അതിദാരിദ്ര്യ നിർമാർജനം : സാമൂഹ്യപുരോഗതിയുടെ സമാനതകളില്ലാത്ത മാതൃകയായി കുടുംബശ്രീ 

1998-ൽ ആരംഭിച്ച കുടുംബശ്രീ പ്രസ്ഥാനം 27 വർഷമായി കേരളത്തിന്റെ സാമൂഹിക സാമ്പത്തിക മേഖലകളിൽ സമാനതകളില്ലാത്ത പുരോഗതി കൈവരിച്ച് മുന്നേറുകയാണ്. സ്വയംസഹായ സംഘങ്ങളുടെയും സൂക്ഷ്മസംരംഭങ്ങളുടെയും പ്രവർത്തനങ്ങളിലൂടെ ദാരിദ്ര്യനിർമ്മാർജനമാണ് കുടുംബശ്രീയുടെ പ്രാഥമിക ലക്ഷ്യം.

 

കുടുംബശ്രീയുടെ  മൂന്നു പ്രധാന പ്രത്യേകതകൾ

ത്രിതല ഘടന: കുടുംബശ്രീ ഒരു സ്വയംസഹായ കൂട്ടായ്മ (SHG/NHG) എന്നതിലപ്പുറം, NHG–ADS–CDS എന്ന ത്രിതല ഘടനയിലൂടെ പ്രവർത്തിക്കുന്നു. ഈ ഘടന ആശയവിനിമയം എളുപ്പമാക്കുകയും, അംഗങ്ങൾക്കിടയിലെ ഐക്യം ശക്തിപ്പെടുത്തുകയും, സംരംഭങ്ങളുടെ വളർച്ച ഉറപ്പാക്കുകയും ചെയ്യുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും സർക്കാർ സംവിധാനങ്ങളിലേക്കും പ്രവർത്തനങ്ങളും ആവശ്യങ്ങളും സുതാര്യമായി എത്തിക്കാനും ഈ ഘടന സഹായകരമാണ്.


കൂട്ടായ ദൗത്യനിർവഹണം: മറ്റു സംസ്ഥാനങ്ങളിലെ സ്വയംസഹായ കൂട്ടായ്മകളിൽനിന്ന് വ്യത്യസ്തമായി, കുടുംബശ്രീ കൂട്ടായ പരിശ്രമത്തിലൂന്നിയ ഒരു ദൗത്യനിർവഹണ മാതൃക പിന്തുടരുന്നു. എണ്ണത്തിൻറെ കണക്കിലല്ല,മറിച്ച് ലക്ഷ്യപൂർത്തീകരണത്തിന്റെ ഗുണനിലവാരത്തിലാണ് നേട്ടങ്ങൾ വിലയിരുത്തുന്നത്. അയൽക്കൂട്ടങ്ങളുടെ സുസ്ഥിരത, ബാങ്ക് ഇടപാടുകളുടെ വിശ്വാസ്യത, സൂക്ഷ്മസംരംഭങ്ങളുടെ പ്രായോഗികത, വരുമാനവർധനവിനുള്ള മാർഗങ്ങൾ വികസിപ്പിക്കൽ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായുള്ള ബന്ധം തുടങ്ങി വിവിധ മേഖലകളിൽ ഫലപ്രദമായ ഇടപെടലുകൾ നടത്താൻ കുടുംബശ്രീയ്ക്ക് കഴിയുന്നു.

