
മാതൃ-ശിശു ആരോഗ്യത്തിൽ നേട്ടങ്ങൾ കുറിച്ച്, ആരോഗ്യ സംരക്ഷണ രംഗത്ത് കേരളം ഇന്ത്യയുടെ മാതൃകാവുന്നു. SDG ലക്ഷ്യങ്ങളിൽ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്നതിൽ കേരളത്തിന്റെ മുന്നേറ്റം രാജ്യത്തിനാകെ പ്രചോദനമാവുകയാണ്.
എല്ലാവർക്കും ആരോഗ്യമുള്ള ജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി ബന്ധപ്പെട്ട 'SDG ഗോൾ 3'ൽ നിർണായക ആരോഗ്യ സൂചകങ്ങൾ കൈവരിക്കുന്നതിൽ കേരളം രാജ്യതലത്തിൽ തന്നെ ഒന്നാമതാണ്. മാതൃമരണനിരക്ക്, അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങളുടെ മരണ നിരക്ക്, നവജാത ശിശു മരണ നിരക്ക് എന്നീ വിഭാഗങ്ങളിലാണ് കേരളം നേട്ടം കൈവരിച്ചിരിക്കുന്നത്.
രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ (RGI) പുറത്തിറക്കിയ സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം (SRS) സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് 2021 പ്രകാരം, കേരളത്തിലെ ശിശുമരണ നിരക്ക് (IMR) 6 ആണ്. ഇത് ദേശീയ ശരാശരി 27-നെക്കാൾ കുറവും മികവുറ്റതുമാണ്. ഗ്രാമീണ മേഖലയിൽ 4, നഗര മേഖലയിൽ 7 എന്നിങ്ങനെയാണ് കേരളത്തിലെ പ്രാദേശിക ശിശുമരണ നിരക്ക്, എല്ലാ പ്രദേശങ്ങളിലെയും തുല്യമായ ആരോഗ്യ സംരക്ഷണ പ്രവർത്തനത്തെ ഇത് സാക്ഷ്യപ്പെടുത്തുന്നു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ഗോൾ (SDG) അനുസരിച്ച് 2030-ൽ മാതൃമരണനിരക്ക് (എംഎംആർ) 70 ഉം അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണ നിരക്ക് (യു5എംആർ) 25 ഉം നവജാത ശിശുമരണ നിരക്ക് (എൻഎംആർ) 12 ഉം ആകണം.
കേരളത്തിന് പുറമെ മഹാരാഷ്ട്രയും തമിഴ്നാടുമാണ് ഐക്യരാഷ്ട്രസഭയുടെ 'SDG ഗോൾ 3'യിൽ മികച്ച പ്രകടനം നേടിയ മറ്റു സംസ്ഥാനങ്ങൾ. മഹാരാഷ്ട്രയിൽ 38 ഉം തമിഴ്നാട്ടിൽ 49 ആണ് മാതൃമരണ നിരക്ക്, അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങളുടെ മരണ നിരക്കിൽ തമിഴ്നാട്ടിൽ 14 ഉം മഹാരാഷ്ട്രയിൽ 16 ഉം ആണ്, നവജാത ശിശു മരണ നിരക്കിൽ തമിഴ്നാട് 9, മഹാരാഷ്ട്ര 11 എന്നിങ്ങനെയാണ്. റിപ്പോർട്ട് അനുസരിച്ച്, കേരളം (20), മഹാരാഷ്ട്ര (38), തെലങ്കാന (45), ആന്ധ്രാപ്രദേശ് (46), തമിഴ്‌നാട് (49), ജാർഖണ്ഡ് (51), ഗുജറാത്ത് (53), കർണാടക (63) എന്നിവയാണ് എംഎംആർ ലക്ഷ്യം നേടിയത്.
