അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഹിൽ വാല്യൂ മൂല്യവർദ്ധന യൂണിറ്റ് അട്ടപ്പാടിയിൽ കമ്പളം  പുനഃ സംഘടിപ്പിയ്ക്കുന്നു. സംസ്ഥാനത്തെ ഗോത്രമേഖലയിലെ ഏറ്റവും വലിയ മൂല്യവർദ്ധിത സംരംഭമായ അട്ടപ്പാടി ഹിൽ വാല്യു യൂണിറ്റ് സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിന് മികച്ച മാതൃകയാണ്. 
 
കൃഷിയുമായി ബന്ധപ്പെട്ട് ആദിവാസി സമൂഹം പരമ്പരാഗതമായി നടത്തി വരുന്ന ചടങ്ങാണ് കമ്പളം. വ്യത്യസ്ത വിളകൾ/പച്ചക്കറികൾ എന്നിവ ഒരു സ്ഥലത്ത് വിതറുകയും പാട്ടിന്റെയും നൃത്തത്തിന്റെയും അകമ്പടിയോടെ വിത്തുകളെ മണ്ണിൽ വിതയ്ക്കുകയാണ് ചെയ്യുന്നത്. ഒരു കൃഷിയിടത്തിലെ മുഴുവൻ കൃഷിയും ഒറ്റ ദിവസം കൊണ്ട് തന്നെ കമ്പളം ചടങ്ങിലൂടെ വിതയ്ക്കും.

വിവിധ  കാലങ്ങളിൽ മൂപ്പെത്തുന്ന ചീര, റാഗി, ചാമ, ചോളം, കടുക്, തുവര, അമര, വരക്, കുതിരവാലി എന്നിങ്ങനെ ഒമ്പതിനം വിത്തുകൾ ഒരുമിച്ചു വിതയ്ക്കുന്ന പഞ്ചകൃഷിയാണ് സാധാരണയായി കമ്പളം ചടങ്ങിളിലൂടെ നടത്തുന്നത്. ഇവയിൽ ആദ്യം വിളവെടുപ്പിനു പാകമാകുന്നത് ചീരയും തുടർന്ന് ചാമ, തിന, റാഗി എന്നിവയും വിളവെടുക്കും.

അട്ടപ്പാടിയിലെ അഗളി, ഷോളയൂർ, പുതൂർ പഞ്ചായത്തുകളിൽ വിവിധ ഊരുകളിലായി 1035.5 ഹെക്ടറിൽ 4128 സ്ത്രീ കർഷകരാണ് കൃഷി ചെയ്യുന്നത്. സംസ്ഥാനത്തിനെത്തും പുറത്തും നിരവധി മേളകളിൽ ഹിൽ വാല്യൂ ഇതിനോടകം പ്രദർശന വ്യാപനം നടത്തി. കുടുംബശ്രീയുടെ സംസ്ഥാനത്തെ ഏറ്റവും വലിയ മൂല്യവർധിത ഉത്പ്പന്ന  യൂണിറ്റായ ഹിൽ വാല്യൂ ബ്രാൻഡിൽ 32 ഉത്പ്പന്നങ്ങളാണ് വിപണിയിലെത്തിയ്ക്കുന്നത്. 

പരമ്പരാഗത കൃഷിയിൽ നിന്നും നേട്ടമുണ്ടാക്കാതെ മറ്റു തൊഴിലുകൾ അന്വേഷിച്ച ആദിവാസി ജനതയെ, സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥ ലഭ്യമാക്കി, കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കൃഷി അപൂർവ ഇനം വിത്തുകളെ സംരക്ഷിയ്ക്കുന്നതിനോടൊപ്പം കൃഷിയുമായി ബന്ധപ്പെട്ട കമ്പളം പോലുള്ള സാംസ്ക്കാരിക പാരമ്പര്യത്തെ തിരിച്ചുകൊണ്ടുവരാനും സാധിച്ചിട്ടുണ്ട്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-06-03 14:25:42

ലേഖനം നമ്പർ: 571

sitelisthead