
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം 2024-ൽ നടത്തിയ ദേശീയ പഠനനേട്ട (NAS) സർവേയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് കേരളം. സംസ്ഥാനത്തെ മൂന്ന്, ആറ്, ഒമ്പത് ക്ലാസുകളിലെ വിദ്യാർത്ഥികളുടെ പഠനനിലവാരം അളക്കുന്നതിനായി ഭാഷ, ഗണിതം, പരിസരപഠനം (വേൾഡ് എറൗണ്ട് അസ്), ശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിലാണ് സർവേ നടന്നത്. കേരളത്തിൽ നിന്ന് 1644 സ്കൂളുകളിലെ 46,737 വിദ്യാർത്ഥികൾ പങ്കെടുത്തപ്പോൾ, ദേശീയ തലത്തിൽ 74,000 സ്കൂളുകളിൽ നിന്നായി 21.10 ലക്ഷം കുട്ടികളാണ് സർവേയിൽ പങ്കെടുത്തത്.
2021-ൽ, ഭാഷാ വിഷയത്തിൽ സംസ്ഥാന ശരാശരി 70 ആയപ്പോൾ ദേശീയ ശരാശരി 62 ആയി രേഖപ്പെടുത്തി. 2024-ൽ ഇത് വർധിച്ച് സംസ്ഥാന ശരാശരി 75, ദേശീയ ശരാശരി 64 എന്ന നിലയിലായി. കണക്കിൽ 2021-ൽ സംസ്ഥാന ശരാശരി 60, ദേശീയ ശരാശരി 57 ആയിരുന്നു. 2024-ൽ ഇത് ഉയർന്ന് സംസ്ഥാന ശരാശരി 70, ദേശീയ ശരാശരി 60 ആയി.
അഞ്ചാം ക്ലാസ്സുകാരുടെ 2021ലെ സർവേയിൽ ഭാഷയിൽ സംസ്ഥാന ശരാശരി 57, ദേശീയ ശരാശരി 55 എന്ന നിലയിലായിരുന്നു. 2024-ലെ ആറാം ക്ലാസ്സുകാരുടെ സർവേയിൽ ഭാഷാ വിഷയത്തിൽ സംസ്ഥാന ശരാശരി 76, ദേശീയ ശരാശരി 57 ആയി. കണക്കിൽ 2021-ൽ സംസ്ഥാന ശരാശരി 41, ദേശീയ ശരാശരി 44 ആയിരുന്നു. 2024-ലെ ആറാം ക്ലാസ്സുകാരുടെ സർവേയിൽ കണക്കിൽ സംസ്ഥാന ശരാശരി 60, ദേശീയ ശരാശരി 46 ആയി.
സയൻസിൽ 2021-ൽ സംസ്ഥാന-ദേശീയ ശരാശരി 48 ആയിരുന്നു. 2024-ൽ സംസ്ഥാന ശരാശരി 66 ആയി ഉയർന്നപ്പോൾ ദേശീയ ശരാശരി 49 ആയി. എട്ടാം ക്ലാസ്സിലെ 2021ലെ സർവേയിൽ ഭാഷയിൽ സംസ്ഥാന ശരാശരി 57, ദേശീയ ശരാശരി 53 ആയിരുന്നു. 2024-ലെ ഒമ്പതാം ക്ലാസ്സിലെ സർവേയിൽ ഭാഷാ വിഷയത്തിൽ സംസ്ഥാന ശരാശരി 74, ദേശീയ ശരാശരി 54 ആയി. കണക്കിൽ 2021-ൽ സംസ്ഥാന ശരാശരി 31, ദേശീയ ശരാശരി 36 ആയിരുന്നു. 2024-ൽ ഇവ യഥാക്രമം 45, 37 ആയി ഉയർന്നു.
അധ്യാപക പരിശീലനങ്ങൾ, പാഠ്യപദ്ധതി രൂപീകരണത്തിനായി നടത്തിയ ജനകീയ ചർച്ചകൾ, വിദ്യാർത്ഥികൾക്ക് കൂടി നൽകിയ പങ്കാളിത്തം, അധ്യാപകരെ സജ്ജമാക്കാൻ പരിശീലനങ്ങളിൽ വരുത്തിയ മാറ്റങ്ങൾ, പരിശീലനങ്ങളിലും ക്ലസ്റ്റർ പരിശീലനങ്ങളിലും എല്ലാ അധ്യാപകരെയും പങ്കെടുപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ, മൂല്യനിർണ്ണയ രംഗത്ത് വരുത്തിയ മാറ്റങ്ങൾ, പഠനപിന്തുണ ആവശ്യമുള്ള കുട്ടികൾക്ക് നിരന്തരം പിന്തുണ നൽകിയത്, ഭരണ നിർവ്വഹണ രംഗത്ത് വരുത്തിയ മാറ്റങ്ങൾ, അധ്യാപകരെ കൃത്യസമയത്ത് നിയമിച്ചത് ഇവയുടെയെല്ലാം ഫലമായാണ് ഇത്തരം നേട്ടങ്ങളുണ്ടാക്കാൻ കഴിഞ്ഞത്. പൊതുവിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്ന നൂതന പദ്ധതികൾ ഗുണമേന്മയുള്ള വിദ്യാഭ്യാസമുറപ്പാക്കുന്നതിന്റെ തെളിവാണ് ഈ നേട്ടം.
കേരളം ദേശീയ പഠനനേട്ട സർവേയിൽ കരസ്ഥമാക്കിയ നേട്ടം സംസ്ഥാനത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കിയ ദീർഘകാല സമഗ്ര ശ്രമങ്ങളുടെ തെളിവാണ്. പൊതുവിദ്യാലയങ്ങളെ കൂടുതൽ ആകർഷകവും പഠനസൗഹൃദവുമാക്കാൻ ദേശീയ നേട്ടങ്ങൾ ഉപകരിക്കും. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ വ്യവസ്ഥയുടെ ശക്തിയും ദിശാബോധവും രാജ്യത്തെ വിദ്യാഭ്യാസ രംഗത്തിന് മാതൃകയാണ്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-07-04 11:44:28
ലേഖനം നമ്പർ: 1793