സുസ്ഥിരവികസനത്തിലധിഷ്ഠിതമായ വ്യവസായാന്തരീക്ഷം സൃഷ്ടിച്ച്  രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം. കേന്ദ്ര വ്യവസായ മന്ത്രാലയത്തിന്റെ വ്യവസായ പരിഷ്‌കരണ കർമ്മപദ്ധതിയുടെ കീഴിൽ ഏർപ്പെടുത്തിയ 2022ലെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗിൽ  കേരളം ഒന്നാം സ്ഥാനത്തെത്തി.  ചരിത്രത്തിൽ ആദ്യമായാണ്‌ വ്യവസായ സൗഹൃദ റാങ്കിങ്ങിൽ കേരളം രാജ്യത്ത്‌ ഒന്നാമതെത്തുന്നത്‌.വ്യവസായ, പൗരസേവന പരിഷ്‌കാരങ്ങൾ, ഓൺലൈൻ ഏകജാലക സംവിധാനമടക്കം ഒൻപത് കാറ്റഗറികളിൽ ഉന്നത സ്ഥാനത്ത് (ടോപ്പ് അച്ചീവർ) എത്തിയാണ്  സംസ്ഥാനം  നേട്ടം കൈവരിച്ചത്. ഇവയ്ക്ക് 95 ശതമാനത്തിന് മുകളിൽ മാർക്ക് ലഭിച്ചു.

സംരംഭകരുടെ അഭിപ്രായങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് റാങ്ക് നിശ്ചയിച്ചത്.  വ്യവസായങ്ങൾ ആരംഭിക്കാൻ മികച്ചയിടമായി സംരംഭക സമൂഹം കേരളത്തെ അടയാളപ്പെടുത്തിയതിന്റെ കാരണം    നൂതനമായ പരിഷ്‌ക്കാരങ്ങളിലൂടെ വ്യവസായങ്ങൾ തുടങ്ങുന്നതിനുള്ള പ്രക്രിയകളുടെ ഏകോപനം , വ്യവസായികൾക്കും പൗരൻമാർക്കും വേണ്ടി നടത്തുന്ന  കാര്യക്ഷമമായ സേവനങ്ങൾ എന്നിങ്ങനെ സർക്കാർ നടത്തുന്ന സംരംഭ സൗഹൃദ പ്രവർത്തങ്ങളാണ് . 

വ്യവസായ പരിഷ്‌ക്കാര കർമപദ്ധതി പ്രകാരം ഓരോ സംസ്ഥാനവും സ്വീകരിക്കുന്ന നടപടികൾ പരിഗണിച്ചാണ്‌ ഈസ്‌ ഓഫ്‌ ഡൂയിങ്‌ ബിസിനസ്‌ പട്ടിക തയ്യാറാക്കുന്നത്‌. ഇതിനായി പരിഗണിച്ച 30 സൂചികകളിൽ ഒമ്പതിലും കേരളത്തിന്‌ ഒന്നാമത്‌ എത്താനായി. വ്യവസായ സൗഹൃദ റാങ്കിങ്ങിൽരണ്ടാം സ്ഥാനത്ത് ആന്ധ്രപ്രദേശും   , മൂന്നാം സ്ഥാനത്ത്  ഗുജറാത്തുമാണ്.   ആന്ധ്രപ്രദേശ്  അഞ്ചും ഗുജറാത്ത്‌ മൂന്നും മേഖലകളിലാണ്‌ ഒന്നാമതെത്തിയത്‌. കേന്ദ്ര വാണിജ്യ–-വ്യവസായ മന്ത്രാലയം തയ്യാറാക്കുന്ന ഈസ്‌ ഓഫ്‌ ഡൂയിങ്‌ ബിസിനസ്‌ പട്ടികയിൽ 2020 ൽ കേരളം 28–-ാം സ്ഥാനത്തായിരുന്നു.

