അതിദാരിദ്ര്യ നിർമാർജനം: ശാസ്ത്രീയമായ കണ്ടെത്തലും മൈക്രോ പ്ലാനുകളും- തദ്ദേശ സ്വയംഭരണ വകുപ്പ്  

ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിൽ കേരളം ഇന്ത്യയിലെ മുൻനിര സംസ്ഥാനമായി മുന്നേറുകയാണ്. ജനകീയ പങ്കാളിത്തം, അടിസ്ഥാനസൗകര്യ വികസനം, പൊതുവിദ്യാഭ്യാസരം​ഗത്തും പൊതുആരോഗ്യരംഗത്തും നടത്തിയ നിക്ഷേപങ്ങൾ, ഗ്രാമതലത്തിൽ നിന്നുള്ള ജനകീയ ആസൂത്രണ പ്രക്രിയ — ഇവയെല്ലാം അതിദാരിദ്ര്യ നിർമാർജ്ജനത്തിലേക്കുള്ള  ചുവടുവെയ്പ്പിന്റെ പ്രധാന ഘടകങ്ങളായിരുന്നു . 


ദാരിദ്ര്യ സൂചിക: കേരളം ലോകശ്രദ്ധയിൽ

നീതി ആയോഗ് (NITI Aayog) തയ്യാറാക്കിയ ബഹുമുഖ ദാരിദ്ര്യ സൂചിക (Multidimensional Poverty Index – 2021) പ്രകാരം, ഇന്ത്യയിലെ ദാരിദ്ര്യനിരക്ക് ശരാശരി 16.4 ശതമാനം ആയിരിക്കെ, കേരളത്തിൽ വെറും 0.55 ശതമാനം മാത്രമാണ്. യു.എൻ.ഡി.പി. യുടെ കണക്കുകളും ഈ നേട്ടം സ്ഥിരീകരിക്കുന്നു. രാജ്യത്തെ ഏറ്റവും കുറഞ്ഞ ദാരിദ്ര്യനിരക്കുള്ള സംസ്ഥാനം എന്ന ബഹുമതി കേരളത്തിന് സ്വന്തമാണ്. ഈ ചെറിയ വിഹിതത്തിലുള്ള ജനങ്ങളെയും ദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കാനുള്ള സർക്കാരിന്റെ പ്രതിബദ്ധതയും  ദീർഘദർശനവും സംസ്ഥാനത്തെ ഈ ചരിത്രനേട്ടത്തിലേക്ക് നയിച്ചു.

 
ശാസ്ത്രീയമായ കണ്ടെത്തലും മൈക്രോ പ്ലാനുകളും

ദാരിദ്ര്യനിർമ്മാർജ്ജന ദൗത്യത്തിന്റെ അടിത്തറ ശാസ്ത്രീയമായ തിരിച്ചറിവും സമഗ്രമായ ഡാറ്റാ ശേഖരണവുമാണ്.
ഭക്ഷണം, ആരോഗ്യം, വരുമാനം, പാർപ്പിട സുരക്ഷ എന്നീ നാല് അടിസ്ഥാന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി 2021 ജൂലൈയിൽ ആരംഭിച്ച സമഗ്ര സർവേ 2022 ജനുവരിയിൽ പൂർത്തിയാക്കി.

ഡാറ്റാ ശേഖരണം: ഏകദേശം ഒരു ലക്ഷത്തിലധികം വീടുകളെ നേരിട്ട് സന്ദർശിച്ച ഫീൽഡ് പരിശോധനകളുടെയും സാമൂഹിക സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് 64,006 അതിദാരിദ്ര കുടുംബങ്ങളെ കൃത്യമായി തിരിച്ചറിഞ്ഞത്.

ജനകീയ പങ്കാളിത്തം: കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, സാമൂഹികപ്രവർത്തകർ, വാർഡ് തല ചർച്ചകൾ എന്നിവ മുഖേന ലഭിച്ച വിവരങ്ങൾ ശേഖരിച്ചു പരിശോധിച്ച് പട്ടിക അന്തിമമാക്കി.

