1987 ജൂലൈ 11-ന് ലോക ജനസംഖ്യ 500 കോടി ആയതോടെയാണ് യുണൈറ്റഡ് നേഷൻസ് ഡെവലപ്മെൻറ് പ്രോഗ്രാം ജൂലൈ 11 ലോക ജനസംഖ്യാദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്യുന്നത്. ജനസംഖ്യയുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനും ഇത്തരം പ്രശ്നങ്ങളെ പൊതുസമൂഹത്തിനു മുന്നിൽ അവതരിപ്പിച്ചു അത് പരിഹരിക്കുന്നതിന് വേണ്ട മാർഗങ്ങൾ കണ്ടെത്തുകയും കുടുംബാസൂത്രണം, ലിംഗസമത്വം, ദാരിദ്ര്യം, മാനസികാരോഗ്യം, മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങളിൽ സമൂഹത്തെ ബോധവത്കരിക്കുക എന്ന ലക്ഷ്യവും ജനസംഖ്യാദിനം ആചരിക്കുന്നതിന്റെ പിന്നിലുണ്ട്‌. 'ലിംഗസമത്വത്തിന്റെ ശക്തി ഉയർത്തിക്കാട്ടുക: ലോകത്തിലെ അനന്തമായ സാധ്യതകൾ തുറക്കുന്നതിന് സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശബ്ദം ഉയർത്താം' എന്നതാണ് ഈ വർഷത്തെ ജനസംഖ്യാദിന സന്ദേശം. 
 
വർധിക്കുന്ന ജനസംഖ്യയും കുറയുന്ന വിഭവശേഷിയും രാജ്യങ്ങളുടെ വികസന പ്രവർത്തനങ്ങളെ ബാധിക്കുമെന്നതിനപ്പുറം മനുഷ്യരുടെ മാനസിക, മനുഷ്യാവകാശങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. കുറഞ്ഞ വിഭവശേഷി കൂടുതൽ ആളുകളിലേക്ക് എത്തിക്കുമ്പോൾ സ്വാഭാവികമായും ദാരിദ്ര്യം സംജാതമാവുകയും ഇത് മറ്റു പ്രശ്നങ്ങളിലേക്ക് സമൂഹത്തെ നയിക്കുകയും ചെയ്യും. അതിനാൽ ഫലപ്രദമായ ജനസംഖ്യ നിയന്ത്രണം നടപ്പാക്കേണ്ടത് ഭാവി തലമുറയ്ക്കും തുല്യ നീതിക്കും അത്യാവശ്യമാണ്. 

ശാസ്ത്രീയ മാർഗങ്ങളിലൂടെ ജനസംഖ്യ നിയന്ത്രിക്കേണ്ടത് വികസിത സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. ജനസംഖ്യ നിയന്ത്രണത്തിന്റെ ഭാഗമായി നടപ്പാക്കിയ കുടുംബാസൂത്രണം ഇന്ത്യയിൽ ഫലപ്രദമായി നടപ്പാക്കിയ കേരളം ഈ രംഗത്ത് രാജ്യത്തിന് മാതൃകയായ ഒട്ടേറെ കാര്യങ്ങളിൽ മുന്നേറ്റം നടത്തി. രാജ്യത്തെ സ്ത്രീ പുരുഷാനുപാതം ഏറ്റവും കൂടുതലുള്ളത് കേരളത്തിലാണ്. 1,000 പുരുഷന്മാരുള്ളപ്പോൾ 1,084 സ്ത്രീകളാണ് കേരളത്തിലുള്ളത്. കുറഞ്ഞ മാതൃ ശിശു മരണ നിരക്കും സ്ത്രീകളുടെ ഉയർന്ന വിദ്യാഭ്യാസവും ഈ മാറ്റത്തിന്റെ ഫലമാണ്. ശാസ്ത്രീയ കുടുംബാസൂത്രണ മാർഗങ്ങളെക്കുറിച്ചുള്ള ജനങ്ങളുടെ അവബോധം, ലഭ്യത, ഉപയോഗനിരക്ക് എന്നിവയെല്ലാം ഒരു സമൂഹത്തിന്റെ  കുടുംബാസൂത്രണ സംവിധാനത്തിന്റെ വ്യാപ്തിയുടെ സൂചകങ്ങളാണ്. ദേശീയ ആരോഗ്യ കുടുംബ സർവേ (2019 -2021) പ്രകാരം കേരളത്തിൽ 60.7 % ആളുകൾ ഏതെങ്കിലും തരത്തിലുള്ള കുടുംബാസൂത്രണ മാർഗങ്ങൾ ഉപയോഗിക്കുന്നവരാണ്. കുടുംബാസൂത്രണ മാർഗങ്ങൾ ഉപയോഗിക്കുന്നവരിൽ കേരളത്തിൽ കാര്യമായ നഗര ഗ്രാമ വ്യത്യാസമില്ല. 61.4 % നഗരങ്ങളിലും 60.1 % ഗ്രാമങ്ങളിലും കുടുബാസൂത്രണ മാർഗങ്ങൾ ഫലപ്രദമായി ഉപയോഗിച്ച് വരുന്നുണ്ട്. പ്രാഥമിക-സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ, ആശ പ്രവർത്തകർ, ആരോഗ്യ സെമിനാറുകൾ തുടങ്ങി നിരവധി സംവിധാനങ്ങൾ കുടുംബാസൂത്രണ സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നതിന് കൃത്യമായ നടപടികൾ സ്വീകരിച്ചു വരുന്നു.

