സംസ്ഥാനത്തിന്റെ അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ടൂറിസം മേഖല ലോകശ്രദ്ധയാകർഷിക്കുന്ന ഈ കാലഘട്ടത്തിൽ കോവിഡാനന്തര ടൂറിസത്തിന്റെ അനന്ത സാധ്യതകളെ ഫലപ്രദമായി ഉപയോഗിക്കുകയാണ് കേരളം. ടൂറിസം വ്യവസായത്തെ സാധാരണ ജീവിതവുമായി ചേർത്തുവയ്ക്കുക എന്ന ആത്യന്തികമായ ലക്ഷ്യത്തിലൂന്നി ജനജീവിതത്തെ സ്പർശിക്കുന്ന നിലയിലേക്ക് ടൂറിസം മേഖല വളരുകയാണ്. ഗുണനിലവാരമുള്ള ടൂറിസമാണ് കേരളത്തിന്റെ പ്രത്യേകത എന്ന വിലയിരുത്തലിലൂടെ അന്താരാഷ്ട്ര ടൂറിസം മേഖലയിൽ ഒരു 'കേരളമാതൃക' സൃഷ്ടിക്കുകയാണിന്ന്. ആഗോള തലത്തിൽ തന്നെ കേരളത്തെ അടയാളപ്പെടുത്തിയതിന്റെ മകുടോദാഹരണമാണ് "ഗ്രാമീണ സൗന്ദര്യം ആസ്വദിക്കാൻ ഫെസ്റ്റിവൽ സീസണിൽ കേരളം സന്ദർശിക്കാം" എന്ന ടാഗ് ലൈനോട് കൂടി 2023-ൽ ലോകത്ത് കാണേണ്ട 52 സ്ഥലങ്ങളിൽ 13-ാമതായി ന്യൂയോർക്ക് ടൈംസിൽ (https://archive.is/idV1S കേരളം ഇടം നേടിയത്. കുമരകം, മറവൻതുരുത്ത്, വൈക്കം എന്നീ വിനോദ സഞ്ചാരകേന്ദ്രങ്ങളെക്കുറിച്ചു പ്രത്യേക പരാമർശവും റിപ്പോർട്ടിലുണ്ട്. കേരള ടൂറിസം മേഖലക്ക് സമഗ്ര സംഭാവന നൽകുന്ന ഉത്തരവാദിത്വ ടൂറിസം സൊസൈറ്റി പ്രവർത്തനങ്ങളെയും ന്യൂയോർക്ക് ടൈംസ് പ്രതിപാദിച്ചിരിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാടെന്ന പരസ്യ ടാഗ്‌ലൈനോടെ ലോകഭൂപടത്തിൽ ഇടം നേടിയ കേരളം, വിനോദസഞ്ചാരത്തിന്റെ പുതിയ തലങ്ങളിലേക്ക് മാറുന്ന കാലത്തിനൊപ്പം ചുവടുവെയ്ക്കുകയാണ്.
ടൂറിസം - സാമ്പത്തിക വളർച്ചയുടെ നട്ടെല്ല് :കോവിഡാനന്തരം കേരളത്തിലെ സമ്പദ്വ്യവസ്ഥയുടെ വളർച്ചയിൽ പ്രധാന പങ്ക് വഹിച്ചത് ടൂറിസം മേഖല ആണ് എന്ന് ധനകാര്യ വകുപ്പ് സാക്ഷ്യപ്പെടുത്തുന്നുണ്ട്. 35,000 കോടി രൂപയാണ് കഴിഞ്ഞ വർഷം ടൂറിസം മേഖലയിൽ നിന്നുള്ള വരുമാനം. 2022 ലെ നേരിട്ടുള്ള വിദേശ വിനിമയ വരുമാനം 2792.42 കോടിയാണ്.ഡൊമസ്റ്റിക് ആഭ്യന്തര സഞ്ചാരികളുടെ വരവിൽ സംസ്ഥാനം ഇതിനകം റെക്കോഡ് സ്ഥാപിച്ചു കഴിഞ്ഞു. 2022 ലെ അന്തർദേശിയ , ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണം യഥാക്രമം 345549 ,18867414 എന്നിങ്ങനെയാണ് .
