ലോക സിനിമയുടെ കാഴ്ച്ചാനുഭവം ബിഗ് സ്‌ക്രീനിൽ മലയാളിക്ക് നൽകാൻ ചലച്ചിത്ര അക്കാദമിയും സാംസ്‌കാരിക വകുപ്പും സംഘടിപ്പിക്കുന്ന 28-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള (IFFK) ഡിസംബർ 8 മുതൽ 15 വരെ തിരുവനന്തപുരത്ത്. ഭാഷ/ദേശങ്ങൾക്കപ്പുറത്ത് മനുഷ്യനെ ഒന്നിപ്പിക്കുന്ന ഏറ്റവും ജനപ്രീതിയാർന്ന ആധുനിക കലാരൂപമെന്ന നിലയിൽ സിനിമ വഹിക്കുന്ന പങ്കിനെ എടുത്തു കാണിക്കുന്നതാകും മേള.

മെക്സിക്കോ, അർജന്റീന, ബ്രസീൽ, ഉസ്‌ബെക്കിസ്ഥാൻ, അസർബൈജാൻ, ഫ്രാൻസ്, കസാക്കിസ്ഥാൻ, ഉറുഗൈ, ഫ്രാൻസ്, ടുണീഷ്യൻ, മലേഷ്യ, കൊറിയൻ രാജ്യങ്ങളുടെ സിനിമകളോടൊപ്പം മണിപ്പൂരി, മറാത്തി, ബംഗാളി, ആസാമീ ഭാഷ സിനിമകളും മേളയുടെ ആകർഷണമാകും. ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ സിനിമകളിലെ മികച്ച സിനിമകളാണ് ഇത്തവണത്തെ മേളയിൽ പ്രദർശിപ്പിക്കുന്നത്. പ്രണയവും, കലാപാവും, അതിജീവനവും, കുടിയേറ്റവും, രാഷ്ട്രീയവും, പകയും, വ്യക്തി ബന്ധങ്ങളും, ശരീരം, സ്വത്വം, ലൈംഗികത, പ്രതീക്ഷ തുടങ്ങിയ വിഷയങ്ങളിലധിഷ്ഠിതമായ ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. സമകാലിക കേരളത്തിൻ്റെ വൈവിധ്യകാഴ്ചകളുമായി 12 മലയാളചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. 

ലോകമെങ്ങുമുള്ള സ്ത്രീകളുടെ ആകുലതകളും ഉത്കണ്ഠയും പ്രതികരണങ്ങളും ഉൾകൊള്ളുന്ന 8 വനിത സംവിധായകരുടെ സിനിമകൾ മേളയിൽ പ്രദർശിപ്പിക്കും. അധിനിവേശ വിരുദ്ധ സിനിമകളും അധിനിവേശത്തിന്റെ ഫലമായ കുടിയേറ്റം മൂലം അനുഭവിക്കുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുന്ന ചിത്രങ്ങളും മേളയിലുണ്ട്. അഹമ്മദാബാദിലെ ഒരു മുസ്ലിം കുടുംബത്തിന്റെ ജീവിതം തുറന്നുകാട്ടുന്ന. 'കായോ കായോ കളർ?' (Kayo Kayo Colour?), വംശീയ സംഘർഷം, അഭയാർത്ഥി പ്രതിസന്ധി എന്നിവയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ റാപ്ചർ (Rapture), ഹിന്ദു വലതുപക്ഷ ഭരണകൂടത്തിന് കീഴിലുള്ള ഇന്ത്യയുടെ ഭാവി പര്യവേക്ഷണം ചെയ്യുന്ന ചിത്രമായ ഫോളോവർ (Follower), സഹോദരന്റെ മരണത്തിന് ഉത്തരവാദിയായ പോലീസ് ഉദ്യോഗസ്ഥനെ കണ്ടെത്താനുള്ള മാവോയിസ്റ്റ് യുവതിയുടെ അനുഭവം പ്രമേയമാക്കുന്ന ഘാത്ത് (Ghaath) തുടങ്ങി വ്യത്യസ്തതയും വൈവിധ്യവുമാർന്ന പ്രമേയങ്ങളിലുള്ള സിനിമകൾ മേളയുടെ പ്രധാന ആകർഷണമാകും. 

കൈരളി, ശ്രീ, നിള, കലാഭവൻ, നിശാഗന്ധി, ഏരീസ് പ്ലക്‌സ്‌ എസ്. എൽ. സിനിമാസ്, ന്യൂ, അജന്ത, ശ്രീ പദ്മനാഭ എന്നിവിടിങ്ങളിലായി 15 സ്‌ക്രീനുകളിലായി 80-ഓളം സിനിമകൾ പ്രദർശിപ്പിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-12-16 16:55:56

ലേഖനം നമ്പർ: 1235

sitelisthead