ഡാറ്റ സെക്യൂരിറ്റി കൗൺസിൽ ഓഫ് ഇന്ത്യ നടത്തിയ മത്സരത്തിൽ തിരുവനന്തപുരത്തെ ഫോറൻസിക് സയൻസ് ലബോറട്ടറിക്ക് പുരസ്‌കാരം. സർക്കാർ ഉടമസ്ഥതയിൽ ഉള്ള സ്ഥാപനങ്ങളിലെ ഡിജിറ്റൽ ഫോറൻസിക് മികവ് കണ്ടെത്തുന്നതിനുള്ള വിഭാഗത്തിലാണ് ഗുജറാത്തിലെ ഗാന്ധിനഗർ നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിയുമായി തിരുവനന്തപുരം ഫോറൻസിക് സയൻസ് ലബോറട്ടറി രണ്ടാം സ്ഥാനം പങ്കിട്ടത്. ബാംഗ്ലൂർ ഫോറൻസിക് സയൻസ് ലബോറട്ടറിക്കാണ് ഒന്നാം സ്ഥാനം. രാജ്യത്തെ ഏറ്റവും മികച്ച മൂന്ന് സൈബർ വിഭാഗങ്ങളെ തിരഞ്ഞെടുക്കുന്ന പുരസ്‌കാരമാണിത്.
ഡിജിറ്റൽ അന്വേഷണങ്ങൾക്കായി അത്യാധുനിക ഡിജിറ്റൽ ഫോറൻസിക് ഉപകരണങ്ങളും സാങ്കേതികവിദ്യകളും നിർമ്മിക്കുകയോ പ്രയോജനപ്പെടുത്തുകയോ ചെയ്തുകൊണ്ട് ഡിജിറ്റൽ ഫോറൻസിക് മേഖലയിലെ മൊത്തത്തിലുള്ള കഴിവുകളുടെ വികസനത്തിനുള്ള പ്രയ്തനങ്ങളെ അടിസ്ഥാനമാക്കിയാണ് ഡിജിറ്റൽ ഫോറൻസിക് മികവിനുള്ള അവാർഡുകൾ നൽകുന്നത്. നിയമപാലകർക്കും നീതിനിർവഹണത്തിനു സഹായകമാകുന്ന സേവനങ്ങൾ നൽകുന്ന സർക്കാർ അംഗീകൃത ഫോറൻസിക് ലബോറട്ടറികൾക്കാണ് പുരസ്‌കാരത്തിനായി അപേക്ഷിക്കാനാകുന്നത്.
ഡിജിറ്റൽ ഫോറൻസിക് മികവിനും മികച്ച സൈബർ പൊലീസ് എന്ന വ്യക്തിഗത പുരസ്‌കാരവുമുൾപ്പെടെ നാല് കാറ്റഗറികളിലാണ് അവാർഡുകൾ സമ്മാനിക്കുന്നത്. സുപ്രീംകോടതി അഭിഭാഷകനായ വകുൽ ശർമ്മയുടെ നേതൃത്വത്തിലുള്ള ജൂറിയാണ് പുരസ്‌കാരത്തിനായുള്ള അപേക്ഷകൾ പരിശോധിച്ച് വിലയിരുത്തിയത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-12-12 14:55:15
ലേഖനം നമ്പർ: 1596