 

കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺമാരുടെ പങ്ക്

കുടുംബശ്രീയിലെ അംഗങ്ങളെ   മനസ്സിലാക്കാനും അവരുടെ ഭാഷയിൽ സംസാരിക്കാനും കഴിയുന്ന കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺമാരെയാണ് (CRP) പരിശീലനത്തിനും ശേഷിവർധനത്തിനും ഉപയോഗിക്കുന്നത്.  ആത്മവിശ്വാസവും  പ്രവർത്തന  മികവും നൈപുണ്യവും വളർത്തുന്നതിൽ ഇവർ നിർണായക പങ്ക് വഹിക്കുന്നു. വ്യാപകമായ പരിശീലനങ്ങൾ, പുതിയ ആശയങ്ങളുടെയും പദ്ധതികളുടെയും പ്രചാരണം, കൂട്ടായ ഇടപെടലുകൾ തുടങ്ങിയവയിലൂടെ സ്ത്രീശാക്തീകരണത്തിന് അവർ ദൃഢമായ അടിത്തറ ഒരുക്കുന്നു. തരിശുഭൂമിയിലെ കൃഷി, ക്ഷീരസാഗരം പോലുള്ള പദ്ധതികളിലും സാമൂഹിക–രാഷ്ട്രീയ രംഗങ്ങളിലുമുള്ള സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കാൻ ഈ റിസോഴ്സ് പേഴ്സൺമാർ സഹായിക്കുന്നു.

 

ദേശീയതലത്തിൽ അംഗീകരിച്ച മാതൃക

‌ആന്ധ്രാപ്രദേശ് മോഡലിലെ SHG ഫെഡറേഷനുകളുമായി സാമ്യമുണ്ടായിരുന്നുവെങ്കിലും, കേരളത്തിന്റെ സമീപനം കൂടുതൽ സമഗ്രമായതും കൂട്ടായ്മയിൽ അധിഷ്ഠിതവുമായിരുന്നു. 2009-ൽ എസ്.ജി.എസ്.വൈയുടെ കീഴിലുള്ള വായ്പാവിതരണം, പ്രവർത്തനരീതി എന്നിവയെക്കുറിച്ചു പഠിച്ച രാധാകൃഷ്ണ കമ്മിറ്റി ആന്ധ്രാപ്രദേശ് സൊസൈറ്റി ഫോർ എലിമിനേഷൻ ഓഫ്  റൂറൽ പോവർട്ടി (എസ്ഇആർപി), കേരള കുടുംബശ്രീ എന്നീ മാതൃകകളാണ് രാജ്യത്ത് ഏറ്റവും സുസ്ഥിരമായത് എന്നു കണ്ടെത്തിയിരുന്നു. രാധാകൃഷ്ണ കമ്മിറ്റി ഈ ഘടകങ്ങളെ എസ്.ജി.എസ്.വൈ പ്രോഗ്രാമിന്റെ പുനഃസംഘടനയിൽ ഉൾപ്പെടുത്തേണ്ട മുഖ്യ തത്വങ്ങളായി ശിപാർശ ചെയ്തു. ഇതേ തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് ദേശീയ ഗ്രാമീണ ഉപജീവന മിഷൻ (NRLM) രൂപംകൊണ്ടത്.

 

ദേശീയ അംഗീകാര നിറവിൽ കുടുംബശ്രീ 

കുടുംബശ്രീയുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായുള്ള സംയോജിത പ്രവർത്തന മാതൃകയെ ദേശീയ ഗ്രാമീണ ഉപജീവന മിഷൻ (NRLM) പൂർണമായും സ്വീകരിച്ചിരുന്നില്ല. ഇതിന് പ്രധാനമായ കാരണം, മറ്റു സംസ്ഥാനങ്ങളിലെ പഞ്ചായത്ത് സ്ഥാപനങ്ങളുടെ ശേഷിക്കുറവും, സ്ത്രീകൾ സ്വയം മുന്നേറുന്നതിനെ നിരുത്സാഹപ്പെടുത്തുന്ന പ്രാദേശിക അധികാരഘടനയോടുള്ള അവിശ്വാസവുമാണ്.


