നവസാക്ഷരര്‍, ഔപചാരികവിദ്യാഭ്യാസം നേടാന്‍ കഴിയാതെപോയവര്‍, തുടങ്ങി   വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന സമൂഹത്തിലെ ഏതൊരു വ്യക്തിക്കും   തുടര്‍പഠനത്തിന് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ  സാക്ഷരതാമിഷന്‍ ആരംഭിച്ച തുല്യതാ കോഴ്സുകൾ ജയിച്ച് ജോലി ലഭിച്ചവരുടെയും ഉപരിപഠനത്തിന് അർഹത നേടിയവരുടെയും എണ്ണത്തിൽ വൻ വർദ്ധനവ് റിപ്പോർട്ട്   ചെയ്ത്  കേരളം. അനൗപചാരിക വിദ്യാഭ്യാസരംഗത്ത് ഹയര്‍ സെക്കൻഡറി തുല്യതാ കോഴ്‌സ് നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. പത്താം ക്ലാസ് തുല്യത കോഴ്‌സ് പി.എസ്.സി. അംഗീകരിച്ചതോടെയാണ് തുല്യത കോഴ്‌സുകൾക്ക് രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായത്. സർക്കാർ ജോലികൾക്കും വിദേശത്ത് പോകുന്നതിനും ഉൾപ്പെടെ ഈ സർട്ടിഫിക്കറ്റുകൾ പ്രയോജനകരമാണ്.

സംസ്ഥാനത്ത് സാക്ഷരത മിഷന്റെ തുല്യതാ കോഴ്‌സുകൾ   2023-ൽ പത്താം തരത്തിൽ തുല്യതാ കോഴ്‌സിലൂടെ രജിസ്റ്റർ ചെയ്തത് 27,131 പേരും ഹയർസെക്കൻഡറിയിൽ 26,830 പേരുമാണ്. 2022-ൽ പത്താം തരത്തിൽ 25,698 പേരും ഹയർസെക്കൻഡറിയിൽ 23,192 പേരുമായിരുന്നു രജിസ്റ്റർ ചെയ്തത്. 2022 ൽ പത്താംതരം പാസായവരുടെ എണ്ണം 7657ആയിരുന്നെങ്കിൽ 2023ൽ പരീക്ഷ പാസായവരുടെ എണ്ണം 14,571 ആയി ഉയർന്നു. 2022-23 വർഷത്തെ പത്താം ക്ലാസ് തുല്യതാപരീക്ഷയിൽ വിജയശതമാനം 93.14 ശതമാനമാണ്. 2021-22 ൽ ഇത് 91.90 ശതമാനം ആയിരുന്നു. 2006 മുതൽ പത്താം ക്ലാസ് തുല്യത പരീക്ഷഫലത്തിൽ ഏറ്റവും കൂടുതൽ വിജയശതമാനം 2022-23 കാലയളവിൽ ആണ്. 2023-ൽ തുല്യതാ കോഴ്സുകൾക്ക് രജിസ്റ്റർ ചെയ്തതിൽ (പത്താം തരവും ഹയർസെക്കൻഡറിയും) ബഹുഭൂരിപക്ഷവും സ്ത്രീകളാണ് (36,763). 17,149 പേർ മാത്രമേ പുരുഷന്മാരുള്ളൂ.  പട്ടികവിഭാഗങ്ങളിലുള്ളവരുടെയും വൈകല്യമുള്ള വ്യക്തികളുടെ എണ്ണത്തിലും വർധനയുണ്ട്.

നിരക്ഷരില്ലാത്ത നവകേരളം വാഗ്‌ദാനം ചെയ്യുന്ന സാക്ഷരതാ മിഷൻ , വിദ്യാഭ്യാസ മേഖലയിൽ സർവ തലസ്പർശിയായ മുന്നേറ്റം സൃഷ്ടിക്കുകയാണ്. 2011ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ ഇപ്പോഴും 18 ലക്ഷത്തോളം നിരക്ഷരര്‍ ഉണ്ടെന്നാണ് കണക്കുകൾ.  ആദിവാസി-തീരദേശ-ഭാഷാന്യൂനപക്ഷ മേഖലകളിലാണ് നിരക്ഷരത കൂടുതലായ കണക്കാക്കപ്പെട്ടിരിക്കുന്നത്. അവശേഷിക്കുന്ന നിരക്ഷരരെക്കൂടി സാക്ഷരരാക്കുന്നതിനും ഉന്നതവിദ്യാഭ്യാസ മേഖലയിലേക്ക്  എത്തിക്കുന്നതിനും സാക്ഷരതാമിഷന്‍ ബൃഹത്തായ പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-03-14 11:12:57

ലേഖനം നമ്പർ: 1340

sitelisthead