ജല, ശുചിത്വ പ്രതിസന്ധികൾ പരിഹരിക്കാനുള്ള മാറ്റത്തിന് പ്രചോദനമാകുകയെന്ന മുദ്രാവാക്യവുമായാണ് 2023-ലെ ലോക ജലദിനം ഐക്യരാഷ്ട്ര സംഘടന ആചരിക്കുന്നത്. ഇതിന് പ്രചോദനമാകുന്ന പ്രവർത്തനങ്ങളാണ്, ഭാവിയെ മുന്നിൽ കണ്ടുകൊണ്ട് കേരളം നടത്തിവരുന്നത്. ഓരോ പ്രദേശത്തെയും വിവിധ ആവശ്യങ്ങൾക്ക് വെള്ളത്തിന്റെ വിതരണം സുഗമമായി സാധ്യമാക്കുന്നതിന് സുസ്ഥിരമായ പരിഹാരമെന്ന നിലയിലാണ് ജലബജറ്റ് അവതരിപ്പിച്ചട്ടുള്ളത്. ഓരോ പ്രദേശത്തെയും ജലസ്രോതസുകളുടെ പരിപാലനം ഉറപ്പാക്കി വെള്ളത്തിന്റെ ലഭ്യതയും ഉപയോഗവും അടിസ്ഥാനമാക്കി തയാറാക്കുന്ന ശാസ്ത്രീയ രേഖയായ ജലബജറ്റ് നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിലാണ് നടപ്പിലാക്കി വരുന്നത്.
പുഴകൾ, തോടുകൾ, കുളങ്ങൾ, കിണറുകൾ തുടങ്ങിയ ജലസ്രോതസ്സുകളിൽ നിന്നും ലഭ്യമാകുന്ന വെള്ളത്തിന്റെയും മഴവെള്ളത്തിന്റെയും കണക്ക് ശേഖരിച്ച് എത്ര മാത്രം കാര്യക്ഷമമായി ഇവ സംഭരിച്ചു നിർത്താൻ കഴിയുമെന്നു പരിശോധിക്കുകയും സുലഭമായ ജലലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടികൾ ജലബജറ്റിന്റെ ഭാഗമായി നടത്തും. വേനൽക്കാല ജലലഭ്യത വർധിപ്പിച്ച് സംഭരണം ഉറപ്പാക്കാനും കൂടുതൽ പ്രദേശത്ത് കൃഷി ആരംഭിക്കാനും ഇത് ഉപകരിക്കും.
ഇതിനോടകം 94 ഗ്രാമപഞ്ചായത്തുകളിൽ ജലബജറ്റ് തയാറായി. എല്ലാ ജില്ലകളിലെയും തെരഞ്ഞെടുത്ത ഓരോ ബ്ലോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകളിലാണ് ജലബജറ്റ് തയാറായത്. ലോക ജലദിനത്തോടനുബന്ധിച്ച് പഞ്ചായത്തുകളിൽ ജലബജറ്റ് അടിസ്ഥാനമാക്കിയുള്ള അവതരണവും ജലസഭയും സംഘടിപ്പിക്കും. കിളിമാനൂർ, മുഖത്തല, മല്ലപ്പള്ളി, മാവേലിക്കര, ഈരാറ്റുപേട്ട, ഇടുക്കി, മുളന്തുരുത്തി, ചൊവ്വന്നൂർ, ചിറ്റൂർ, കൊണ്ടോട്ടി, കുന്ദമംഗലം, മാനന്തവാടി, പേരാവൂർ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെ ബ്ലോക്ക് പഞ്ചായത്തു പരിധിയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളുമാണ് ജലബജറ്റ് തയാറാക്കി പ്രസിദ്ധീകരിക്കുന്നത്.
പശ്ചിമഘട്ട പ്രദേശത്തെ 230 ഗ്രാമപഞ്ചായത്തുകളിലെ നീർച്ചാലുകളുടെ വീണ്ടെടുപ്പിന് ഊന്നൽ നൽകി പുഴ പുനരുജ്ജീവനത്തിന് സഹായകരമാകും വിധം നീർച്ചാൽ മാപ്പിംഗും ഇതിനോടനുബന്ധിച്ച് നടന്നു വരികയാണ്. നീർച്ചാലുകൾ അടയാളപ്പെടുത്തുന്ന മാപത്തോൺ പ്രക്രിയയും അതിവേഗം പുരോഗമിക്കുകയാണ്. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളെയും അടിസ്ഥാനമാക്കി ജലബജറ്റ് തയാറാക്കാനുള്ള പദ്ധതിയുടെ ആദ്യഘട്ടമാണ് ലോക ജലദിനത്തിൽ പൂർത്തിയാവുന്നത്.
ജലബജറ്റിന്റെ ഭാഗമായി വിവിധോദ്ദേശലക്ഷ്യങ്ങളുമായി സംസ്ഥാനത്ത് 2000 കുളങ്ങൾ നിർമിക്കുന്ന പ്രവർത്തികൾ പുരോഗമിച്ചുവരികയാണ്. ഇതിൽ നിർമാണ പ്രവർത്തനം പൂർത്തീകരിച്ച 1000 കുളങ്ങൾ ലോക ജലദിനത്തിൽ പൊതുജനങ്ങൾക്കായി തുറന്നു നൽകും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-03-22 14:54:00
ലേഖനം നമ്പർ: 991