എന്നാൽ 14-ാമത് കേന്ദ്ര ധനകാര്യ കമ്മീഷൻ (CFC) റിപ്പോർട്ട് പുറത്തിറങ്ങിയതോടെ രാജ്യത്തെ ഗ്രാമപഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും വൻതോതിൽ വിഭവങ്ങൾ കൈമാറാനുള്ള അവസരം ലഭിച്ചു. ഈ CFC ഗ്രാന്റുകൾ ഉപയോഗിച്ച് തൊഴിലുറപ്പ് പദ്ധതികളെ ഏകോപിപ്പിക്കുകയും സ്ത്രീകളെ പ്രാദേശിക വികസന മാതൃകകളിൽ സജീവമാക്കുകയും ചെയ്യാനുള്ള സാഹചര്യം ഒരുക്കപ്പെട്ടു  ഇതിലൂടെ കുടുംബശ്രീയ്ക്ക് ദേശീയതലത്തിൽ കൂടുതൽ ദൃശ്യതയും അംഗീകാരവും ലഭിച്ചു.


ദേശീയ റിസോഴ്‌സ് ഘടന 

ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ  ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും താഴേക്കെത്തിക്കാൻ, നാഷണൽ റിസോഴ്‌സ് ഓർഗനൈസേഷൻ (NRO) എന്ന പ്രത്യേക ഘടന രൂപീകരിച്ചു. ഇത് നടപ്പിലാക്കിയത് കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്സൺ–മെന്റർമാരുടെ സഹായത്തോടെയാണ്. പഞ്ചായത്തീരാജ് സംയോജനം, മൈക്രോ എന്റർപ്രൈസുകൾ (കാർഷികേതര ഉപജീവനമാർഗങ്ങൾ) എന്നിവയുടെ വികസനം എന്നിവയ്ക്കായി കുടുംബശ്രീയെ ഔദ്യോഗികമായി നാഷണൽ റിസോഴ്‌സ് ഓർഗനൈസേഷൻ (NRO) ആയി അംഗീകരിച്ചു.

 

അതേസമയം, ആന്ധ്രാപ്രദേശ്–തെലങ്കാനയിലെ SERP (Society for Elimination of Rural Poverty) ആയിരുന്നു പുതിയ മേഖലകളിൽ സ്വയംസഹായ സംഘങ്ങളെ മുന്നോട്ട് നയിക്കുന്ന പ്രധാന ചട്ടക്കൂട്. പഞ്ചായത്ത് രാജ്  സ്ഥാപനങ്ങളെയും സ്വയംസഹായ ഗ്രൂപ്പുകളെയും സംയോജിപ്പിക്കുന്ന ഒരു രൂപരേഖ വികസിപ്പിക്കുന്നതിൽ കുടുംബശ്രീയുടെ അനുഭവം നിർണായകമായി.

 

മൈക്രോ ബിസിനസ് വികസനത്തിൽ കേരളത്തിന്റെ മുൻകൈ

തദ്ദേശീയ ബിസിനസുകളും സൂക്ഷ്മസംരംഭങ്ങളും നേരിടുന്ന വെല്ലുവിളികളെ പരിഹരിക്കുന്നതിനായി വിജയകരമായ പരീക്ഷണങ്ങൾ നടത്തിയ ഏകസംസ്ഥാനം കേരളമായിരുന്നു. ചെറുകിട സംരംഭകരെ വികസിപ്പിക്കാനായി പ്രത്യേകിച്ച് സ്ത്രീ സ്വയംസഹായ സംഘങ്ങളിൽ നിന്നുള്ളവരെ  പരിശീലിപ്പിക്കുന്ന മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റ് (MEC) സംവിധാനം പരിചയപ്പെടുത്തിയത് കുടുംബശ്രീയുടെ പ്രധാന സംഭാവനകളിലൊന്നാണ്.

 

NRO ആയി അംഗീകരിക്കപ്പെട്ടശേഷം, കുടുംബശ്രീ 25 സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പരിശീലന–സാങ്കേതിക പിന്തുണ നൽകി. നഗര സ്വയംസഹായ സംഘം രൂപവൽക്കരണം, സംയോജനം, സംരംഭ വികസനം എന്നിവയിൽ കുടുംബശ്രീ രാജ്യതലത്തിൽ മുൻഗാമിത്വം നേടി.