മൈക്രോ പ്ലാനുകൾ: കേരളത്തിന്റെ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുടെ ഹൃദയം തന്നെയാണ് മൈക്രോ പ്ലാനുകൾ. ഓരോ കുടുംബത്തിന്റെയും പ്രത്യേക ആവശ്യങ്ങൾക്കനുസരിച്ച് സൂക്ഷ്മതല ഇടപെടലുകൾ രൂപവത്കരിച്ച്, അടിയന്തിര  സഹായം, രേഖകൾ, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, ഉപജീവനം എന്നിവ ഏകോപിപ്പിച്ചു. ഇതിലൂടെ ദാരിദ്ര്യത്തിൽ നിന്ന് മോചനവും സ്ഥിരമായ സാമൂഹ്യ-സാമ്പത്തിക ഉയർച്ചയിലേക്കും ജനങ്ങളെ മാറ്റി. 


അതിദാരിദ്ര്യനിർമ്മാർജ്ജന പദ്ധതി സമയബന്ധിതമായും ഘട്ടാനുസൃതമായും നടപ്പിലാക്കി, സമഗ്രമായ പൂർത്തീകരണനിലയിലേക്ക് കടന്നിരിക്കുകയാണ്. 2023 നവംബർ 1-ന് നടത്തിയ ആദ്യഘട്ട ദാരിദ്ര്യമുക്ത പ്രഖ്യാപനത്തിൽ 30,658 കുടുംബങ്ങൾ (47.89%) ദാരിദ്ര്യത്തിൽ നിന്ന് മോചിതരായി. തുടർന്നുള്ള ഇടപെടലുകളുടെ ഫലമായി, 2025 ആഗസ്റ്റ് മാസത്തോടെ ആകെ 53,027 കുടുംബങ്ങൾ (83%) ദാരിദ്ര്യത്തിൽ നിന്ന് മുക്തരായി.


പദ്ധതി നടപ്പാക്കുന്നതിനിടെ സ്വാഭാവികമായ മരണം (4,405 പേർ), കുടിയേറ്റം (745 പേർ), സഹായം ആവശ്യമില്ലാത്തവർ (2,645 പേർ) എന്നിവ കണക്കിലെടുത്തപ്പോൾ യഥാർത്ഥ ലക്ഷ്യ കുടുംബങ്ങളുടെ എണ്ണം 55,852 ആയി കുറഞ്ഞു. ഇതിൽ 53,027 കുടുംബങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചതോടെ 94.94% പൂർത്തീകരണനിരക്ക് സംസ്ഥാനത്തിന് കൈവരിക്കാനായി. ശേഷിക്കുന്ന 2,812 കുടുംബങ്ങൾക്കായുള്ള അന്തിമഘട്ട ഇടപെടലുകൾ വേഗത്തിൽ പുരോഗമിക്കുന്നു.


സമഗ്രമായ സാമൂഹ്യ ഇടപെടലുകൾ 

ദാരിദ്ര്യം വെറും വരുമാനക്ഷാമമല്ല; ഭവനം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, ഉപജീവനം എന്നിവയിലെ കുറവുകളുടെ സമന്വയമാണ്. അതിനാൽ ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി കേരളം സ്വീകരിച്ച സമീപനം സമഗ്രവും പൗര കേന്ദ്രിതവുമായിരുന്നു.

1. പാർപ്പിട സുരക്ഷ — എല്ലാവർക്കും സ്വന്തം വീട്

ഭവനനിർമാണം: വീട് മാത്രമാവശ്യമായ 3,773 കുടുംബങ്ങൾക്കായി വീടുകൾ പണിതു.

ഭൂമിയും വീടും: ഭൂമിയും വീടും ആവശ്യമുള്ള 1,253 കുടുംബങ്ങൾക്കായി വീടുകൾ പൂർത്തിയാക്കി.

പുനരുദ്ധാരണം: 5,144 വീടുകൾ നവീകരിച്ചു.

