
കേരളത്തിന്റെ സാമൂഹിക വികസന ചരിത്രത്തിലെ സുപ്രധാനമായ രണ്ട് നാഴികക്കല്ലുകളാണ് സമ്പൂർണ സാക്ഷരതയും അതിദാരിദ്ര്യ നിർമ്മാർജനവും. 1991 ഏപ്രിൽ 18-ന് മലപ്പുറത്ത് ചേലക്കോടൻ ആയിഷ സമ്പൂർണ സാക്ഷരത പ്രഖ്യാപിച്ചതോടെ അറിവിൻ്റെയും സാമൂഹ്യ ഉണർവിന്റെയും വിപ്ലവത്തിന് കേരളം തുടക്കമിട്ടു. ഈ അക്ഷര വിപ്ലവം നൽകിയ ദീർഘവീക്ഷണത്തിൻ്റെയും ഇച്ഛാശക്തിയുടെയും പിൻബലത്തിലാണ് ഇന്ന് കേരളം 2025 നവംബർ 1-ന് ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുന്നത്. വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, സാമൂഹിക നീതി, തൊഴിൽ, സ്ത്രീശാക്തീകരണം, ഡിജിറ്റൽ സാക്ഷരത എന്നിവയുടെ സമന്വയത്തിലൂടെ സമത്വമുള്ള സമൂഹം സൃഷ്ടിക്കാനുള്ള കേരളത്തിൻ്റെ ദീർഘകാല പ്രതിബദ്ധതയുടെയും ഭരണനേതൃത്വത്തിൻ്റെ ഫലപ്രദമായ ഇടപെടലുകളുടെയും വ്യക്തമായ തെളിവാണ് ഈ ചരിത്രനേട്ടം.
സമ്പൂർണ സാക്ഷരതയിലേക്ക്
1991 ഏപ്രിൽ 18: കേരളം സമ്പൂർണ സാക്ഷരത നേടിയെന്ന് കോഴിക്കോട് മാനാഞ്ചിറ മൈതാനത്തെ വേദിയിൽനിന്ന് അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരുടെ സാന്നിധ്യത്തിൽ മലപ്പുറത്തെ ചേലക്കോടൻ ആയിഷ പ്രഖ്യാപിച്ചു. കാലങ്ങളുടെ നിരന്തര ശ്രമങ്ങൾക്ക് പൂർണ്ണതയുടെ ഫലമുണ്ടായ അഭിമാനനിമിഷമായിരുന്നു അത് . കേരളത്തിന്റെ അക്ഷരപുസ്തകത്തിൽ എക്കാലവും ഒളിമങ്ങാതെ തിളങ്ങുന്ന ഏടുകളിലൊന്ന് എഴുതിച്ചേർത്ത ദിനം. 1989ൽ ഇന്ത്യയിലെ ആദ്യ അക്ഷരനഗരമായി കോട്ടയവും 1990ൽ ഇന്ത്യയിലെ പ്രഥമ സമ്പൂർ സാക്ഷര ജില്ലയായി എറണാകുളവും പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഇതിനുപിന്നാലെ കഠിനവും നിരന്തരവുമായ പരിശ്രമങ്ങൾക്കൊടുവിൽ കേരളം സമ്പൂർണ്ണ സാക്ഷരതാ സംസ്ഥാനമായി മാറിയെന്ന നവസാക്ഷരയുടെ പ്രഖ്യാപനം ഓരോ മലയാളിയും ആത്മാഭിമാനത്തോടെ ഏറ്റുപറഞ്ഞപ്പോൾ രാജ്യവും ലോകവും അത്ഭുതാദരങ്ങളോടെ നോക്കിനിന്നു.