നഗര ദാരിദ്ര്യനിർമാർജനത്തിനായുള്ള മാതൃക

മുൻ  കാലഘട്ടത്തിൽ ഗ്രാമ–നഗര മേഖലകളിലൊന്നിച്ച് പ്രവർത്തിച്ചിരുന്ന ഏക സംസ്ഥാന മിഷൻ കുടുംബശ്രീയായിരുന്നു. അതിനാൽ ദേശീയ നഗര ഉപജീവന മിഷൻ (NULM) രൂപപ്പെടുത്തിയപ്പോൾ, നഗരദാരിദ്ര്യനിർമാർജനത്തിനായുള്ള മാർഗനിർദേശങ്ങളിൽ ആന്ധ്രാപ്രദേശ് മോഡലിനൊപ്പം കുടുംബശ്രീയുടെ നഗരാനുഭവം മാത്രമേ പരിഗണിക്കപ്പെട്ടിരുന്നുള്ളൂ. എന്നാൽ, തെരുവോര കച്ചവടം പോലുള്ള പുതുമേഖലകളും പിന്നീട് ദേശീയ നഗര ഉപജീവന മിഷന്റെ ഭാഗമാക്കപ്പെട്ടു.

 

അന്താരാഷ്ട്ര ശ്രദ്ധയും അംഗീകാരവും

ലോകബാങ്ക്, ഐക്യരാഷ്ട്രസഭ തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങൾ കുടുംബശ്രീയുടെ പ്രവർത്തനങ്ങളിൽ താൽപര്യം കാണിച്ചതോടെ, ഈ പ്രസ്ഥാനം അന്താരാഷ്ട്ര തലത്തിൽ അംഗീകാരമാർജ്ജിച്ചു. നിരവധി അക്കാദമിക് സ്ഥാപനങ്ങൾ കുടുംബശ്രീയെ പഠനവിഷയമാക്കി ഉൾപ്പെടുത്തുകയും ചില രാജ്യങ്ങളിലെ അന്താരാഷ്ട്ര വികസന കോഴ്സുകളിൽ കുടുംബശ്രീയുടെ മാതൃക ഉൾപ്പെടുത്തുകയും ചെയ്തു.

 

സാമൂഹികവും സാമ്പത്തികവുമായ നിലയിൽ പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണത്തിൽ നിർണായക പങ്ക് വഹിക്കുന്ന കുടുംബശ്രീയ്ക്ക് സംസ്ഥാന സർക്കാരിന്റെ തുടർച്ചയായ പിന്തുണയും ശക്തമായ ഭരണ–പ്രവർത്തന ഘടനയും ലഭിച്ചിരിക്കുന്നു. സമത്വത്തിലും പങ്കാളിത്തത്തിലും അധിഷ്ഠിതമായ വികസനകേരളത്തിന്റെ വളർച്ചയിൽ കുടുംബശ്രീയുടെ പങ്ക് അതുല്യമാണ്.

 

കുടുംബശ്രീയുടെ ബഹുമുഖ സ്വാധീനം

കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ പ്രാദേശികതയെ അതിരു കടന്ന് സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മേഖലകളിലേക്കും വ്യാപിച്ചു, സമൂഹജീവിതത്തിലെ നിരവധി മേഖലകളിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തിയതായും കാണാം.

 

പ്രധാനമായ സ്വാധീന മേഖലകൾ 

തദ്ദേശഭരണ പ്രക്രിയകളിൽ സമൂഹപങ്കാളിത്തം – ജനാധിപത്യ സംവിധാനത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുകയും സ്ത്രീകളുടെ ശബ്ദം പ്രാദേശിക ഭരണഘടനയിൽ പ്രതിഫലിപ്പിക്കുകയും ചെയ്തു.

സ്ത്രീശാക്തീകരണം – സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ തലങ്ങളിൽ സ്ത്രീകളുടെ സാന്നിധ്യവും പങ്കാളിത്തവും വർധിപ്പിച്ചു.

