കേരളത്തിലെ ഡിജിറ്റൽ ഭരണസംവിധാനത്തെ കൂടുതൽ ലളിതവും ജനസൗഹൃദവും പങ്കാളിത്തപരവും ആക്കുന്നതിനുള്ള സുപ്രധാനമായ അഞ്ച് സംരംഭങ്ങളാണ് കേരള സ്റ്റേറ്റ് ഐ.ടി. മിഷന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്. സർക്കാർ സേവനം ലഭിക്കാൻ പൗരൻ വിവിധ ഓഫീസുകളെയും വെബ്സൈറ്റുകളെയും സംവിധാനങ്ങളെയും തേടിപ്പോകേണ്ട അവസ്ഥയിൽ നിന്ന്, സർക്കാരും സേവനങ്ങളും പൗരന്റെ അടുത്തേക്ക് എത്തുന്ന രീതിയിലേക്കുള്ള മാറ്റമാണ് ഈ സംരംഭങ്ങളുടെ പൊതുവായ ലക്ഷ്യം.
ഇതിന്റെ കേന്ദ്രബിന്ദുവാണ് ‘നമ്മുടെ കേരളം 2.0’. അതിനൊപ്പം സർക്കാർ സേവനങ്ങളെ പൗരന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുന്ന CX ഇൻഡെക്സ്, വാട്സാപ്പ് വഴി സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്ന വാട്സാപ്പ് ഗവൺമെന്റ് സർവീസസ്, ആധികാരിക സർക്കാർ വിവരങ്ങൾ സംഭാഷണരീതിയിൽ ലഭ്യമാക്കുന്ന AI-അധിഷ്ഠിത സർക്കാർ ചാറ്റ്ബോട്ട്, സർക്കാർ ഭരണത്തിലെ യഥാർത്ഥ പ്രശ്നങ്ങൾക്ക് ഉത്തരവാദിത്തപരമായ AI പരിഹാരങ്ങൾ കണ്ടെത്തുന്ന K-AI പ്രോഗ്രാം എന്നിവയും പുതിയ ഡിജിറ്റൽ ഭരണപരിവർത്തനത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്നു.
ഈ സംരംഭങ്ങളിലൂടെ സാങ്കേതികവിദ്യയെ ഭരണത്തിന്റെ കേന്ദ്രമാക്കുകയല്ല, മറിച്ച് പൗരനെ കേന്ദ്രമാക്കി സാങ്കേതികവിദ്യയെ ഉപയോഗിക്കുക എന്ന സമീപനമാണ് കേരളം മുന്നോട്ടുവയ്ക്കുന്നത്.
1. നമ്മുടെ കേരളം 2.0
സർക്കാർ സേവനങ്ങൾ ഇനി ഒരൊറ്റ ഡിജിറ്റൽ ഇടത്തിൽ
കേരളത്തിലെ വിവിധ സർക്കാർ വകുപ്പുകളുടെ സേവനങ്ങൾ ഒരു ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ പൗരന്മാർക്ക് ലഭ്യമാക്കുന്നതിനായി രൂപകൽപ്പന ചെയ്ത സംവിധാനമാണ് ‘നമ്മുടെ കേരളം’. ഓരോ ആവശ്യത്തിനും വ്യത്യസ്ത സർക്കാർ വെബ്സൈറ്റുകളോ ആപ്പുകളോ കണ്ടെത്തേണ്ട സാഹചര്യം കുറച്ച്, വിവിധ വകുപ്പുകളുടെ സേവനങ്ങളിലേക്ക് ഒരൊറ്റ ഇടത്തിൽ നിന്ന് പ്രവേശനം നൽകുകയാണ് ഇതിന്റെ അടിസ്ഥാന ആശയം. മൊബൈൽ ആപ്പിലൂടെയും വെബ് പോർട്ടലിലൂടെയും സേവനങ്ങൾ ലഭ്യമാകും.
ഇതിനകം ഒരു ലക്ഷത്തിലധികം ഉപയോക്താക്കളും 130-ലധികം സർക്കാർ സേവനങ്ങളും ഉൾപ്പെടുന്ന പ്ലാറ്റ്ഫോമിന്റെ കൂടുതൽ വിപുലവും സൗകര്യപ്രദവുമായ പതിപ്പാണ് നമ്മുടെ കേരളം 2.0. രണ്ടാം പതിപ്പിൽ 30-ലധികം പുതിയ പൗരകേന്ദ്രിത സർക്കാർ സേവനങ്ങൾ കൂടി ഉൾപ്പെടുത്തുകയും കൂടുതൽ സർക്കാർ സംവിധാനങ്ങളുമായുള്ള സംയോജനം വിപുലീകരിക്കുകയും ചെയ്യുന്നു.
പൗരന്റെ ജീവിതത്തിൽ എന്താണ് മാറുന്നത്?
റവന്യൂ, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, വൈദ്യുതി, തദ്ദേശസ്വയംഭരണം, ടൂറിസം, ഗതാഗതം, സാമൂഹ്യനീതി, തൊഴിൽ തുടങ്ങിയ വിവിധ മേഖലകളിലെ സർക്കാർ സേവനങ്ങൾ ഒരിടത്ത് കണ്ടെത്താൻ കഴിയും. അപേക്ഷ സമർപ്പിക്കൽ, ആവശ്യമായ രേഖകൾ നൽകൽ, ഓൺലൈൻ പേയ്മെന്റ്, അപേക്ഷയുടെയും പരാതിയുടെയും പുരോഗതി അറിയൽ, സർക്കാർ അറിയിപ്പുകൾ ലഭിക്കൽ, ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയ്ക്ക് അപേക്ഷിക്കൽ തുടങ്ങിയ സൗകര്യങ്ങൾ ഒരു ഏകീകൃത അനുഭവത്തിന്റെ ഭാഗമാകുന്നു. നമ്മുടെ കേരളം 2.0 സർക്കാർ സേവനങ്ങളുടെ ഒരു പട്ടിക മാത്രമല്ല; പൗരന്റെ ദൈനംദിന ജീവിതവുമായി ബന്ധപ്പെടുന്ന ഒരു ഡിജിറ്റൽ സഹായി കൂടിയാണ്.
സമീപത്തുള്ള ആശുപത്രികൾ കണ്ടെത്തുക, പൊതുശുചിമുറികളുടെ സ്ഥാനം അറിയുക, പാമ്പ് രക്ഷാപ്രവർത്തകരെ കണ്ടെത്തുക, ഇവി ചാർജിംഗ് സ്റ്റേഷനുകളുടെ ലൊക്കേഷൻ അറിയുക, ലോട്ടറി ഫലം പരിശോധിക്കുക തുടങ്ങിയ പ്രായോഗിക സൗകര്യങ്ങളും പുതിയ പതിപ്പിൽ ഉൾപ്പെടുന്നു. ലോട്ടറി സേവനങ്ങൾ, ലൊക്കേഷൻ അധിഷ്ഠിത ടൂറിസം വിവരങ്ങൾ, പിഡിഎസ് സേവനങ്ങൾ, കെഎസ്ഇബി ഇവി ചാർജിംഗ് സ്റ്റേഷൻ വിവരങ്ങൾ, ഹോമിയോപ്പതി സേവനങ്ങൾ, നോർക്ക സേവനങ്ങൾ, വനം വകുപ്പിന്റെ സർപ്പ സേവനങ്ങൾ, കേരള വാട്ടർ അതോറിറ്റി, തൊഴിൽ വകുപ്പ്, മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട ചലാൻ വിവരങ്ങൾ തുടങ്ങിയ വിവിധ സേവനങ്ങളും 2.0-യുടെ ഭാഗമായി വികസിപ്പിക്കുന്നു.
