വൈദ്യുതി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും സംസ്ഥാനത്തെ പൊതുഗതാഗതമുൾപ്പടെയുള്ള ഗതാഗത രംഗങ്ങളിൽ വൈദ്യുതി വാഹനങ്ങളുടെ പ്രസക്തിയും ആവശ്യകതയും വർധിപ്പിക്കാനും അന്തരീക്ഷ മലിനീകരണം കുറയ്ക്കുവാനും ലക്ഷ്യമിട്ട് നടപ്പാക്കിയ ഇ-വാഹന നയം വലിയ മാറ്റമാണ് കഴിഞ്ഞ 3 വർഷം കൊണ്ട് കേരളത്തിലുണ്ടാക്കിയത്. 1.64 കോടി വാഹനപെരുപ്പമുള്ള സംസ്ഥാനത്ത് 1.48% വാഹനങ്ങളാണ് പാരമ്പര്യേതര ഊർജം ഉപയോഗിച്ച് ഓടുന്നത്. പാരമ്പര്യേതര ഊർജ വാഹനങ്ങളോടുള്ള ഉപഭോക്താക്കളുടെ മനോഭാവത്തിൽ കാര്യമായ മാറ്റം ഉണ്ടാക്കാൻ സർക്കാരിന്റെ വിവിധ പ്രവർത്തനങ്ങളിലൂടെ സാധിച്ചു. കാര്‍ബണ്‍ ഡൈഓക്സൈഡ്, മീഥേന്‍, നൈട്രസ് ഓക്സൈഡ് തുടങ്ങിയവയുടെ അളവ് വർധിക്കുന്നത് വഴി അന്തരീക്ഷ ഊഷ്മാവ് വർധിക്കുകയും ഇത് കാലാവസ്ഥ വ്യതിയാനത്തിന് കാരണമാവുകയും ചെയ്യും. ഹരിതഗൃഹ വാതക ബഹിര്‍ഗമനം ഘട്ടം ഘട്ടമായി കുറച്ച് 2050-ല്‍ നെറ്റ് സിറോ എമിഷൻ ലക്‌ഷ്യം കൈവരിക്കാനുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാനം നടത്തുന്നത്.
ഇലക്ട്രിക് ഓട്ടോകള്‍ വാങ്ങാന്‍ ₹ 30,000 സബ്‌സിഡി, ഡീസല്‍ ഓട്ടോകള്‍ ബാറ്ററിയും മോട്ടോറും ഘടിപ്പിച്ച് ഇ-വാഹനം ആക്കി മാറ്റാന്‍ ₹ 15,000 സബ്‌സിഡി തുടങ്ങി ഇലക്ട്രിക് വാഹനങ്ങളുടെ പ്രചരണാർത്ഥം വിപുലമായ പദ്ധതികളാണ് സർക്കാർ വിവിധ വകുപ്പുകൾ വഴി നടപ്പാക്കുന്നത്.
2019 -ല്‍ 472 വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്. 2020 - 1,389, 2021 - 8,820, 2022 - 39,668, 2023-ൽ ഇതുവരെ 39,868 എന്നിങ്ങനെയാണ് വാഹനങ്ങൾ രജിസ്റ്റർ ചെയ്തത്. സംസ്ഥാനത്താകെ 93,179 ഇലക്ട്രിക് വാഹനങ്ങൾ ഇതിനോടകം രജിസ്റ്റർ ചെയ്തു.
സംസ്ഥാനത്ത് എവിടയും ഇലക്ട്രിക് വാഹനവുമായി പോകാമെന്ന ഉറപ്പാണ് ഇലക്ട്രിക് വാഹനങ്ങളുടെ നോഡൽ ഏജൻസിയായ കെ. എസ്. ഇ. ബി. നൽകുന്നത്. പ്രധാന നഗരങ്ങളിലെല്ലാം തന്നെ ചാർജിംഗ് സ്റ്റേഷനുകൾ ഇതിനോടകം കെ. എസ്. ഇ. ബി. സ്ഥാപിച്ചിട്ടുണ്ട്. 1500-ൽ അധികം ചാർജിംഗ് സ്റ്റേഷനുകളാണ് ഇത്തരത്തിൽ സ്ഥാപിച്ചട്ടുള്ളത്. കെ. എസ്. ഇ. ബി. യുടെ പോസ്റ്റുകൾ കേന്ദ്രീകരിച്ചു ചാർജ് ചെയ്യുന്നതിനുള്ള സംവിധാനവും വിപുലമായ രീതിയിൽ നടപ്പാക്കിയിട്ടുണ്ട്. എവിടെയെല്ലാം ചാർജിംഗ് സ്റ്റേഷനുകൾ ഉണ്ടെന്നും, നിലവിൽ ലഭ്യമായ ചാർജിംഗ് സ്ലോട്ടുകൾ ഏതാണെന്നു അറിയുന്നതിനും പേയ്‌മെന്റ് നടത്തുന്നതിനുമുൾപ്പടെയുള്ള സംവിധാനങ്ങൾ കെ. എസ്. ഇ. ബി. ആപ്പ് വഴി ലഭ്യമാക്കിയിട്ടുണ്ട്.
കെ. എസ്. ഇ. ബി.യെക്കൂടാതെ അനെര്‍ട്ടും ചാർജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ച് സംസ്ഥാന ഇ-മൊബിലിറ്റിയ്ക്ക് കരുത്തേകുന്നുണ്ട്. സംസ്ഥാനത്തെ ആദ്യ സൗരോര്‍ജ ചാർജിംഗ് സ്‌റ്റേഷന്‍ കുന്നംകുളത്ത് അനര്‍ട്ട് നിര്‍മിച്ചിരുന്നു. പ്രധാന സ്ഥലങ്ങളിൽ കഫ്റ്റീരിയ, വാഷിംഗ് റൂം, റസ്റ്റ് റൂം സൗകര്യങ്ങളുള്ള ചാർജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്.
പൊതുഗതാഗതം ഇ-വാഹനങ്ങളിലൂടെയാക്കുക എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ് സംസ്ഥാനം. ഇതിനാവശ്യമായ ഇ-ബസ് , വാട്ടര്‍ മെട്രോ, ഇ-ഓട്ടോ എന്നിവയടക്കം സമ്പൂര്‍ണ ഇ-ഗതാഗത സൗകര്യങ്ങളുള്ള ഇ-ഫ്രണ്ട്ലി സംസ്ഥാനമായി കേരളം മാറിക്കൊണ്ടിരിക്കുകയാണ്. സൗരോർജം കൊണ്ട് ഓടുന്ന എ.സി. ബോട്ടുകളാണ് കൊച്ചി വാട്ടര്‍ മെട്രോയുടെ പ്രത്യേകത. 70 ഇലക്ട്രിക് കാറുകള്‍ മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. 40 ഓളം ബസുകള്‍ നിലവില്‍ പുറത്തിറക്കിയ മോട്ടോര്‍ വാഹന വകുപ്പ് ഉടന്‍ തന്നെ 400 ഇ-ബസുകള്‍ റോഡില്‍ ഇറക്കും. പൂർണമായും സൗരോര്‍ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളം കൊച്ചിയിലാണ്. കൊച്ചിന്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന് ആവശ്യമുള്ള വൈദ്യുതിയുടെ 55 ശതമാനവും സോളാര്‍ പ്ലാന്റില്‍ നിന്നാണ് സ്വീകരിക്കുന്നത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-07-06 19:27:59
ലേഖനം നമ്പർ: 1130