
വിദ്യാഭ്യാസം, ആരോഗ്യം, ജനകീയ പങ്കാളിത്തം തുടങ്ങിയ മേഖലകളിൽ രാജ്യം ശ്രദ്ധിക്കുന്ന നേട്ടങ്ങൾ കൈവരിച്ച കേരളം, ഇപ്പോൾ ഏറ്റവും ഉന്നത ലക്ഷ്യമായ അതിദാരിദ്ര്യ നിർമാർജനത്തിന്റെ അന്തിമഘട്ടത്തിൽ എത്തിയിരിക്കുകയാണ്. 2025 നവംബറോടെ അതിദാരിദ്ര്യമുക്തമായ സംസ്ഥാനമായി മാറുന്ന കേരളത്തിന്, ഈ ലക്ഷ്യം കൈവരിക്കുന്നതിൽ ഡിജിറ്റൽ മുന്നേറ്റം നിർണായക പങ്ക് വഹിക്കുന്നു.
വിവരസാങ്കേതികവിദ്യയുടെ അതിവേഗ വളർച്ച ഈ കാലഘട്ടത്തിൽ അതിജീവനത്തിന്റെയും സാമൂഹിക ഉൾക്കൊള്ളലിന്റെയും അടിസ്ഥാന ഘടകമായി മാറിയിരിക്കുന്നു. വിശപ്പുരഹിത സംസ്ഥാനം എന്ന ലക്ഷ്യത്തിലേക്കും, സാമൂഹിക സുരക്ഷാ വലയത്തിലേക്ക് ജനങ്ങളെ കൈപിടിച്ചുയർത്തുന്നതിലും ഡിജിറ്റൽ സംവിധാനങ്ങൾ നിർണ്ണായകമായ പങ്കു വഹിച്ചു. ഈ ലക്ഷ്യം സാധ്യമാക്കാൻ കേരള സർക്കാർ നടപ്പാക്കുന്ന ‘ഡിജി കേരളം’ പദ്ധതി അതിദാരിദ്ര്യ നിർമാർജനത്തിന്റെയും സാമൂഹിക പുരോഗതിയുടെയും സാങ്കേതിക അടിത്തറയായി നിലകൊള്ളുകയാണ്.
വിവരങ്ങൾ, സേവനങ്ങൾ, അവസരങ്ങൾ എന്നിവയിലേക്ക് നയിക്കുന്നതിൽ ഡിജിറ്റൽ സംവിധാനങ്ങൾ ഒരു അടിസ്ഥന ഘടകമാണ്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരും, പ്രത്യേകിച്ച് അതിദരിദ്രർക്ക്, പൊതുസമൂഹവുമായി ഇടപഴകുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ നേടുന്നതിനും ഡിജിറ്റൽ അറിവ് അനിവാര്യമാണ്.
കേരള സർക്കാർ നടപ്പാക്കിയ അതിദാരിദ്ര്യ നിർമാർജന യജ്ഞത്തിൻ്റെ ഭാഗമായി ആധാർ, റേഷൻ കാർഡ്, പെൻഷൻ തുടങ്ങിയ അടിസ്ഥാന രേഖകൾ ഇല്ലാത്തവർക്കായി 'അവകാശം അതിവേഗം' എന്ന യജ്ഞം നടപ്പാക്കി. ഈ രേഖകൾക്കായുള്ള അപേക്ഷകൾ, പെൻഷൻ സ്റ്റാറ്റസ് പരിശോധന, ധനസഹായ വിതരണത്തിലെ സുതാര്യത എന്നിവയെല്ലാം ഇപ്പോൾ കൂടുതലും ഓൺലൈൻ പോർട്ടലുകൾ വഴിയാണ് നടക്കുന്നത്. ഡിജിറ്റൽ സാക്ഷരതയുള്ള ഒരാൾക്ക് ഒരു ഇടനിലക്കാരന്റെ സഹായമില്ലാതെ ഈ സേവനങ്ങൾ വേഗത്തിൽ നേടാൻ സാധിക്കും. ഡിജിറ്റൽ സാക്ഷരത വരുമാനം വർദ്ധിപ്പിക്കുന്നതിനും സാമൂഹിക പുനരധിവാസത്തിനും നേരിട്ട് സഹായിക്കുന്നു.
