സംസ്ഥാനത്തെ ആരോ​ഗ്യരം​ഗത്തെ മികവിന്റെ സൂചനയായി വീണ്ടും ദേശീയ ഗുണനിലവാര അംഗീകാരം. 12 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭ്യമായി. 11 ആശുപത്രികള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരവും ഒരു ആശുപത്രിയ്ക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ ലക്ഷ്യ സര്‍ട്ടിഫിക്കേഷനുമാണ് ലഭിച്ചത്. ഇതോടെ ആകെ 187 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്. സര്‍ട്ടിഫിക്കേഷനും 12 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ലക്ഷ്യ സര്‍ട്ടിഫിക്കേഷനും ലഭ്യമായിട്ടുണ്ട്.

കോട്ടയം സി.എച്ച്.സി. കൂടല്ലൂര്‍ 89.67 ശതമാനം സ്‌കോറും, എറണാകുളം സി.എച്ച്.സി. രാമമംഗലം 93.09 ശതമാനം സ്‌കോറും, തിരുവനന്തപുരം പി.എച്ച്.സി. ആനാട് 93.57 ശതമാനം സ്‌കോറും, ഇടുക്കി പി.എച്ച്.സി. കുമളി 92.41 ശതമാനം സ്‌കോറും, കെ.പി. കോളനി 92.51 ശതമാനം സ്‌കോറും, പി.എച്ച്.സി. പെരുവന്താനം 93.37 ശതമാനം സ്‌കോറും, പാലക്കാട് പി.എച്ച്.സി. അടക്കാപുത്തൂര്‍ 93.57 ശതമാനം സ്‌കോറും, മലപ്പുറം പി.എച്ച്.സി. വാഴക്കാട് 95.83 ശതമാനം സ്‌കോറും, കണ്ണൂര്‍ പി.എച്ച്.സി മൊറാഴ 94.97 ശതമാനം സ്‌കോറും, കാസര്‍ഗോഡ് പി.എച്ച്.സി കുമ്പഡാജെ 94.37 ശതമാനം സ്‌കോറും നേടി എന്‍.ക്യു.എ.എസ്. അംഗീകാരവും കണ്ണൂര്‍ പി.എച്ച്.സി കതിരൂര്‍ 93.52 ശതമാനം സ്‌കോര്‍ നേടി പുന:അംഗീകാരവും കരസ്ഥമാക്കി.

82 ആശുപത്രികളാണ് പുന:അംഗീകാരം നേടിയെടുത്തത്. 5 ജില്ലാ ആശുപത്രികള്‍, 4 താലൂക്ക് ആശുപത്രികള്‍, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 41 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റെര്‍, 126 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെ ആകെ 187 ആശുപത്രികളാണ് എന്‍.ക്യു.എ.എസ് അംഗീകാരം നേടിയ പട്ടികയിലുള്ളത്.

8 വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകള്‍ വിലയിരുത്തിയാണ് ഒരു ആശുപത്രിയെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് 3 വര്‍ഷ കാലാവധിയാണുളളത്. 3 വര്‍ഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന പി.എച്ച്.സി.കള്‍ക്ക് 2 ലക്ഷം രൂപ വീതവും മറ്റ് ആശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സെന്റീവ് ലഭിക്കും.

തിരുവനന്തപുരം പാറശ്ശാല ഗവ. താലൂക്ക് ആസ്ഥാന ആശുപത്രിയ്ക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. ലേബര്‍ റൂം 95.92 ശതമാനം സ്‌കോറും മറ്റേര്‍ണിറ്റി ഒ.ടി 95.92 ശതമാനം സ്‌കോറും നേടിയാണ് ഈ അംഗീകാരം നേടിയത്. മാതൃ-ശിശുമരണ നിരക്ക് കുറയ്ക്കുക, അതോടൊപ്പം തന്നെ ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും നവജാത ശിശുക്കള്‍ക്കും മികച്ച പരിചരണം ഉറപ്പുവരുത്തുക തുടങ്ങിയ ഉദ്ദേശത്തോടു കൂടിയാണ് ലക്ഷ്യ പദ്ധതി ആവിഷ്‌കരിച്ചത്. ലോകോത്തര നിലവാരത്തിലുളള പ്രസവ ചികിത്സ ലഭ്യമാക്കുക, അണുബാധ കുറയ്ക്കുക, പ്രസവ സമയത്ത് മെച്ചപ്പെട്ട സംരക്ഷണം ഉറപ്പുവരുത്തുക, പ്രസവാനന്തര ശുശ്രൂഷ , ഗുണഭോക്താക്കളുടെ സംതൃപ്തി, ലേബര്‍ റൂമുകളുടെയും പ്രസവ സംബന്ധമായ ഓപ്പറേഷന്‍ തിയേറ്ററുകളുടേയും ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നിവയാണ് ലക്ഷ്യ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. കേരളത്തില്‍ മെഡിക്കല്‍ കോളേജുകളിലും, ജില്ലാ ആശുപത്രികളിലും താലൂക്കാശുപത്രികളിലുമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-09-26 16:54:23

ലേഖനം നമ്പർ: 1532

sitelisthead