നവോത്ഥാന നായകർ വെട്ടിത്തെളിച്ച പാതയിലൂടെ സഞ്ചരിച്ച കേരളം ഗുണമേന്മാവിദ്യാഭ്യാസത്തിനു നൽകിയ ഊന്നൽ കൊണ്ടാണ് ഇന്ത്യയിൽ സമ്പൂർസാക്ഷരത നേടിയ ആദ്യ സംസ്ഥാനമായത്. ഇന്നിപ്പോൾ നാം സമ്പൂർ ഡിജിറ്റൽ സാക്ഷരത യെന്ന ലക്ഷ്യം കൈയെത്തി പിടിക്കുന്നു. അതിനുമപ്പുറം വൈജ്ഞാനിക സമ്പദ്വ്യവസ്ഥയെന്ന അത്യന്താധുനിക ലക്ഷ്യത്തിലേക്ക് നീങ്ങുന്നു. വിസ്മയകരമായ അറിവിന്റെ കുതിച്ചുചാട്ടത്തിനും സാർവത്രിക വിദ്യാഭ്യാസത്തിന്റെ സാമൂഹ്യവൽക്കരണത്തിനും ഉൽപ്രേരകമായ ചരിത്രനേട്ടമായിരുന്നു എല്ലാ അർഥത്തിലും സമ്പൂർസാക്ഷരത. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലുടെയും അതിന്റെ തുടർച്ചയായുള്ള ദൗത്യങ്ങളിലൂടെയും കൂട്ടികൾക്ക് ഗുണമേന്മാ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുള്ള പുതുമാതൃകകൾ കേരളം ആവിഷ്കരിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് ലോകത്താകെ വിദ്യാർഥികളുടെ പഠനം മുടങ്ങിയപ്പോഴും കേരളം ഇച്ഛാശക്തിയോടെ ബദൽമാർഗങ്ങൾ നടപ്പാക്കി. ഓൺലൈൻ വിദ്യാഭ്യാസം ലഭ്യമാക്കിയതിലൂടെ രാജ്യത്തു തന്നെ സമാനതയില്ലാത്ത മുന്നേറ്റമായി.
ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ലഭ്യമാക്കുന്ന നാടാണ് കേരളമെന്നതാണ് സാക്ഷരതാപ്രസ്ഥാനത്തിലൂടെ തെളിയിക്കപ്പെട്ടത്. അനൗപചാരിക വിദ്യാഭ്യാസത്തിലൂടെ പഠനത്തിന്റെ ആജീവനാന്ത സാധ്യതയാണ് മുന്നോട്ടുവയ്ക്കുന്നത്. 1998ൽ ലാണ് തുടർ വിദ്യാഭ്യാസ സംവിധാനം നിലവിൽ വന്നത്. നവസാക്ഷരർക്ക് പന്ത്രണ്ടാം ക്ലാസ് വരെ തുടർപഠനം നടത്താൻ അവസരമുണ്ട്. വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. കൊഴിഞ്ഞുപോയവരെ തുടർപഠനത്തിലേക്ക് കൈപിടിച്ചുയർത്താനും കഴിയുന്നുണ്ട്. അവസാനയാളിലേക്കു വരെ പഠനത്തിന് അവസരമെത്തണമെന്ന ലക്ഷ്യത്തോടെയാണ് കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖല പ്രവർത്തിക്കുന്നത് . 1957 ലെ ഒന്നാം ഇ എം എസ് സർക്കാർ മുതലിങ്ങോട്ട് പല സർക്കാരുകളും പൊതുവിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തുന്നതിന് വലിയ ശ്രദ്ധ നൽകി.
വിജ്ഞാനസമൂഹത്തിലേക്ക്
കേരളത്തിൻ്റെ സാമൂഹ്യപുരോഗതിയുടെ അടിസ്ഥാനശിലയായ വിദ്യാഭ്യാസം, ഐക്യകേരളം രൂപംകൊണ്ടതിന് ശേഷം ആദ്യമായി അധികാരത്തിൽ വന്ന ഇ.എം.എസ്. സർക്കാരിൻ്റെ മുഖ്യ ശ്രദ്ധാകേന്ദ്രമായിരുന്നു. ആദ്യ വിദ്യാഭ്യാസമന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ച വിഖ്യാതമായ വിദ്യാഭ്യാസ ബില്ലാണ് (1957) സംസ്ഥാനത്ത് ആധുനിക വിദ്യാഭ്യാസ സംവിധാനത്തിന് അടിത്തറ പാകിയത്. ഈ ബിൽ വിദ്യാഭ്യാസം ഒരു സാമൂഹികാവകാശമായി പ്രഖ്യാപിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു.