സംസ്ഥാനത്തിന്റെ പ്രാദേശികവും ജനകീയവുമായ ടൂറിസം സാധ്യതകൾ പര്യവേഷണം ചെയ്യുന്നതിനായി നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരികയാണ്.
സ്ട്രീറ്റ് ടൂറിസം പദ്ധതി :ഐക്യരാഷ്ട്രസഭയുടെ ലോക ടൂറിസം ഓർഗനൈസേഷന്റെ പുതിയ ടൂറിസം ആപ്തവാക്യമായ 'സമഗ്ര വളർച്ചയ്ക്കായി ടൂറിസം' തത്വങ്ങളെ അടിസ്ഥാനമാക്കി കേരളത്തിലുടനീളം തിരഞ്ഞെടുത്ത 10 സ്ഥലങ്ങളിൽ പങ്കാളിത്തവും സമഗ്രവുമായ വളർച്ച പ്രോത്സാഹിപ്പിക്കുക എന്ന പ്രാഥമികലക്ഷ്യത്തോടെ ആവിഷ്കരിച്ച നൂതന ടൂറിസം വികസനപദ്ധതിയാണ് സ്ട്രീറ്റ്. സസ്റൈ്റനബിൾ, ടാൻജിബിൾ, റെസ്പോൺസിബിൾ, എക്സ്പീരിയൻഷ്യൽ, എത്നിക്, ടൂറിസം ഹബ്സ് എന്നതിന്റെ ചുരുക്കെഴുത്താണ് സ്ട്രീറ്റ്.
സുസ്ഥിരവും ഉത്തരവാദിത്വപൂർണ്ണവുമായ വിനോദസഞ്ചാരത്തിന് പ്രാധാന്യം നൽകുന്നതും വ്യക്തമായി കണ്ടറിയാനാവുന്നതും അനുഭവവേദ്യത ഉറപ്പാക്കുന്നതും പരമ്പരാഗത ജീവിതരീതികൾക്കും പ്രാധാന്യം നൽകുന്നതുമായ ടൂറിസം കേന്ദ്രങ്ങളാണ് ഇതുവഴി രൂപം കൊള്ളുക.പ്രാദേശിക ജനങ്ങളുടെയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും പിന്തുണയോടെ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളെ "തീമാറ്റിക്' തെരുവുകളായി വികസിപ്പിക്കുന്നതിന് പദ്ധതി ലക്ഷ്യമിടുന്നു. ഇതിലൂടെ തിരക്കേറിയ പ്രദേശങ്ങൾക്കപ്പുറത്തേക്ക് ടൂറിസം പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുവാൻ കഴിയുന്നു.
മൂന്ന് വിഭാഗത്തിൽപ്പെടുന്ന വിനോദസഞ്ചാരകേന്ദ്രങ്ങളാണ് ഇതുവഴി രൂപപ്പെടുത്തുക.
1. നാളിതുവരെ വിനോദസഞ്ചാര പ്രവർത്തനങ്ങൾ ആരംഭിക്കാത്തതും എന്നാൽ ഭാവിയിലേക്ക്
ഉയർത്തിക്കൊണ്ടുവരാവുന്നതുമായ ടൂറിസം കേന്ദ്രങ്ങൾ.
2. അന്താരാഷ്ട്ര ടൂറിസം കേന്ദ്രങ്ങളുടെ സാമീപ്യമുള്ളതും എന്നാൽ ടൂറിസ്റ്റുകൾക്ക് നവ്യാനുഭവങ്ങൾ സമ്മാനിക്കാനും താമസകാലയളവ് ദീർഘിപ്പിക്കുവാനും ഉതകുന്ന പ്രദേശങ്ങൾ.
