
കേരളത്തിൽ ജീവിതശൈലീ രോഗങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആശാ പ്രവർത്തകരുടെ സഹകരണത്തോടെ ഓരോ വീടുകളും സന്ദർശിച്ച് ഡയഗ്നോസ്റ്റിക് സർവേയിലൂടെ ജീവിതശൈലീ രോഗ രജിസ്‌ട്രി ആരംഭിക്കുന്നു . 30 വയസ്സിന് മുകളിലുള്ള എല്ലാവരുടെയും ജീവിതശൈലീ രോഗങ്ങളെക്കുറിച്ചും അവയിലേക്ക് നയിക്കുന്ന അപകടസാധ്യതകളെക്കുറിച്ചുമുള്ള വിവരങ്ങളുടെ ഒരു ഡാറ്റാബേസ് ഉണ്ടാക്കുക എന്നതാണ് ഇതിന്റെ പ്രാഥമിക ഘട്ടം.
eHealth-ന്റെ സഹായത്തോടെ വിവരശേഖരണത്തിനായി മൊബൈൽ ആപ്പ്ളിക്കേഷൻ ഇതിനോടകം തയ്യാറായി കഴിഞ്ഞു. ഓരോ വീടുകളിൽനിന്നും ശേഖരിക്കുന്ന വിവരങ്ങൾ പഞ്ചായത്ത്, ജില്ല, സംസ്ഥാന തലങ്ങളിൽ ക്രോഡീകരിച്ച് കേരളത്തിലെ ജീവിതശൈലി രോഗ രജിസ്ട്രി തയ്യാറാക്കും. കേരളത്തിലെ എല്ലാ ജനങ്ങളുടെയും ജീവിതശൈലീ രോഗങ്ങളുടെ സമഗ്രമായ സർവേയായിരിക്കും ഇത്. രോഗം സ്ഥിരീകരിച്ചവർക്ക് വിദഗ്ധ ചികിൽസ നൽകുന്നതിനും പ്രമേഹം ഉൾപ്പെടെയുള്ള ജീവിതശൈലീ രോഗങ്ങളുടെ വ്യാപനത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനുമായി ആരോഗ്യവകുപ്പ് ആരംഭിച്ച സമഗ്ര ജീവിതശൈലീ രോഗ കാമ്പയിന്റെ ഭാഗമായാണ് സർവേ നടത്തുന്നത്. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, സി.ഒ.പി.ഡി. വായിലെ കാൻസർ, സ്തനാർബുദം, ഗർഭാശയഗള കാൻസർ തുടങ്ങിയ രോഗങ്ങൾ കണ്ടെത്താനാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്.
അനാരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമക്കുറവ്, പുകവലി, മദ്യപാനം, ലഹരി, മാനസിക പിരിമുറുക്കം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളിലേക്കു നയിക്കുന്ന അപകടസാധ്യത ഘടകങ്ങളെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും അവർക്കായി പുതിയ ജീവിതശൈലി രൂപപ്പെടുത്താനുമാണ് ക്യാമ്പയിൻ ലക്ഷ്യമിടുന്നത്. ഈ സർവേയിലൂടെ കണ്ടെത്തിയ എല്ലാ രോഗികൾക്കും മതിയായ ചികിത്സ ഉറപ്പാക്കുകയും ഇതുവരെ രോഗനിർണയം നടത്തിയിട്ടില്ലാത്ത ആളുകൾക്കായി പ്രത്യേക ക്യാമ്പുകൾ സ്ഥാപിക്കുകയും അതുവഴി പുതിയ രോഗികളെ നേരത്തെ കണ്ടെത്തുകയും ചെയ്യുകവഴി കൂടുതൽ ഗുരുതരാവസ്ഥയിലേയ്ക്ക് പോകാതെ നേരത്തെ തന്നെ മതിയായ ചികിത്സ ഉറപ്പു വരുത്തുക എന്ന ലക്ഷ്യവും പദ്ധതിയ്ക്കുണ്ട്.
കേരളത്തിൽ പ്രമേഹം വർധിക്കുന്നതായി മുൻകാല പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഐസിഎംആറും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസും ചേർന്ന് നടത്തിയ പഠനത്തിൽ കേരളത്തിലെ 35 ശതമാനം ആളുകൾക്കും പ്രമേഹമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ അവസ്ഥയെ ഫലപ്രദമായി നേരിടുന്നതിനും ചികിത്സിക്കുന്നതിനുമായി സംസ്ഥാന ആരോഗ്യവകുപ്പ് അമൃതം ആരോഗ്യം, നയനാമൃതം, പാദസ്പർശം തുടങ്ങി വിവിധ പദ്ധതികൾ നടപ്പാക്കി വരുന്നുണ്ട്.
അമൃതം ആരോഗ്യ പദ്ധതിയിലൂടെ എല്ലാ ആശുപത്രികളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ജീവിതശൈലി രോഗനിർണയ ക്ലിനിക്കുകൾ പ്രവർത്തിയ്ക്കുന്നുണ്ട്. 30 വയസ്സിനു മുകളിലുള്ളവരുടെ ജീവിതശൈലീ രോഗങ്ങൾ പരിശോധിക്കാനും രോഗം കണ്ടെത്തിയവരെ ചികിത്സിക്കാനും ഇൻസുലിൻ ഉൾപ്പെടെയുള്ള മരുന്നുകൾ സൗജന്യമായി നൽകാനും പദ്ധതി ലക്ഷ്യമിടുന്നു. അമൃതം പദ്ധതിക്ക് കീഴിൽ ഏകദേശം 1.27 കോടി ആളുകളെ പരിശോധിക്കുകയും ഒമ്പത് ലക്ഷത്തിലധികം പ്രമേഹ രോഗികളെ കണ്ടെത്താനും രോഗികൾക്കെല്ലാം മതിയായ ചികിത്സ ലഭ്യമാക്കാനും സാധിച്ചിട്ടുണ്ട്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2021-11-15 14:03:56
ലേഖനം നമ്പർ: 325