
2025 നവംബർ ഒന്നിന്, കേരളപ്പിറവി ദിനത്തിൽ, സംസ്ഥാനത്തെ മുഴുവൻ അതിദാരിദ്രരെയും ദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കിയ ആദ്യ സംസ്ഥാനമായി കേരളം മാറും. ദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ സമഗ്രമായ രീതിയിൽ നടപ്പാക്കുന്ന ലോകത്തിലെ ചൈനയ്ക്കു ശേഷം രണ്ടാമത്തെ പ്രദേശം എന്ന ബഹുമതിയും കേരളം സ്വന്തമാക്കും. ജനാധിപത്യത്തിന്റെ അടിസ്ഥാനമായ സാമ്പത്തിക സമത്വം യാഥാർത്ഥ്യമാക്കുന്നതിലൂടെ, ലോകത്തിന് മാതൃകയാകുന്ന സംസ്ഥാനമായി കേരളം മുന്നേറുകയാണ്. സമ്പത്തിന്റെ അനിഷ്ടമായ കേന്ദ്രീകരണം ഇല്ലാതാക്കി, സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും സമാനമായ അവസരങ്ങളും വിഭവങ്ങളും ഉറപ്പാക്കുന്ന സർവ്വതലസ്പർശിയായ വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇത് നവകേരള നിർമ്മിതിയിലേക്കുള്ള യാത്രയിലെ ഏറ്റവും നിർണായകമായ ഘട്ടമായി മാറുന്നു. നീതി ആയോഗത്തിന്റെ സൂചികകൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ ദാരിദ്ര്യമുള്ള സംസ്ഥാനമെന്ന നിലവിലെ ഖ്യാതിക്ക് ഈ പ്രഖ്യാപനം മറ്റൊരു ഉജ്ജ്വല അദ്ധ്യായം കൂട്ടിച്ചേർക്കും. സാമൂഹ്യനീതി, ഉൾക്കൊള്ളൽ, സമത്വം എന്നിവയെ ആധാരമാക്കിയ നവകേരള വികസന മാതൃകയുടെ ചരിത്രവിജയം എന്ന നിലയ്ക്കാണ് ഈ അതിദാരിദ്ര്യ നിർമ്മാർജ്ജന പ്രഖ്യാപനം കേരളത്തിന്റെ വളർച്ചാ പഥത്തിൽ രേഖപ്പെടുത്തപ്പെടുന്നത്.
ഈ സർക്കാർ അധികാരത്തിലെത്തിയപ്പോൾ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ കൈക്കൊണ്ട സുപ്രധാന തീരുമാനമായിരുന്നു അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി നടപ്പാക്കുക എന്നത്. 2016-ൽ നടപ്പാക്കിയ 'അഗതിരഹിത കേരളം' പോലുള്ള മുൻ ദാരിദ്ര്യനിർമ്മാർജ്ജന പദ്ധതികളിൽ ഉൾപ്പെടാതെ പോയ അതിദരിദ്രരെക്കൂടി ഉൾക്കൊള്ളുന്ന സമഗ്രമായ ഒരു ദൗത്യമായാണ് ഇതിനെ സർക്കാർ വിഭാവനം ചെയ്തത്. അതിദരിദ്രരായി കണ്ടെത്തിയ 64,006 കുടുംബങ്ങളിൽ, 2025 ആഗസ്റ്റിലെ കണക്കുകൾ പ്രകാരം, 53,027 കുടുംബങ്ങളെ (83 ശതമാനം) ഇതിനോടകം ദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കിയിട്ടുണ്ട്. പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ 2023 നവംബർ ഒന്നിന് പൂർത്തിയാക്കുകയും, 30,658 (47.89%) കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ശാസ്ത്രീയമായ നിർണ്ണയ പ്രക്രിയ
സമഗ്രവും ശാസ്ത്രീയവും ജനകീയവുമായ ഒരു നിർണ്ണയ പ്രക്രിയയിലൂടെയാണ് കേരളം അതിദരിദ്രരെ കണ്ടെത്തിയത്. ഭക്ഷണം, സുരക്ഷിതമായ വാസസ്ഥലം, അടിസ്ഥാന വരുമാനം, ആരോഗ്യസ്ഥിതി എന്നീ നാല് പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് അതിദാരിദ്ര്യം നിർണ്ണയിച്ചത്. സാമൂഹിക സംഘടനാ പ്രവർത്തകർ, കുടുംബശ്രീ അയൽക്കൂട്ടം പ്രവർത്തകർ, വാർഡ് ക്ലസ്റ്റർതല ചർച്ചകൾ എന്നിവയിലൂടെ തയ്യാറാക്കിയ വിവിധ പട്ടികകൾ ഏകോപിപ്പിച്ചാണ് അതിദരിദ്രരുടെ പട്ടിക തയ്യാറാക്കിയത്. വിവരശേഖരണം: പട്ടികയിൽ ഉൾപ്പെട്ട ഓരോ കുടുംബത്തേയും നിശ്ചിത മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി പ്രത്യേകം തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ വഴി സന്ദർശിച്ച് വിവരശേഖരണം നടത്തി. തുടർ ഇടപെടലുകൾക്കായി ഓരോ വീടിന്റെയും ലൊക്കേഷൻ രേഖപ്പെടുത്തി. ഈ പട്ടികകൾ വാർഡ്/ഗ്രാമ സഭകളുടെ അംഗീകാരത്തിന് സമർപ്പിക്കുകയും, പരാതികൾ പരിഹരിച്ച് 64,006 കുടുംബങ്ങൾ ഉൾപ്പെട്ട അന്തിമ പട്ടിക 2022 ജനുവരിയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
മൈക്രോ പ്ലാനുകളും സൂക്ഷ്മതല ഇടപെടലുകളും
അതിദരിദ്രരുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും വ്യത്യസ്തമാണെന്ന് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ, അവ പ്രത്യേകമായി പരിശോധിച്ച് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് മൈക്രോ പ്ലാനുകൾ രൂപവത്കരിച്ചത്. അതിദാരിദ്ര്യാവസ്ഥയെക്കുറിച്ചും അതിനെ മറികടക്കുന്നതിനെക്കുറിച്ചുമുള്ള ഓരോ കുടുംബത്തിന്റെയും അഭിപ്രായങ്ങൾ പരിഗണിച്ചാണ് ഈ സൂക്ഷ്മതല പദ്ധതികൾ തയ്യാറാക്കിയത്. ഹ്രസ്വകാല, ദീർഘകാല പദ്ധതികളിലൂടെ മുഴുവൻ അതിദരിദ്രർക്കും മികച്ച ജീവിതനിലവാരം ഉറപ്പുവരുത്തും. ഇതിന്റെ ഭാഗമായി, 'അവകാശം അതിവേഗം' എന്ന പേരിൽ വേഗത്തിൽ നടപ്പാക്കിയ നടപടികളിലൂടെ ഓരോ കുടുംബത്തിനും അർഹമായ കൈവശാവകാശ രേഖകൾ, പാചക വാതക കണക്ഷനുകൾ, വൈദ്യുതി കണക്ഷനുകൾ എന്നിവ ലഭ്യമാക്കി.
ഭവന സുരക്ഷയും ആരോഗ്യ-വിദ്യാഭ്യാസ ഇടപെടലുകളും
പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഭവന സുരക്ഷ ഉറപ്പാക്കലായിരുന്നു. ഭവന സുരക്ഷ: വീട് ലഭിക്കാൻ അർഹതയുണ്ടായിട്ടും ലൈഫ് ഭവന പദ്ധതിയിൽ അപേക്ഷിക്കാൻ കഴിയാതിരുന്ന, വീട് മാത്രം ആവശ്യമുള്ള 5,724 കുടുംബങ്ങളെയും വസ്തുവും വീടും ആവശ്യമുള്ള 5,616 കുടുംബങ്ങളെയും ഉൾപ്പെടെ ആകെ 11,340 അതിദരിദ്ര കുടുംബങ്ങളെ ലൈഫ് ഗുണഭോക്താക്കളുടെ പട്ടികയിൽ പുതുതായി ഉൾപ്പെടുത്തി. വിവിധ സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും സഹകരണത്തോടെ ഗൃഹസന്ദർശനങ്ങളും പ്രത്യേക മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിച്ചു. ചികിത്സ ആവശ്യമുള്ളവരെ കണ്ടെത്തി ആശുപത്രികളിലെത്തിക്കുകയും, വാതിൽപ്പടി സേവനം, ആംബുലൻസ് സേവനം എന്നിവ ഉറപ്പാക്കുകയും ചെയ്തു. പോഷകാഹാരക്കുറവ് അനുഭവിക്കുന്ന അമ്മമാർക്കും കുട്ടികൾക്കും പോഷകാഹാരം ലഭ്യമാക്കാൻ നടപടികൾ സ്വീകരിച്ചു. അതിദരിദ്രരിൽ വിദ്യാഭ്യാസം ഇല്ലാത്തവർക്ക് വിദ്യാഭ്യാസം നൽകുന്നതിനും തുടർപഠനം ആവശ്യമുള്ളവർക്ക് അത് നൽകുന്നതിനും വിദ്യാഭ്യാസ വകുപ്പ് നടപടികൾ കൈക്കൊള്ളുന്നു. കൂടാതെ, കുട്ടികൾക്ക് കൗൺസലിങ്, വൊക്കേഷണൽ ട്രെയിനിങ് എന്നിവയും നൽകുന്നുണ്ട്.