അതിദരിദ്രരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ സാമ്പത്തിക ഉൾക്കൊള്ളൽ പ്രധാനമാണ്. സർക്കാർ ധനസഹായങ്ങൾ നേരിട്ട് അക്കൗണ്ടുകളിലേക്ക് എത്തുന്ന ഈ കാലത്ത്, മൊബൈൽ ബാങ്കിംഗ്, എ.ടി.എം. ഉപയോഗം തുടങ്ങിയ ഡിജിറ്റൽ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അറിവുണ്ടാകുന്നത് സാമ്പത്തിക ചൂഷണം തടയാൻ സഹായിക്കും. സ്വന്തം അക്കൗണ്ടിലേക്ക് പണം എത്തിയോ എന്ന് പരിശോധിക്കാനും, സർക്കാർ വിവരങ്ങൾ ഓൺലൈൻ പോർട്ടലുകൾ വഴി വിലയിരുത്താനും ഡിജിറ്റൽ അറിവ് ആവശ്യമാണ്.
അതിദരിദ്രർ പൊതുസമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ടുപോകാനുള്ള പ്രധാന കാരണം അജ്ഞതയാണ് എന്ന് മനസിലാക്കുകയും ഡിജിറ്റൽ സാക്ഷരത എന്നത് അതിദരിദ്രർക്ക് സാമൂഹിക സുരക്ഷാ വലയം മെച്ചപ്പെടുത്താനും സാമ്പത്തിക സ്വാതന്ത്ര്യം നേടാനും അവരുടെ ജീവിതനിലവാരം ഉയർത്താനുമുള്ള ഒരു ശക്തമായ ഉപകരണമാകുകയും ചെയ്തു. ഡിജിറ്റൽ ഉപകരണങ്ങളും ഓൺലൈൻ സേവനങ്ങളും ഉപയോഗിക്കാനുള്ള കഴിവ്, അതിദാരിദ്ര്യ നിർമാർജനത്തിന്റെ പാതയെ കൂടുതൽ സുഗമമാക്കി.
ഡിജിറ്റൽ സാക്ഷരതയിലേക്കുള്ള ആദ്യ ചുവടുവയ്പ്പ്
തിരുവനന്തപുരത്തെ പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതയ്ക്കായി 'ഡിജി പുല്ലമ്പാറ' എന്ന പദ്ധതി നടപ്പാക്കിയതാണ് തുടക്കം. നിലവിലുണ്ടായിരുന്ന പദ്ധതികളിൽ നിന്നുള്ള മാറിനടത്തം കൂടിയായിരുന്നു അത്. 'ഡിജിറ്റൽ ഇന്ത്യ' പദ്ധതിയ്ക്ക് കീഴിൽ 'ദേശീയ ഡിജിറ്റൽ സാക്ഷരത മിഷൻ' വിവിധ പദ്ധതികൾ ഏറ്റെടുത്ത് നടത്തുന്നുണ്ട്. അക്ഷയ കേന്ദ്രങ്ങൾ മുഖേന ഒരു കുടുംബത്തിലെ ഒരാൾക്ക് വീതം ഡിജിറ്റൽ സാക്ഷരത നൽകുന്ന പദ്ധതിയാണ് പ്രധാനമായും ഏറ്റെടുത്തത്. എന്നാൽ ഒരു പഞ്ചായത്തിലെയോ ഗ്രാമത്തിലെയോ മുഴുവൻ ആളുകൾക്കും ഡിജിറ്റൽ സാക്ഷരത നൽകുന്ന പദ്ധതി രാജ്യത്ത് എവിടെയും ഉണ്ടായിട്ടില്ല. സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുമായി സഹകരിച്ച് കേരള സംസ്ഥാന ഐ.ടി. മിഷൻ ഒരു കുടുംബത്തിലെ ഒരാൾക്ക് വീതം ഡിജിറ്റൽ സാക്ഷരത നൽകുന്ന പദ്ധതി ആരംഭിച്ചിരുന്നു.