3. നിലവിൽ ചെറിയതോതിൽ ടൂറിസം പ്രവർത്തനങ്ങൾ നടന്നുവരുന്നതും മികച്ച വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറ്റാൻ കഴിയുന്നതുമായ പ്രദേശങ്ങൾ.
ഓരോ പദ്ധതി പ്രദേശത്തും സാധ്യതക്കനുസരിച്ച് ഗ്രീൻ സ്ട്രീറ്റ്, കൾച്ചറൽ സ്ട്രീറ്റ്, എത്നിക് ക്യുസീൻ / ഫുഡ്സ്ട്രീറ്റ്, ഗ്രാമജീവിത പരിചയം/ എക്സ്പീരിയൻഷ്യൽ ടൂറിസം സ്ട്രീറ്റ്, അഗ്രിടൂറിസം സ്ട്രീറ്റ്, വാട്ടർ സ്ട്രീറ്റ്, ആർട്ട് സ്ട്രീറ്റ് എന്നിങ്ങനെ വിവിധ സ്ട്രീറ്റുകൾ നിലവിൽവരും. കുറഞ്ഞത് മൂന്ന് സ്ട്രീറ്റുകളെങ്കിലും പദ്ധതിയുടെ ഭാഗമായി ഓരോ പദ്ധതിപ്രദേശത്തും നടപ്പാക്കപ്പെടും. പൂർണ്ണമായി പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ നടപ്പാക്കാൻ വിഭാവനം ചെയ്യുന്ന ഈ പദ്ധതി തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾക്കും തദ്ദേശവാസികൾക്കും വിനോദസഞ്ചാരപ്രക്രിയയിൽ മുഖ്യപങ്ക് വഹിക്കാനാവും വിധമാണ് നടപ്പാക്കുക.
ആദ്യഘട്ടത്തിൽ കോഴിക്കോട് ജില്ലയിലെ കടലുണ്ടി, പാലക്കാട് ജില്ലയിലെ ത്യത്താല, പട്ടിത്തറ, കണ്ണൂർ ജില്ലയിലെ പിണറായി, അഞ്ചരക്കണ്ടി, കോട്ടയം ജില്ലയിലെ മറവൻതുരുത്ത്, മാഞ്ചിറ, കാസർകോഡ് ജില്ലയിലെ വലിയപറമ്പ, ഇടുക്കി ജില്ലയിലെ കാന്തല്ലൂർ, വയനാട് ജില്ലയിലെ ചേകാടി എന്നിങ്ങനെ 10 പ്രദേശങ്ങളിലാണ് നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി വിനോദസഞ്ചാരമേഖലയുമായി ബന്ധപ്പെടുത്താനുതകുന്ന 1000 തദ്ദേശീയ യൂണിറ്റുകൾ രൂപവൽക്കരിക്കാനും ലക്ഷ്യമിടുന്നു.
കാർഷിക സംസ്കൃതിയെ അറിയാൻ അഗ്രിടൂറിസം നെറ്റ്‌വർക്ക്
ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട സംസ്ഥാനത്തിന്റെ ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ പ്രധാന സംരംഭമാണ് കേരള അഗ്രിടൂറിസം നെറ്റ്വർക്ക്. കാർഷികമേഖലയെ വിനോദസഞ്ചാരവുമായി ബന്ധിപ്പിച്ച് കാർഷികസമൂഹത്തിന് സാമ്പത്തികനേട്ടം ഉറപ്പാക്കുന്നതിനായി ഫാം ടൂറിസം പ്രവർത്തനങ്ങളെ കൂടുതൽ ജനകീയമാക്കുന്നതിനും ഫാം ടൂറിസത്തിലേക്ക് കൂടുതൽ ആളുകളെ പങ്കാളികളാക്കുന്നതിനുമായി ഉത്തരവാദിത്ത ടൂറിസം മിഷന്റെ കീഴിൽ ' കേരള അഗ്രിടൂറിസം നെറ്റ്വർക്ക് 2021 സെപ്റ്റംബറിലാണ് ആരംഭിച്ചത്. പരിസ്ഥിതിസൗഹൃദ നടപടികൾ സ്വീകരിച്ച് ടൂറിസവും കാർഷിക പ്രവർത്തനങ്ങളും സംയോജിപ്പിക്കുന്നതിനാണ് അഗ്രിടൂറിസം നെറ്റ്വർക്ക് ലക്ഷ്യമിടുന്നത്. രാജ്യാന്തര വിനോദസഞ്ചാരി കൾക്കും പുതുതലമുറയ്ക്കും കേരളത്തിന്റെ കാർഷികസംസ്കാരത്തെ പരിചയപ്പെടുത്താനും ഈ സംരംഭം സഹായിക്കും.
