
കേരളത്തിന്റെ വികസനയാത്രയിൽ മറ്റൊരു ചരിത്രാധ്യായം രേഖപ്പെടുത്തുകയാണ്. വിദ്യാഭ്യാസം, ആരോഗ്യം, ജനകീയ പങ്കാളിത്തം എന്നീ മേഖലകളിൽ ഇന്ത്യയ്ക്കുതന്നെ മാതൃകയായി നിലകൊള്ളുന്ന കേരളം, ഇപ്പോൾ അതിദാരിദ്ര്യ നിർമാർജനത്തിന്റെ അന്തിമഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ മഹത്തായ ദൗത്യത്തിലേക്ക് സംസ്ഥാനത്തെ നയിക്കുന്നതിൽ കോട്ടയം ജില്ല മാതൃകയും വഴികാട്ടിയുമായി മുന്നിൽ നിൽക്കുന്നു. സംസ്ഥാന സർക്കാരിന്റെ അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയെ സമ്പൂർണ്ണ അതിദാരിദ്ര്യമുക്ത ജില്ലയായി പ്രഖ്യാപിച്ചു. “2030-ഓടെ ദാരിദ്ര്യം അതിന്റെ എല്ലാ രൂപങ്ങളിലും എല്ലായിടത്തും അവസാനിപ്പിക്കുക” എന്ന സുസ്ഥിര വികസനലക്ഷ്യം (SDG 1) കൈവരിക്കുന്ന സംസ്ഥാനത്തിലെ ആദ്യ ജില്ലയായി കോട്ടയം മാറി.
അതിദാരിദ്ര്യ നിർണയത്തിന്റെ തുടക്കം
2021 ഒക്ടോബറിലാണ് അതിദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള വിവരശേഖരണ പ്രക്രിയ കോട്ടയം ജില്ലയിൽ ആരംഭിച്ചത്. ജനകീയ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് നടത്തിയ സർവേയിൽ 1344 എന്യൂമറേഷൻ സംഘങ്ങളിലായി 2688 എന്യുമറേറ്റർമാർ വീടുതോറും എത്തി വിവരശേഖരണം നടത്തി. ഇതോടൊപ്പം ഫോക്കസ് ഗ്രൂപ്പ് ചർച്ചകളും ഗ്രാമസഭാ ചർച്ചകളും സംഘടിപ്പിച്ച് സമഗ്രമായ വിവരശേഖരണവും നടത്തി. ഭക്ഷണം, ആരോഗ്യം, വരുമാനം, വാസസ്ഥലം (വീടില്ലാത്തവർ, വീടും ഭൂമിയും ഇല്ലാത്തവർ) തുടങ്ങിയ ഘടകങ്ങളാണ് അതിദാരിദ്ര്യ നിർണയത്തിനായി പരിഗണിച്ചത്. 2022 ജനുവരി 10-ന് സംസ്ഥാനത്ത് ആദ്യമായി അതിദാരിദ്ര്യ നിർണയ പ്രക്രിയ പൂർത്തിയാക്കിയ ജില്ലയായി കോട്ടയം മാറി. സർവേയിൽ 1071 പേരെ അതിദരിദ്രരായി കണ്ടെത്തിയപ്പോൾ, സൂപ്പർ ചെക്ക് നടപടികളിലൂടെ അന്തിമ പട്ടികയിൽ 903 പേരെയാണ് ഉൾപ്പെടുത്തിയത്. ഇവരുടെ പുനരധിവാസത്തിനും ഉപജീവനസൗകര്യത്തിനുമായി 978 മൈക്രോപ്ലാനുകൾ 2022 ആഗസ്റ്റിൽ തയ്യാറാക്കി. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്തരമൊരു പ്രവർത്തനരീതി രൂപീകരിക്കപ്പെട്ടത്.