2021 ൽ കേരളം  15–-ാമത്‌ എത്തി. വ്യവസായ, പൗരസേവന പരിഷ്‌കാരങ്ങൾ,യൂട്ടിലിറ്റി പെർമിറ്റുകൾ അനുവദിക്കൽ,നികുതി അടയ്ക്കലിലെ പരിഷ്‌കാരങ്ങൾ,ഓൺലൈൻ ഏകജാലക സംവിധാനം,നഗര തദ്ദേശ സ്ഥാപനങ്ങളുടെ സർട്ടിഫിക്കറ്റ് വിതരണ പ്രക്രിയ ലഘുകരണം,റവന്യു വകുപ്പ് നൽകുന്ന സർട്ടിഫിക്കറ്റുകൾ മികച്ച പൊതുവിതരണ സംവിധാനം, മികച്ച ഗതാഗത സംവിധാനം,എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ പ്രവർത്തനം എന്നീ   9  മേഖലകളിലാണ് കേരളം ഒന്നാമതെത്തിയത്.

ഇന്ത്യയുടെ വ്യവസായ ഭൂപടത്തിലേക്കുള്ള കേരളത്തിന്റെ  കുതിപ്പിന് നിർണായക പങ്ക് വഹിക്കുന്നത്  വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ സർക്കാർ നടത്തുന്ന വ്യവസായ-സംരംഭക വികകസന  നയങ്ങളും പദ്ധതികളുമാണ്.  കൊച്ചി– ബംഗളൂരു വ്യവസായ ഇടനാഴിക്ക്‌ അനുമതി നേടിയെടുത്തതും ലോജിസ്‌റ്റിക്‌സ്‌ നയം പ്രഖ്യാപിച്ചതും കേരളത്തിന്റെ  വ്യാവസായിക കുതിപ്പിന്റെ സൂചകങ്ങളാണ്. സമാനതകളില്ലാത്ത വ്യവസായ വികസനത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത് .രണ്ടു വർഷത്തിനുള്ളിൽ 2.75 ലക്ഷം സംരംഭങ്ങൾക്ക്‌ തുടക്കമിട്ട സംരംഭക വർഷം പദ്ധതി ദേശീയതലത്തിൽ ബെസ്‌റ്റ്‌ പ്രാക്ടീസ് അംഗീകാരം നേടി. ഈ പദ്ധതിയിലൂടെ 16,000 കോടിയുടെ നിക്ഷേപവും അഞ്ചരലക്ഷം തൊഴിലവസരവുമാണ്‌ സൃഷ്ടിച്ചത്‌.

മീറ്റ്‌ ദി ഇൻവെസ്‌റ്റർ പരിപാടിയിലൂടെ 11,000 കോടിയുടെ നിക്ഷേപമാണ്‌ കേരളം നേടിയെടുത്തത്‌. 1000 കോടി രൂപയുടെ നിക്ഷേപവും 3000 തൊഴിലും പ്രതീക്ഷിക്കുന്ന മെഗാഫുഡ് പാർക്ക്‌ പ്രവർത്തനമാരംഭിച്ചു. സ്‌പൈസസ് പാർക്കിന്റെ നിർമാണം തുടങ്ങി. 1200 കോടിയുടെ പെട്രോകെമിക്കൽ പാർക്കും യാഥാർഥ്യമാകുന്നു.ഇരുപതിലധികം പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലായി. കേന്ദ്രസർക്കാർ വിൽപ്പനയ്‌ക്കുവച്ച പൊതുമേഖലാ സ്ഥാപനങ്ങൾ ഏറ്റെടുത്ത്‌ പുതിയ വ്യവസായങ്ങൾ ആരംഭിച്ചു. ആദ്യമായി സ്വകാര്യ വ്യവസായ പാർക്കുകളും കാമ്പസ്‌ വ്യവസായ പാർക്കുകളും തുടങ്ങി. ഇരുപത്തഞ്ചിലധികം സ്വകാര്യ വ്യവസായ പാർക്കുകൾക്കാണ്‌ ഇതിനകം അനുമതി നൽകിയത്‌. ഐബിഎം അടക്കം ലോകോത്തര കമ്പനികൾ കേരളത്തിലേക്ക് വന്നു. രാജ്യത്തിന്റെതന്നെ വികസന കവാടമായി മാറുന്ന വിഴിഞ്ഞം തുറമുഖവും യാഥാർഥ്യമാക്കി.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-09-06 14:30:40

ലേഖനം നമ്പർ: 1513

sitelisthead