ആരോഗ്യ സ്ഥാപനങ്ങളുടെ സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ ലക്ഷ്യമിട്ട് ആരംഭിച്ച ഇ-ഹെൽത്ത് സംവിധാനം 800 സ്ഥാപനങ്ങളിലേക്ക്  ആരോഗ്യ കേന്ദ്രങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ച് സംസ്ഥാനം.   നേരത്തെ 226 സ്ഥാപനങ്ങളിൽ മാത്രമുണ്ടായിരുന്ന ഈ സംവിധാനമാണ്  ഇപ്പോൾ 800 സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിച്ചത്. ഒ.പി. ടിക്കറ്റുകൾ മുതൽ ലാബ് ഫലങ്ങൾ, മറ്റ് പരിശോധനാ ഫലങ്ങൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിവരങ്ങളും ഡിജിറ്റൽ രേഖകളാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ സംവിധാനം  ചികിത്സ കൂടുതൽ കൃത്യവും, സേവനങ്ങൾ കൂടുതൽ കാര്യക്ഷമവുമാക്കാൻ സഹായിക്കുന്നത് കൂടാതെ, ആരോഗ്യ സ്ഥാപനങ്ങൾ പൊതുജനങ്ങൾക്ക് കൂടുതൽ ജനസൗഹൃദപരമാക്കുകയും ചെയ്യുന്നു. സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും ഇ-ഹെൽത്ത് സംവിധാനം നടപ്പിലാക്കി ആരോഗ്യ മേഖലയിൽ സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ കൈവരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ഇതുവരെ 1.93 കോടിയിലധികം ജനങ്ങൾ ഇ-ഹെൽത്തിലൂടെ സ്ഥിര യു.എച്ച്.ഐ.ഡി. രജിസ്ട്രേഷൻ എടുത്തു. താത്ക്കാലിക രജിസ്‌ട്രേഷനിലൂടെ 5.24 കോടിയിലധികം ജനങ്ങളാണ് ചികിത്സ തേടിയത്. 11.84 ലക്ഷം പേരാണ് ഇ-ഹെൽത്ത് സംവിധാനത്തിലൂടെ അഡ്മിറ്റായി ചികിത്സ തേടിയത്. 2.78 കോടിയിലധികം പ്രീ ചെക്കപ്പ്, 6.85 കോടിയിലധികം ഡയഗ്നോസിസ്, 4.44 കോടിയിലധികം പ്രിസ്‌ക്രിപ്ഷൻ, 1.50 കോടിയിലധികം ലാബ് പരിശോധനകൾ എന്നിവയും ഇ-ഹെൽത്തിലൂടെ നടത്തി. ഇ-ഹെൽത്തിലൂടെ ഓൺലൈൻ ഒപി ടിക്കറ്റും പേപ്പർ രഹിത ആശുപത്രി സേവനങ്ങളും ലഭ്യമാക്കുന്നു. ആശുപത്രിയിൽ ക്യൂ നിൽക്കാതെ നേരത്തെ തന്നെ ഒപി ടിക്കറ്റ് എടുക്കാൻ കഴിയുന്നു എന്നതും ഈ സംവിധാനത്തിന്റെ പ്രത്യേകതയാണ്. വീണ്ടും ചികിത്സ തേടണമെങ്കിൽ ആശുപത്രിയിൽ നിന്നും തന്നെ അഡ്വാൻസ് ടോക്കൺ എടുക്കാനുള്ള സംവിധാനവും സജ്ജമാണ്. 

ഇ-ഹെൽത്ത് വഴിയുള്ള സേവനങ്ങൾ ലഭിക്കുവാൻ ആദ്യമായി തിരിച്ചറിയിൽ നമ്പർ സൃഷ്ടിക്കണം. അതിനായി  ehealth.kerala.gov.in എന്ന പോർട്ടലിൽ കയറി രജിസ്റ്റർ ലിങ്ക് ക്ലിക്ക് ചെയ്യണം. അതിൽ ആധാർ നമ്പർ നൽകി ഒടിപി ലഭ്യമാക്കി ഓൺലൈൻ വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പർ നേടാം. ഈ 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പറും പാസ് വേർഡും ഉപയോഗിച്ച് ആശുപത്രികളിലേക്കുള്ള അപ്പോയ്മെന്റ് എടുക്കാം. തിരിച്ചറിയൽ നമ്പരും പാസ് വേർഡും ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്ത ശേഷം ന്യൂ അപ്പോയ്മെന്റ് ക്ലിക്ക് ചെയ്ത് ആശുപത്രി വിവരങ്ങളും ഡിപ്പാർട്ട്മെന്റും തീയതിയും തെരഞ്ഞെത്ത്, രോഗികൾക്ക് സൗകര്യപ്രദമായ സമയമനുസരിച്ചുള്ള ടോക്കൺ എടുക്കാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-07-28 16:38:33

ലേഖനം നമ്പർ: 1810

sitelisthead