
കേരളം രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്ന ഒരു സവിശേഷ വികസന മാതൃകയാണ് ഉയർന്ന വേതനവും തൊഴിലാളി സൗഹൃദ അന്തരീക്ഷവും. മുമ്പ് മലയാളികൾ മാത്രം പ്രവർത്തിച്ചിരുന്ന തൊഴിലിടങ്ങളിലേക്ക് ഇന്ന് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അതിഥി തൊഴിലാളികൾ എത്തിച്ചേരുന്നതിനു പിന്നിലെ പ്രധാന ആകർഷണീയത, മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഉറപ്പാക്കുന്ന മികച്ച വേതനവും ജീവിത സുരക്ഷിതത്വവുമാണ്. തൊഴിലാളി താൽപര്യം സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ഈ മാറ്റത്തിന് അടിത്തറയിട്ടത്. വിവിധ മേഖലകളിൽ നടപ്പാക്കിയ മിനിമം വേതനം, തൊഴിൽ തർക്കങ്ങൾ കുറഞ്ഞത്, മെച്ചപ്പെട്ട വ്യവസായ അനുകൂല അന്തരീക്ഷം, അതിഥി തൊഴിലാളികൾക്ക് ഇൻഷുറൻസ് ഉൾപ്പെടെയുള്ള ആരോഗ്യ-സാമൂഹിക സുരക്ഷിതത്വം എന്നിവ ഈ നേട്ടങ്ങൾക്ക് കാരണമായി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) 2023-24 ലെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ഇന്ത്യയിൽ ഏറ്റവും ഉയർന്ന ഗ്രാമീണ തൊഴിലാളി വേതനമുള്ള സംസ്ഥാനമാണ് കേരളം. ഇത് സംസ്ഥാനത്തെ തൊഴിലാളി വിഭാഗങ്ങൾക്ക് സാമ്പത്തിക സ്ഥിരത നൽകുന്നതിലൂടെ അതിദാരിദ്ര്യത്തിൻ്റെ സാധ്യതകളെ ഇല്ലാതാക്കുന്നു.
തൊഴിലാളി സൗഹൃദ അന്തരീക്ഷത്തിൻ്റെ പരിണാമം
ഒരു കാലത്ത് മലയാളികൾ മാത്രം ആശ്രയിച്ചിരുന്ന നെൽവയലുകളിലും, ഹോട്ടലുകളിലും, മറ്റ് സേവന മേഖലകളിലും ഇന്ന് അതിഥി തൊഴിലാളികളുടെ സാന്നിധ്യം ശ്രദ്ധേയമാണ്. ഞാറു നടൽ, കള പറിക്കൽ, കൊയ്ത്ത്, മെതി തുടങ്ങിയ കായികാധ്വാനം ആവശ്യമുള്ള മേഖലകളിൽ മലയാളികൾ മാറിനിന്നപ്പോൾ ഈ തൊഴിലാളികൾ ആ ഒഴിവുകൾ നികത്തി. ഈ മാറ്റത്തിന് പിന്നിലെ പ്രേരകശക്തി മികച്ച വേതനവും മെച്ചപ്പെട്ട ജീവിത സുരക്ഷിതത്വവുമാണ്. തൊഴിലാളി സൗഹൃദവും തൊഴിൽ സൗഹൃദവുമായ അന്തരീക്ഷത്തിൽ കേരളം രാജ്യത്തിന് മാതൃകയായി നിലകൊള്ളുന്നു. തൊഴിലാളി താൽപര്യം സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാരിന് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണുള്ളത്. 85 മേഖലകളിൽ മിനിമം വേതനം പ്രഖ്യാപിച്ച ഏക സംസ്ഥാനം കേരളമാണ് എന്നത് ഈ പ്രതിബദ്ധതയുടെ തെളിവാണ്. തൊഴിൽ നിയമങ്ങൾ കർശനമായി നടപ്പാക്കി തൊഴിലാളികൾക്ക് എല്ലാ ആനുകൂല്യങ്ങളും തൊഴിൽ സുരക്ഷയും ഉറപ്പാക്കാൻ സംസ്ഥാനത്തിന് കഴിയുന്നു.
വേതന നിലവാരം: ദേശീയ ശരാശരിയേക്കാൾ മുന്നിൽ
ആർബിഐയുടെ 2023-24 ലെ ഇന്ത്യൻ സ്റ്റേറ്റ്സ് സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, കേരളത്തിലെ ഗ്രാമീണ തൊഴിലാളികൾക്കുള്ള വേതനം ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണ്. നിർമ്മാണ, കാർഷിക, കാർഷികേതര മേഖലകളിൽ ഉൾപ്പെടുന്ന കേരളത്തിലെ ഗ്രാമീണ തൊഴിലാളികളുടെ ശരാശരി ദിവസക്കൂലി ദേശീയ ശരാശരിയുടെ ഇരട്ടിയോളമാണ്.
നിർമാണ, കാർഷിക, കാർഷികേതര മേഖലകളിൽ ഉൾപ്പെടുന്ന കേരളത്തിലെ ഗ്രാമീണ തൊഴിലാളികൾക്ക് ദേശീയ ശരാശരിയേക്കാൾ മേലെയാണ് വേതനം. ഗ്രാമീണ മേഖലയിൽ കെട്ടിടനിർാണ തൊഴിലാളികൾക്ക് 893.6 രൂപ, കർഷകത്തൊഴിലാളികൾക്ക് 807.2 രൂപ, കാർഷികേതര തൊഴിലാളികൾക്ക് 735 രൂപ എന്നിങ്ങനെയാണ് കേരളത്തിൽ ശരാശരി ദിവസക്കൂലി. ദേശീയ ശരാശരിയുടെ ഇരട്ടിയോളം വരുമിത്. കെട്ടിടനിർാണ തൊഴിലാളികളുടെ ദിവസക്കൂലിയുടെ ദേശീയ ശരാശരി 417.3 രൂപയും കർഷക തൊഴിലാളികളുടേത് 372.7 രൂപയും കാർഷികേതര തൊഴിലാളികളുടേത് 371.4 രൂപയുമാണ് എന്ന് അറിയുമ്പോൾ മനസിലാകും കേരളത്തിന്റെ പ്രത്യേകത. അതോടൊപ്പം തൊഴിൽ നിയമങ്ങൾ കർശനമായി നടപ്പാക്കി തൊഴിലാളികൾക്ക് എല്ലാ ആനുകൂല്യങ്ങളും തൊഴിൽ സുരക്ഷയും ഉറപ്പാക്കാനും കേരളത്തിന് കഴിയുന്നു. 85 മേഖലകളിൽ മിനിമം വേതനം പ്രഖ്യാപിച്ച ഏക സംസ്ഥാനവും കേരളമാണ്.
വേതന സുരക്ഷയും അതിദാരിദ്ര്യ നിർമ്മാർജനവും
കേരളം നടപ്പാക്കിയ കർശനമായ തൊഴിൽ നിയമങ്ങൾ, 85 മേഖലകളിലെ മിനിമം വേതനം, കൂടാതെ തൊഴിലാളികൾക്ക് ഉറപ്പാക്കിയ തൊഴിൽ സുരക്ഷയും സാമൂഹിക സുരക്ഷിതത്വവും സംസ്ഥാനത്തിൻ്റെ സാമ്പത്തിക അടിത്തറ ശക്തമാക്കാൻ സഹായിച്ചിട്ടുണ്ട്. ദേശീയ ശരാശരിയേക്കാൾ ഇരട്ടിയോളം വരുന്ന ഉയർന്ന ദിവസക്കൂലി, ഗ്രാമീണ മേഖലയിലെ കുടുംബങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു. തൊഴിലാളി സൗഹൃദ സംസ്കാരം, സംസ്ഥാനത്തെ മൊത്തത്തിൽ സാമ്പത്തികമായി ശാക്തീകരിച്ചു. ഇപ്രകാരം ഉയർന്ന വേതനം ഉറപ്പാക്കിയതിലൂടെ സൃഷ്ടിക്കപ്പെട്ട സാമ്പത്തിക സുസ്ഥിരതയും, തൊഴിൽ സുരക്ഷയുമാണ് അതിദാരിദ്ര്യം എന്ന സാമൂഹിക പ്രശ്നത്തെ ശാശ്വതമായി ഇല്ലാതാക്കുന്നതിലെ പ്രധാന ചാലകശക്തിയായി പ്രവർത്തിച്ചത്. ഈ സാമൂഹിക നീതിയുടെയും സാമ്പത്തിക സമത്വത്തിൻ്റെയും ബലത്തിലാണ് 2025 നവംബർ 1-ന് കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെടാൻ ഒരുങ്ങുന്നത്.