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണ നിരക്കിൽ 'SDGയിൽ കേരളം (എട്ട്), ഡൽഹി (14), തമിഴ്‌നാട് (14), ജമ്മു & കശ്മീർ (16), മഹാരാഷ്ട്ര (16), പശ്ചിമ ബംഗാൾ (20), കർണാടക (21), പഞ്ചാബ് (22), തെലങ്കാന (22), ഹിമാചൽ പ്രദേശ് (23), ആന്ധ്രാപ്രദേശ് (24), ഗുജറാത്ത് (24) എന്നിങ്ങനെയാണ് സംസ്ഥാനങ്ങളുടെ നില. നവജാത ശിശു മരണ നിരക്കിൽ 'SDG' കൈവരിച്ചത് കേരളം (നാല്), ഡൽഹി (എട്ട്), തമിഴ്‌നാട് (ഒമ്പത്), മഹാരാഷ്ട്ര (11), ജമ്മു & കശ്മീർ (12), ഹിമാചൽ പ്രദേശ് (12) എന്നീ സംസ്ഥാനങ്ങളാണ്.
ഇന്ത്യയിലെ ശിശുമരണ നിരക്ക് 2014-ൽ 1,000 ജനനങ്ങൾക്ക് 39 ആയിരുന്നത് 2021-ൽ 1,000 ജനനങ്ങൾക്ക് 27 ആയി കുറഞ്ഞു. നവജാത ശിശുക്കളുടെ മരണനിരക്ക് 2014-ൽ 1,000 ജനനങ്ങൾക്ക് 26 ആയിരുന്നത് 2021-ൽ 1,000 ജനനങ്ങൾക്ക് 19 ആയി കുറഞ്ഞു. അഞ്ച് വയസിൽ താഴെയുള്ള കുഞ്ഞുങ്ങളുടെ മരണ നിരക്ക് 2014-ൽ 1,000 ജനനങ്ങൾക്ക് 45 ആയിരുന്നത് 2021-ൽ 1,000 ജനനങ്ങൾക്ക് 31 ആയി കുറഞ്ഞു. ജനന സമയത്തെ ലിംഗാനുപാതം 2014-ൽ 899 ആയിരുന്നത് 2021-ൽ 913 ആയി മെച്ചപ്പെട്ടു. മാതൃ-ശിശു മരണനിരക്ക് കുറയ്ക്കുന്നതിൽ ഇന്ത്യയുടെ പുരോഗതി ആഗോള ശരാശരിയേക്കാൾ കൂടുതലാണ്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ മികച്ച പ്രകടനംതന്നെയാണ് അതിന് വഴിയൊരുക്കിയതും.
മാതൃ-ശിശു ആരോഗ്യത്തിൽ നേട്ടങ്ങൾ കുറിച്ച്, ആരോഗ്യ സംരക്ഷണ രംഗത്ത് കേരളം ഇന്ത്യയുടെ മാതൃകാവുന്നു. SDG ലക്ഷ്യങ്ങളിൽ 'ആരോഗ്യവും ക്ഷേമവും' ഉറപ്പാക്കുന്നതിൽ കേരളത്തിന്റെ മുന്നേറ്റം രാജ്യത്തിനാകെ പ്രചോദനമാണ്. കേരളം മാതൃ-ശിശു ആരോഗ്യരംഗത്ത് രേഖപ്പെടുത്തിയ മുന്നേറ്റം, ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDG) കൈവരിക്കുന്നതിലെ രാജ്യത്തിനുള്ള മുന്നൊരുക്കമായി കാണാവുന്നതാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്കെല്ലാം മാതൃകയായ ഈ നേട്ടം, എല്ലാവർക്കും ആരോഗ്യവും ക്ഷേമവുമുള്ള ജീവിതം ഉറപ്പാക്കുന്നതിന്റെ ദിശയിലേക്കുള്ള രാജ്യത്തിൻറെ യാത്രക്ക് സഹായകമാകും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-05-15 11:22:00
ലേഖനം നമ്പർ: 1768