തുടർന്ന് വന്ന സർക്കാരുകൾ ഗ്രാമീണതലങ്ങളിൽ പോലും വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതിനും സാങ്കേതികവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഉന്നതവിദ്യാകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും മുൻഗണന നൽകി. 'നടന്നെത്താവുന്ന ദൂരത്തിൽ വിദ്യാലയം' എന്ന ആശയം പ്രാവർത്തികമാക്കിക്കൊണ്ട് വിദ്യാഭ്യാസം സാധാരണക്കാർക്ക് പ്രാപ്യമാക്കി. ഫീസ് പൂർണ്ണമായി നിർത്തലാക്കിയതിനു പുറമേ, പാഠപുസ്തകം, യൂണിഫോം, ഉച്ചഭക്ഷണം എന്നിവയെല്ലാം സൗജന്യമായി നൽകി. ധനികർക്ക് മാത്രം പ്രാപ്യമായിരുന്ന വിദ്യാഭ്യാസം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും പ്രാപ്യമാക്കാൻ കഴിഞ്ഞതിൻ്റെ അടിത്തറയിലാണ് തുടർന്നുള്ള കേരളം വളരുകയും വികസിക്കുകയും അന്താരാഷ്ട്ര തലത്തിൽ വിസ്മയമാവുകയും ചെയ്തത്. ഈ നടപടികൾ പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുകയും സാമൂഹിക സമത്വത്തിന് ഊർജ്ജം പകരുകയും ചെയ്തു.
മികവിൻ്റെ മാതൃക: ഉച്ചഭക്ഷണ പദ്ധതിയും ഭൗതിക സൗകര്യങ്ങളും
ദേശീയ തലത്തിൽ ഉന്നത വിദ്യാഭ്യാസ മാനദണ്ഡങ്ങൾ ചർച്ച ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിലും, അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ കേരളം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെക്കാൾ വളരെ മുന്നിലാണ്. ദേശീയ ഔദ്യോഗിക രേഖകൾ പ്രകാരം, രാജ്യത്തെ 75 ശതമാനം സ്കൂളുകളിൽ മാത്രമേ കുടിവെള്ളവും ശുചിമുറി സൗകര്യങ്ങളും ഉള്ളൂവെന്നിരിക്കെ, കേരളത്തിൽ ഇത്തരം അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഒരൊറ്റ വിദ്യാലയം പോലുമില്ല എന്നത് സുപ്രധാനമായ നേട്ടമാണ്.
