ലോകസിനിമയിൽ നിശബ്ദതയുടെ സൗന്ദര്യം വിളിച്ചോതുന്ന അപൂർവചിത്രങ്ങളും, യുദ്ധവും ജീവിതത്തിന്റെ അതിജീവനവും പ്രമേയമാക്കിയ സെർബിയൻ ചിത്രങ്ങളുമുൾപ്പടെ, 70 രാജ്യങ്ങളിൽ നിന്നുള്ള 185 സിനിമകളുമായി 27-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബർ 9-ന് തിരുവനന്തപുരത്ത് ആരംഭിക്കും. 8 ദിവസത്തെ മേളയിൽ കൈരളി, ശ്രീ, നിള, കലാഭവൻ, ടാഗോർ, നിശാഗന്ധി, ന്യൂ തിയേറ്ററിലെ രണ്ടു സ്ക്രീനുകൾ, ഏരീസ് പ്ളക്സിലെ 5 സ്ക്രീനുകൾ, അജന്ത, ശ്രീപത്മനാഭ  എന്നിങ്ങനെ 15 തിയേറ്ററുകളിലായി നടക്കുന്ന പ്രദർശനത്തിൽ പതിനായിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കും. 

അന്താരാഷ്ട്ര മത്സര വിഭാഗം, ലോക പ്രസിദ്ധ സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഉൾപ്പെടുന്ന ലോകസിനിമാ വിഭാഗം, ക്ലാസിക്കുകളുടെ വീണ്ടെടുപ്പ് , ഇന്ത്യൻ സിനിമ നൗ, മലയാള സിനിമ റ്റുഡേ, കൺട്രി ഫോക്കസ്, ഹോമേജ് തുടങ്ങി 17 വിഭാഗങ്ങളിലായാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ 14 സിനിമകളും മലയാള സിനിമ ടുഡേ വിഭാഗത്തിൽ 12 ചിത്രങ്ങളും ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ 7 സിനിമകളും പ്രദർശിപ്പിക്കും. സർറിയലിസ്റ്റ് സിനിമയുടെ ആചാര്യനെന്നറിയപ്പെടുന്ന ചിലിയൻ- ഫ്രഞ്ച് സംവിധായകൻ അലഹാന്ദ്രോ ജൊഡോറോവ്സ്‌കി, കാൻ മേളയിൽ രണ്ട് തവണ പാം ദി ഓർ നേടുക എന്ന അപൂർവ ബഹുമതിയുള്ള സെർബിയൻ സംവിധായകൻ എമിർ കസ്തുറിക്ക, ജർമൻ സംവിധായകൻ എഫ്.ഡബ്ല്യു മുർനോ എന്നിവരുടെ വിഖ്യത ചിത്രങ്ങളുടെ പ്രത്യേക പാക്കേജുകളും മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ദാർദൻ ബ്രദേഴ്സ് സംവിധാനം ചെയ്ത ഫ്രഞ്ച് ഭാഷയിലുള്ള ബെൽജിയൻ ചിത്രമായ ടോറി ആൻഡ് ലോകിതയാണ് ഉദ്ഘാടന ചിത്രം.  ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണിത്. കഴിഞ്ഞ മെയ് മാസത്തിൽ നടന്ന കാൻ ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുകയും കാൻ 75 ാം വാർഷിക പുരസ്‌കാരം നേടുകയും ചെയ്ത ഈ ചിത്രം ആഫ്രിക്കയിൽ ജനിച്ച് ബെൽജിയം തെരുവുകളിൽ വളരുന്ന അഭയാർഥികളായ ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും ആത്മബന്ധത്തിന്റെ കഥ പറയുന്നു.

