വില്ലേജ് ഓഫീസുകളുടെ മുഖച്ഛായ മാറ്റിക്കൊണ്ട് പൊതുജനസേവനങ്ങൾ കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 27 സ്മാർട്ട് വില്ലേജ് ഓഫീസുകൾ കൂടി പ്രവർത്തനസജ്ജമായി. ഇതോടെ സംസ്ഥാനത്തെ ആയിരത്തിലേറെ വില്ലേജ് ഓഫീസുകൾ 'സ്മാർട്ട്' പദവിയിലേക്ക് ഉയർന്നു. വില്ലേജ് ഓഫീസുകളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം നടപടിക്രമങ്ങളിൽ വരുത്തിയ നൂതന മാറ്റങ്ങൾ റവന്യൂ മേഖലയുടെ ആധുനികവൽക്കരണത്തിന് കരുത്തേകുന്നു.
സംസ്ഥാനത്ത് ഇതുവരെ 622 പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരങ്ങൾ നിർമ്മിക്കുകയും 407 ഓഫീസുകൾ നവീകരിക്കുകയും ചെയ്തു. ഇതിലൂടെ വില്ലേജ് ഓഫീസുകളിലെ സേവനങ്ങൾ അതിവേഗത്തിലാക്കാനും പൊതുജനങ്ങൾക്ക് കാര്യക്ഷമമായ സേവനം ഉറപ്പാക്കാനും സാധിക്കുന്നു. നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലായി ബാക്കിയുള്ള വില്ലേജ് ഓഫീസുകൾ കൂടി സ്മാർട്ട് പദവിയിലേക്ക് മാറുന്നതോടെ കേരളത്തിലെ റവന്യൂ ഭരണസംവിധാനം പൂർണ്ണമായും ആധുനിക നിലവാരത്തിലേക്ക് ഉയരും.
മികച്ച ഇരിപ്പിടങ്ങൾ, ജനസൗഹൃദ വിശ്രമകേന്ദ്രങ്ങൾ തുടങ്ങിയ ഭൗതിക സാഹചര്യങ്ങൾക്കൊപ്പം മിനി റവന്യൂ ടവറുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളും വിഭാവനം ചെയ്തിട്ടുണ്ട്. സേവനങ്ങൾ ഓൺലൈൻ ആയതോടെ വില്ലേജ് ഓഫീസുകൾ നേരിട്ട് സന്ദർശിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനായിട്ടുണ്ട്. നിലവിൽ ലോകത്തെ പത്തോളം രാജ്യങ്ങളിൽ ഇരുന്നുതന്നെ പ്രവാസികൾക്ക് റവന്യൂ സേവനങ്ങൾ ലഭ്യമാക്കാനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തിക്കഴിഞ്ഞു. ഭൂവിനിയോഗത്തിനായി ഏകീകൃത പോർട്ടൽ നിലവിൽ വന്നത് ഭൂമി സംബന്ധമായ സേവനങ്ങൾ ലളിതമാക്കുന്നു.
രണ്ടര വർഷത്തിനുള്ളിൽ പത്ത് ലക്ഷം ഹെക്ടർ ഭൂമി ഡിജിറ്റൽ റിസർവേയിലൂടെ അളന്ന് തിട്ടപ്പെടുത്താൻ സാധിച്ചു. വ്യക്തികളുടെ ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അടങ്ങിയ 'റവന്യൂ കാർഡ്' ഉടൻ ലഭ്യമാക്കും. പൗരത്വം തെളിയിക്കുന്നതിനും മറ്റ് ഔദ്യോഗിക ആവശ്യങ്ങൾക്കുമായി സംസ്ഥാനത്തെ എല്ലാവർക്കും വില്ലേജ് ഓഫീസുകൾ വഴി നേറ്റിവിറ്റി കാർഡ് നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടങ്ങളും സുതാര്യമായ ഭരണനിർവ്വഹണവും വില്ലേജ് ഓഫീസുകളെ ജനസൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റിക്കഴിഞ്ഞു
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-02-18 13:18:27
ലേഖനം നമ്പർ: 1964