ഭൂമി കണ്ടെത്തൽ: സ്വന്തമായി ഭൂമിയില്ലാത്തവർക്കായി ‘മനസ്സോടിത്തിരി മണ്ണ്’ പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പിലാക്കി. റവന്യൂ വകുപ്പ് മുഖേനയും തദ്ദേശ സ്ഥാപനങ്ങൾ വഴിയും 2,863.508 സെന്റ് ഭൂമി കണ്ടെത്തി കൈമാറുന്നു.


2. ആരോഗ്യം, ഭക്ഷണം, ഉപജീവനം

ഭക്ഷ്യസുരക്ഷ: 20,654 കുടുംബങ്ങളിൽ, 18,421 കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകളും 2,233 കുടുംബങ്ങൾക്ക് ജനകീയ ഹോട്ടലുകൾ/സാമൂഹ്യ അടുക്കളകൾ വഴി പാകം ചെയ്ത ഭക്ഷണവും ഉറപ്പാക്കി.

ആരോഗ്യം: 29,478 ഗുണഭോക്താക്കൾക്ക് ചികിത്സ, 4,870 പേർക്ക് സാന്ത്വനപരിചരണം, 425 പേർക്ക് ആരോഗ്യോപകരണങ്ങൾ നൽകി.

ഉപജീവനം: ‘ഉജ്ജീവനം’ പദ്ധതിയിലൂടെ 4,005 പേർക്ക് സ്ഥിരമായ ഉപജീവന മാർഗ്ഗങ്ങൾ ലഭ്യമാക്കി.

അവകാശ രേഖകൾ: 21,263 പേർക്ക് ആധാർ കാർഡ്, വോട്ടർ ഐഡി, പെൻഷൻ, പാചകവാതകം, വൈദ്യുതി കണക്ഷൻ തുടങ്ങിയ രേഖകൾ ലഭ്യമാക്കി.


ഭരണ-സാമൂഹ്യ ഏകോപനം

പദ്ധതിയുടെ വിജയം കൂട്ടായ പ്രവർത്തനത്തിന്റെയും വകുപ്പുകൾക്കിടയിലെ ഏകോപനത്തിന്റെയും ഫലമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ, ആരോഗ്യ-വിദ്യാഭ്യാസ വകുപ്പ്, സാമൂഹിക സംഘടനകൾ, ഐ.ടി. സംവിധാനങ്ങൾ — എല്ലാം ചേർന്നാണ് പദ്ധതി വിജയത്തിലെത്തിയത്. പദ്ധതിയുടെ പുരോഗതി ഓൺലൈൻ പോർട്ടലും മൊബൈൽ ആപ്ലിക്കേഷനും വഴി നിരീക്ഷിക്കുന്നു. ഇതിലൂടെ ഓരോ കുടുംബത്തിന്റെയും വിവരങ്ങൾ, പുരോഗതി, സഹായങ്ങൾ എന്നിവ റിയൽ ടൈമിൽ ട്രാക്ക് ചെയ്യുന്നു. സാങ്കേതിക വിദ്യയും ജനകീയ പങ്കാളിത്തവും ചേർന്ന പൗരകേന്ദ്രിത ഗവർണൻസ് മാതൃകയുടെ മികച്ച ഉദാഹരണമാണ് ഈ ദൗത്യം.