കൺട്രി ഫോക്കസ് വിഭാഗത്തിൽ 6 സമകാലിക മലയാള സിനികൾ ഇടം നേടിയിട്ടുണ്ട്. തത്സമയ സംഗീതത്തിന്റെ അകമ്പടിയോടെ 5 നിശബ്ദ ചിത്രങ്ങൾ പ്രദർശിപ്പിക്കും. ബ്രിട്ടിഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൗത്ത് ബാങ്ക് തിയേറ്ററിലെ പിയാനിസ്റ്റായ ജോണി ബെസ്റ്റാണ് നിശബ്ദ ചിത്രങ്ങളുടെ പ്രദർശനത്തിന് തത്സമയ പശ്ചാത്തല സംഗീതം നൽകുന്നത്.

പുനരുദ്ധരിച്ച ക്ലാസിക് സിനിമകളുടെ വിഭാഗത്തിൽ ജി. അരവിന്ദന്റെ തമ്പ് പ്രദർശിപ്പിക്കും. മലയാളത്തിലെ നവതരംഗത്തിന് തുടക്കം കുറിച്ച സ്വയംവരത്തിന്റെ 50-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ചിത്രത്തിന്റെ പ്രത്യേക പ്രദർശനമുണ്ട്. സംവിധായകൻ അടൂർ ഗോപാലകൃഷണനെ ചടങ്ങിൽ ആദരിക്കും.

സംഘർഷഭരിതമായ ദേശങ്ങളിലെ ജീവിതം പകർത്തുന്ന കൺട്രി ഫോക്കസ് വിഭാഗത്തിൽ ഇത്തവണ സെർബിയൻ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. അന്തരിച്ച ഫ്രഞ്ച് സംവിധായകനായ ഴാങ് ലൂക് ഗൊദാർദ് , ടി. പി. രാജീവൻ തുടങ്ങിയവർക്ക് മേളയിൽ ആദരമർപ്പിക്കും. ലോകപ്രസിദ്ധ സംവിധായകരായ ഹോംഗ് സാങ്‌സു, ബഹ്‌മാൻ ഗൊബാഡി, ഹിറോഖാസു കൊറീദ, ഇറാനിയൻ സംവിധായകനായ ജാഫർ പനാഹി, കൊറിയൻ സംവിധായകൻ കിം-കി-ഡുക്ക് തുടങ്ങിയവരുടെ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും.

4 ഇന്ത്യൻ ചിത്രങ്ങൾ ഉൾപ്പടെ തുർക്കി, ഇറാൻ, ഇസ്രയേൽ, ബോളിവിയ,വിയറ്റ്‌നാം തുടങ്ങി 11 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് മത്സരവിഭാഗത്തിലുള്ളത്. ഇതിൽ 6 ചിത്രങ്ങൾ നവാഗത സംവിധായകരുടേതാണ്. ഇറാനിയൻ സംവിധായകനായ മെഹ്ദിഹസ്സൻ ഫാരിയുടെ ഹൂപ്പോ, ഫിറാസ് ഖോരി സംവിധാനം ചെയ്ത ആലം, മൈക്കേൽ ബോറോഡിൻ ഒരുക്കിയ റഷ്യൻ ചിത്രം കൺവീനിയൻസ് സ്റ്റോർ, ബോളിവിയൻ ചിത്രം ഉതാമ, വിയറ്റ്നാം ചിത്രം മെമ്മറിലാൻഡ്, അമിൽ ശിവ്ജി സംവിധാനം ചെയ്ത ടഗ് ഓഫ് വാർ, ബ്രസീലിയൻ ചിത്രം കോർഡിയലി യുവേഴ്സ്, ഏകതാര കളക്റ്റീവ് നിർമ്മിച്ച എ പ്ലേസ് ഓഫ് ഔവർ ഓൺ എന്നിവയാണ് നവാഗത ചിത്രങ്ങൾ. മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പ്, ലിജോജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം എന്നിവയാണ് ഈ വിഭാഗത്തിലെ മലയാള ചിത്രങ്ങൾ. ഏകതാര കളക്റ്റീവ് നിർമ്മിച്ച എ പ്ലേസ് ഓഫ് ഔർ ഓൺ , മണിപ്പൂരി സംവിധായകൻ റോമി മൈതേയിയുടെ ഔർ ഹോം എന്നിവയാണ് മറ്റ് ഇന്ത്യൻ ചിത്രങ്ങൾ. ബർലിൻ, ജറുസലേം, റിയോഡി ജനീറ എന്നീ മേളകളിൽ നോമിനേഷൻ നേടിയ ഐഡാൻ ഹേഗ്വൽ ചിത്രം കൺസേൺഡ്‌ സിറ്റിസൺ, ടർക്കിഷ് തിരക്കഥാകൃത്തും സംവിധായകനുമായ തയ്ഫുൻ പിർസെലിമോഗ്ലു ഒരുക്കിയ കെർ എന്നിവയും മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കും.