ദേശീയ ഡിജിറ്റൽ സാക്ഷരതാ മിഷന്റെ മാനദണ്ഡം അനുസരിച്ച് 14 വയസ്സ് മുതൽ 60 വയസ്സ് വരെയുള്ളവർക്കാണ് ഡിജിറ്റൽ സാക്ഷരതാപരിശീലനം നൽകുന്നത്. എന്നാൽ ഡിജി പുല്ലമ്പാറ പദ്ധതിയിൽ 14 വയസ്സ് മുതൽ 65 വയസ്സ് വരെയുള്ളവരെ പരിശീലിപ്പിക്കുവാൻ തീരുമാനിച്ചു. പഠിതാക്കൾക്കുള്ള പരിശീലന മോഡ്യൂൾ എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാല അംഗീകരിച്ചു നൽകി. വോളന്റിയർമാർ വീടുകൾ കയറിയും, തൊഴിലുറപ്പ് പദ്ധതിയുടെ സൈറ്റുകളിൽ ഒഴിവ് സമയങ്ങളിലും, പഠിതാക്കളുടെ കൂട്ടായ്മകൾ ഉണ്ടാകാനിടയുള്ള മറ്റ് ഇടങ്ങളിലും വച്ചാണ് പരിശീലനം നല്കിയത്.
ഡിജി കേരളത്തിന്റെ തുടക്കം
ഡിജി പുല്ലമ്പാറ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ ഉജ്ജ്വലവിജയം മറ്റ് തദ്ദേശ സ്ഥാപനങ്ങൾക്കും ഇതേ മാതൃക സ്വീകരിക്കുന്നതിന് പ്രചോദനമായി. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ കേരളമൊട്ടാകെ ഏറ്റെടുത്ത് നടത്താൻ സർക്കാർ തീരുമാനിച്ചു. തൽഫലമായി 'ഡിജി കേരളം' എന്ന പേരിൽ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പദ്ധതിക്ക് തുടക്കം കുറിച്ചു.
ഡിജി കേരളം അവലംബിച്ച രീതികൾ
കേരളത്തിലാകമാനം 2,57,000 വോളന്റിയർമാർ പദ്ധതിയുടെ ഭാഗമായി. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നിർവഹണം പൂർത്തിയായത്. ആദ്യ ഘട്ടത്തിൽ സൂക്ഷ്മമായ ഡാറ്റാ ശേഖരണത്തോടെ അടിസ്ഥാന ഡിജിറ്റൽ സാക്ഷരത ഇല്ലാത്തവരെ തിരിച്ചറിഞ്ഞു. സംസ്ഥാനത്ത് ആകെയുള്ള 1.5 കോടി വീടുകളിൽ ആൾതാമസം ഇല്ലാത്തവ ഒഴികെ 83,45,879 കുടുംബങ്ങളിലായി 1,50,82,536 വ്യക്തികളിൽ നടത്തിയ വിവരശേഖരണം വഴി ഡിജിറ്റൽ സാക്ഷരതയില്ലാത്ത 21,88,398 പൗരന്മാരെ തിരിച്ചറിഞ്ഞു. രണ്ടാം ഘട്ടത്തിൽ സ്മാർട്ട്ഫോൺ പ്രവർത്തനത്തെ സംബന്ധിച്ച പരിശീലനം നൽകിക്കൊണ്ട് അടിസ്ഥാന ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കി. 21,87,966 പേർക്കാണ് പരിശീലനം നൽകിയത്. കുടുംബശ്രീ പ്രവർത്തകർ, കോളേജ് വിദ്യാർഥികൾ, കേരള സ്റ്റേറ്റ് സാക്ഷരതാമിഷൻ പ്രേരക്മാർ, ലൈബ്രറി കൗൺസിൽ അംഗങ്ങൾ, എൻഎസ്എസ്, എൻസിസി കേഡറ്റുകൾ, യുവജന സംഘടനകളിലെ അംഗങ്ങൾ എന്നിവരുൾപ്പെടെ 2,57,000-ത്തിലധികം സന്നദ്ധപ്രവർത്തകർ പദ്ധതിയുടെ വിവരശേഖരണം, പരിശീലനം എന്നിവയിൽ പങ്കാളികളായി.
14 വയസ്സിന് മുകളിലുള്ള എല്ലാ പൗരന്മാർക്കും ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കിയത്. ഒരു കുടുംബത്തിലെ ഒരു വ്യക്തിയ്ക്ക് മാത്രം പരിശീലനം നൽകുന്ന, മുമ്പ് നടപ്പിലാക്കിയ പദ്ധതികളിൽ നിന്ന് വിഭിന്നമായി മുഴുവൻ പൗരന്മാരുടെയും ഡിജിറ്റൽ സാക്ഷരത ഈ പദ്ധതി വഴി ഉറപ്പാക്കി. വോളന്റിയർമാർക്ക് പരിശീലനം നൽകി, അവർ മുഖേനയാണ് പരിശീലനം നൽകിയത്. പരിശീലനം ആവശ്യമുള്ള 21,88,398 പേരിൽ 21,87,966 (99.98%) പഠിതാക്കളും പരിശീലനം പൂർത്തിയാക്കി. ശാസ്ത്രീയമായി തയ്യാറാക്കിയ മോഡ്യൂളുകൾ ഉപയോഗിച്ചാണ് പഠിതാക്കൾക്ക് ക്ലാസ്സുകളെടുത്തത്.
പരിശീലനം പൂർത്തിയാക്കിയവരെ മൂല്യനിർണ്ണയ പ്രക്രിയയ്ക്ക് വിധേയരാക്കുകയും മൂല്യനിർണ്ണയത്തിൽ പരാജയപ്പെട്ടവർക്ക് വീണ്ടും പരിശീലനം നൽകുകയും അവരെ ഒരിക്കൽ കൂടി മൂല്യനിർണ്ണയത്തിന് വിധേയരാക്കുകയും ചെയ്തു. 14 വയസ്സുമുതൽ 65 വരെ പ്രായമുള്ള എല്ലാവരെയും നിർബന്ധിത മൂല്യനിർണ്ണയത്തിന്റെ ഭാഗമാക്കി. പരിശീലനം പൂർത്തിയാക്കിയ 21,87,966 പഠിതാക്കളിൽ 21,87,667 പേരും മൂല്യനിർണ്ണയത്തിൽ വിജയിച്ച് ഡിജിറ്റൽ സാക്ഷരത കൈവരിച്ചു.
'ഡിജി കേരളം' പദ്ധതിയുടെ സുതാര്യത ഉറപ്പാക്കുന്നതിനായി മൂന്ന് തലങ്ങളിൽ സൂപ്പർചെക്ക് നടത്തി. ഇവാലുവേഷൻ പൂർത്തിയാക്കിയ പഠിതാക്കളിൽ അഞ്ച് ശതമാനം ജില്ലാ തലത്തിലും ഒരു ശതമാനം സംസ്ഥാന തലത്തിലും തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ മുഖേന സൂപ്പർചെക്ക് നടത്തി. ഇതിന് പുറമേ ഇവാലുവേഷൻ പൂർത്തിയാക്കിയ ആകെ പഠിതാക്കളിൽ രണ്ടുശതമാനം പേരെ സാമ്പത്തിക സ്ഥിതിവിവര വകുപ്പ് മുഖേനയും സൂപ്പർചെക്ക് നടത്തി.
കുടുംബശ്രീ പ്രവർത്തകർ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ, സാക്ഷരതാ മിഷൻ പ്രേരക്മാർ, എസ്.സി.എസ്.റ്റി. പ്രൊമോട്ടർമാർ, തൊഴിലുറപ്പ് പദ്ധതി മേറ്റുമാർ, എൻഎസ്എസ്, എൻസിസി, എൻവൈകെ, സന്നദ്ധസേനാ വോളന്റിയർമാർ, ലൈബ്രറി കൗൺസിൽ, യുവജനക്ഷേമ ബോർഡ്, സന്നദ്ധ സംഘടനകൾ, യുവതീയുവാക്കൾ, വിദ്യാർത്ഥികൾ എന്നിവരിൽപ്പെട്ട ഡിജിറ്റൽ സാക്ഷരരായ വോളന്റിയർ എന്നിവരെ ഉപയോഗിച്ചാണ് വിവരശേഖരണവും പരിശീലനവും മൂല്യനിർണ്ണയവും നടത്തിയത്. പദ്ധതി പ്രവർത്തനങ്ങൾക്കായി ഒരു വെബ് പോർട്ടലും മൊബൈൽ ആപ്ലിക്കേഷനും സജ്ജീകരിച്ചിരുന്നു.
പദ്ധതിയുടെ വിജയത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും വിവിധ വകുപ്പുകളുടെയും പൊതുസമൂഹത്തിന്റെയും പരിപൂർണ്ണ സഹകരണവും ലഭിച്ചു.
