എൻജിനീയറിങ് തൊഴിൽമേഖലയിൽ സ്ത്രീപ്രാതിനിധ്യം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാനത്തെ  പോളിടെക്‌നിക്കുകളിലും എൻജിനീയറിങ് കോളേജുകളിലും നടപ്പാക്കുന്ന പദ്ധതിയാണ്  'ഷി' (Scheme for Her Empowerment in Engineering Education). ഉന്നത സാങ്കേതികവിദ്യാ പഠനരംഗത്ത് കാണുന്ന മികച്ച വനിതാ പ്രാതിനിധ്യം വിവിധ സാങ്കേതികതൊഴിൽ മേഖലകളിൽ കൂടി കൊണ്ടുവരാനാണ്  പദ്ധതി ലക്ഷ്യമിടുന്നത്. പെൺകുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുക, സാങ്കേതിക മേഖലയിലെ വെല്ലുവിളികൾ ഏറ്റെടുക്കാനും നേതൃപാടവം ആർജിക്കാനും പ്രാപ്തരാക്കുക എന്നിവയും പദ്ധതി ലക്ഷ്യമിടുന്നു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ഒമ്പത് ഗവ. എഞ്ചിനീയറിംഗ് കോളജുകളിലേക്കും 51 ഗവ. പോളിടെക്നിക്കുകളിലേക്കും  പദ്ധതി വ്യാപിപ്പിക്കും. നിലവിൽ എൻജിനീയറിങ്ങിന് പഠിക്കുന്നവർ, എൻജിനീയറിങ് പഠനരംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർ, പഠനം പൂർത്തിയാക്കി വിവിധ എൻജിനീയറിങ് മേഖലകളിൽ പ്രവർത്തിക്കുന്നവർ, എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലെ വനിതകളെ ശാക്തീകരിക്കാനാണ് പദ്ധതി. 

എൻറോൾമെൻറ് കണക്കുകളിൽ സാങ്കേതികവിദ്യാപഠനരംഗത്തെ കേരളത്തിലെ സ്ത്രീസാന്നിധ്യം മികച്ചതും ദേശീയശരാശരിയേക്കാൾ വളരെ ഉയർന്നതുമാണ്. എന്നാൽ എൻജിനീയറിങ് നൈപുണ്യം ആവശ്യമായ തൊഴിൽമേഖലകളിൽ ഈ പ്രാതിനിധ്യം പ്രതിഫലിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഷീ പദ്ധതി രൂപമെടുത്തത്. സാങ്കേതികവിദ്യാ വളർച്ചക്ക് അനുസരിച്ച് നേതൃപരമായ സ്ഥാനങ്ങളിലേക്ക് സ്ത്രീകൾ എത്തിപ്പെടണമെന്ന കാഴ്ചപ്പാടിലാണ് പദ്ധതി ആരംഭിച്ചത്. 

2020 ൽ കണ്ണൂർ ഗവ. എൻജിനീയറിങ് കോളേജിൽ ആരംഭിച്ച പദ്ധതി മികച്ച ഫലം നൽകിയതിനെത്തുടർന്നാണ് സാങ്കേതികവിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്. പരിശീലന പരിപാടികൾ, വിദഗ്ധരുമായുള്ള സംവാദങ്ങൾ, മാർഗ്ഗദർശകരുടെ സഹായത്തോടെയുള്ള നേതൃപാടവ വികസനപ്രവർത്തനങ്ങൾ, പ്രൊഫഷണൽ അനുഭവങ്ങൾ പങ്കുവെക്കുന്നതിനുള്ള വ്യക്തിത്വ വികസന സെഷനുകൾ എന്നിവ പദ്ധതിയുടെ ഭാഗമാണ്. ഇവയിലൂടെ സ്ത്രീശാക്തീകരണത്തിന് ആവശ്യമായ ജൈവികമായ അന്തരീക്ഷം ഉണ്ടാക്കാനും തൊഴിലവസരങ്ങളെക്കുറിച്ചും നൂതന സാങ്കേതികവിദ്യകളെക്കുറിച്ചും അവബോധം വർധിപ്പിക്കാനും തൊഴിൽരംഗത്ത് അപ്പോഴപ്പോൾ ഉയർന്നുവരുന്ന വെല്ലുവിളികളെ ഏറ്റെടുക്കുവാൻ വനിതാ എൻജിനീയർമാരെ പ്രാപ്തരാക്കാനും പദ്ധതികൊണ്ട് സാധിക്കും

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-05-18 12:24:11

ലേഖനം നമ്പർ: 841

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo