ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കി പ്രാദേശികതല പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി കേരള പൊലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ‘തൂഫാൻ തദ്ദേശം’ പദ്ധതി നടപ്പാക്കുന്നു. ലഹരിവ്യാപനവും ഉപയോഗവും പൂർണ്ണമായി തടയുന്നതിനായി തദ്ദേശ സ്ഥാപന തലത്തിൽ ജനകീയ ഇടപെടൽ ശക്തമാക്കുന്നതാണ് തൂഫാൻ രണ്ടാം ഘട്ടം. എക്‌സൈസ് വകുപ്പിന്റെ 100 ദിന കർമ്മപദ്ധതിയും ആഭ്യന്തര വകുപ്പിന്റെ ഓപ്പറേഷൻ തൂഫാൻ 2.0-യും സംയോജിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ലഹരിയുടെ ആവശ്യകത കുറയ്ക്കുക, പ്രാരംഭ ഘട്ടത്തിൽ തന്നെ ഇടപെടുക, അടിമപ്പെട്ടവർക്ക് ചികിത്സയും കൗൺസലിംഗും പുനരധിവാസവും ഉറപ്പാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. തൂഫാൻ സ്ട്രൈക്ക്, തൂഫാൻ കെയർ, തൂഫാൻ ആപ്പ്, തൂഫാൻ ഐസ്, തൂഫാൻ പ്ലേ, തൂഫാൻ ഡ്രഗ് ഫ്രീ ക്യാമ്പസ് അക്രെഡിറ്റേഷൻ എന്നീ ഘട്ടങ്ങളായാണ് രണ്ടാം ഘട്ടം പൂർത്തിയാക്കുക. ഇതിനായി എല്ലാ വാർഡുകളിലും 'തൂഫാൻ ഗ്രാമസഭകൾ' വിളിച്ചുചേർക്കുകയും തണ്ടർ വോളണ്ടിയർമാരെയും തൂഫാൻ വാരിയേഴ്സിനെയും കണ്ടെത്തുകയും ചെയ്യും.
രണ്ടാം ഘട്ടത്തിൽ വാർഡുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾക്കൊപ്പം ക്യാമ്പസുകളിലേക്കും ‘തൂഫാൻ’ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും. തൂഫാൻ കെയറിലൂടെ ലഹരിക്കെണിയിൽ അകപ്പെട്ടവരെ അതിൽ നിന്ന് മോചിപ്പിച്ച് പുനരധിവാസത്തിലേക്ക് നയിക്കും. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും സുരക്ഷാ ക്യാമറകൾ സ്ഥാപിക്കും. സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക.
സംസ്ഥാനത്തെ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും വാർഡ്തല സമിതികൾ രൂപീകരിച്ച് ലഹരിക്കെതിരായ പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷത. പൊലീസ് സംവിധാനത്തിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഏകോപനത്തോടെ, ലഹരി ഉപയോഗവും വിതരണവും തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയവും പ്രാദേശികവുമാക്കാൻ ഇതിലൂടെ സാധിക്കും.
‘ലഹരിക്കെതിരെ ജനസേന’ എന്ന ആശയത്തെ മുൻനിർത്തിയാണ് പദ്ധതി പ്രവർത്തിക്കുന്നത്. ലഹരി ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനൊപ്പം, ലഹരി വിപണനവുമായി ബന്ധപ്പെട്ട വിവരങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും സമൂഹത്തിന്റെ ജാഗ്രതയും ഇടപെടലും ശക്തിപ്പെടുത്തുന്നതിനും വാർഡ്തല സംവിധാനങ്ങൾ സഹായകമാകും.
ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പൊലീസ് സംവിധാനത്തോടൊപ്പം തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും വിവിധ സാമൂഹിക വിഭാഗങ്ങളും സജീവമായി പങ്കാളികളാകുന്നതിലൂടെ പ്രാദേശികതലത്തിൽ ഏകോപിതമായ ഇടപെടലുകൾക്ക് വഴിയൊരുങ്ങും. കുട്ടികളെയും യുവാക്കളെയും ലഹരിയിൽ നിന്ന് അകറ്റിനിർത്തുന്നതിനുള്ള ബോധവത്കരണ പ്രവർത്തനങ്ങൾക്കും സമൂഹാധിഷ്ഠിത പ്രതിരോധ പ്രവർത്തനങ്ങൾക്കും പദ്ധതിയിലൂടെ കൂടുതൽ പ്രാധാന്യം നൽകും.
ലഹരിക്കെതിരായ നിയമനടപടികൾക്കൊപ്പം സാമൂഹിക ജാഗ്രതയും ജനകീയ ഇടപെടലും ശക്തിപ്പെടുത്തുന്നതിലൂടെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളെ കൂടുതൽ വ്യാപകമാക്കുകയാണ് ‘തൂഫാൻ തദ്ദേശം’. ഓരോ വാർഡും ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ സജീവ കേന്ദ്രമാകുന്ന തരത്തിൽ ജനങ്ങളെയും പ്രാദേശിക ഭരണസംവിധാനങ്ങളെയും പൊലീസിനെയും ഒരുമിപ്പിക്കുന്നതാണ് പദ്ധതിയുടെ സമീപനം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-09-29 06:00:04
ലേഖനം നമ്പർ: 2098