
മാലിന്യമുക്ത കേരളം എന്ന ലക്ഷ്യത്തിലേക്കുള്ള ജനങ്ങളുടെ കൂട്ടായ ശ്രമങ്ങളുടെ ഫലമാണ് 2025 മാർച്ച് 30ന് അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തിൽ 'മാലിന്യമുക്ത നവകേരള' പ്രഖ്യാപനത്തോടെ സാക്ഷാത്കരിച്ചത്. മാലിന്യനിർമാർജനം അടിയന്തിര പ്രാധാന്യത്തോടെ കണ്ട് അതിനായുള്ള പ്രവർത്തനങ്ങളും സജ്ജീകരണങ്ങളും കേരളം ലക്ഷ്യത്തിലെത്തിച്ചു.
മാലിന്യത്തെ ഉറവിടത്തിൽ പരമാവധി സംസ്‌കരിക്കൽ, അജൈവ മാലിന്യങ്ങളുടെ ശേഖരണം, സംസ്‌കരണം എന്നിവയ്ക്കായി തദ്ദേശസ്വയംഭരണ വകുപ്പ് വിപുലമായ പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പാക്കിയത്. ഹരിത കർമ്മ സേനാംഗങ്ങളുടെ എണ്ണം 33,378ൽ നിന്നും 37,363 ആയി. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 1.5 കോടി ടണ്ണിലധികം അജൈവ മാലിന്യങ്ങളാണ് ഇവർ ശേഖരിച്ചത്. വാതിൽപ്പടി ശേഖരണത്തിലും വലിയ നേട്ടമാണ് ഹരിതകർമസേന കൈവരിച്ചത്. 2023-ൽ 47 ശതമാനമായിരുന്ന വാതിൽപ്പടി മാലിന്യ ശേഖരണം 2025-ൽ 94 ശതമാനമായി വർധിപ്പിക്കാനായി. മാലിന്യം കെെകാര്യം ചെയ്യുന്നതിനായി എംപാനൽ ചെയ്ത സ്വകാര്യ ഏജൻസികൾ 74ൽ നിന്നും 284 ആയി. മിനി എംസിഎഫുകൾ 7446ൽ നിന്നും 19721 ആയി വർധിച്ചു. എംസിഎഫുകൾ 1160ൽ നിന്നും 1330 ആയും ആർആർഎഫുകൾ 87ൽ നിന്നും 192 ആയും ഉയർന്നു.
1019 തദ്ദേശ സ്ഥാപനങ്ങൾ ഹരിതമിത്രം സ്മാർട്ട് ആപ്പ് വഴി മാലിന്യസംസ്‌കരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. കൂടാതെ, നിയമലംഘനങ്ങൾ തടയുന്നതിനായി 52,202 എൻഫോഴ്‌സ്‌മെന്റ് പരിശോധനകൾ നടത്തുകയും 5.70 കോടി രൂപ പിഴ ചുമത്തുകയും ചെയ്തു. 3557 സിസിടിവി ക്യാമറാ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തി. നിയമലംഘനം കണ്ടെത്തിയാൽ ഇതിന്മേൽ ഈടാക്കുന്ന തുകയുടെ 25 ശതമാനം പരാതിക്കാർക്ക് ലഭ്യമാകുന്ന സംവിധാനത്തിൽ ഇതിനകം 37 പേർക്കുള്ള പാരിതോഷികമായി 21,750 രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ 32,410 വേസ്റ്റ് ബിന്നുകളും സ്ഥാപിച്ചു.
ശുചിത്വ മിഷന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പും ക്ലീൻ കേരള കമ്പനി, കുടുംബശ്രീ, ഹരിതകേരളം മിഷൻ, കെ.എസ്.ഡബ്ല്യു.എം.പി തുടങ്ങിയ ഏജൻസികളും സംയുക്തമായാണ് ഈ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. 2024-25 സാമ്പത്തിക വർഷം ശുചിത്വ കേരളം അർബൻ പദ്ധതിക്കായി 170 കോടി രൂപയും റൂറൽ പദ്ധതിക്കായി 529.06 കോടി രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്. ഇതിന് പുറമെ ടേക്ക് എ ബ്രേക്ക് ടോയ്‌ലറ്റുകൾ, സ്കൂൾ ടോയ്‌ലറ്റുകൾ, എം.സി.എഫുകൾ എന്നിവയുടെ നിർമ്മാണത്തിനായി 12.27 കോടി രൂപയുടെ അധിക സഹായം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകി. ഖരമാലിന്യ സംസ്‌കരണത്തിൽ 288 പദ്ധതികളും മറ്റ് ശുചിത്വ മേഖലകളിൽ 460 പദ്ധതികളും ഇതിനകം നടപ്പിലാക്കി കഴിഞ്ഞു.
മാലിന്യക്കൂനകളായി അറിയപ്പെട്ടിരുന്ന സ്ഥലങ്ങളെ വീണ്ടെടുക്കുന്ന പ്രക്രിയയിലും വലിയ മുന്നേറ്റമാണ് ഉണ്ടായത്. ബ്രഹ്‌മപുരത്തെ എട്ട് ലക്ഷത്തിലധികം മെട്രിക് ടൺ മാലിന്യത്തിൽ 6,08,325 മെട്രിക് ടണ്ണും ബയോ മൈനിംഗിലൂടെ നീക്കം ചെയ്യുകയും 18 ഏക്കർ സ്ഥലം വീണ്ടെടുക്കുകയും ചെയ്തു. ഈ സ്ഥലത്താണ് സി.ബി.ജി പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നത്. കൂടാതെ, 4740 സ്ഥാപനതല ഇൻസിനറേറ്ററുകളും നാല് കമ്മ്യൂണിറ്റി ഇൻസിനറേറ്ററുകളും സ്ഥാപിച്ച് സാനിറ്ററി മാലിന്യ സംസ്‌കരണത്തിലും കേരളം ലോകമാതൃക സൃഷ്ടിക്കുകയാണ്. ദ്രവമാലിന്യ സംസ്‌കരണത്തിന് മുട്ടത്തറ, കൊച്ചി, ഗുരുവായൂർ, പടന്ന പാലം, എറണാകുളം മറൈൻ ഡ്രൈവ്, കലൂർ, എറണാകുളം വെല്ലിങ്ടൺ, ബ്രഹ്‌മപുരം, തൃശൂർ മാടക്കത്ര, കൽപറ്റ എന്നിവിടങ്ങളിൽ പ്ലാന്റുകൾ സ്ഥാപിച്ചത് ദ്രവമാലിന്യ സംസ്‌കരണ രംഗത്ത് സംസ്ഥാനത്തിന് വലിയ മുന്നേറ്റമായി. പരിസര ശുചിത്വം, ഖര-ദ്രവമാലിന്യ പരിപാലനം, വ്യക്തിഗത-സാമൂഹ്യ ശുചിത്വം എന്നിങ്ങനെ എല്ലാ മേഖലകളിലും സമ്പൂർണ്ണത കൈവരിച്ചുകൊണ്ട് കേരളം മുന്നേറ്റം തുടരുകയാണ്.