കൂടാതെ ഭരണത്തിൽ പങ്കാളിയാകാനുള്ള അവസരവും പ്ലാറ്റ്ഫോം നൽകുന്നു. മീറ്റ് ആൻ ഒഫീഷ്യൽ (Meet an Official) സംവിധാനത്തിലൂടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയ്ക്ക് അപേക്ഷിക്കാം. റിപ്പോർട്ട് ആൻ ഇഷ്യൂ (Report an Issue) വഴി പൊതുപ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താം. പാർട്ടിസിപ്പേറ്റ് (Participate) വിഭാഗത്തിലൂടെ സർക്കാർ പരിപാടികളിലും ക്യാമ്പെയിനുകളിലും പങ്കാളിയാകാം. ഡെലിബറേറ്റ് (Deliberate) വിഭാഗത്തിലെ ഫോറംസ്, ഐഡിയ, ചലഞ്ചസ്, പോൾസ് എന്നിവയിലൂടെ ആശയങ്ങളും അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവയ്ക്കാം.
പരാതി രജിസ്റ്റർ ചെയ്യാനും അത് ബന്ധപ്പെട്ട സംവിധാനത്തിലേക്ക് കൈമാറാനും പരിഹാരത്തിന്റെ പുരോഗതി അറിയാനും സംവിധാനമുണ്ട്. സാമൂഹിക പ്രശ്നങ്ങളും അഴിമതി സംബന്ധിച്ച പരാതികളും റിപ്പോർട്ട് ചെയ്യുന്നതിനുള്ള സൗകര്യങ്ങളും ലഭ്യമാണ്. അടിയന്തര സാഹചര്യങ്ങളിൽ പൊലീസ്, ഫയർ & റെസ്ക്യൂ, ആംബുലൻസ് തുടങ്ങിയ പ്രധാന സഹായ സംവിധാനങ്ങളിലേക്ക് വേഗത്തിൽ എത്തുന്നതിനുള്ള SOS സൗകര്യവും പ്ലാറ്റ്ഫോമിന്റെ ഭാഗമാണ്.
സേവനം + പരാതി പരിഹാരം + പൗരപങ്കാളിത്തം + സർക്കാർ വിവരങ്ങൾ + അടിയന്തര സഹായം എന്നിവയെ ഒരൊറ്റ ഡിജിറ്റൽ പരിസരത്തിൽ കൂട്ടിയിണക്കുന്നതാണ് നമ്മുടെ കേരളത്തിന്റെ പ്രത്യേകത.
2. CX ഇൻഡെക്സ്
സർക്കാർ സേവനങ്ങളുടെ യഥാർത്ഥ അളവുകോൽ - പൗരന്റെ അനുഭവം
ഒരു സർക്കാർ സേവനം ഓൺലൈനായി ലഭ്യമാക്കിയതുകൊണ്ട് മാത്രം അത് മികച്ച സേവനമാകണമെന്നില്ല. ആ സേവനം ഉപയോഗിച്ച പൗരന് എങ്ങനെയായിരുന്നു അനുഭവം? സേവനം എളുപ്പമായിരുന്നോ? സമയബന്ധിതമായിരുന്നോ? ആവശ്യമായ വിവരം വ്യക്തമായിരുന്നോ? പൗരന്റെ പ്രശ്നം പരിഹരിക്കപ്പെട്ടോ? എന്നീ ചോദ്യങ്ങൾക്ക് പൗരന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന മറുപടി ആധാരമാക്കി സേവന സംവിധാനം മെച്ചപ്പെടുത്തുകയാണ് CX ഇൻഡെക്സ് – സിറ്റിസൺ/കസ്റ്റമർ എക്സ്പീരിയൻസ് ഇൻഡെക്സ് എന്ന ആശയത്തിന്റെ ലക്ഷ്യം.
