പഠനത്തോടൊപ്പം വ്യാവസായിക-തൊഴിൽ മേഖലകളിലെ അവസരങ്ങളും ആവശ്യങ്ങളും തിരിച്ചറിഞ്ഞ് വിദ്യാർഥി സമൂഹത്തെ തൊഴിൽ സജ്ജരാക്കാൻ നോളജ് ഇക്കോണമി മിഷൻ (KKEM) ആരംഭിച്ച കണക്ട് കരിയർ ടു കാമ്പസ് (CCC) എയ്‌ഡഡ്‌, സെൽഫ് ഫൈനാൻസ് കോളേജുകളിലേക്കും. പഠിച്ചിറങ്ങിയ കോഴ്സിന്റെ ജോലി സാധ്യതകൾ, അനുയോജ്യമായ ജോലികൾ, ആഗോള തൊഴിൽ മേഖലകളിൽ വന്നിട്ടുള്ള പുതിയ സാധ്യതകൾ, ഭാഷാപരമായ നൈപുണികൾ, വ്യക്തിത്വ ഗുണങ്ങൾ, ഇന്റർവ്യൂകളിൽ എങ്ങനെ പങ്കെടുക്കണം എന്നിവ സംബന്ധിച്ച് ധാരണകൾ പഠന സമയത്തുതന്നെ വിദ്യാർഥികൾക്ക് ലഭ്യമാക്കി മാറിയ തൊഴിൽമേഖലക്ക് അനുസൃതമായി പഠനം പൂർത്തിയാക്കുന്നതോടൊപ്പം തന്നെ തൊഴിലവസരങ്ങൾ ലഭ്യമാക്കുകയെന്നതാണ് കണക്ട് കരിയർ ടു കാമ്പസ് ലക്‌ഷ്യം വെക്കുന്നത്. 

കണക്ട് കരിയർ ടു കാമ്പസ് 2022

CCC- 2022 പദ്ധതിയിൽ രജിസ്റ്റർ ചെയ്ത 914 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 1,49,000 വിദ്യാർഥികൾ ഡിജിറ്റൽ വർക്‌ഫോഴ്‌സ്‌ മാനേജ്‌മെന്റ് സിസ്റ്റത്തിൽ (DWMS) രജിസ്റ്റർ ചെയ്യുകയും വിവിധ തരത്തിലുള്ള പരിശീലനങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. അക്കാദമിക് മികവുകളുള്ള ചുരുക്കം കോളേജുകളിലെ വിദ്യാർഥികൾക്ക് മാത്രമാണ് കാമ്പസ് പ്ലെയ്സ്മെന്റിന് അവസരം ലഭിക്കാറുള്ളൂ. എന്നാൽ  വിവിധ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് 2022-ൽ കേരള സ്കിൽസ് എക്സ്പ്രസ് എന്ന പേരിൽ പ്രത്യേക കാമ്പയിൻ തെരഞ്ഞെടുക്കപ്പെട്ട 239 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് KKEM നടപ്പാക്കുകയും 19,416 വിദ്യാർഥികളെ വിവിധ കാമ്പസ് റിക്രൂട്ട്മെന്റ് ഡ്രൈവുകളിലൂടെ ഷോർട്ട് ലിസ്റ്റ് ചെയ്ത് 1,704 പേർക്ക് ഓഫർ ലെറ്റർ ലഭ്യമാക്കി.

കണക്ട് കരിയർ ടു കാമ്പസ് 2023

CCC-2023 -ൽ രജിസ്റ്റർ ചെയ്യുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് നോളജ് ഇക്കോണമി മിഷന്റെ DWMS പ്ലാറ്റ്ഫോമിൽ ലഭ്യമാകുന്ന എല്ലാ തൊഴിലവസരങ്ങൾക്കും അപേക്ഷിക്കുന്നതിനും അതിനാവശ്യമായ പരിശീലനങ്ങളും സൗജന്യമായി ഉപയോഗപ്പെടുത്താം. പദ്ധതിയുടെ ഭാഗമായി വിവിധ സെക്ടറുകളിലെ പ്രധാന തൊഴിൽദാതാക്കളായ ഇൻഡസ്ട്രികളും കമ്പനികളുമായും ബന്ധപ്പെടുത്തുകയും അവരുടെ തൊഴിലവസരങ്ങളിലേക്ക് ആവശ്യമായ പരിശീലനം നൽകി (Recruit Train Deploy-RTD) വിദ്യാർഥികളെ നിയോഗിക്കുന്നതിന് അവസരമുണ്ടാകും. ആഗോള തലത്തിൽ വൈജ്ഞാനിക തൊഴിൽമേഖലയിൽ വരുന്ന നവീന മാതൃകകളും റിമോട്ട് ജോബ് അവസരങ്ങൾ ഉൾപ്പെടെയുള്ള നവലോക തൊഴിലിന് സജ്ജരാക്കും. വിദ്യാർഥികളുടെ തൊഴിൽ സാധ്യതകൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ സാഹചര്യങ്ങൾ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സഹകരണത്തോടുകൂടി ഒരുക്കി നൽകി അവരുടെ തൊഴിൽ ലഭ്യതാ സാധ്യത (Employability Index) വർധിപ്പിക്കും. എന്നീ ലക്ഷ്യങ്ങളോടെയാണ് CCC-2023 പ്രവർത്തിക്കുക. 