പ്രണയത്തിലെ നിയമക്കുരുക്കുകളുമായി പനാഹിയുടെ നോ ബിയേഴ്സ്

ഇറാനിലെ നവതരംഗ സിനിമാ രംഗത്തെ പ്രമുഖനായ ജാഫർ പനാഹിയുടെ പുതിയ ചിത്രം നോ ബിയേഴ്സ്  രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും. രണ്ടു കമിതാക്കളുടെ സമാന്തര പ്രണയകഥ പ്രമേയമാക്കിയ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണ്.

ചിക്കാഗോ മേളയിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ നോ ബിയേഴ്സിൽ ജാഫർ പനാഹി മുഖ്യവേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. സ്വാതന്ത്രാവിഷ്കാരങ്ങൾക്ക് ഇറാൻ ഏർപ്പെടുത്തിയ വിലക്കിനെ തുടർന്ന്  2010 ൽ ഇദ്ദേഹത്തെ ഭരണകൂടം 6 വർഷത്തേക്കു തടങ്കലിലാക്കിയിരുന്നു. സിനിമ നിർമാണണത്തിനും സ്വാതന്ത്യ പ്രതികരണത്തിനും വിലക്ക് നേരിടുന്ന പനാഹി ഒളിക്യാമറ ഉൾപ്പടെ ഉപയോഗപ്പെടുത്തിയാണ് നോ ബിയേഴ്സ് ചിത്രീകരിച്ചിരിക്കുന്നത്.

ഉറുഗ്വേയിലെ പട്ടാളഭരണത്തിന്റെ ഭീകരതയുമായി എ ട്വൽവ് ഇയർ നൈറ്റ്

ഉറുഗ്വേയിലെ പട്ടാളഭരണകാലത്തു ക്രൂരമായി പീഡിപ്പിക്കപ്പെട്ട 3 തടവുകാരുടെ കഥ പറയുന്ന അൽവാരോ ബ്രക്നറുടെ എ ട്വൽവ് ഇയർ നൈറ്റ്, ഫ്രഞ്ച് ചിത്രം 120 ബിപിഎം, ജർമൻ സംവിധായകനും നിർമാതാവുമായ വീറ്റ് ഹെൽമറുടെ ദ ബ്രാ, ബ്രാറ്റാൻ എന്നീ വിസ്മയചിത്രങ്ങൾ രാജ്യാന്തര മേളയിലെ ജൂറി വിഭാഗത്തിൽ പ്രദർശിപ്പിക്കും.

യാത്രയ്ക്കിടെ കളഞ്ഞുകിട്ടുന്ന ഒരു ബ്രായുടെ ഉടമയെ അന്വേഷിച്ചുപോകുന്ന ട്രയിൻ ഡ്രൈവറുടെ  സഞ്ചാരമാണ് ദ ബ്രാ യുടെ പ്രമേയം. ടോക്യോ, ബെർലിൻ, ജർമൻ തുടങ്ങിയ മേളകളിൽ പ്രേക്ഷക പ്രീതി നേടിയ ചിത്രം നിശ്ശബ്ദതയുടെ സാധ്യതകളാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. പിതാവിനെ കാണാൻ അഫ്ഗാൻ അതിർത്തിയിലേക്ക് സാഹസികയാത്രയ്ക്കിറങ്ങുന്ന സഹോദരങ്ങളുടെ കഥ പറയുന്ന ബ്രാറ്റാന്റെ പുനഃ ക്രമീകരിക്കപ്പെട്ട പതിപ്പാണ് മേളയിൽ പ്രദർശിപ്പിക്കുക.

കാൻ മേളയിൽ മികച്ച ചിത്രമായി തെരെഞ്ഞെടുക്കപ്പെട്ട റോബിൻ കാമ്പില്ലോ ചിത്രം 120 ബിപിഎമ്മും മേളയിലെ ജൂറി വിഭാഗത്തിൽ പ്രദർശിപ്പിക്കും. എച്ച്.ഐ.വി. ബാധിതരായവരുടെ ജീവിത പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന ചിത്രത്തിലെ നായകനായിരുന്ന നാഹുവെൽ പേരേസ് ബിസ്‌ക്കയാർട്ട് രാജ്യാന്തര മേളയിലെ ജൂറി അംഗമാണ്.

അഭ്രപാളിയിലെ ജീവിതം തേടിയവരുടെ കഥയുമായ് ഇന്ത്യയുടെ ഓസ്കാർ ചിത്രം ചെല്ലോ ഷോ

ചലച്ചിത്ര രംഗത്തെ നൈമിഷികതയും ജീവിതപ്രയാസങ്ങളും പ്രമേയമാക്കിയ ഇന്ത്യയുടെ ഓസ്കാർ ചിത്രം ചെല്ലോ ഷോ രാജ്യാന്തര ചലച്ചിത്ര മേളയിൽ. പാൻ നളിൻ സംവിധാനം ചെയ്ത ഈ ഗുജറാത്തി ചിത്രം സമയ് എന്ന 9 വയസ്സുകാരന് ചലച്ചിത്രങ്ങളോട് തോന്നുന്ന കൗതുകവും അടുപ്പവും വെളിച്ചത്തെ തേടിയുള്ള യാത്രയുമാണ് പ്രമേയമാക്കിയിരിക്കുന്നത്.

കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട യുവാവിന്റെ അതിജീവനം പ്രമേയമാക്കിയ നന്ദിത ദാസിന്റെ സ്വിഗാറ്റോ, ശിഥിലമായ കുടുംബ മുഹൂർത്തങ്ങളെ ആസ്പദമാക്കിയുള്ള പദ്മകുമാർ നരസിംഹമൂർത്തിയുടെ മാക്സ്, മിൻ & മ്യാവൂസാകി, ആമിർ ബാഷിറിൻറെ ദി വിന്റർ വിതിൻ, നവാഗത സംവിധായകനായ ശുഭം യോഗിയുടെ കച്ചേ ലിംബൂ തുടങ്ങി ബുസാൻ, ടൊറന്റോ മേളകളിൽ പ്രേക്ഷക പ്രീതി നേടിയ 8 ചിത്രങ്ങളാണ്  ചെല്ലോ ഷോയ്‌ക്കൊപ്പം രാജ്യാന്തര മേളയിലെ കലെയ്ഡോസ്കോപ്പ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. പൃഥ്വി കൊനാനൂറിന്റെ സെവന് റ്റീനേഴ്സ്, ശ്ലോക് ശർമ്മയുടെ ടു സിസ്റ്റേഴ്സ് ആൻഡ് എ ഹസ്ബൻഡ്ന് എന്നിവയാണ് ഈ വിഭാഗത്തിലെ മറ്റു  ചിത്രങ്ങൾ. മലയാളി സംവിധായകനായ ഡോ. ബിജുവിന്റെ ആന്തോളജി ചിത്രം ദി പോർട്രെയ്ട്സും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും.