സേവനം ഉപയോഗിച്ചതിന് ശേഷം ലഭിക്കുന്ന പൗരപ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ സേവനത്തിന്റെ ഗുണനിലവാരവും സംതൃപ്തിയും വിലയിരുത്താനും പ്രശ്നങ്ങളും തടസ്സങ്ങളും കണ്ടെത്താനും ആവശ്യമായ മെച്ചപ്പെടുത്തലുകൾ നടപ്പാക്കാനും CX ഇൻഡെക്സ് സഹായിക്കും. പൗരന്റെ പ്രതികരണം ഒരു ഔപചാരിക ഫീഡ്ബാക്കായി അവസാനിക്കാതെ, സേവനത്തിലെ പോരായ്മകൾ കണ്ടെത്താനും വകുപ്പുകൾക്ക് സേവനം മെച്ചപ്പെടുത്താനും സഹായിക്കുന്ന ഒരു ഭരണപരമായ ഉപാധിയായി മാറുന്നു. ഇതിലൂടെ ഡിജിറ്റലൈസേഷനൊപ്പം പൗരന്റെ അനുഭവത്തിനും തുല്യ പ്രാധാന്യം നൽകുന്ന ഭരണസംസ്കാരം ശക്തിപ്പെടുത്താൻ കഴിയും.
3. വാട്സാപ്പ് ഗവൺമെന്റ് സർവീസസ്
നിങ്ങളുടെ സേവനം നിങ്ങളുടെ വാട്സ്ആപ്പിൽ
ജനങ്ങളുടെ ദൈനംദിന ആശയവിനിമയത്തിന്റെ ഭാഗമായ വാട്സാപ്പ് സംവിധാനത്തിലൂടെ സർക്കാർ സേവനങ്ങളിലേക്കും എത്താൻ കഴിയുക എന്നതാണ് വാട്സാപ്പ് ഗവൺമെന്റ് സർവീസസ് മുന്നോട്ടുവയ്ക്കുന്ന മാറ്റം. ഒരു സേവനം ലഭിക്കാൻ ആദ്യം ഏത് വകുപ്പാണെന്ന് കണ്ടെത്തി, അതിന്റെ വെബ്സൈറ്റിൽ പ്രവേശിച്ച്, ശരിയായ മെനുവും ഫോമും കണ്ടെത്തേണ്ട സാഹചര്യം കുറച്ച് “എനിക്ക് എന്താണ് വേണ്ടത്?” എന്ന് പറഞ്ഞുകൊണ്ട് സേവനയാത്ര ആരംഭിക്കാൻ കഴിയുന്ന രീതിയിലേക്ക് സർക്കാർ സേവനങ്ങളെ മാറ്റുകയാണ് ലക്ഷ്യം. മലയാളത്തിലും ഇംഗ്ലീഷിലും സേവനങ്ങൾ ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് സംവിധാനം വിഭാവനം ചെയ്തിരിക്കുന്നത്.
പ്രധാന മാറ്റം — വാട്സാപ്പ് വഴി CMO പരാതി
ഈ സംരംഭത്തിലെ ഏറ്റവും പ്രധാനപ്പെട്ട പൗരസേവനങ്ങളിലൊന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കുള്ള പരാതി വാട്സാപ്പ് വഴി സമർപ്പിക്കാനുള്ള സൗകര്യം. പൗരന് വാട്സാപ്പ് സംഭാഷണത്തിലൂടെ പരാതി സമർപ്പിക്കാനും, പിന്നീട് അതേ സംവിധാനത്തിലൂടെ പരാതിയുടെ നില അറിയാനും, ഫീഡ്ബാക്ക് നൽകാനും കഴിയും. ഇതിനൊപ്പം കെഎസ്ഇബി, KWA ബിൽ പേയ്മെന്റ്, സിവിൽ സപ്ലെെസ്/പിഡിഎസ്, ഫോറസ്റ്റ് & വെെൽഡ്ലെെഫ്, KFON, എംപ്ലോയ്മെന്റ്, ലീഗൽ മെട്രോളജി, വിജിലൻസ് തുടങ്ങിയ വിവിധ സേവനങ്ങളും വാട്സാപ്പ് മുഖേന ലഭ്യമാക്കുന്നതാണ് പദ്ധതി.
4. AI അധിഷ്ഠിത സർക്കാർ ചാറ്റ്ബോട്ട്
സർക്കാർ വിവരങ്ങൾ ഇനി ചോദിച്ചറിയാം
ഒരു സർക്കാർ സേവനത്തിന് അർഹതയുണ്ടോ? ഏതെല്ലാം രേഖകളാണ് വേണ്ടത്? അപേക്ഷിക്കേണ്ടത് എങ്ങനെ? ഏത് ഓഫീസിനെയാണ് സമീപിക്കേണ്ടത്? ഒരു സർക്കാർ പദ്ധതിയുടെ നടപടിക്രമം എന്താണ്? ഇത്തരം ചോദ്യങ്ങൾക്ക് ശരിയായ സർക്കാർ വിവരം കണ്ടെത്തുന്നതിനായി വിവിധ വെബ്സൈറ്റുകളും രേഖകളും തിരയേണ്ട സാഹചര്യം കുറയ്ക്കുകയാണ് AI അധിഷ്ഠിത സർക്കാർ ചാറ്റ്ബോട്ട്.
പൗരന് മലയാളത്തിലോ ഇംഗ്ലീഷിലോ സ്വാഭാവികമായി ചോദ്യം ചോദിച്ച് സർക്കാർ സേവനങ്ങൾ, നടപടിക്രമങ്ങൾ, അർഹത, ആവശ്യമായ രേഖകൾ തുടങ്ങിയവയെക്കുറിച്ച് മാർഗനിർദേശം തേടാം. സർക്കാർ ഉത്തരവുകൾ, ആക്ടുകൾ, റൂളുകൾ, സർക്കുലറുകൾ, അംഗീകൃത നടപടിക്രമങ്ങൾ, സർവീസ് വർക്ഫ്ലോ, വകുപ്പുതല രേഖകൾ, സ്ഥിരീകരിച്ച FAQs തുടങ്ങിയ ആധികാരിക സർക്കാർ വിവരസ്രോതസ്സുകളെ അടിസ്ഥാനമാക്കിയുള്ള ഔദ്യോഗിക കോൺവർസേഷണൽ ചാനൽ സൃഷ്ടിക്കുകയാണ് ലക്ഷ്യം.
കേരളം സ്റ്റേറ്റ് പോർട്ടൽ, എന്റെ ഭൂമി, വിജിലൻസ്, എംപ്ലായ്മെന്റ്, ടൂറിസം, പ്രിസൺ, ഫോറസ്റ്റ്, KFON തുടങ്ങിയ മേഖലകളിലെ ചാറ്റ്ബോട്ടുകൾ ഇതിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. വാട്സാപ്പ് സേവനങ്ങളും AI ചാറ്റ്ബോട്ടും പരസ്പര പൂരകമാണ്. AI ചാറ്റ്ബോട്ട് പൗരന് “എന്ത് ചെയ്യണം” എന്ന് മനസ്സിലാക്കാൻ സഹായിക്കുന്നു, WhatsApp തിരഞ്ഞെടുത്ത സേവനങ്ങൾ “ചെയ്യാനുള്ള” ലളിതമായ സംഭാഷണപാത നൽകുന്നു. ഇതാണ് കോൺവർസേഷണൽ ഗവേൺനൻസ് എന്ന പുതിയ സമീപനത്തിന്റെ അടിസ്ഥാനം.