DWMS Connect മൊബൈൽ ആപ്പ്

തൊഴിലന്വേഷകരുടെ കഴിവുകളും പോരായ്മകളും മനസ്സിലാക്കി യോഗ്യതയ്ക്കും അഭിരുചിക്കും അനുയോജ്യമായ തൊഴിൽ തെരഞ്ഞെടുക്കുന്നതിന് സഹായകരമാവുന്ന 'സൈക്കോമെട്രിക് ടെസ്റ്റ് & കരിയർ കൗൺസിലിംഗ്', ആത്മവിശ്വാസത്തോടെ എങ്ങനെ അഭിമുഖത്തിൽ പങ്കെടുക്കാമെന്ന് പരിശീലിപ്പിക്കുന്ന "വർക്ക് റെഡിനസ് പ്രോഗ്രാം', ഇംഗ്ലീഷ് ഭാഷയിലൂടെ തൊഴിലിടങ്ങളിലെ ആശയവിനിമയം, ടീം വർക്ക്, പ്രൊഫഷണൽ വൈദഗ്ധ്യം തുടങ്ങിയ കഴിവുകൾ മെച്ചപ്പെടുത്താൻ പേഴ്സണാലിറ്റി ഡവലപ്മെൻറ് ട്രെയിനിങ്', ഇംഗ്ലീഷ് ഭാഷ വൈദഗ്ധ്യം പരിശോധിക്കാനും സ്വയം പരിശീലിക്കാനും അവസരം നൽകുന്ന മൊബൈൽ ആപ്പ് വഴിയുള്ള ബ്രിട്ടീഷ് കൗൺസിൽ ഇംഗ്ലീഷ് സ്കോർ ടെസ്റ്റ് ആന്റ് സർട്ടിഫിക്കേഷൻ', മികച്ച തൊഴിലുകളിലേക്ക് എത്താൻ സഹായിക്കുന്ന ഐ ടി, ഐ ടി ഇ എസ് മേഖലകളിലെ ബ്ലോക്ക് ചെയിൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഫിൻടെക് കോഴ്സുകൾ ഉൾപ്പെടെയുള്ള നൈപുണ്യ വികസന പരിശീലനങ്ങൾ തുടങ്ങിയ സേവനങ്ങൾ DWMS-ൽ ലഭ്യമാണ്.

കാമ്പസുകളിലെ പ്ലെയ്സ്മെന്റ് സെല്ലുകളുടെ നേതൃത്വത്തിൽ IEDC, ASAP, YIP ക്ലബുകളുടെയും, പൂർവ വിദ്യാർഥി സംഘടനകളുടെയും (Employed Alumni Group) സഹകരണത്തോടെയാണ് ഈ പ്രവർത്തനങ്ങൾ നടത്തുക. പുതിയ തൊഴിൽ സാധ്യതകൾ മനസിലാക്കാനുള്ള ശില്പശാലകൾ, കരിയർ ക്ലിനിക്, തൊഴിൽ ദാതാക്കളുമായുള്ള സംവാദം, വെബിനാറുകൾ, ഇന്റേൺഷിപ് മേളകൾ, ഹാക്കത്തോണുകൾ എന്നിവയും ഇതിന്റെ ഭാഗമായി നടത്തും. തുടർന്ന് തൊഴിലന്വേഷിക്കുന്ന എല്ലാ വിദ്യാർഥികൾക്കും കാമ്പസ് റിക്രൂട്ട്മെന്റ് ഡ്രൈവ് വഴി തൊഴിൽ നേടാൻ അവസരങ്ങൾ ലഭ്യമാക്കും. പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നതിനിടയിൽ തൊഴിൽ നേടാൻ കഴിയാത്തവർക്ക് തുടർന്നും താല്പര്യ മേഖലകളിൽ പുതിയ സ്കിൽ കോഴ്സുകൾ പഠിക്കുന്നതിനും DWMS Connect മൊബൈൽ ആപ്പ് വഴി ലഭ്യമാകുന്ന പുതിയ തൊഴിലവസരങ്ങളിൽ ഓൺലൈനായി അപേക്ഷിക്കുന്നതിനും തൊഴിൽ നേടാനാവശ്യമായ പിന്തുണ ലഭ്യമാക്കി തൊഴിലിലേക്ക് എത്തിക്കുന്ന തുടർപ്രവർത്തനങ്ങളും നടത്തും.

