
കേരളപ്പിറവിയുടെ 69-ാം വാർഷികം ആഘോഷിക്കുമ്പോൾ, ഇന്ത്യയിൽ അതിദാരിദ്ര്യം ഇല്ലാതാക്കുന്ന ആദ്യ സംസ്ഥാനമായി മാറാനുള്ള പാതയിലാണ് കേരളം . ഈ നേട്ടത്തിലൂടെ, സമത്വത്തിലും കൂട്ടായ ഉത്തരവാദിത്വത്തിലും സാമൂഹികനീതിയിലും അധിഷ്ഠിതമായ പ്രായോഗികവും മാനുഷികവുമായ വൈജ്ഞാനിക സമ്പദ് വ്യവസ്ഥയിലൂന്നി കേരളം മുന്നോട്ടു നീങ്ങുകയാണ്. സംസ്ഥാനത്തിന് സ്ഥിരതയാർന്ന വികസനം കൈവരിക്കാൻ സാധിച്ചത്, നയതന്ത്രപരമായ ആസൂത്രണവും ജനക്ഷേമത്തെ കേന്ദ്രീകരിച്ച ഭരണശൈലിയുമാണ്. സാമൂഹ്യനീതി, ഉൾക്കൊള്ളൽ, പൗരകേന്ദ്രിത വികസനം എന്നിവയെ ആസ്പദമാക്കി അതിദാരിദ്ര്യം ഇല്ലാതാക്കാനുള്ള സമഗ്രമായ ശ്രമങ്ങൾ സംസ്ഥാനത്ത് നടപ്പാക്കി വരുന്നു.
ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തി നീതി, സമത്വം ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം. വിവിധ വകുപ്പുകളുടെ ഏകോപനം, പ്രാദേശികതലത്തിലെ വിവരശേഖരണം, കുടുംബതല ആസൂത്രണം തുടങ്ങിയവയിലൂടെ ദാരിദ്ര്യനിർമാർജന പ്രവർത്തനങ്ങൾ ശാസ്ത്രീയമായി നടപ്പാക്കി. ദാരിദ്ര്യം, ആരോഗ്യപ്രശ്നങ്ങൾ, ഭക്ഷ്യസുരക്ഷ, ഭവനമില്ലായ്മ, തൊഴിലവസരങ്ങളുടെ കുറവ് തുടങ്ങിയ ബഹുമുഖ പ്രശ്നങ്ങളെ പരിഹരിക്കാൻ തദ്ദേശീയ ജനവിഭാഗങ്ങൾക്കും പട്ടികജാതി–വർഗ വിഭാഗങ്ങൾക്കും പ്രത്യേക പരിഗണന നൽകി.
സർക്കാർ, ഓരോ അതിദാരിദ്ര്യ കുടുംബത്തിന്റെയും സാമൂഹ്യ–ആരോഗ്യ–സാമ്പത്തിക സാഹചര്യം വിലയിരുത്തി കസ്റ്റമൈസ്ഡ് മൈക്രോപ്ലാനുകൾ തയ്യാറാക്കി. പട്ടികജാതി, പട്ടികവർഗ, പിന്നാക്കക്ഷേമ വകുപ്പുകൾ പ്രാദേശികതലത്തിൽ ഡാറ്റ ശേഖരിച്ചു വിലയിരുത്തി ഫലപ്രദമായ പദ്ധതികൾ നടപ്പാക്കി. ഈ ദൗത്യം പരമ്പരാഗത ക്ഷേമപദ്ധതികളിൽ നിന്ന് വ്യത്യസ്തമായി അവകാശാധിഷ്ഠിതവും ബഹുതല സമന്വിതവുമായ രീതിയിൽ നടപ്പാക്കപ്പെട്ടു. ആരോഗ്യം, പാർപ്പിടം, ഉപജീവനം, സാമൂഹികസുരക്ഷ എന്നിവ ഉൾക്കൊള്ളിച്ച ഏകീകൃത വികസന മാതൃകയാണ് സംസ്ഥാനം രൂപപ്പെടുത്തിയത്.
2025 ഏപ്രിലിനുള്ള കണക്കനുസരിച്ച്, അതിദാരിദ്ര്യത്തിൽപ്പെട്ടവരിൽ 78.74% പേരെ ഈ അവസ്ഥയിൽ നിന്ന് കരകയറ്റാൻ കഴിഞ്ഞു. പട്ടികജാതി വിഭാഗത്തിലെ 12,771 കുടുംബങ്ങളിൽ 7,266-നും പട്ടികവർഗ വിഭാഗത്തിലെ 2,915 കുടുംബങ്ങളിൽ 1,586-നും അതിദാരിദ്ര്യത്തിൽ നിന്ന് മോചനം ലഭിച്ചു. ഈ നേട്ടം ലക്ഷ്യബദ്ധമായ ആസൂത്രണത്തിന്റെയും പ്രാദേശികതല ഇടപെടലുകളുടെയും ഫലമാണ്.
ഭക്ഷണം, ആരോഗ്യം, വരുമാനം, ഭവനം എന്നീ നാല് പ്രധാന മേഖലകളിൽ ഗണ്യമായ പുരോഗതി കൈവരിക്കപ്പെട്ടു. ആയിരക്കണക്കിന് കുടുംബങ്ങൾക്ക് സ്ഥിരമായ ഭക്ഷണസുരക്ഷയും ഭവനസൗകര്യങ്ങളും ഉറപ്പാക്കുകയും, വരുമാന മാർഗങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ലൈഫ് മിഷൻ വഴി ഭവനരഹിതർക്ക് വീടുകൾ നൽകി, പൊതുജനാരോഗ്യവും വിദ്യാഭ്യാസരംഗവും ശക്തിപ്പെടുത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ ജനപങ്കാളിത്തം ഉറപ്പാക്കി ഡിജിറ്റൽ സാക്ഷരത വികസിപ്പിച്ചതും പദ്ധതിയുടെ വിജയത്തിൽ നിർണായകമായി. ഈ സംയുക്ത ശ്രമങ്ങൾ അതിദാരിദ്ര്യം ഇല്ലാതാക്കുന്നതിനൊപ്പം, വീണ്ടും ദാരിദ്ര്യാവസ്ഥ സൃഷ്ടിക്കപ്പെടാനുള്ള സാധ്യത കുറയ്ക്കുന്ന ശാശ്വത വികസന ഘടനയും സൃഷ്ടിച്ചു.
സാമൂഹ്യനീതിയും സമത്വവും അടിസ്ഥാനമാക്കി മുന്നേറുന്ന കേരളത്തിന്റെ വികസനയാത്രയിൽ ഈ ദൗത്യം നിർണായകമാണ്. അതിദാരിദ്ര്യം ഇല്ലാതാക്കാനുള്ള ശ്രമത്തിൽ വിജയിച്ച കേരളം, മനുഷ്യകേന്ദ്രിതവും സമത്വാധിഷ്ഠിതവുമായ ശാശ്വത വികസനത്തിനുള്ള മാതൃകാ സംസ്ഥാനമായി രാജ്യത്തിന് മുന്നിൽ നിലകൊള്ളുന്നു.