5. K-AI പ്രോഗ്രാം
കേരളത്തിന്റെ ഉത്തരവാദിത്തപരമായ AI ഭരണ മാതൃക
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഭരണത്തെയും പൊതുസേവനങ്ങളെയും മാറ്റിമറിക്കാൻ കഴിയുന്ന സാങ്കേതികവിദ്യയാണ്. എന്നാൽ AI ഉപയോഗിക്കുക എന്നത് മാത്രമല്ല, അത് ഉത്തരവാദിത്തത്തോടെയും സുതാര്യതയോടെയും ജനകീയമായും ഉപയോഗിക്കുക എന്നതാണ് കേരളത്തിന്റെ സമീപനം.
ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി വകുപ്പിന്റെ നേതൃത്വത്തിലും കേരള സ്റ്റേറ്റ് ഐടി മിഷന്റെ ഏകോപനത്തിലുമാണ് K-AI പ്രോഗ്രാം നടപ്പാക്കുന്നത്. സർക്കാർ വകുപ്പുകൾ നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങൾ കണ്ടെത്തി അവയ്ക്ക് അനുയോജ്യമായ AI പരിഹാരങ്ങൾ വികസിപ്പിച്ച് പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
K-AI ഒരു സാങ്കേതിക വിദ്യ അധിഷ്ഠിത പദ്ധതിയേക്കാൾ ഉപയോഗ, അനുഭവാധിഷ്ഠിത സമീപനമാണ് സ്വീകരിക്കുന്നത്. ആദ്യം സർക്കാർ വകുപ്പുകളുടെ യഥാർത്ഥ പ്രശ്നങ്ങൾ കണ്ടെത്തുന്നു. തുടർന്ന് സ്റ്റാർട്ട്അപ്പ്, വ്യവസായം, ഗവേഷണ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ പങ്കാളിത്തത്തോടെ അതിന് AI അധിഷ്ഠിത പരിഹാരങ്ങൾ കണ്ടെത്തുന്നു. ആരോഗ്യം, ധനകാര്യം, നികുതി, നിയമം, പരിസ്ഥിതി, കൃഷി, മൃഗസംരക്ഷണം, ദുരന്തനിവാരണം തുടങ്ങി വിവിധ മേഖലകളിൽ AI ഉപയോഗസാധ്യതകൾ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്.
K-AI പോർട്ടൽ വഴി സർക്കാർ വകുപ്പുകൾക്ക് പ്രശ്നങ്ങൾ പ്രസിദ്ധീകരിക്കാനും സ്റ്റാർട്ട്അപ്പുകൾക്കും സാങ്കേതിക സ്ഥാപനങ്ങൾക്കും പരിഹാരങ്ങൾ സമർപ്പിക്കാനും അവ സാങ്കേതികമായി വിലയിരുത്തി നടപ്പിലാക്കാനും സാധിക്കുന്നു. ഒരു AI പരിഹാരം വലിയ തോതിൽ നടപ്പാക്കുന്നതിന് മുമ്പ് യഥാർത്ഥ സാഹചര്യത്തിൽ പരീക്ഷിക്കുകയും സാങ്കേതിക സാധ്യത, പ്രവർത്തനക്ഷമത, സുരക്ഷ, വ്യാപ്തി (scalability) തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു. ഇതിലൂടെ പൊതുപണം കൂടുതൽ കാര്യക്ഷമമായി വിനിയോഗിക്കാനും അനുയോജ്യമായ പരിഹാരങ്ങൾ മാത്രം സ്വീകരിക്കാനും കഴിയും.
ഡേറ്റ സ്വകാര്യത, വിവര സുരക്ഷ, എക്സ്പ്ലെെനബിൾ AI, മനുഷ്യന്റെ ഇടപെടലിലൂടെ തീരുമാനമെടുക്കൽ, പക്ഷപാതം ഒഴിവാക്കൽ, ഉത്തരവാദിത്തം, സുതാര്യത എന്നിവയ്ക്ക് K-AI പ്രത്യേക പ്രാധാന്യം നൽകുന്നു. AI ഉപയോഗിക്കുന്ന ഉദ്യോഗസ്ഥരെയും പുതിയ ഭരണരീതിക്ക് സജ്ജരാക്കുന്നതിനായി VidyAI പ്രോഗ്രാം മുഖേന AI ഉപയോഗം, പ്രോംപ്റ്റ് എഞ്ചിനീയറിംഗ്, AI അധിഷ്ഠിത രേഖ തയ്യാറാക്കൽ, ഡാറ്റ വിശകലനം തുടങ്ങിയ മേഖലകളിൽ പരിശീലനവും നൽകുന്നു.