മൈക്രോപ്ലാനുകളുടെ നിർവഹണം
2022 ഒക്ടോബറിൽ കോട്ടയം സംസ്ഥാനത്ത് ആദ്യമായി നിർവഹണം ആരംഭിച്ച ജില്ലയായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് മൈക്രോപ്ലാനുകളുടെ നിർവഹണ ചുമതല ഏറ്റെടുത്തത്. മൈക്രോപ്ലാൻ പ്രകാരം ഭക്ഷണം, മരുന്ന്, പാലിയേറ്റീവ് കെയർ, ആരോഗ്യ സഹായ സാമഗ്രികൾ തുടങ്ങിയ ആവശ്യങ്ങൾ എല്ലാ കുടുംബങ്ങൾക്കും ഉറപ്പാക്കപ്പെട്ടു. 605 കുടുംബങ്ങൾക്കാണ് നേരിട്ടുള്ള സേവനങ്ങൾ ലഭിച്ചത്. അതിലുപരി, 693 കുടുംബങ്ങൾക്ക് മരുന്ന്, 206 കുടുംബങ്ങൾക്ക് പാലിയേറ്റീവ് കെയർ, 6 കുടുംബങ്ങൾക്ക് ആരോഗ്യ സഹായ ഉപകരണങ്ങൾ ലഭ്യമാക്കി. വരുമാനമാർഗം ആവശ്യമായ 155 കുടുംബങ്ങൾക്കായി പദ്ധതികൾ നടപ്പിലാക്കി. അതിൽ 140 എണ്ണം കുടുംബശ്രീ–ഉജ്ജീവനം പദ്ധതിയിലൂടെയും, ബാക്കി കുടുംബങ്ങൾക്കുള്ള സഹായം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് വകുപ്പുകൾ, സ്വകാര്യ സംഘടനകൾ എന്നിവയുടെ സഹകരണത്തിലൂടെയുമാണ് ലഭ്യമാക്കിയത്.
വാസസ്ഥലവും സാമൂഹിക സുരക്ഷയും
ഭവനരഹിതരും ഭൂമിയില്ലാത്ത ഭവനരഹിതരുമായ കുടുംബങ്ങൾക്ക് ലൈഫ് മിഷൻ, പി.എം.എ.വൈ. തുടങ്ങിയ പദ്ധതികളിലൂടെ സുരക്ഷിത വാസസ്ഥലം ഉറപ്പാക്കി. 67 കുടുംബങ്ങൾക്ക് വീടും 50 കുടുംബങ്ങൾക്ക് ഭൂമിയും വീടും ലഭ്യമാക്കി. 22 കുടുംബങ്ങളെ വാടകവീടുകളിലേക്ക് മാറ്റി താമസ സൗകര്യം ഒരുക്കി. സാമൂഹിക സുരക്ഷാ വലയത്തിന്റെ ഭാഗമായി 490 ഗുണഭോക്താക്കൾക്ക് ആധാർ, റേഷൻ കാർഡ്, ബാങ്ക് അക്കൗണ്ട് തുടങ്ങിയ അവകാശ രേഖകൾ ലഭ്യമാക്കി. 55 വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് പാസും പഠനോപകരണങ്ങളും നൽകി. അവരുടെ വിദ്യാഭ്യാസം തുടരുമെന്ന ഉറപ്പും സർക്കാർ നൽകി. കൂടാതെ, അലഞ്ഞുതിരിഞ്ഞ് കഴിയുന്നവരെയും മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരെയും തിരിച്ചറിഞ്ഞ് പുനരധിവസിപ്പിക്കാനും ചികിത്സാ സൗകര്യം ഉറപ്പാക്കാനുമുള്ള നടപടികളും നടന്നു. ജനകീയ പങ്കാളിത്തം, ഭരണകൂടത്തിന്റെ ഏകോപിത പ്രവർത്തനം, സാമൂഹിക ഉത്തരവാദിത്വം എന്നിവ കൈകോര്‍ത്താല്‍ അതിദാരിദ്ര്യം പോലുള്ള വെല്ലുവിളികളെയും വിജയകരമായി മറികടക്കാമെന്ന് കോട്ടയം തെളിയിച്ചു. കേരളത്തിന്റെ അതിദാരിദ്ര്യ നിര്‍മാര്‍ജന ദൗത്യത്തിന് കോട്ടയം നല്‍കിയ സംഭാവന വെറും നേട്ടമല്ല, ഭാവിയിലെ വികസനപ്രവർത്തനങ്ങൾക്ക് പ്രചോദനമായ ഒരു മാതൃകയാണ്.