
സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയുടെ മുന്നേറ്റത്തിൽ പുതിയ അധ്യായം കുറിച്ച്, സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ (RCC) റോബോട്ടിക് പീഡിയാട്രിക് സർജറി വിജയകരമായി നടത്തി. ആർസിസിയിലെ സർജിക്കൽ ഓങ്കോളജി വിഭാഗമാണ് 3 വയസുകാരനിൽ റോബോട്ടിക് സർജറി വിജയകരമായി പൂർത്തിയാക്കിയത് . ഇടത് അഡ്രീനൽ ഗ്രന്ഥിയിലെ ന്യൂറോബ്ലാസ്റ്റോമ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയാണ് റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയത്.
കേരളത്തിൽ സർക്കാർ ആശുപത്രികളിൽ ആദ്യമായി ആർസിസിയിലാണ് കാൻസറിന് റോബോട്ടിക് സർജറി ആരംഭിച്ചത്. തുടർന്ന്, മലബാർ കാൻസർ സെന്ററിലും (MCC) ഈ ശസ്ത്രക്രിയാ സംവിധാനം നിലവിൽവന്നു. സംസ്ഥാനത്തെ പൊതുമേഖലാ ആരോഗ്യ സംരക്ഷണ രംഗത്ത് ഒരു സുപ്രധാന നാഴികക്കല്ലായി റോബോട്ടിക് സർജറി മാറിയിരിക്കുന്നു.അത്യാധുനിക റോബോട്ടിക് ശസ്ത്രക്രിയാ സംവിധാനം സ്ഥാപിച്ചതോടെ, ഇന്ത്യയിലെ തിരഞ്ഞെടുത്ത സർക്കാർ ആശുപത്രികളിൽ ആർസിസിയും എംസിസിയും ഇടം പിടിച്ചു.
റോബോട്ടിക് സർജറിയുടെ പ്രധാന ഗുണങ്ങൾ:
✅ കൃത്യതയും മികച്ച ഫലവും: ശസ്ത്രക്രിയയിലുടനീളം തികച്ചും കൃത്യമായ നിയന്ത്രണമുണ്ടാകുന്നത്.
✅ രോഗിയുടെ വേദന കുറയ്ക്കുന്നു: ശസ്ത്രക്രിയയ്ക്ക് ശേഷം നേരിടുന്ന വേദന കുറഞ്ഞിരിക്കും.
✅ രക്തസ്രാവം കുറയ്ക്കുന്നു: പരമ്പരാഗത ശസ്ത്രക്രിയകളേക്കാൾ രക്തസ്രാവം വളരെ കുറവായിരിക്കും.
✅ വേഗത്തിലുള്ള രോഗമുക്തി: രോഗികൾക്ക് പെട്ടെന്ന് തന്നെ സുഖം പ്രാപിക്കാനാകും.
ആർസിസിയിലെ അത്യാധുനിക റോബോട്ടിക് സാങ്കേതികവിദ്യയെ പീഡിയാട്രിക് ഓങ്കോസർജറിയുമായി സംയോജിപ്പിച്ചത് കാൻസർ ചികിത്സ രംഗത്തെ വലിയ ചുവടുവെയ്പാണ്. റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിച്ച് കുട്ടികളിലെ കാൻസർ ശസ്ത്രക്രിയകൾ കൂടുതൽ സുരക്ഷിതവും കൃത്യവുമായ രീതിയിൽ നടത്താൻ കഴിയും. ഈ നേട്ടം, ആർസിസിക്ക് കൂടുതൽ സങ്കീർണമായ ശസ്ത്രക്രിയകൾ നടത്താൻ ശേഷി വർധിപ്പിക്കുകയും, കാൻസർ ചികിത്സാ നിലവാരം ഉയർത്തുകയും ചെയ്യും. കൂടാതെ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികൾക്കും മികച്ച ചികിത്സ ലഭ്യമാക്കാൻ ഈ നടപടി സഹായകരമാകും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-04-01 17:13:25
ലേഖനം നമ്പർ: 1740