തുടർപ്രവർത്തനം
കേരളത്തിലെ എല്ലാ പൗരന്മാർക്കും ഡിജിറ്റൽ സാക്ഷരത നൽകുന്ന പദ്ധതി പ്രവർത്തനങ്ങളുടെ ആദ്യഘട്ടം മാത്രമേ പൂർത്തിയാകുന്നുള്ളൂ. രണ്ടാംഘട്ടം എന്ന നിലയിൽ ഡിജിറ്റൽ സാക്ഷരത എന്നതിലുപരി ഡിജിറ്റൽ വിദ്യാഭ്യാസം നൽകുന്നതിനും പദ്ധതിയുണ്ട്. ഓൺലൈൻ ബാങ്കിങ് ഉൾപ്പെടെ സൈബർ ഇടങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ട കാര്യങ്ങളിൽ അവബോധം വളർത്തൽ, പരസഹായമില്ലാതെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കെ-സ്മാർട്ട് പോലുള്ള പോർട്ടലുകൾ ഉപയോഗിക്കാൻ പഠിക്കൽ, തുടങ്ങി ഡിജിറ്റലായ എല്ലാ സേവനങ്ങളും ഓരോ പൗരനും ഉപയോഗിക്കാവുന്ന തരത്തിലും യുവതീയുവാക്കൾക്ക് ഭാവിജീവിതത്തിന് സഹായകമാകുന്ന തരത്തിലും പ്രായവും വിദ്യാഭ്യാസവും അടിസ്ഥാനമാക്കി കൂടുതൽ ആഴത്തിലുള്ള പരിശീലനം നൽകാനാണ് സർക്കാർ രണ്ടാം ഘട്ടത്തിൽ ലക്ഷ്യമിടുന്നത്.
തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേനയുള്ള സേവനങ്ങൾ നൽകുന്ന കെ-സ്മാർട്ടിൽ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും ഐഡി നൽകുന്നതിനും എല്ലാ സേവനങ്ങളും ഓരോ കുടുംബവും മറ്റുള്ളവരുടെ സഹായമില്ലാതെ ഓൺലൈനായി അനുഭവവേദ്യമാക്കുന്നതിനും നടപടി സ്വീകരിക്കും. തുടർന്ന് ഇത് സംസ്ഥാന സർക്കാർ നൽകുന്ന എല്ലാ സേവനങ്ങളിലേക്കും വ്യാപിപ്പിക്കും.
ഡിജി കേരളം 2.0-ന്റെ ഭാഗമായി 'സീറോ സൈബർ ക്രൈം കേരളം' എന്ന പേരിൽ ക്യാമ്പയിൻ നടത്തും. കേരളത്തിലുടനീളം 10 ലക്ഷം ഡിജിറ്റൽ വോളന്റിയർമാരെ കണ്ടെത്തുകയും വിവിധ സർക്കാർ വകുപ്പുകൾ, കോളേജുകൾ, സ്കൂളുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ സൈബർ സുരക്ഷയെയും ഡിജിറ്റൽ തട്ടിപ്പുകളെയും കുറിച്ചുള്ള ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്യുകയാണ് പ്രധാന ലക്ഷ്യം. ഓരോ ക്ലാസും 2 മണിക്കൂർ ദൈർഘ്യമുള്ള സെമിനാർ, വെബിനാർ ആയി സംഘടിപ്പിച്ച ശേഷം, 15 മിനിറ്റുള്ള 20 ചോദ്യങ്ങളടങ്ങിയ പരീക്ഷ നടത്തും. വിജയിക്കുന്നവർക്ക് ഡിജി കേരളം 2.0ന്റെ പേരിലുള്ള ഡിജിറ്റൽ സർട്ടിഫിക്കറ്റ് നൽകും. സൈബർ വിദഗ്ധരുടെ സഹായത്തോടെ നിലവിൽ അറിഞ്ഞിരിക്കേണ്ട വിവിധ പ്രശ്നങ്ങൾ, അവയുടെ പരിഹാരങ്ങൾ എന്നിവയിൽ അവബോധം നൽകുന്നതിനനുയോജ്യമായ രീതിയിൽ പാഠ്യപദ്ധതി തയ്യാറാക്കും. പരിശീലനം ലഭിച്ചവരുടെ വിവരങ്ങൾ ശാസ്ത്രീയമായി ഡാറ്റാബേസിലൂടെ സൂക്ഷിക്കുകയും ഭരണസംവിധാനങ്ങൾക്കായി ലഭ്യമാക്കുകയും ചെയ്യും. ഇതിന്റെ പ്രചാരണർഥം മാരത്തോൺ, ഹാക്കത്തോൺ, കായിക മത്സരങ്ങൾ, ഹോർഡിങ്സ്, പത്ര-ദൃശ്യ മാധ്യമങ്ങളിൽ പരസ്യങ്ങൾ, ഷോർട് ഫിലിം ഫെസ്റ്റിവൽ തുടങ്ങിയവ സംഘടിപ്പിക്കും.