പല വിഭാഗങ്ങളിലായാണ് യൂണിറ്റുകൾ രജിസ്റ്റർ ചെയ്യുന്നത്.
കാറ്റഗറി 1- പുരയിടത്തിലെ കൃഷി - 25 സെന്റ്വരെ (ടെറസ് ഗാർഡനുകൾ ഉൾപ്പെടെ) - കാർഷിക ഉൽപന്നങ്ങളുടെ വിൽപനശൃംഖലയിൽ ഉൾപ്പെടുത്തും)കാറ്റഗറി 2- ഫാം വിസിറ്റ് യൂണിറ്റുകൾ- 25 സെന്റ് മുതൽ ഒരു ഏക്കർ വരെ
സ്ത്രീസൗഹൃദടൂറിസം: എല്ലാ വിനോദസഞ്ചാരപ്രവർത്തനങ്ങളിലും സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കു ന്നതിനും കൂടുതൽ വനിതാവിനോദസഞ്ചാരികളെ സംസ്ഥാനത്തേക്ക് ആകർഷിക്കുന്നതിനുമായി ആരംഭിച്ച 'സ്ത്രീ സൗഹൃദടൂറിസം' പദ്ധതിയിലൂടെ കേരളം പൂർണമായും ഒരു സ്ത്രീസൗഹൃദ ടൂറിസം കേന്ദ്രമായി മാറുകയാണ്. രാജ്യത്തെ തന്നെ ഇത്തരത്തിലുള്ള ആദ്യസംരംഭമാണ്. വിനോദസഞ്ചാരമേഖലയിൽ സ്ത്രീകൾക്ക് പ്രധാന പങ്കാളിത്തം വിഭാവനം ചെയ്യുന്ന യു.എൻ വിമൻ 'ജെൻഡർ ഇൻക്ലൂസീവ് ടൂറിസം' എന്ന ആശയത്തിന് അനുസൃതമായാണ് സംസ്ഥാനം സ്ത്രീസൗഹൃദ ടൂറിസം പദ്ധതി ആവിഷ്കരിച്ചത്.
റെസ്പോൺസിബിൾ ടൂറിസം മിഷനിലൂടെ നടപ്പിലാക്കുന്ന ഇൗ പദ്ധതി പ്രകാരം ഭക്ഷണം, താമസം, ഗതാഗതം, കമ്മ്യൂണിറ്റി ഗൈഡുകൾ എന്നിവ ഉൾപ്പെടുന്ന ടൂർ പാക്കേജുകൾ പൂർണ്ണമായും സ്ത്രീകൾ നിയന്ത്രിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു.