ലോകമെങ്ങുമുള്ള സ്ത്രീകളുടെ സമകാലിക ജീവിതക്കാഴ്ചയുമായി വനിത സംവിധായകരുടെ 32 ചിത്രങ്ങൾ 

അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ഉക്രൈൻ ചിത്രം ക്ലൊണ്ടൈക്കും വിയറ്റ്നാം ചിത്രം മെമ്മറിലാൻഡും ഉൾപ്പടെ 17 രാജ്യങ്ങളിലെ വനിതകളുടെ ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. ലോക സിനിമ വിഭാഗത്തിലെ 25 ചിത്രങ്ങളും 2 മലയാള ചിത്രങ്ങളും ഓറ്റർ ഓട്സ് വിഭാഗത്തിലെ ബോത്ത് സൈഡ്സ് ഓഫ് ദി ബ്ലേഡ് /ഫയർ, കലെയ്ഡോസ്കോപ്പ് വിഭാഗത്തിലെ നന്ദിതാ ദാസ് ചിത്രം സ്വിഗാറ്റോ, ബേലാ താറിനൊപ്പം ആഗ്നസ് റെനസ്കി സംവിധാനം ചെയ്ത ദ ട്യൂറിൻ ഹോഴ്സ്, വെർക്ക്‌മീസ്റ്റർ ഹാർമണീസ് തുടങ്ങിയ ചിത്രങ്ങളാണ് വനിതകൾ ഒരുക്കിയിരിക്കുന്നത്. ഉക്രൈനിലെ സ്ത്രീകളുടെ ജീവിത യാഥാർഥ്യങ്ങളാണ് ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന മറീന എർ ഗോർബച് ചിത്രം ക്ലൊണ്ടൈക്ക് പ്രമേയമാക്കുന്നത്. മിയ ഹാൻസെൻ ലു ചിത്രം വൺ ഫൈൻ മോർണിംഗ്, മറിയം തുസാനിയുടെ ദ ബ്ലൂ കഫ്‌താൻ, മാരീ ക്രോയ്ട്സാ, കോസ്റ്റാറിക്കൻ സംവിധായിക വാലൻറ്റീന മൗരേൽ, അല്ലി ഹാപസലോ, കാർല സിമോൺ, ജൂലിയ മുറാദ്, 19(1)(a) എന്ന ഇന്ദു വി എസ് ചിത്രം, ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജിയുടെ ഭാഗമായ കുഞ്ഞില മാസിലാമണി ചിത്രം അസംഘടിതർ തുടങ്ങിയവരുടെ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും.

ദക്ഷിണ കൊറിയൻ വൈവിധ്യക്കാഴ്ചകളുമായി ഓറ്റർ ഒട്സ്

സർറിയലിസം, സൈക്കോളജിക്കൽ ഫിക്ഷൻ, ഡാർക്ക് ഹ്യൂമർ എന്നിവ പ്രമേയമാക്കിയ 14 വിസ്മയ ചിത്രങ്ങൾ. ദക്ഷിണ കൊറിയ, തുർക്കി, ഇറാൻ, ജർമനി, പോളണ്ട് തുടങ്ങിയ 10 രാജ്യങ്ങളിലെ ചലച്ചിത്ര പ്രതിഭകളുടെ വിസ്മയ ചിത്രങ്ങളാണ് മേളയിലെ ഓറ്റർ ഒട്സ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.

ഇറാനിയൻ സംവിധായകരായ ബാഹ്മാൻ ഗൊബാദി, ജാഫർ പനാഹി എന്നിവരുടെ ദി ഫോർ വാൾസ്, നോ ബിയേഴ്സ്, ദക്ഷിണ കൊറിയൻ സംവിധായകനായ കിം കിം ഡുക്കിന്റെ അവസാന ചിത്രം കാൾ ഓഫ് ഗോഡ്, ഹിറോകാസു കൊറേദയുടെ ബ്രോക്കർ, ഹോംഗ് സാങ് സൂ ചിത്രങ്ങളായ ദ വാക്ക് അപ്പ്, ദി നോവലിസ്റ്റ്സ് ഫിലിം, പാർക് ചാങ് വൂക്കിന്റെ ഡിസിഷൻ ടു ലീവ്, റഷ്യൻ സംവിധായകനായ അലക്സാണ്ടർ സോക്‌റോവിന്റെ ഫെയറിടൈൽ, ലാവ് ദിയാസിന്റെ വെൻ ദി വേവ്സ് ആർ ഗോൺ തുടങ്ങിയ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. ദി ഫോർ വാൾസിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണ് മേളയിലേത്.