കോളേജ് ക്ലസ്റ്ററുകൾ

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ 2 ക്ലസ്റ്റർ ആയി തിരിച്ചുള്ള പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്യുന്നത്. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ (KTU വിന്റെ കീഴിൽ വരുന്ന എഞ്ചിനീയറിംഗ് കോളേജുകളും ടെക്നിക്കൽ ഡയറക്ടറേറ്റിന്റെ കീഴിലുള്ള മറ്റ് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും) ഒരു ക്ലസ്റ്ററും, ആർട്സ് & സയൻസ് കോളേജുകൾ രണ്ടാമത്തെ ക്ലസ്റ്ററും ആയിരിക്കും. ഓരോ കോളേജുകളിലേയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് പ്രിൻസിപ്പൽ ചെയർപേഴ്സണും പ്ലെയ്സ്മെന്റ് കോർഡിനേറ്റർ കൺവീനറുമായുള്ള സമിതിയായിരിക്കും. ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിലും CCC പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത് പ്ലെയ്സ്മെന്റ് കോർഡിനേറ്റർ കൺവീനറായ സമിതിയാകും. വിദ്യാർഥികളിൽ നിന്ന് തിരഞ്ഞെടുക്കുന്ന കരിയർ അംബാസഡർമാർ DWMS Connect App രജിസ്ട്രേഷനും സേവനങ്ങൾക്കും ആവശ്യമായ സഹായം നൽകി കോർഡിനേറ്റർമാരെ പദ്ധതി നടത്തിപ്പിൽ സഹായിക്കും. കോളേജുകൾക്ക് ഈ പ്രവർത്തനങ്ങൾ നടത്തുവാനുള്ള പിന്തുണ KKEM നിയോഗിക്കുന്ന Talent Curation Executives (TCE) നൽകും.

ഓരോ കാമ്പസിലും വിദ്യാർഥികൾക്ക് ലഭ്യമാക്കുന്ന വ്യക്തിത്വ വികസന-ഭാഷ നൈപുണ്യ പരിശീലനങ്ങൾ ഉൾപ്പെടെയുള്ള DWMS സേവനങ്ങൾ, ഇൻഡസ്ട്രി അക്ലമറ്റൈസേഷൻ പ്രവർത്തനങ്ങൾ, വെബിനാറുകൾ, ഇതിൽ പങ്കെടുക്കുന്ന വിദ്യാർഥികളുടെ എണ്ണം, ഓരോ കോളേജിലും കാമ്പസിനെയും ഇന്റസ്ട്രിയേയും തൊഴിൽ ദാതാക്കളെയും തമ്മിൽ ബന്ധിപ്പിക്കുന്നതിനായി നടത്തുന്ന പ്രത്യേക പ്രവർത്തനങ്ങൾ, സ്ഥാപനത്തിന്റെയും KKEM ക്ലസ്റ്ററിന്റെയും നേതൃത്വത്തിൽ നടത്തുന്ന ഓൺലൈൻ ഓഫ് ലൈൻ പ്ലേസ്മെന്റ് ഡ്രൈവിൽ പങ്കെടുക്കുന്ന വിദ്യാർഥികളുടെ എണ്ണം, ഓഫർ ലെറ്റർ കിട്ടുന്നവരുടെ എണ്ണം തുടങ്ങിയ സൂചകങ്ങളെ അടിസ്ഥാനമാക്കി ഓരോ വിദ്യാർഥിയുടേയും തൊഴിൽ ലഭ്യത സാധ്യത (KKEM Employability Index) കണക്കാക്കും. ഓരോ കോളേജിലേയും അവസാന വർഷ വിദ്യാർഥികളുടെയും DWMS ൽ രജിസ്റ്റർ ചെയ്ത് പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർഥികളുടെയും സ്കോറുകളെ അടിസ്ഥാനമാക്കി കോളേജുകളുടെ -KKEM Employability Index ൽ മുന്നിൽ നിൽക്കുന്ന എഞ്ചിനീയറിംഗ് കോളേജുകൾ, പോളിടെക്നിക്കുകൾ, ആർട്സ്&സയൻസ് എന്നീ 3 വിഭാഗത്തിലുമുള്ള മികച്ച കോളേജുകളെ റാങ്ക് ചെയ്ത് പട്ടികപ്പെടുത്തി പ്രസിദ്ധീകരിക്കുകയും ആദരിക്കുകയും ചെയ്യും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-08-22 12:27:53

ലേഖനം നമ്പർ: 1160

sitelisthead