രാജ്യത്ത് ആദ്യമായി സ്ത്രീസൗഹൃദ ടൂറിസം മൊബൈൽ ആപ്പും തയ്യാറാവുകയാണ്. ജനപ്രിയ ടൂറിസം കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അവതരിപ്പിക്കുന്നതിനു പുറമേ, സ്ത്രീ സൗഹൃദ ടൂറിസം ഉൽപന്നങ്ങളും പാക്കേജുകളും, റിസോർട്ടുകൾ, ഹോട്ടലുകൾ, സ്ത്രീകൾ നയിക്കുന്ന സംരംഭങ്ങൾ, അംഗീകൃത ടൂർ ഒാപ്പറേറ്റർമാർ, വനിതാ ടൂർ ഒാപ്പറേറ്റർമാർ, ട്രാവൽ ഏജൻസികൾ, ഹോംസ്റ്റേകൾ എന്നിവയുടെ
വിശദവിവരങ്ങൾ ആപ്പിൽ ലഭ്യമാണ്. കേരളത്തിന്റെ ഉത്സവങ്ങൾ, അനുഭവപാഠങ്ങൾ, സാഹസിക പാക്കേജുകൾ എന്നിവയും ആപ്പിലൂടെ സഞ്ചാരികൾക്ക് അറിയാം.
ലോകം കാണുന്ന കലാമേള - കൊച്ചി മുസിരിസ് ബിനാലെ :കേരളത്തെ ലോകത്തിനു മുന്നിൽ അതിന്റെ സാകല്യത്തിൽ കൊച്ചിയുടെ മാസ്മരിക മനോഹാരിതയുടെ പശ്ചാത്തലത്തിൽ പ്രതിഫലിപ്പിക്കുന്ന സമകാലീന കലാമേളയായി കൊച്ചി മുസിരിസ് ബിനാലെ മാറിക്കഴിഞ്ഞു. ലോകത്തിലെതന്നെ ഏറ്റവും മികച്ചതെന്ന് സമകാലിക കലാവിദഗ്ധർ വിലയിരുത്തിയ കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പ് ലോകത്തിന്റെ നാനാ ഭാഗത്തു നിന്നുമായി ഒൻപത് ലക്ഷത്തിലേറെ ആളുകൾ സന്ദർശിച്ചതായി കണക്കാക്കപ്പെടുന്നു. കേരളത്തിന്റെ വിനോദസഞ്ചാരഭൂപടത്തിലും ബിനാലെ ഇടംനേടിക്കഴിഞ്ഞു.
ഓരോ നാട്ടിലും കാഴ്ചയിടം - ഡെസ്റ്റിനേഷൻ ചലഞ്ച് : സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്നുകൊണ്ട് ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ ഒന്നിലധികം വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയാണ് ഡെസ്റ്റിനേഷൻ ചലഞ്ച്. പുറംലോകം അധികം അറിഞ്ഞിട്ടില്ലാത്ത പ്രദേശങ്ങളെ അതിന്റെ സവിഷേതകൾക്കനുസരിച്ച് വികസിപ്പിച്ചാൽ അവിടെയുള്ള ജനങ്ങൾക്ക് തൊഴിലും ആ നാടിന് തന്നെ വരുമാനവുമാകും എന്ന ലക്ഷ്യം അടിസ്ഥാനമാക്കിയാണ് പദ്ധതി. ഒരു തദ്ദേശസ്ഥാപനപരിധിയിലെ വിനോദസഞ്ചാര കേന്ദ്രം കണ്ടെത്തി അത് വികസിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കി ടൂറിസം വകുപ്പിന് സമർപ്പിക്കുകയാണ് ചെയ്യേണ്ടത്. ടൂറിസം വകുപ്പ് അത് പരിശോധിച്ച് പദ്ധതിയുടെ 60 ശതമാനം തുക നൽകും. ബാക്കി തുക തദ്ദേശസ്ഥാപനം കണ്ടെത്തണം. അവരുടെ തനത് ഫണ്ടിൽ നിന്നോ സ്പോൺസർഷിപ്പ് വഴിയോ പഞ്ചായത്തിന് തുക കണ്ടെത്താവുന്നതാണ്. ഇപ്പോൾ ഈ പദ്ധതിയിൽ എം.എൽ.എ ഫണ്ട് വിനിയോഗിക്കാനും അനുമതിയായിട്ടുണ്ട്. 2022 ജൂൺ 28 നു ആരംഭിച്ച ഡെസ്റ്റിനേഷൻ ചലഞ്ച് മുഖേന ഇതുവരെ 34 പദ്ധതികൾക്ക് അനുമതി നൽകി.
പുതുപാതകളിൽ കേരളം - കാരവൻ ടൂറിസം :കോവിഡിനുശേഷം കേരള ടൂറിസത്തിന്റെ അതിജീവനം സാധ്യമാക്കി സർക്കാർ ആരംഭിച്ച പദ്ധതിയാണ് കാരവൻ ടൂറിസം. ഹൗസ് ബോട്ടിനു ശേഷം കേരള ടൂറിസം ആരംഭിച്ച ശ്രദ്ധേയസംരംഭമാണിത്. കോവിഡനന്തരം ഇന്ത്യയിലെത്തിയ വിദേശസഞ്ചാരികൾ കേരളത്തിലെ കാരവൻ നയത്തെക്കുറിച്ച് അറിയുകയും ജർമ്മനി, സ്വിറ്റ്സർലാൻഡ് എന്നിവിടങ്ങളിൽ നിന്നും 16 കാരവനുകളിലായി 31 സഞ്ചാരികൾ കേരളത്തിലെത്തുകയും ചെയ്തു.സുരക്ഷിത യാത്ര, അൺ എക്സ്പ്ലോർഡ് ഡെസ്റ്റിനേഷനുകളിലേക്കുള്ള യാത്ര, അടിസ്ഥാന സൗകര്യം ഒരുക്കാൻ കുറഞ്ഞ മൂലധനം തുടങ്ങിയവ കാരവൻ ടൂറിസത്തിന്റെ പ്രത്യേകതകളാണ്. പ്രാദേശികമായ തൊഴിൽസാധൃതയും കാരവൻ ടൂറിസത്തിലൂടെ ഉയർന്നു. കേരളത്തിലെ ആദ്യത്തെ കാരവൻ പാർക്ക് വാഗമണിലാണ് ആരംഭിച്ചത്. തിരുവനന്തപുരം ജില്ലയിലെ പൊന്മുടിയിലും എറണാകുളം ബോൾഗാട്ടിയിലും കാരവൻ പാർക്കുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 50 സെന്റ് ഭൂമിയാണ് കാരവൻ പാർക്കുകൾക്ക് ആവശ്യമായ ചുരുങ്ങിയ സ്ഥലം. ആദ്യ നൂറ് കാരവൻ അപേക്ഷകർക്ക് 7.5 ലക്ഷം രൂപ അല്ലെങ്കിൽ നിക്ഷേപത്തുകയുടെ 15 ശതമാനം, അടുത്ത നൂറ് പേർക്ക് യഥാക്രമം അഞ്ച് ലക്ഷം, 10 ശതമാനം, അടുത്ത നൂറ് പേർക്ക് 2.5 ലക്ഷം രൂപ അല്ലെങ്കിൽ അഞ്ച് ശതമാനം എന്നിങ്ങനെ സബ്സിഡി വിനോദസഞ്ചാരവകുപ്പ് നല്കുന്നുണ്ട്.
സിനിമാ ടൂറിസം: ഗൃഹാതുരത്വം നിറഞ്ഞ സിനിമ ഓർമ്മകൾക്ക് നിറം പകരുന്ന പുതിയ പദ്ധതി ആരംഭിക്കാൻ ടൂറിസം വകുപ്പ് ഒരുങ്ങുകയാണ്. കിരീടം സിനിമയിൽ മോഹൻലാലിന്റെ വികാരനിർഭരമായ രംഗങ്ങൾ ചിത്രീകരിച്ച തിരുവനന്തപുരം വെള്ളായണിയിലെ കിരീടം പാലം, ബോംബെ സിനിമയിൽ ഉയിരെ എന്ന ഗാനം ചിത്രീകരിച്ച ബേക്കൽ തുടങ്ങി പ്രശസ്തമായ സിനിമകൾ ചിത്രീകരിച്ച സ്ഥലങ്ങളെ അവയുടെ ഓർമ്മകളിൽ നിലനിർത്തി വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പദ്ധതിയാണ് സിനിമ ടൂറിസം. പദ്ധതിയുടെ തുടക്കം കാസർകോട് ബേക്കൽ കോട്ടയിൽ നടക്കും .