SEED (Secured Electronic Essential Documents) Digitalisation എന്ന പേരിൽ പൗരന്മാരുടെ എല്ലാ സർട്ടിഫിക്കറ്റുകളും മറ്റ് പ്രധാനപ്പെട്ട രേഖകളും ഡിജിലോക്കറുമായി ബന്ധിപ്പിക്കുകയും 'പേപ്പർരഹിത സേവനം' എന്ന വിശാലമായ കാഴ്ചപ്പാട് നടപ്പാക്കുകയും ചെയ്യും.
ഡിജി കേരളം കണക്കുകൾ:
സംസ്ഥാനത്തുടനീളം ഡിജി കേരളം പദ്ധതിയുടെ ഭാഗമായി 83,45,879 കുടുംബങ്ങളും 1,50,82,536 വ്യക്തികളുമാണ് സർവേ ചെയ്തത്. ഇതിലൂടെ 21,88,398 പഠിതാക്കളെ കണ്ടെത്താൻ കഴിഞ്ഞു, അതിൽ സ്ത്രീകൾ 13,81,166 പേർ, പുരുഷന്മാർ 8,05,588 പേർ, ട്രാൻസ്ജെൻഡർ വ്യക്തികൾ 1,644 പേർ എന്നിങ്ങനെയാണ് ലിംഗാനുപാതം.
പരിശീലന ഘട്ടം പൂർത്തിയാക്കിയവരുടെ എണ്ണം 21,87,966 ആയും, മൂല്യനിർണ്ണയത്തിൽ വിജയിച്ച് സാക്ഷ്യപത്രം നേടിയവരുടെ എണ്ണം 21,87,667 ആയും ആയിരുന്നു. പദ്ധതിയുടെ ആകെ വിജയനിരക്ക് 99.98 ശതമാനം എന്നത് കേരളത്തിന്റെ ഡിജിറ്റൽ ഉൾക്കൊള്ളലിനോടുള്ള പ്രതിബദ്ധതയുടെയും സാമൂഹിക പങ്കാളിത്തത്തിന്റെയും തെളിവാണ്.
അതിദാരിദ്ര്യം തുടച്ചുനീക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള കേരളത്തിൻ്റെ പ്രയാണത്തിൽ, 'ഡിജി കേരളം' പദ്ധതി ഒരു സുപ്രധാന നാഴികക്കല്ലാണ്. 99.98% വിജയശതമാനത്തോടെ 21 ലക്ഷത്തിലധികം പൗരന്മാർക്ക് ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കാൻ ഈ ജനകീയ യജ്ഞത്തിലൂടെ സാധിച്ചു. ഇതിലൂടെ, സാമ്പത്തിക സഹായങ്ങൾ നേരിട്ട് അക്കൗണ്ടുകളിലേക്ക് എത്തിക്കുന്നതിലും, ആവശ്യമായ രേഖകൾ വേഗത്തിൽ നേടിയെടുക്കുന്നതിലും, ഓൺലൈൻ സാമ്പത്തിക ചൂഷണങ്ങൾ തടയുന്നതിലും, അതിദരിദ്ര വിഭാഗങ്ങൾ സ്വയംപര്യാപ്തരായി. ഡിജിറ്റൽ അറിവ് എന്നത് കേവലം ഒരു സ്മാർട്ട്ഫോൺ ഉപയോഗിക്കാനുള്ള കഴിവല്ല, മറിച്ച് സാമൂഹിക ഉൾക്കൊള്ളലിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനുമുള്ള താക്കോലാണ്. 'ഡിജി കേരളം 2.0' വഴി സൈബർ സുരക്ഷ, ഡിജിറ്റൽ വിദ്യാഭ്യാസം, പേപ്പർരഹിത സേവനം എന്നിവ ഉറപ്പാക്കാനുള്ള തുടർ ശ്രമങ്ങൾ, ഈ നേട്ടത്തെ ദീർഘകാലത്തേക്ക് നിലനിർത്തും. സാക്ഷരതയിൽ ലോകത്തിന് മാതൃകയായ കേരളം, ഡിജിറ്റൽ സാക്ഷരതയിലൂടെയും അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിലൂടെയും സാമൂഹിക നീതിയുടെയും സമത്വത്തിന്റെയും മറ്റൊരു ചരിത്രം കൂടി രചിക്കുകയാണ്.