ചരിത്രകാലത്തിന്റെ രേഖകളായ താളിയോലകൾ ശേഖരിക്കാനും സംരക്ഷിക്കാനും പ്രദർശിപ്പിക്കാനുമായി സംസ്ഥാന പുരാരേഖ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയിലാദ്യമായി തിരുവനന്തപുരം കോട്ടയ്ക്കകത്തെ സെൻട്രൽ ആർക്കൈവ്‌സിൽ താളിയോല മ്യൂസിയം തയ്യാറായി.
14ാം നൂറ്റാണ്ട് മുതലുള്ള ഒരു കോടിയിലധികം വരുന്ന താളിയോലകളുടെ ശേഖരമാണ് മ്യൂസിയത്തിൽ പ്രദർശിപ്പിക്കുക. വേണാട് കാലഘട്ടം മുതലുള്ള ഭരണരേഖകൾ, തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിവിടങ്ങളിലെ രാഷ്ട്രീയ-സാമൂഹിക വിവരങ്ങൾ അടങ്ങിയ പുരാരേഖ വകുപ്പിന്റെ കൈവശമുള്ള താളിയോല ശേഖരമാണ് മ്യൂസിയത്തിൽ സജ്ജീകരിക്കുന്നത്. താളിയോലകൾ കാണാനും വായിക്കാനും ഗവേഷണം നടത്താനുമുള്ള സൗകര്യം മ്യൂസിയത്തിൽ ഉണ്ടാകും. മ്യൂസിയത്തിന്റെ സജ്ജീകരണ ചുമതല കേരള ചരിത്ര പൈതൃക മ്യൂസിയത്തിനാണ്.
വട്ടെഴുത്ത്, കോലെഴുത്ത്, മലയാൺമ തുടങ്ങിയ പ്രാചീന ലിപികളിലുള്ള താളിയോലകളുടെ ലിപ്യന്തരണം മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. ഇതിലൂടെ പ്രാചീന ലിപിയിലുള്ള എഴുത്ത് പരിഭാഷപ്പെടുത്താതെ തന്നെ മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ വായിക്കാം. പാരമ്പര്യ എഴുത്തുവിദ്യയുടെ പരിണാമവും മ്യൂസിയത്തിൽ കാണാം. പാരമ്പര്യ എഴുത്തുവ്യവസ്ഥയിൽ ഉപയോഗിച്ചിരുന്ന എഴുത്തുവസ്തുക്കളും സാധാരണ മനുഷ്യർ അവന്റെ ക്രയവിക്രയങ്ങളിൽ എങ്ങനെയാണ് രേഖ ചമച്ചിരുന്നതെന്നും വ്യക്തമാക്കുന്ന രേഖകളുടെ വിഭാഗവും മ്യൂസിയത്തിൽ ഉണ്ടാകും. പത്മനാഭപുരം കൊട്ടാരത്തിലേതുപോലെയുളള വിവിധ ഇടങ്ങളിലെ താളിയോലകളുടെ മാതൃകകളും പ്രദർശിപ്പിക്കും. പുരാരേഖ വകുപ്പിന്റെ കൈവശമുള്ള രേഖകൾ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കുന്ന ജോലികളും പുരോഗമിക്കുകയാണ്.
കേരളത്തിൽ പലയിടങ്ങളിലും സംരക്ഷിക്കപ്പെടാതെ നശിക്കുന്ന താളിയോലകളെ വീണ്ടെടുക്കാനും സൂക്ഷിക്കാനും കമ്മ്യൂണിറ്റി ആർക്കൈവ്‌സ് എന്ന പേരിൽ പുരാരേഖ വകുപ്പിന്റെ നേതൃത്വത്തിൽ പദ്ധതിയുണ്ട്. ആവശ്യമെങ്കിൽ താളിയോലകളെ അതത് വീടുകളിൽ സൂക്ഷിക്കുന്നതിനും വകുപ്പ് സൗകര്യം ഒരുക്കും. കേരള ചരിത്രത്തെ സമ്പന്നമാക്കുന്ന താളിയോലകളുടെ മൂല്യം മനസ്സിലാക്കി അവ ജനകീയവത്ക്കരിക്കുന്നതിനുള്ള ശ്രമമാണ് പുരാരേഖ വകുപ്പ് നടത്തുന്നത്. പുരാരേഖകൾ നഷ്ടപ്പെടുത്താതെ കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് പൊതുജനങ്ങളെ ബോധവത്ക്കരിന്നതുൾപ്പടെയുള്ള പദ്ധതികൾ വകുപ്പ് നടപ്പിലാക്കും. മ്യൂസിയം സെപ്റ്റംബറിൽ നാടിന് സമർപ്പിയ്ക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-07-27 11:05:24
ലേഖനം നമ്പർ: 686