മേളയുടെ ഉദ്ഘാടന ചിത്രമായ ടോറി ആൻഡ് ലോകിത, ആഫ്രിക്കൻ അധിനിവേശ സിനിമകളിലൂടെ ശ്രദ്ധേയയായ ക്ലെയർ ഡെനിസിന്റെ ബോത്ത് സൈഡ്സ് ഓഫ് ദി ബ്ലേഡ്/ ഫയർ, ജർമൻ സംവിധായകൻ ഫാ ത്തിഹ് അക്കിന്റെ റീൻ ഗോൾഡ്, സാമുവേൽ ഡി ഹണ്ടറിന്റെ പ്രശസ്ത നാടകത്തെ അടിസ്ഥാനമാക്കി ഡാരെൻ അരൊനോഫ്സ്കി സംവിധാനം ചെയ്ത അമേരിക്കൻ ചിത്രം ദി വെയിൽ, ക്രിസ്ത്യൻ മുംച്യൂവിന്റെ  ആർ എം എൻ എന്നിവയും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും. ലോക പ്രസിദ്ധ പോളിഷ് സംവിധായകനായ ക്രിസ്റ്റോഫ് സനൂസിയുടെ ദ പെർഫെക്റ്റ് നമ്പർ എന്ന ചിത്രവും ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വാർദ്ധക്യത്തിന്റെ ആകുലതകളുമായി അനൂറും പ്ലാൻ സെവന്റിഫൈവും

ജപ്പാനിൽ പ്രായമായവരെ ദയാവധം ചെയ്യാൻ പ്രേരിപ്പിക്കുന്ന പദ്ധതി പ്രമേയമാക്കിയ പ്ലാൻ 75, ആസാമീസ് ചിത്രം അനൂർ എന്നിവ ഉൾപ്പടെ രാജ്യാന്തര മേളയിൽ വാർദ്ധക്യത്തിന്റെ ആകുലതകൾ പ്രമേയമാക്കിയ പത്തിലധികം ചിത്രങ്ങൾ പ്രദർശിപ്പിക്കും.

78 കഴിഞ്ഞ മിച്ചി എന്ന വനിത ജീവിതം ആസ്വദിക്കാൻ നടത്തുന്ന പരിശ്രമങ്ങളും അതിനു വിഘാതമായ നിൽക്കുന്ന നിയമ വ്യവസ്ഥിതിയും ഇതിവൃത്തമാക്കിയാണ് ചീ ഹായകവേ 'പ്ലാൻ 75 ' നിർമ്മിച്ചിരിക്കുന്നത് . കാനിലും ടോറോന്റോയിലും ജനപ്രീതി നേടിയ ചിത്രം രാജ്യാന്തര മേളയിൽ ലോക സിനിമ വിഭാഗത്തിലാണ് പ്രദർശിപ്പിക്കുന്നത്.

റിട്ട. അധ്യാപികയുടെ ഒറ്റപ്പെട്ട ജീവിതം പ്രമേയമാക്കിയ അസമീസ് ചിത്രം അനൂറിന്റെ ലോകത്തിലെ ആദ്യപ്രദർശനമാണ് മേളയിലേത്. മൊഞ്ജുൾ ബറുവയാണ് ഏകാന്ത ജീവിതം സൃഷ്ടിക്കുന്ന ജീവിത പ്രതിസന്ധികളെ തന്മയത്തത്തോടെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംവിധായിക.
സത്യജിത് റേയുടെ ഗോൾപ്പോ ബോലിയെ താരിണി ഖൂറോ എന്ന ചെറുകഥയെ ആധാരമാക്കി അനന്ത നാരായൺ മഹാദേവൻ സംവിധാനം ചെയ്ത ദി സ്റ്റോറിറ്റെല്ലർ ഇന്ത്യൻ സിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കും.

