
സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരങ്ങൾ ലഭിച്ചു. 3 ആരോഗ്യ സ്ഥാപനങ്ങൾക്ക് പുതുതായി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാന്റേർഡ്‌സ് (എൻ.ക്യു.എ.എസ്.) അംഗീകാരവും 4 ആരോഗ്യ സ്ഥാപനങ്ങൾക്ക് മൂന്ന് വർഷങ്ങൾക്ക് ശേഷം പുതുക്കിയ എൻ.ക്യു.എ.എസ്. അംഗീകാരവുമാണ് ലഭിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ 233 ആരോഗ്യ സ്ഥാപനങ്ങൾക്കാണ് എൻ.ക്യു.എ.എസ്. അംഗീകാരം ലഭിച്ചത്.
തൃശൂർ ഏങ്ങണ്ടിയൂർ കുടുംബാരോഗ്യ കേന്ദ്രം 89.85 ശതമാനം, തൃശൂർ മണലൂർ കുടുംബാരോഗ്യ കേന്ദ്രം 94.32 ശതമാനം, കൊല്ലം വേളമാനൂർ ജനകീയ ആരോഗ്യ കേന്ദ്രം 86.89 ശതമാനം എന്നീ ആരോഗ്യ കേന്ദ്രങ്ങൾക്കാണ് പുതുതായി എൻ.ക്യു.എ.എസ്. അംഗീകാരം ലഭിച്ചത്. തൃശൂർ കൊടകര കുടുംബാരോഗ്യ കേന്ദ്രം 87.64 ശതമാനം, തൃശൂർ മുണ്ടൂർ കുടുംബാരോഗ്യ കേന്ദ്രം 96.63 ശതമാനം, കോഴിക്കോട് കല്ലുനിര വടകര നഗര കുടുംബാരോഗ്യ കേന്ദ്രം 86.37 ശതമാനം, കോഴിക്കോട് പയ്യാനക്കൽ നഗര കുടുംബാരോഗ്യ കേന്ദ്രം 84.87 ശതമാനം എന്നിങ്ങനെ സ്‌കോറോടെ പുന:അംഗീകാരവും ലഭിച്ചു. 7 ജില്ലാ ആശുപത്രികൾ, 5 താലൂക്ക് ആശുപത്രികൾ, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 46 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 154 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 10 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ എൻ.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുണ്ട്.
എൻ.ക്യു.എ.എസ്. (NQAS) അംഗീകാരം ലഭിക്കുന്ന സ്ഥാപനങ്ങൾക്ക് മൂന്നു വർഷത്തേക്കുള്ള കാലാവധിയാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ കാലയളവിന് ശേഷം ദേശീയതലത്തിൽ പുനപരിശോധന നടപ്പിലാക്കുന്നതായിരിക്കും. അതോടൊപ്പം, ഓരോ വർഷവും സംസ്ഥാനതലത്തിൽ പരിശോധനയും നടത്തപ്പെടും. എൻ.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന എഫ്.എച്ച്.സി./യു.പി.എച്ച്.സികൾക്ക് 2 ലക്ഷം രൂപ വീതവും, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് ഒരു പാക്കേജിന് 18,000 രൂപ വീതവും മറ്റ് അശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസെന്റീവ് ലഭിക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-07-15 16:47:21
ലേഖനം നമ്പർ: 1804