അനുബന്ധ ലേഖനങ്ങൾ

അതിദാരിദ്ര്യ നിർമാർജനം : സാമൂഹ്യപുരോഗതിയുടെ സമാനതകളില്ലാത്ത മാതൃകയായി കുടുംബശ്രീ 
1998-ൽ ആരംഭിച്ച കുടുംബശ്രീ പ്രസ്ഥാനം 27 വർഷമായി കേരളത്തിന്റെ സാമൂഹിക സാമ്പത്തിക മേഖലകളിൽ സമാനതകളില്ലാത്ത പുരോഗതി കൈവരിച്ച് മുന്നേറുകയാണ്. സ്വയംസഹായ സംഘങ്ങളുടെയും സൂക്ഷ്മസംരംഭങ്ങളുടെയും പ്രവർത്തനങ്ങളിലൂടെ ദാരിദ്ര്യനിർമ്മാർജനമാണ് കുടുംബശ്രീയുടെ പ്രാഥമിക ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ
ജനകീയാസൂത്രണത്തിലൂടെ സാമൂഹ്യനീതിയും അതിദാരിദ്ര്യ നിർമാര്‍ജനം
കേരളത്തിൻ്റെ വികസനയാത്രയിൽ വികേന്ദ്രീകൃത ഭരണരീതി സാമൂഹ്യനീതിയുടെയും ഉൾക്കൊള്ളലിൻ്റെയും ഏറ്റവും ശക്തമായ ഉപാധിയായി പ്രവർത്തിച്ചു. 1990-കളിൽ ആരംഭിച്ച ജനപങ്കാളിത്ത പദ്ധതിപ്രക്രിയ (People’s Plan Campaign) സംസ്ഥാനത്തിൻ്റെ വികസന ചിന്താഗതിയിൽ ഘടനാപരമായ മാറ്റം വരുത്തി.
കൂടുതൽ വിവരങ്ങൾ
അതിദാരിദ്ര്യ നിർമാർജനത്തിലെ പ്രവാസി സാന്നിധ്യം
കേരളത്തിൻ്റെ സാമൂഹിക വികസന ചരിത്രത്തിൽ പ്രവാസി സമൂഹം ഒരു നിർണായക ശക്തിയായി നിലകൊള്ളുന്നു. എഴുപതുകളോടെ ഗൾഫ് രാജ്യങ്ങളിലേക്ക് ആരംഭിച്ച വ്യാപകമായ തൊഴിൽ കുടിയേറ്റം, സംസ്ഥാനത്തിൻ്റെ പരമ്പരാഗത സാമ്പത്തിക പിന്നാക്കാവസ്ഥയിൽ നിന്നും ഇന്നത്തെ പുരോഗമനപരമായ അവസ്ഥയിലേക്കുള്ള പരിവർത്തനത്തിന് പ്രധാന ഘടകമായി മാറി.
കൂടുതൽ വിവരങ്ങൾ
നവോത്ഥാനത്തിൽ നിന്ന് അതിദാരിദ്ര്യമുക്തിയിലേക്കുള്ള കേരളത്തിന്റെ യാത്ര
നവോത്ഥാന പ്രസ്ഥാനങ്ങൾ ഇന്ത്യയുടെ പല ഭാഗങ്ങളിലും ഉയർന്നുവന്നുവെങ്കിലും, അവയുടെ ആശയങ്ങളെ ജീവിതത്തിന്റെ എല്ലാതലങ്ങളിലും പകർത്തിയെടുത്തത് മലയാളി സമൂഹമാണ്. ഇന്ന് ലോകം അംഗീകരിക്കുന്ന ‘കേരള മോഡൽ’ എന്നറിയപ്പെടുന്ന സാമൂഹിക, ആരോഗ്യ, വിദ്യാഭ്യാസ നേട്ടങ്ങൾക്ക് അടിത്തറയൊരുക്കിയത് ഈ നവോത്ഥാന ആശയങ്ങളും അവയെ ഉർജ്ജിതമാക്കിയ സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങളുമാണ്.
കൂടുതൽ വിവരങ്ങൾ
അതിദാരിദ്ര്യ നിർമാർജനവും ഡിജിറ്റൽ സാക്ഷരതയുടെ നിർണായക പങ്കും