താരതമ്യേന ചെറിയ ഭൂ പ്രദേശമായ കേരളത്തിൽ അധിവസിക്കുന്നത് മൂന്നരക്കോടിയിലധികം മനുഷ്യരാണ്. 1.68 കോടി പുരുഷൻമാരും 1.82 കോടി സ്ത്രീകളും ചേർന്ന് കേരളത്തിലെ ആകെ ജനങ്ങളുടെ എണ്ണം 3,51,56,007 എന്നതായിരുന്നു മെയ് മാസം പുറത്തിറക്കിയ സംസ്ഥാന ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ കണക്കുകൾ. കഴിഞ്ഞ 10 വർഷത്തെ കണക്കെടുക്കുമ്പോൾ സംസ്ഥാനത്ത് ജനന നിരക്ക് ക്രമേണ കുറയുകയാണ്. 2020 ൽ കേരളത്തിൽ 4.46 ലക്ഷം പേർ ജനിച്ചപ്പോൾ 2021 ൽ ഇത് 4.19 ലക്ഷമായി. മരിച്ചവരുടെ എണ്ണം 2.50 ലക്ഷത്തിൽ നിന്ന് 3.39 ലക്ഷമായി. 2021 ൽ മരിച്ചവരിൽ 54.76% പേർ പുരുഷൻമാരും 45.24% പേർ സ്ത്രീകളുമാണ്. സ്ത്രീകളുടെ പ്രത്യുത്പാദന നിരക്ക് 1.56 ൽ നിന്ന് 1.46 ആയി. ദേശീയതലത്തിലിത് 2.05 ആണ്. 

പ്രജനനാരോഗ്യ സേവനങ്ങൾ ആവശ്യമുള്ള എല്ലാവരിലും എത്തിക്കാനും അണുകുടുംബ സംവിധാനങ്ങൾക്ക് ശക്തി പകരാനും കേരളത്തിലെ ജനകീയാസൂത്രണ പ്രവർത്തനങ്ങൾക്ക് സാധിച്ചിട്ടുണ്ട്. സാമൂഹ്യ പുരോഗതിയ്ക്ക് കുറഞ്ഞ ജനസംഖ്യയും കൂടുതൽ വിഭവങ്ങളും ആവശ്യമാണ്. ദാരിദ്ര്യത്തെ തുടച്ചു നീക്കുന്നതിനും വികസന പ്രവർത്തനങ്ങൾക്കും ജനസംഖ്യ നിയന്ത്രണം അത്യാവശ്യമാണ്.

പ്രജനനാരോഗ്യ സംബന്ധമായ പ്രശ്നങ്ങളാണ് മാതൃമരണ നിരക്കിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ശാസ്ത്രീയമായ ഇടവേളകളില്ലാത്ത പ്രസവങ്ങളും കൃത്യമായ പരിചരണവും മറ്റും ലഭിക്കാത്തതും മാതൃ മരണത്തിന് കാരണമാകാറുണ്ട്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് പ്രസവങ്ങൾ തമ്മിൽ കുറഞ്ഞത് 3 വർഷങ്ങളുടെ ഇടവേള ആവശ്യമാണ്. താത്ക്കാലിക ഗർഭനിരോധനത്തിന് കോണ്ടം, ഗർഭനിരോധന ഗുളികകൾ, കോപ്പർടി തുടങ്ങിയവ ഉപയോഗിക്കാവുന്നതാണ്. കുട്ടികൾ വേണ്ട എന്ന തീരുമാനമെടുത്തവർക്ക് സ്ഥിരമായ ഗർഭനിരോധന മാർഗങ്ങൾ സ്വീകരിക്കാം. സ്ത്രീകൾക്ക് ട്യൂബക്ടമി ശസ്ത്രക്രിയയും പുരുഷൻമാർക്ക് വാസക്ടമിയുമാണ് നിലവിലുള്ളത്. മിനി ലാപ്രോട്ടമി, ലാപ്രോസ്‌കോപ്പി, പോസ്റ്റ് പാർട്ടം സ്റ്ററിലൈസേഷൻ എന്നീ പേരുകളിലാണ് ട്യൂബക്ടമി അറിയപ്പെടുന്നത്. പുരുഷൻമാരിൽ നടത്തുന്ന നോസ്‌കാൽപൽ വാസക്ടമി വളരെ ലളിതവും വേദനരഹിതവും ആശുപത്രിവാസം ആവശ്യമില്ലാത്തതുമാണ്. ഈ ശസ്ത്രക്രിയകൾ താലൂക്ക്, ജില്ലാ ആശുപത്രികൾ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിൽ നിന്നും ലഭ്യമാണ്. സംശയങ്ങൾക്ക് തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരുമായോ ദിശ 104, 1056, 0471 2552056 എന്നീ നമ്പരുകളിലോ ബന്ധപ്പെടാവുന്നതാണ്.

രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുന്ന ഈ കാലഘട്ടത്തിൽ സന്തോഷത്തിനും അഭിവൃദ്ധിക്കും കാരണമാകുന്ന കുടുംബാസൂത്രണം തെരഞ്ഞെടുക്കാം.  

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-07-11 13:41:29

ലേഖനം നമ്പർ: 1133

sitelisthead