സാഹസികടൂറിസം :സാഹസികടൂറിസം ഇന്ന് ലോകത്ത് ഏററവും വളർച്ചയുളള ടൂറിസം മേഖലയാണ്. കേരളത്തിലും സാഹസികടൂറിസം മേഖല ഉയർച്ചയുടെ പാതയിലാണ്. ജൈവവൈവിധ്യം കൊണ്ട് സമ്പന്നമായ നമ്മുടെ സംസ്ഥാനം സാഹസികടൂറിസം മേഖലയ്ക്ക് ഏറെ അനുയോജ്യമാണ്. പർവതങ്ങളും കുന്നുകളും ജലാശയങ്ങളും കൊണ്ട് അനുഗ്രഹിക്കപ്പെട്ട കേരളത്തിന്റെ ഭൂപ്രകൃതി സാഹസികവിനോദത്തിന് ഏറ്റവും അനുയോജ്യമായതാണ്.
വെഡ്ഡിങ്ങ് ഡെസ്റ്റിനേഷൻ :ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നും ആളുകൾ വിവാഹം നടത്താനായി സംസ്ഥാനത്തിന്റെ വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് സഞ്ചരിക്കുന്നുണ്ട്. ഏറ്റവും മികച്ച വെഡ്ഡിംഗ് ഡെസ്റ്റിനേഷനുകൾ നൽകാൻ സാധിക്കുന്ന നാടാണ് കേരളം. തെങ്ങിൻതോപ്പുകളും വയലേലകളും പുഴയോരവും കടൽത്തീരവുമെല്ലാം വിവാഹ ഡെസ്റ്റിനേഷനുകളായി ഒരുക്കാം. വെഡ്ഡിംഗ് ഡെസ്റ്റിനേഷൻ പദ്ധതിക്ക് കേരളത്തിൽ തുടക്കമായിരിക്കുകയാണ്. കേരളത്തെ മികച്ച വിവാഹ വിനോദസഞ്ചാര ഡെസ്റ്റിനേഷനാക്കി മാറ്റുകയാണ് വിനോദസഞ്ചാരവകുപ്പിന്റെ ലക്ഷ്യം. ഡൽഹി, മുബൈ, ബാംഗ്ലൂർ, ഹൈദരാബാദ്, അഹമ്മദാബാദ് തുടങ്ങിയ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ കേരളത്തിന്റെ വെഡ്ഡിംഗ് ഡെസ്റ്റിനേഷൻ പദ്ധതിയുടെ പ്രചാരണപരിപാടികൾ ആരംഭിച്ചുകഴിഞ്ഞു.
കേരളത്തിന്റെ സമഗ്ര ടൂറിസം മുന്നേറ്റത്തിന് പൊതുവിടങ്ങളുടെ രൂപകല്പന അനിവാര്യമാണെന്ന തിരിച്ചറിവിൽ സമഗ്രമായ രൂപകല്പന നയം തയ്യാറാവുകയാണ്. ഇതോടെ കേരളത്തിലെ ടൂറിസം മേഖല പുതിയ തലങ്ങളിലേക്ക് ഉയർന്നു സുസ്ഥിര ടൂറിസം കുതിപ്പിന് ഊർജ്ജമാവുമെന്നു മാത്രമല്ല ഇത് ലോക ടൂറിസം ഭൂപടത്തിൽ കേരളത്തെ കൂടുതൽ വിശാലമായി അടയാളപ്പെടുതുന്നതിനും വഴിയൊരുക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-10-04 15:24:55
ലേഖനം നമ്പർ: 1181