ഡിമെൻഷ്യ ബാധിച്ച എൺപത്തിനാലുകാരനായ നടന്റെ ജീവിത കഥ പറയുന്ന മസഹിറോ കൊബായാഷി ചിത്രം ലിയർ ഓൺ ദി ഷോർ ഹോമേജ് വിഭാഗത്തിലും, ബുയ് കിം ക്വി സംവിധാനം ചെയ്ത മെമ്മറിലാൻഡ്, എഫ്. ഡബ്ലിയു. മുർണൗ സംവിധാനം ചെയ്ത ദി ലാസ്റ്റ് ലാഫ്, അലജാന്ദ്രോ ഗ്രീസി സംവിധാനം ചെയ്ത ബൊളീവിയൻ ചിത്രം ഉത്താമ, വെറ്റ് ഹെൽമെറുടെ ദി ബ്രാ, ബഹ്‌മാൻ ഗോബാഡിയുടെ  ദി ഫോർ വാൾസ് തുടങ്ങിയവയും മേളയിൽ വാർദ്ധക്യത്തിലെ മനുഷ്യരുടെ കഥ പറയുന്ന ചിത്രങ്ങളാണ്.

വാർദ്ധക്യത്തിന്റെ പ്രതിസന്ധികൾ ചർച്ച ചെയ്യുന്ന 2 മലയാളചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും. സതീഷ് ബാബുസേനൻ, സന്തോഷ് ബാബുസേനൻ എന്നിവർ ചേർന്ന് ഒരുക്കിയ 'ഭർത്താവും ഭാര്യയും മരിച്ച രണ്ടു മക്കളും' എന്ന ചിത്രം അകാലത്തിൽ നഷ്ടമായ മക്കളുടെ ഓർമകളിൽ ജീവിക്കുന്ന വൃദ്ധദമ്പതികളുടെ ജീവിതമാണ് അനാവരണം ചെയ്യുന്നത്. ഫ്രീഡംഫൈറ്റ് എന്ന ആന്തോളജി സിനിമയിൽ ജിയോബേബി സംവിധാനം ചെയ്ത ഹ്രസ്വചിത്രം ഓൾഡ് ഏജ് ഹോമും വാർദ്ധക്യത്തിന്റെ ആകുലതകളാണ് പ്രമേയമാക്കിയിരിക്കുന്നത്.

പ്രേക്ഷകരുടെ നെഞ്ചിടിപ്പിന് വേഗത കൂട്ടാൻ മിഡ്നൈറ്റ് സ്ക്രീനിങ്ങിൽ സാത്താൻസ് സ്ലേവ്സ് 2

പേടി ആസ്വദിക്കാനുള്ള പ്രേക്ഷക താത്പ്പര്യം മുൻനിറുത്തി ഇത്തവണ രാജ്യാന്തര മേളയിലെ മിഡ്‌നൈറ്റ് സ്‌ക്രീനിങ്ങിൽ ഇന്തോനേഷ്യൻ ചിത്രം സാത്താൻസ് സ്ലേവ്സ് 2 കമ്മ്യൂണിയൻ പ്രദർശിപ്പിക്കും. 2017-ൽ പുറത്തിറങ്ങിയ സാത്താൻസ് സ്ലേവ്സിന്റെ രണ്ടാം ഭാഗമായ ചിത്രം ഐമാക്സിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഹൊറർ സിനിമകളിലൂടെ പ്രശസ്തനായ ജോക്കോ അൻവറാണ് ചിത്രത്തിന്റെ സംവിധായകൻ. ഈ വർഷം ബുസാൻ മേളയിൽ പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിന്റെ ആദ്യ ഭാഗമായ സാത്താൻസ് സ്ലേവ്സ്, 22 ാമത് ഐ എഫ് എഫ് കെ യിൽ  പ്രദർശിപ്പിച്ചിരുന്നു. ചലച്ചിത്ര മേളയിലെ  തുറന്ന വേദിയായ നിശാഗന്ധിയിലാണ് സാത്താൻസ് സ്ലേവ്സ് പ്രദർശിപ്പിക്കുന്നത്.