വിദ്യാഭ്യാസ സാമഗ്രികളുടെ ലഭ്യതയുടെ കാര്യത്തിലും ഈ മുന്നേറ്റം പ്രകടമാണ്. ഇന്ത്യയിൽ 40 ശതമാനം വിദ്യാലയങ്ങളിൽ മാത്രമേ ലൈബ്രറി പുസ്തകങ്ങൾ ഉള്ളൂവെന്നതും, ഏഴ് ശതമാനം സ്കൂളുകളിൽ മാത്രമേ കമ്പ്യൂട്ടർ സൗകര്യങ്ങളുള്ളൂവെന്നുമുള്ള കണക്കുകൾക്ക് വിപരീതമായി, കേരളത്തിലെ വിദ്യാലയങ്ങളിൽ ഈ സൗകര്യങ്ങൾ 100 ശതമാനം ഉറപ്പാക്കിയിരിക്കുന്നു.കേരളത്തിൻ്റെ ഉച്ചഭക്ഷണ പദ്ധതി രാജ്യത്തിന് തന്നെ മാതൃകയാണ്. 1983-ൽ മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള സർക്കാരാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. പ്രാഥമിക വിദ്യാലയങ്ങളിൽ തുടങ്ങിയ ഈ പദ്ധതി നിലവിൽ എട്ടാം തരം വരെ വിപുലീകരിച്ചിട്ടുണ്ട്. തുടക്കത്തിൽ ലളിതമായ വിഭവങ്ങളായിരുന്നെങ്കിൽ, ഇന്ന് വിഭവസമൃദ്ധമായ ഭക്ഷണം ഉറപ്പാക്കുകയും ഫ്രൈഡ് റൈസ്, ചിക്കൻ കറി പോലുള്ള വിഭവങ്ങൾ വരെ കുട്ടികളുടെ മെനുവിൽ ഉൾപ്പെടുത്തുകയും ചെയ്തിരിക്കുന്നു. നിലവിൽ ഏതാണ്ട് 30 ലക്ഷത്തിനടുത്ത് കുട്ടികളാണ് വിദ്യാലയങ്ങളിൽ നിന്ന് ഉച്ചഭക്ഷണം കഴിക്കുന്നത്.
തുടർച്ചയായ പ്രളയങ്ങളും കോവിഡ് മഹാമാരിയും കവളപ്പാറ പോലുള്ള പ്രകൃതിദുരന്തങ്ങളും സംസ്ഥാനത്തിൻ്റെ സാമ്പത്തിക രംഗത്തെ കനത്ത പ്രതിസന്ധിയിലാക്കിയിട്ടും, കുട്ടികൾക്കുള്ള ഉച്ചഭകഷണം മുടക്കാതിരിക്കാൻ കേരളം പ്രത്യേകം ശ്രദ്ധിച്ചു. വേനലവധിക്കാലത്തും ഓണം, പെരുന്നാൾ, ക്രിസ്മസ് പോലുള്ള വിശേഷാവസരങ്ങളിലും കുട്ടികൾക്ക് അരി വിതരണം ചെയ്യുന്ന ഈ മാതൃക, സാമൂഹിക ക്ഷേമത്തിൽ കേരളം പുലർത്തുന്ന പ്രതിബദ്ധതയുടെ പ്രതീകമാണ്.
സമ്പൂർണ സാക്ഷരതയിലൂടെ ആരംഭിച്ച വിജ്ഞാന വിപ്ലവം ഇന്ന് അതിദാരിദ്ര്യ നിർമ്മാർജനത്തിലൂടെ ഓരോ പൗരനും ജീവിതാവസരങ്ങളിലേക്കും സമത്വത്തിലേക്കുമുള്ള വഴി തുറന്നിരിക്കുന്നു. സമ്പൂർണ സാക്ഷരത കേരളത്തിന് സാമൂഹ്യമാറ്റത്തിൻ്റെയും നീതിയുടെയും അടിത്തറ പാകിയതുപോലെ, അതിദാരിദ്ര്യമുക്തി കേരളത്തിൻ്റെ വികസന മാതൃകയെ ലോകത്തിനുമുന്നിൽ പൗര കേന്ദ്രിതമായ ഒരു ആധുനിക മാതൃകയാക്കി മാറ്റിയിരിക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക ക്ഷേമം, ഉൾക്കൊള്ളുന്ന സാമ്പത്തിക വളർച്ച എന്നിവയുടെ ഏകോപിത ഫലമാണ് ഈ നേട്ടം. 1991-ലെ സമ്പൂർണ സാക്ഷരതാ പ്രഖ്യാപനവും 2025-ലെ അതിദാരിദ്ര്യ നിർമ്മാർജന പ്രഖ്യാപനവും കേരളത്തിൻ്റെ നവോത്ഥാന യാത്രയിലെ പരസ്പരം പൂർണ്ണമാക്കുന്ന രണ്ട് ചരിത്രമുഹൂർത്തങ്ങളായി എന്നും നിലനിൽക്കും.