വിനോദസഞ്ചാരവികസനം ലക്ഷ്യമിട്ട് കോളേജ് കാമ്പസുകളിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ടൂറിസം വകുപ്പ് ടൂറിസം ക്ലബ്ബുകൾ ആരംഭിക്കുന്നു. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ 'ഏൺ വൈൽ യു ലേൺ' പദ്ധതിയിലുള്‍പ്പെടുത്തി ടൂറിസം ക്ലബുകളുടെ പ്രവർത്തനം ആസൂത്രണം ചെയ്യുകയും ടൂറിസം ഡെസ്റ്റിനേഷനുകളുമായി ബന്ധിപ്പിച്ച് വിവിധ പ്രവർത്തനങ്ങൾ നടപ്പാക്കുകയും ചെയ്യുന്നതാണു പദ്ധതി. ഏകീകൃത സ്വഭാവത്തോടെയുള്ള മാനദണ്ഡങ്ങളും ചട്ടങ്ങളും രൂപപ്പെടുത്തി കൃത്യമായ ലക്ഷ്യത്തോടെ ആദ്യ ഘട്ടത്തിൽ 25 കോളജുകളിൽ 25 ടൂറിസം ഡെസ്റ്റിനേഷനുകൾ നിശ്ചയിച്ചു നൽകിയാണ് പദ്ധതി നടപ്പാക്കുന്നത്. 

നിശ്ചിത ഇടവേളകളിൽ ക്ലബ് അംഗങ്ങൾ പ്രദേശം സന്ദർശിച്ച് ആവശ്യമായ ഇടപെടലുകൾ നടത്തണം. സമൂഹ മാധ്യമങ്ങളിലൂടെയുള്ള ടൂറിസം പ്രചാരണം, ടൂറിസം രംഗത്തു മുന്നേറ്റമുണ്ടാക്കുന്ന മറ്റു പ്രവർത്തനങ്ങൾ തുടങ്ങിയവ ക്ലബുകൾ മുഖേന നടപ്പാക്കും. ക്ലബുകളുടെ പ്രവർത്തനങ്ങൾക്കു പ്രത്യേക കലണ്ടർ പുറത്തിറക്കുംയും ശുചിത്വ പരിപാലനമടക്കമുള്ളവയ്ക്കു ടൂറിസം ക്ലബുകൾ മേൽനോട്ടം വഹിയ്ക്കുകയും ചെയ്യും.

ടൂറിസം രംഗത്തു പ്രൊഫഷണലുകളെ വാർത്തെടുക്കുക, പുതുതലമുറയ്ക്കു വിനോദസഞ്ചാര മേഖലയെ സംബന്ധിച്ച അവബോധം സൃഷ്ടിക്കുക, ടൂറിസം ട്രെൻഡുകൾ പരിചയപ്പെടുത്തുക, വിനോദസഞ്ചാര താത്പര്യം വർധിപ്പിക്കുക തുടങ്ങിയവ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളാണ്. 
വിദ്യാർഥിയായിരിക്കുമ്പോൾത്തന്നെ ടൂറിസം മേഖലയിൽ പാർട്ട് ടൈം ജോലി കണ്ടെത്താൻ ക്ലബുകൾ സഹായിക്കും. ഇതരഭാഷ നൈപുണ്യമുള്ള വിദ്യാർഥികൾക്കു ടൂറിസം ഗൈഡ്‌പോലുള്ള ജോലികൾ നിർവഹിക്കാനാകും. പദ്ധതിക്കായി ടൂറിസം വകുപ്പ് പ്രത്യേക ഫണ്ട് വകയിരുത്തിയിട്ടുണ്ട്. ഓരോ ക്ലബുകൾക്കും ഇതിൽനിന്നു ഫണ്ട് ലഭ്യമാക്കും. ഫാം ടൂറിസം, ഹെറിറ്റേജ് ടൂറിസം തുടങ്ങിയവയ്ക്കുള്ള പ്രസക്തി മനസിലാക്കി പുതിയ ടൂറിസം ഡെസ്റ്റിനേഷനുകൾ കണ്ടെത്താൻ ഈ ക്ലബുകളിലൂടെ അവസരം ഒരുക്കും. കേരളത്തിന്റെ ടൂറിസം വികസന രംഗത്തു മികച്ച പിന്തുണ നൽകാൻ ടൂറിസം ക്ലബുകൾക്കു കഴിയുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-06-14 14:17:46

ലേഖനം നമ്പർ: 595

sitelisthead