വിഖ്യാത ചലച്ചിത്ര പ്രതിഭ അരവിന്ദന്റെ തമ്പിന്റെയും സത്യജിത്‌ റേ യുടെ പ്രതിദ്വന്ദിയുടെയും നവീകരിച്ച പതിപ്പുകൾ റെസ്റ്റോർഡ് ക്ലാസിക് വിഭാഗത്തിൽ പ്രദർശിപ്പിക്കും.

ലോക സിനിമയിലെ ഇതിഹാസമായ ഹംഗേറിയൻ സംവിധായകൻ ബേലാ താറിന് 27 ാമത് IFFK ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകും. 10 ലക്ഷം രൂപയും ശില്പവുമാണ് അവാർഡ്. മാനുഷിക പ്രശ്നങ്ങളെ സവിശേഷമായ ആഖ്യാന ശൈലിയിലൂടെ അവതരിപ്പിക്കുന്ന ദ ട്യൂറിൻ ഹോഴ്സ്, വെർക്ക്മീസ്റ്റർ ഹാർമണീസ് ഉൾപ്പെടെ ബേലാ താറിന്റെ 6 ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. ബേലാ താറിന്റെ ചലച്ചിത്ര ജീവിതത്തെ അടിസ്ഥാനമാക്കി C.S. വെങ്കിടേശ്വരൻ എഴുതിയ 'കാലത്തിന്റെ ഇരുൾ ഭൂപടങ്ങൾ' എന്ന പുസ്തകം ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിക്കും.

കാമറയെ സമരായുധമാക്കി അവകാശപ്പോരാട്ടം നടത്തുന്ന ചലച്ചിത്രപ്രവർത്തകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏർപ്പെടുത്തിയ 'സ്പിരിറ്റ് ഓഫ് സിനിമ' അവാർഡ് ഇറാനിയൻ ചലച്ചിത്രകാരി മെഹ്നാസ് മുഹമ്മദിക്ക് നൽകും. 5 ലക്ഷം രൂപയും ശില്പവുമാണ് അവാർഡ്.

മേളയോടനുബന്ധിച്ച് മുഖ്യവേദിയായ ടാഗോറിൽ 2 എക്സിബിഷനുകൾ സംഘടിപ്പിക്കും. മാങ്ങാട് രത്നാകരൻ ക്യുറേറ്റ് ചെയ്ത പുനലൂർ രാജന്റെ 100 ഫോട്ടോകളുടെ പ്രദർശനമായ 'അനർഘനിമിഷം', അനശ്വര നടൻ സത്യന്റെ 110 ാം ജന്മവാർഷികത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ 20 വർഷത്തെ ചലച്ചിത്ര ജീവിതത്തിൽ നിന്നുള്ള 110 ചിത്രങ്ങൾ ശേഖരിച്ച് R. ഗോപാലകൃഷണൻ തയാറാക്കിയ 'സത്യൻ സ്മൃതി'യും പ്രദർശിപ്പിക്കും.

മേളയുടെ ഭാഗമായി സംവിധായകരുമായി സംവദിക്കുന്ന ഇൻ കോൺവർസേഷൻ, ഓപ്പൺ ഫോറം, മീറ്റ് ദ ഡയറക്ടർ, മൺമറഞ്ഞ ചലച്ചിത്ര പ്രവർത്തകർക്ക് സ്മരണാഞ്ജലിയർപ്പിക്കുന്ന ഹോമേജ്, അരവിന്ദൻ സ്മാരക പ്രഭാഷണം തുടങ്ങിയ പരിപാടികളും മേളയിലുണ്ടാകും. കൂടാതെ മുഖ്യവേദിയായ ടാഗോർ തിയ്യേറ്റർ പരിസരത്ത് എല്ലാ ദിവസവും രാത്രി 9-ന് കലാ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-12-08 17:44:25

ലേഖനം നമ്പർ: 867

sitelisthead