർവീസ് കമ്മീഷന് (PSC) വിടാത്ത തസ്തികകളിലേക്ക് ഉദ്യോഗാർഥികളെ കണ്ടെത്താൻ കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെന്റും) ബോർഡ് സ്വയംഭരണ സ്ഥാപനത്തിന് രൂപം നൽകി. കാര്യക്ഷമതയും നൈപുണ്യവും ഉള്ള ഉദ്യോഗാർഥികളെ സംവരണ തത്വം പാലിച്ച് സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ ബോർഡ് കണ്ടെത്തും.
ആദ്യഘട്ടത്തിൽ വ്യവസായ വാണിജ്യ വകുപ്പിന്റെ ഭരണ നിയന്ത്രണത്തിലുള്ള 20 പൊതുമേഖല സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയാണ് ബോർഡ് നടത്തുക. ഇതോടൊപ്പം 22 പൊതുമേഖല സ്ഥാപനങ്ങളിലെ മാനേജിംഗ് ഡയറക്ടർ നിയമനത്തിനുള്ള സെലക്ഷനും ബോർഡ് നടത്തും. പൊതുമേഖല സ്ഥാപനങ്ങളിലെ ഒരു വർഷത്തിലധികം കാലാവധിയുള്ള കരാർ നിയമനങ്ങളും ബോർഡിന്റെ പരിധിയിൽ വരും. ഭാവിയിൽ മറ്റ് വകുപ്പുകളുടെ ഭരണ നിയന്ത്രണത്തിലുള്ള പൊതുമേഖല സ്ഥാപനങ്ങളിലെയും സമാനമായ നിയമനങ്ങൾ ബോർഡിന്റെ പരിധിയിൽ വരും. ബോർഡിന് കീഴിലുള്ള തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് വെബ്‌സൈറ്റ് : kpesrb.kerala.gov.in
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-12-28 12:06:26
ലേഖനം നമ്പർ: 1245