കാർഷിക മേഖലയിൽ പങ്കാളിത്തം – സ്ത്രീകൾ നേതൃത്വം നൽകുന്ന സുസ്ഥിര കൃഷിമാതൃകകൾ പ്രായോഗികമാക്കി, ജൈവകൃഷിയുടെയും പരിസ്ഥിതി സൗഹൃദ സമീപനങ്ങളുടെയും വളർച്ചക്ക് വഴിയൊരുക്കി.

പ്രാദേശിക സാമ്പത്തിക വികസനം – പുതിയ ഉപജീവനമാർഗങ്ങൾ കണ്ടെത്തുകയും മൈക്രോ സംരംഭങ്ങളിലൂടെ ഗ്രാമീണ സമ്പദ് ഘടന ശക്തമാക്കുകയും ചെയ്തു.

നൈപുണ്യ  വികസനം – അക്കൗണ്ടിംഗ്, ബിസിനസ് മാനേജ്മെന്റ്, നേതൃത്വം, ലിംഗസമത്വം തുടങ്ങിയ വിഷയങ്ങളിൽ സംഘടിതമായ പരിശീലനങ്ങൾ നടപ്പിലാക്കി.

മേഖലാ സംയോജനം – ആരോഗ്യം, വിദ്യാഭ്യാസം, ശുചിത്വം, മാലിന്യ സംസ്കരണം, ഉപജീവനമാർഗങ്ങൾ, സാമൂഹിക അവകാശങ്ങൾ, ആശയവിനിമയം എന്നിവയുമായി ബന്ധമുള്ള നിരവധി മേഖലകളെ ഏകോപിപ്പിച്ചു.

ദുരന്തനിവാരണവും പരിസ്ഥിതി സംരക്ഷണവും – പ്രകൃതി ദുരന്തങ്ങളിലെ രക്ഷാപ്രവർത്തനങ്ങളിൽ സ്ത്രീകളുടെ കൂട്ടായ്മകൾ മുഖ്യ പങ്ക് വഹിച്ചു.

സാമൂഹിക ഉൾക്കൊള്ളൽ – ഭിന്നശേഷിക്കാരെയും കുടിയേറ്റ സമൂഹങ്ങളെയും ഉൾപ്പെടുത്തി പുനരധിവാസം, സംരക്ഷണം, അവകാശ സംരക്ഷണം എന്നിവ നടപ്പാക്കി.

കുട്ടികളും വയോജനങ്ങളും – കുട്ടികളുടെ അവകാശസംരക്ഷണത്തിലും വയോജന പരിചരണത്തിലും സാമൂഹിക ഇടപെടലുകൾ സജീവമായി നടന്നു.

 

ആരാണ് അതിദരിദ്ര്യര്‍ ?

ദാരിദ്ര്യം എന്നത് സാമൂഹികവും സാമ്പത്തികവുമായ ദുർബലതയെ പ്രതിനിധീകരിക്കുന്ന, നിരന്തരമായ മാറ്റത്തിനിടയിലുള്ള ഒരു പ്രതിഭാസമാണ്. പൊതുവെ, ജീവിതത്തിനാവശ്യമായ ശേഷികളുടെ അഭാവമാണ് ദാരിദ്ര്യം. എന്നാൽ അതിലുപരി, അത്യന്തം ദുർബലമായ സാഹചര്യങ്ങളിൽ കഴിയുന്നവരെയാണ് അതിദാരിദ്ര്യർ എന്നു വിശേഷിപ്പിക്കുന്നത്. ഭക്ഷണം, സുരക്ഷിത വാസസ്ഥലം, അടിസ്ഥാന വരുമാനം, ആരോഗ്യനില — ഈ നാല് പ്രധാന ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് അതിദാരിദ്ര്യം നിർണ്ണയിക്കപ്പെടുന്നത്. സ്വന്തമായി ജീവനം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്തതും, ബാഹ്യസഹായം ഇല്ലാതെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയാത്തതുമായവരാണ് ഈ വിഭാഗത്തിൽപ്പെടുന്നത്. 

 

സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും കൂട്ടായ ഇടപെടലുകൾ ഇല്ലാതെ ഇവർക്ക് മുന്നേറാൻ സാധിക്കില്ല. മറുവശത്ത്, സാധാരണ ദാരിദ്ര്യാവസ്ഥയിലുള്ളവർക്ക് തൊഴിൽശേഷിയുടേയും ചെറിയ വരുമാനാവസരങ്ങളുടേയും സഹായത്തോടെ ജീവിത നിലവാരം കുറച്ചെങ്കിലും മെച്ചപ്പെടുത്താൻ കഴിയും. റേഷൻ സംവിധാനം, തൊഴിലുറപ്പ് പദ്ധതി, ലൈഫ് മിഷൻ തുടങ്ങിയ പദ്ധതികൾ സാധാരണ ദരിദ്രർക്കുള്ള പിന്തുണ ഉറപ്പാക്കിയപ്പോൾ, ഈ അടിസ്ഥാനസഹായങ്ങൾ പോലും ലഭിക്കാത്തവരെ — അതിദാരിദ്ര്യ വിഭാഗമായി കണക്കാക്കപ്പെടുന്നു.


അതിദാരിദ്ര്യമുക്ത കേരളത്തിലേക്ക്

കേരളപ്പിറവിയുടെ 69-ാം വാർഷികം ആഘോഷിക്കുമ്പോൾ, ഇന്ത്യയിൽ അതിദാരിദ്ര്യം ഇല്ലാതാക്കുന്ന ആദ്യ സംസ്ഥാനമാകാനുള്ള പാതയിലാണ് കേരളം. ഈ നേട്ടത്തിലൂടെ, സമത്വം, കൂട്ടായ ഉത്തരവാദിത്വം, സാമൂഹ്യനീതി എന്നിവയെ ആധാരമാക്കിയ മാനുഷികവും പ്രായോഗികവുമായ ഒരു വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥയിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. ഈ ദൗത്യത്തിൽ കുടുംബശ്രീയുടെ പങ്ക്, കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ അടയാളമെന്ന നിലയിൽ ചരിത്രത്തിൽ പതിയുകയാണ്.

അനുബന്ധ ലേഖനങ്ങൾ

അതിദാരിദ്ര്യ നിർമാർജനം: ശാസ്ത്രീയമായ കണ്ടെത്തലും മൈക്രോ പ്ലാനുകളും- തദ്ദേശ സ്വയംഭരണ വകുപ്പ്  
ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിൽ കേരളം ഇന്ത്യയിലെ മുൻനിര സംസ്ഥാനമായി മുന്നേറുകയാണ്. ജനകീയ പങ്കാളിത്തം, അടിസ്ഥാനസൗകര്യ വികസനം, പൊതുവിദ്യാഭ്യാസരം​ഗത്തും പൊതുആരോഗ്യരംഗത്തും നടത്തിയ നിക്ഷേപങ്ങൾ, ഗ്രാമതലത്തിൽ നിന്നുള്ള ജനകീയ ആസൂത്രണ പ്രക്രിയ — ഇവയെല്ലാം അതിദാരിദ്ര്യ നിർമാർജ്ജനത്തിലേക്കുള്ള  ചുവടുവെയ്പ്പിന്റെ പ്രധാന ഘടകങ്ങളായിരുന്നു .  ദാരിദ്ര്യ സൂചിക: കേരളം ലോകശ്രദ്ധയിൽ നീതി ആയോഗ് (NITI Aayog) തയ്യാറാക്കിയ ബഹുമുഖ ദാരിദ്ര്യ സൂചിക (Multidimensional Poverty Index – 2021) പ്രകാരം, ഇന്ത്യയിലെ ദാരിദ്ര്യനിരക്ക് ശരാശരി 16.4 ശതമാനം ആയിരിക്കെ, കേരളത്തിൽ വെറും 0.55 ശതമാനം മാത്രമാണ്.
കൂടുതൽ വിവരങ്ങൾ
അതിദാരിദ്ര്യ നിർമ്മാർജ്ജന പ്രഖ്യാപനം: നവകേരളപ്പിറവിയുടെ ചരിത്ര നിമിഷം
2025 നവംബർ ഒന്നിന്, കേരളപ്പിറവി ദിനത്തിൽ, സംസ്ഥാനത്തെ മുഴുവൻ അതിദാരിദ്രരെയും ദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കിയ ആദ്യ സംസ്ഥാനമായി കേരളം മാറും. ദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ സമഗ്രമായ രീതിയിൽ നടപ്പാക്കുന്ന ലോകത്തിലെ ചൈനയ്ക്കു ശേഷം രണ്ടാമത്തെ പ്രദേശം എന്ന ബഹുമതിയും കേരളം സ്വന്തമാക്കും.  ജനാധിപത്യത്തിന്റെ അടിസ്ഥാനമായ സാമ്പത്തിക സമത്വം യാഥാർത്ഥ്യമാക്കുന്നതിലൂടെ, ലോകത്തിന് മാതൃകയാകുന്ന സംസ്ഥാനമായി കേരളം മുന്നേറുകയാണ്.
കൂടുതൽ വിവരങ്ങൾ
അതിദാരിദ്ര്യ നിർമാർജനവും ഡിജിറ്റൽ സാക്ഷരതയുടെ നിർണായക പങ്കും
വിദ്യാഭ്യാസം, ആരോഗ്യം, ജനകീയ പങ്കാളിത്തം തുടങ്ങിയ മേഖലകളിൽ രാജ്യം ശ്രദ്ധിക്കുന്ന നേട്ടങ്ങൾ കൈവരിച്ച കേരളം, ഇപ്പോൾ ഏറ്റവും ഉന്നത ലക്ഷ്യമായ അതിദാരിദ്ര്യ നിർമാർജനത്തിന്റെ അന്തിമഘട്ടത്തിൽ എത്തിയിരിക്കുകയാണ്. 2025 നവംബറോടെ അതിദാരിദ്ര്യമുക്തമായ സംസ്ഥാനമായി മാറുന്ന കേരളത്തിന്, ഈ ലക്ഷ്യം കൈവരിക്കുന്നതിൽ ഡിജിറ്റൽ മുന്നേറ്റം നിർണായക പങ്ക് വഹിക്കുന്നു.
കൂടുതൽ വിവരങ്ങൾ
അതിദാരിദ്ര്യ നിർമാർജന ദൗത്യത്തിന് മാതൃകയും വഴികാട്ടിയുമായി കോട്ടയം
കേരളത്തിന്റെ വികസനയാത്രയിൽ മറ്റൊരു ചരിത്രാധ്യായം രേഖപ്പെടുത്തുകയാണ്. വിദ്യാഭ്യാസം, ആരോഗ്യം, ജനകീയ പങ്കാളിത്തം എന്നീ മേഖലകളിൽ ഇന്ത്യയ്ക്കുതന്നെ മാതൃകയായി നിലകൊള്ളുന്ന കേരളം, ഇപ്പോൾ അതിദാരിദ്ര്യ നിർമാർജനത്തിന്റെ അന്തിമഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.
കൂടുതൽ വിവരങ്ങൾ
ജനകീയാസൂത്രണത്തിലൂടെ സാമൂഹ്യനീതിയും അതിദാരിദ്ര്യ നിർമാര്‍ജനം
കേരളത്തിൻ്റെ വികസനയാത്രയിൽ വികേന്ദ്രീകൃത ഭരണരീതി സാമൂഹ്യനീതിയുടെയും ഉൾക്കൊള്ളലിൻ്റെയും ഏറ്റവും ശക്തമായ ഉപാധിയായി പ്രവർത്തിച്ചു. 1990-കളിൽ ആരംഭിച്ച ജനപങ്കാളിത്ത പദ്ധതിപ്രക്രിയ (People’s Plan Campaign) സംസ്ഥാനത്തിൻ്റെ വികസന ചിന്താഗതിയിൽ ഘടനാപരമായ മാറ്റം വരുത്തി.
കൂടുതൽ വിവരങ്ങൾ
ഭൂപരിഷ്കരണം – അതിദാരിദ്ര്യ നിർമാർജനവഴിയിലെ  നാഴികക്കല്ല്
കേരളത്തിന്റെ സർവോത്മുഖമായ പുരോഗതിക്ക് അടിസ്ഥാനമിട്ട ഏറ്റവും വിപ്ലവകരമായ ഭരണനടപടിയാണ് 1957-ൽ രൂപംകൊണ്ട ആദ്യ ഇ.എം.എസ്. മന്ത്രിസഭ ആവിഷ്കരിച്ച ഭൂപരിഷ്കരണം.
കൂടുതൽ വിവരങ്ങൾ
ഭക്ഷ്യഭദ്രതയിലൂടെ ദാരിദ്ര്യമുക്ത കേരളം
ഭക്ഷ്യധാന്യ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാത്ത സംസ്ഥാനമായിരുന്നിട്ടും, കേരളം സജ്ജമാക്കിയ  സാർവത്രിക പൊതുവിതരണ  സംവിധാനം ഇന്ന് രാജ്യത്തിനും ലോകത്തിനും മാതൃകയായി മാറിയിരിക്കുന്നു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സാമൂഹിക സംവിധാനം  നിർമ്മിക്കാനുമുള്ള സംസ്ഥാനത്തിന്റെ പരിശ്രമങ്ങൾക്ക് ഈ പൊതുവിതരണ സംവിധാനം (PDS) പ്രേരകശക്തിയായി.
കൂടുതൽ വിവരങ്ങൾ
സുസ്ഥിരതയിലേക്ക് കേരളം: സാക്ഷരതയും അതിദാരിദ്ര്യ നിർമാർജനവും
കേരളത്തിന്റെ സാമൂഹിക വികസന ചരിത്രത്തിലെ സുപ്രധാനമായ രണ്ട് നാഴികക്കല്ലുകളാണ് സമ്പൂർണ സാക്ഷരതയും അതിദാരിദ്ര്യ നിർമ്മാർജനവും. 1991 ഏപ്രിൽ 18-ന് മലപ്പുറത്ത് ചേലക്കോടൻ ആയിഷ സമ്പൂർണ സാക്ഷരത പ്രഖ്യാപിച്ചതോടെ അറിവിൻ്റെയും സാമൂഹ്യ ഉണർവിന്റെയും വിപ്ലവത്തിന് കേരളം തുടക്കമിട്ടു.
കൂടുതൽ വിവരങ്ങൾ
തദ്ദേശീയ ജനവിഭാഗങ്ങൾക്ക് സവിശേഷ ശ്രദ്ധ നൽകി അതിദാരിദ്ര്യ നിർമാർജന ദൗത്യം
കേരളപ്പിറവിയുടെ 69-ാം വാർഷികം ആഘോഷിക്കുമ്പോൾ, ഇന്ത്യയിൽ അതിദാരിദ്ര്യം ഇല്ലാതാക്കുന്ന ആദ്യ സംസ്ഥാനമായി മാറാനുള്ള പാതയിലാണ് കേരളം . ഈ  നേട്ടത്തിലൂടെ, സമത്വത്തിലും കൂട്ടായ ഉത്തരവാദിത്വത്തിലും സാമൂഹികനീതിയിലും അധിഷ്ഠിതമായ പ്രായോഗികവും മാനുഷികവുമായ വൈജ്ഞാനിക സമ്പദ് വ്യവസ്ഥയിലൂന്നി കേരളം മുന്നോട്ടു നീങ്ങുകയാണ്.
കൂടുതൽ വിവരങ്ങൾ