വിദ്യാഭ്യാസം, ആരോഗ്യം, ജനകീയ പങ്കാളിത്തം തുടങ്ങിയ മേഖലകളിൽ രാജ്യം ശ്രദ്ധിക്കുന്ന നേട്ടങ്ങൾ കൈവരിച്ച കേരളം, ഇപ്പോൾ ഏറ്റവും ഉന്നത ലക്ഷ്യമായ അതിദാരിദ്ര്യ നിർമാർജനത്തിന്റെ അന്തിമഘട്ടത്തിൽ എത്തിയിരിക്കുകയാണ്. 2025 നവംബറോടെ അതിദാരിദ്ര്യമുക്തമായ സംസ്ഥാനമായി മാറുന്ന കേരളത്തിന്, ഈ ലക്ഷ്യം കൈവരിക്കുന്നതിൽ ഡിജിറ്റൽ മുന്നേറ്റം നിർണായക പങ്ക് വഹിക്കുന്നു.
കൂടുതൽ വിവരങ്ങൾ
ഭൂപരിഷ്കരണം – അതിദാരിദ്ര്യ നിർമാർജനവഴിയിലെ  നാഴികക്കല്ല്
കേരളത്തിന്റെ സർവോത്മുഖമായ പുരോഗതിക്ക് അടിസ്ഥാനമിട്ട ഏറ്റവും വിപ്ലവകരമായ ഭരണനടപടിയാണ് 1957-ൽ രൂപംകൊണ്ട ആദ്യ ഇ.എം.എസ്. മന്ത്രിസഭ ആവിഷ്കരിച്ച ഭൂപരിഷ്കരണം.
കൂടുതൽ വിവരങ്ങൾ
അതിദാരിദ്ര്യ നിർമാർജന ദൗത്യത്തിന് മാതൃകയും വഴികാട്ടിയുമായി കോട്ടയം
കേരളത്തിന്റെ വികസനയാത്രയിൽ മറ്റൊരു ചരിത്രാധ്യായം രേഖപ്പെടുത്തുകയാണ്. വിദ്യാഭ്യാസം, ആരോഗ്യം, ജനകീയ പങ്കാളിത്തം എന്നീ മേഖലകളിൽ ഇന്ത്യയ്ക്കുതന്നെ മാതൃകയായി നിലകൊള്ളുന്ന കേരളം, ഇപ്പോൾ അതിദാരിദ്ര്യ നിർമാർജനത്തിന്റെ അന്തിമഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.
കൂടുതൽ വിവരങ്ങൾ
സുസ്ഥിരതയിലേക്ക് കേരളം: സാക്ഷരതയും അതിദാരിദ്ര്യ നിർമാർജനവും
കേരളത്തിന്റെ സാമൂഹിക വികസന ചരിത്രത്തിലെ സുപ്രധാനമായ രണ്ട് നാഴികക്കല്ലുകളാണ് സമ്പൂർണ സാക്ഷരതയും അതിദാരിദ്ര്യ നിർമ്മാർജനവും. 1991 ഏപ്രിൽ 18-ന് മലപ്പുറത്ത് ചേലക്കോടൻ ആയിഷ സമ്പൂർണ സാക്ഷരത പ്രഖ്യാപിച്ചതോടെ അറിവിൻ്റെയും സാമൂഹ്യ ഉണർവിന്റെയും വിപ്ലവത്തിന് കേരളം തുടക്കമിട്ടു.
കൂടുതൽ വിവരങ്ങൾ
തദ്ദേശീയ ജനവിഭാഗങ്ങൾക്ക് സവിശേഷ ശ്രദ്ധ നൽകി അതിദാരിദ്ര്യ നിർമാർജന ദൗത്യം
കേരളപ്പിറവിയുടെ 69-ാം വാർഷികം ആഘോഷിക്കുമ്പോൾ, ഇന്ത്യയിൽ അതിദാരിദ്ര്യം ഇല്ലാതാക്കുന്ന ആദ്യ സംസ്ഥാനമായി മാറാനുള്ള പാതയിലാണ് കേരളം . ഈ  നേട്ടത്തിലൂടെ, സമത്വത്തിലും കൂട്ടായ ഉത്തരവാദിത്വത്തിലും സാമൂഹികനീതിയിലും അധിഷ്ഠിതമായ പ്രായോഗികവും മാനുഷികവുമായ വൈജ്ഞാനിക സമ്പദ് വ്യവസ്ഥയിലൂന്നി കേരളം മുന്നോട്ടു നീങ്ങുകയാണ്.
കൂടുതൽ വിവരങ്ങൾ