സാമൂഹിക പങ്കാളിത്തവും സാങ്കേതിക സഹായവും
അതിദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിൽ വിവിധ സർക്കാർ വകുപ്പുകളുടെയും സാമൂഹിക സ്ഥാപനങ്ങളുടെയും പങ്ക് നിർണ്ണായകമാണ്. അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ട 301 എയ്ഡ്സ് രോഗികൾക്ക് ചികിത്സ ഉൾപ്പെടെയുള്ള സേവനങ്ങൾ എയ്ഡ്സ് കൺട്രോൾ സൊസൈറ്റി വഴിയാണ് ലഭ്യമാക്കുന്നത്. നിരവധി ബഹുജന സർവ്വീസ് സാമൂഹിക സംഘടനകളും ഈ ദാരിദ്ര്യനിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ സഹകരിക്കാൻ മുന്നോട്ട് വന്നിട്ടുണ്ട്. പദ്ധതി പ്രവർത്തനങ്ങൾ വാർഡ് തലം മുതൽ സംസ്ഥാനതലം വരെ നിരീക്ഷിച്ച് ഏകോപിപ്പിക്കുന്നതിനായി ഒരു വെബ് പോർട്ടൽ സജ്ജീകരിച്ചിട്ടുണ്ട്. അതിദരിദ്രരായ ഓരോ വ്യക്തിയുടെയും വിവരങ്ങൾ ഇതിലൂടെ ലഭ്യമാകും. കൂടാതെ, പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി ഒരു മൊബൈൽ ആപ്ലിക്കേഷനും വികസിപ്പിച്ചിട്ടുണ്ട്. നേരിട്ടുള്ള ഇടപെടലുകൾക്കൊപ്പം സാങ്കേതികവിദ്യയുടെ സാധ്യതകൾ ഉപയോഗിച്ചുള്ള ബൃഹത്തായ പ്രവർത്തനങ്ങളാണ് അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി സർക്കാർ ഏറ്റെടുത്തത്.
സുസ്ഥിരമായ സാമൂഹിക ഇടപെടലിന്റെ ആവശ്യകത
ഈ പ്രവർത്തനങ്ങളെല്ലാം വ്യക്തമാക്കുന്നത്, അതിദാരിദ്ര്യ നിർമ്മാർജ്ജനം ഏതെങ്കിലും ഒരു വകുപ്പിന്റെയോ ഓഫീസിന്റെയോ മാത്രം ഉത്തരവാദിത്വമല്ല, മറിച്ച് കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ അതിനെ ഇല്ലാതാക്കാൻ കഴിയുകയുള്ളൂ എന്നതാണ്. അതേസമയം, ദാരിദ്ര്യ നിർമ്മാർജ്ജന പ്രക്രിയ ഏതെങ്കിലും ഒരു പ്രത്യേക ഘട്ടത്തിനുവേണ്ടി മാത്രമല്ല എന്ന കാര്യവും തിരിച്ചറിയേണ്ടതുണ്ട്. ആകസ്മികമായ പ്രതിസന്ധികളാൽ ദാരിദ്ര്യത്തിലേക്ക് തള്ളിവിടപ്പെടുന്ന നിരവധി വ്യക്തികൾക്ക്, തങ്ങൾ അകപ്പെടുന്ന അവസ്ഥകളിൽനിന്ന് കരകയറാൻ ഉതകുന്ന ഒരു സുസ്ഥിരമായ സാമൂഹികാന്തരീക്ഷം സൃഷ്ടിക്കേണ്ടത് പ്രധാനമാണ്. ഇതിനായി നിരന്തരമായ ഇടപെടലുകളും സാമൂഹിക നവീകരണവും അനിവാര്യമാണ്. സമൂഹത്തിലെ ഓരോ വ്യക്തിക്കും ക്ഷേമം ഉറപ്പാക്കാനും മികച്ച ജീവിത നിലവാരം ഉറപ്പാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ഈ സമഗ്രമായ കാഴ്ചപ്പാടാണ് നവകേരള നിർമ്മിതിയിലേക്കുള്ള പ്രധാന ചുവടുവയ്പ്പായി മാറുന്നത്.