വിദ്യാര്‍ഥികളുടെ സുരക്ഷിതയാത്ര ഉറപ്പാക്കാന്‍ 'സേഫ് സ്‌കൂള്‍ ബസ്' പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങളിൽ കൃത്യമായ അറ്റകുറ്റപ്പണി, വൃത്തി, യന്ത്രഭാഗങ്ങളുടെയും വേഗപ്പൂട്ടിന്റെയും പ്രവര്‍ത്തനം, അഗ്‌നിരക്ഷ സംവിധാനം, പ്രഥമശുശ്രൂഷ കിറ്റ്, ജി.പി.എസ്. എന്നിവ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് വകുപ്പ് ഇടവേളകളിൽ പരിശോധന നടത്തും. ഫിറ്റ്നസ് പരിശോധന പൂര്‍ത്തിയാക്കാത്ത ഒരു സ്‌കൂള്‍ വാഹനവും ഓടാൻ അനുവദിക്കില്ല.

സ്കൂൾ വാഹനങ്ങളിൽ കുട്ടികളെ നിര്‍ത്തി യാത്ര പാടില്ല. ഓരോവാഹനത്തിലും സ്‌കൂളിലെ അധ്യാപകരോ അനധ്യാപരോ ആയ ഒരാളുണ്ടാകണം.
ബസ് ഡ്രൈവര്‍മാര്‍ക്ക് 10 വര്‍ഷത്തെ ജോലിപരിചയമുണ്ടാകണം. ഹെവി വാഹനമാണെങ്കില്‍ അത്തരം വാഹനം ഓടിക്കുന്നതില്‍ 5 വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.
ബസുകളില്‍ യൂണിഫോമായി വെള്ള ഉടുപ്പും കറുത്ത പാന്റ്സും തിരിച്ചറിയല്‍കാര്‍ഡും ധരിക്കണം.
കുട്ടികളെ കൊണ്ടുപോകുന്ന മറ്റുവാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ കാക്കി യൂണിഫോം ധരിക്കണം.
പരമാവധി വേഗം 50 കിലോമീറ്റര്‍.
മദ്യപിച്ച് വാഹനമോടിക്കാന്‍ പാടില്ല. ക്രിമിനല്‍ കേസുകളില്‍പ്പെട്ടവരെയും ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരെയും സ്‌കൂൾ വാഹനം ഓടിക്കാൻ അനുവദിക്കരുത്.
വാഹനത്തിന്റെ മുന്നിലും പിന്നിലും വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വാഹനമെന്ന് വ്യക്തമായി എഴുതണം.
സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന മറ്റുവാഹനങ്ങളില്‍ 'ഓണ്‍ സ്‌കൂള്‍ ഡ്യൂട്ടി' എന്നെഴുതണം.
ഫിറ്റ്നസ് പരിശോധന നടത്തിയതിന്റെ സ്റ്റിക്കര്‍ വാഹനത്തില്‍ പതിക്കണം.
എല്ലാ വാതിലിലും സഹായിവേണം. കയറാനും ഇറങ്ങാനും കുട്ടികളെ സഹായിക്കണം.
സീറ്റെണ്ണത്തില്‍ അധികമായി കുട്ടികളെ നിര്‍ത്തിക്കൊണ്ടുപോകാന്‍ പാടില്ല.
12 വയസ്സുകഴിയാത്ത കുട്ടികളാണെങ്കില്‍ ഒരു സീറ്റില്‍ രണ്ടുപേരെ ഇരുത്താം.
ഓരോ ട്രിപ്പിലും വാഹനത്തിലുള്ള കുട്ടികളുടെ പേരുവിവരം എഴുതിയ രജിസ്റ്റര്‍ സൂക്ഷിക്കണം.
വാതിലുകള്‍ക്ക് പൂട്ടും ജനലുകള്‍ക്ക് ഷട്ടറുമുണ്ടാകണം. കൂളിങ് ഫിലിം, കര്‍ട്ടന്‍ എന്നിവ പാടില്ല.
അത്യാവശ്യഘട്ടത്തില്‍ തുറക്കാവുന്ന വാതില്‍ (എമര്‍ജന്‍സി എക്‌സിറ്റ്) സജ്ജമാക്കണം.
കുട്ടികള്‍ ചവിട്ടുപടിയിലൂടെ കയറുകയും ഇറങ്ങുകയും ചെയ്യുന്നത് ഡ്രൈവര്‍ക്ക് കാണാവുന്നവിധത്തില്‍ കണ്ണാടി സ്ഥാപിക്കണം.
സ്‌കൂളിന്റെ പേരും ഫോണ്‍നമ്പറും വാഹനത്തില്‍ പ്രദര്‍ശിപ്പിക്കണം.
ചൈല്‍ഡ്ലൈന്‍ (1098), പോലീസ് (112), ഫയര്‍ഫോഴ്സ് (101) ആംബുലന്‍സ് (102) എന്നീ ഫോണ്‍നമ്പറുകള്‍ വാഹനത്തിന്റെ പിന്നില്‍ എഴുതിയിരിക്കണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :18-05-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo