100 ദിന പരിപാടിയുടെ ഭാഗമായി 15 വയസിന് മുകളിൽ പ്രായമുള്ള ഡിജിറ്റൽ നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുകയെന്ന ലക്ഷ്യത്തോടെ സാക്ഷരത മിഷൻ നടത്തുന്ന സമ്പൂർണ ഡിജിറ്റൽ സാക്ഷരത പദ്ധതിയാണ് ഇ- മുറ്റം. ആദ്യഘട്ടമായി ഓരോ ജില്ലയിലെയും ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അടിസ്ഥാന ഡിജിറ്റൽ സാക്ഷരത ഇല്ലാത്തവരെ കണ്ടെത്തി സാക്ഷരരാക്കി ഡിജിറ്റൽ മാതൃക തദ്ദേശ സ്വയംഭരണസ്ഥാപനമാക്കി മാറ്റും.

ഡിജിറ്റൽ ഉപകരണങ്ങളുടെയും ആപ്പുകളുടെയും ഉപയോഗം പഠിപ്പിക്കുക, അവയുടെ ഗുണദോഷങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, എല്ലാവർക്കും ഇ-മെയിൽ ഐഡി രൂപീകരിക്കുക, ഗവൺമെന്റിന്റെ ഡിജിറ്റൽ സേവനങ്ങൾ, ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ്, ഓൺലൈനായി ബില്ലുകൾ അടയ്ക്കൽ എന്നിവ പരിശീലിപ്പിക്കുക എന്നിവയാണ് 12 മണിക്കൂർ ദൈർഘ്യമുള്ള പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എൻ.എസ്.എസ്. വോളന്റിയർമാർ, സന്നദ്ധ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ തുടങ്ങിയവരാകും ഇൻസ്ട്രക്ടർമാരായി പ്രവർത്തിക്കുക.

ജനപ്രതിനിധികൾ, വിവിധ സർക്കാർ ഇതര പ്രതിനിധികൾ, സാമൂഹ്യ സന്നദ്ധ പ്രവർത്തകർ, വിദ്യാഭ്യാസ പ്രവർത്തകർ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികൾ ഐടി മേഖലയിൽ പ്രാവീണ്യമുള്ളവർ തുടങ്ങിയവരെ ഉൾപ്പെടുത്തിയാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-04-02 11:25:29

ലേഖനം നമ്പർ: 1004

sitelisthead