കേരള കലാരൂപങ്ങൾ, നാടൻ കലകൾ, ഗിരിവർഗ്ഗ കലാരൂപങ്ങൾ, ആയോധന കലകൾ തുടങ്ങി കേരളത്തിന്റെ സംസ്കാരവും വൈവിധ്യവും അന്താരാഷ്ട്ര തലത്തിലേക്കെത്തിയ്ക്കുവാനും, വിസ്മൃതിയിലാണ്ടുപോയ കലാരൂപങ്ങളെ പുനരുജ്ജീവിപ്പിയ്ക്കാനും, കലാകാർക്കും, ഗവേഷകർക്കും കലയെ സ്നേഹിയ്ക്കുന്നവർക്കുമുള്ള ഒരിടം എന്ന നിലയിലും, ക്ലാസ്സിക്കൽ കലാരൂപങ്ങളെ പരിപോഷിപ്പിയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് രംഗകല കേന്ദ്രം തിരുവനന്തപുരം വർക്കലയിൽ ഒരുങ്ങിയിരിയ്ക്കുന്നത്. പാരമ്പര്യ, ആധുനിക കലകളുടെ താരതമ്യപഠനത്തിനും വിദേശത്തു നിന്ന് എത്തുന്നവര്‍ക്കുള്‍പ്പെടെ കേരളത്തിന്റെ തനതായ കലകള്‍ ആസ്വദിക്കാനും പഠിക്കാനുമുള്ള സൗകര്യം, ടൂറിസം സാദ്ധ്യതകൾ എന്നിങ്ങനെ വിവിധോദ്ദേശങ്ങളോടെയാണ് രംഗ കല കേന്ദ്രം പ്രവർത്തിയ്ക്കുന്നത്.  സര്‍പ്പ പാട്ട്, തുള്ളല്‍, പടയണി ,ചവിട്ടു നാടകം, തെയ്യംതിറകള്‍, തീയാട്ടുകള്‍, ഒപ്പന, മര്‍ഗ്ഗംകളി, അര്‍ജുനനൃത്തം, അഗ്‌നികാവടി എന്നിവ കാണാനും പഠിക്കാനും അവസരം ഒരുക്കുന്നതോടൊപ്പം ക്ലാസ്സുകള്‍ കൈകാര്യം ചെയ്യാന്‍ മികച്ച അധ്യാപകരും ഇവിടെ ഉണ്ടാകും.

ആസൂത്രണ സാമ്പത്തികകാര്യ വകുപ്പിന്റെ കീഴിൽ വിഷൻ വർക്കല ഇൻഫ്രാ സ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ (വിവിഡ്) വഴി വിനോദസഞ്ചാര വകുപ്പിന്റെ വർക്കല ഗവ. ഗസ്റ്റ് ഹൗസ് വളപ്പിലെ 2 ഏക്കർ സ്ഥലത്താണ് 13,000 ചതുരശ്ര അടിയിൽ രംഗകല കേന്ദ്രം പ്രവർത്തനം ആരംഭിച്ചിരിയ്ക്കുന്നത്. കേരളീയ വാസ്തുശൈലിയിൽ 15 കോടി രൂപ മുതൽ മുടക്കിലാണ് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത്. അലങ്കാരതടിപ്പണികള്‍, മ്യൂറല്‍ പെയ്ന്റിംഗ്, കൂത്തമ്പലത്തിന്റെ മാതൃകയിലുള്ള അവതരണവേദി, കളരിത്തറ, കേരളത്തിന്റെ പരമ്പരാഗത ശൈലിയിലുള്ള ആനപ്പള്ള മതില്‍, താമരക്കുളം, ആംഫിതിയേറ്റര്‍, നീന്തല്‍ക്കുളം, പാരമ്പര്യ കലകളെക്കുറിച്ചുള്ള കലാപഠനകേന്ദ്രം, കണ്‍വെന്‍ഷന്‍ സെന്റര്‍, ഓഡിറ്റോറിയം, ആയുര്‍വേദ ചികിത്സാകേന്ദ്രം, ഓര്‍ഗാനിക്ക് ഗാര്‍ഡന്‍, ഫെസിലിറ്റേഷന്‍ സെന്റര്‍ തുടങ്ങിയവ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-07-04 15:44:48

ലേഖനം നമ്പർ: 624

sitelisthead