ഈ അഞ്ച് സംരംഭങ്ങളെയും ഒരുമിച്ച് നോക്കുമ്പോൾ കേരളത്തിന്റെ ഡിജിറ്റൽ ഭരണത്തിന്റെ അടുത്ത ഘട്ടം വ്യക്തമാണ്. നമ്മുടെ കേരളം 2.0 വിവിധ സർക്കാർ സേവനങ്ങളെ ഒരിടത്തേക്ക് കൊണ്ടുവരുന്നു. CX ഇൻഡെക്സ് സേവനത്തിന്റെ കേന്ദ്രത്തിൽ പൗരന്റെ അനുഭവത്തെ പ്രതിഷ്ഠിക്കുന്നു. വാട്സാപ്പ് സേവനങ്ങളെ ജനങ്ങൾ ദിവസേന ഉപയോഗിക്കുന്ന ആശയവിനിമയ സംവിധാനത്തിലേക്ക് എത്തിക്കുന്നു. AI ചാറ്റ്ബോട്ട് സർക്കാർ വിവരങ്ങളെ ചോദിച്ചറിയാവുന്ന സംഭാഷണരീതിയിലേക്ക് മാറ്റുന്നു. K-AI ഭരണത്തിലെ യഥാർത്ഥ പ്രശ്നങ്ങൾക്ക് ഉത്തരവാദിത്തപരമായ AI പരിഹാരങ്ങൾ കണ്ടെത്തുന്നതിനുള്ള സംവിധാനമൊരുക്കുന്നു.
ഈ മാറ്റങ്ങളുടെ പൊതുവായ കണ്ണിയാണ് കേരളം സ്റ്റേറ്റ് ഐ.ടി. മിഷൻ. വിവിധ സർക്കാർ വകുപ്പുകളെയും സാങ്കേതിക സംവിധാനങ്ങളെയും സേവനങ്ങളെയും ഏകോപിപ്പിച്ച്, സാങ്കേതികവിദ്യയെ പൗരന്റെ ആവശ്യങ്ങളുമായി ബന്ധിപ്പിക്കുന്ന സംസ്ഥാനതല ഡിജിറ്റൽ ഭരണസംവിധാനമാണ് KSITM ഈ സംരംഭങ്ങളിലൂടെ ശക്തിപ്പെടുത്തുന്നത്.
ഇവ ഓരോന്നും ഒറ്റപ്പെട്ട സാങ്കേതിക പദ്ധതികളല്ല. സർക്കാർ സേവനം എവിടെയുണ്ട് എന്ന് പൗരൻ അന്വേഷിക്കുന്ന ഭരണരീതിയിൽ നിന്ന്, പൗരന് ആവശ്യമുള്ള സമയത്ത്, അവന് പരിചിതമായ മാർഗത്തിലൂടെ, ലളിതമായി സേവനവും വിവരവും ലഭ്യമാകുന്ന ഭരണരീതിയിലേക്കുള്ള മാറ്റത്തിന്റെ വിവിധ ഘടകങ്ങളാണ്. കൂടുതൽ സേവനങ്ങൾ, കൂടുതൽ സൗകര്യങ്ങൾ, കൂടുതൽ സുരക്ഷ, മികച്ച പൗരാനുഭവം എന്നതാണ് സർക്കാർ വിഭാവനം ചെയ്യുന്ന ഭരണരീതി.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-09-30 09:55:22
ലേഖനം നമ്പർ: 2100